മെട്രോ നിർമാണത്തിനായി സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സ്ഥാപിച്ച കെ.എം.ആർ.എൽ. കമ്പനിയുടെ തലപ്പത്തുള്ളവർ തന്നെ ഡി.എം.ആർ.സി.ക്കെതിരേയും ഇ. ശ്രീധരനെതിരേയും രംഗത്തു വന്നതും പിന്നീട് കണ്ടു. ജനങ്ങൾ മുഴുവൻ ഇ. ശ്രീധരനു വേണ്ടി കാത്തിരിക്കുമ്പോൾ, അദ്ദേഹത്തെ ഒഴിവാക്കാനുള്ള കളികൾ അണിയറയിൽ നടന്നു. കെ.എം.ആർ.എൽ. സ്വന്തം നിലയിൽ പ്രവൃത്തി ചെയ്യാമെന്നും ശ്രീധരനെ അതിന്റെ മേൽനോട്ടക്കാരനാക്കാമെന്നും എല്ലാമായിരുന്നു വാദം.

ഡി.എം.ആർ.സി.യില്ലാതെ താനില്ലെന്ന് ശ്രീധരൻ തറപ്പിച്ചു പറഞ്ഞ ശേഷമാണ് ഇത്തരത്തിലൊരു നീക്കം ഉണ്ടായത്. എന്നാൽ, ഡി.എം.ആർ.സി.ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ രാഷ്ട്രീയം മറന്നുകൊണ്ട് പ്രൊഫ. കെ.വി. തോമസ് എം.പി.യും അന്ന് എം.പി.യായിരുന്ന പി. രാജീവും രംഗത്തു വന്നു.


അപ്പോൾ കളിക്കാർ അടവു മാറ്റി. ഡി.എം.ആർ.സി.ക്ക് വലിയ തിരക്കാണ്, അതുകൊണ്ട് കൊച്ചി പദ്ധതി ഏറ്റെടുക്കാനാവില്ലെന്ന് അവരെക്കൊണ്ടു തന്നെ പറയിപ്പിച്ചു. ശ്രീധരനെ പദ്ധതിയിൽ നിന്ന് മാറ്റിനിർത്താനുള്ള ചിലരുടെ ‘കുശാഗ്രബുദ്ധി’ യായിരുന്നു ഇതിനു പിന്നിൽ.

മെട്രോ നിർമാണത്തിന് ഇ. ശ്രീധരനും ഡി.എം.ആർ.സി.യും തന്നെ വേണമെന്ന് അന്ന് ‘മാതൃഭൂമി’ എഡിറ്റോറിയലിലൂടെ ശക്തമായി ആവശ്യപ്പെട്ടു. ശ്രീധരനെ പേടിക്കുന്നവരുടെ തനിനിറം പുറത്തുകൊണ്ടുവരാനും സാധിച്ചു. ഒടുവിൽ ജനകീയാവശ്യത്തിനു മുന്നിൽ തത്‌പരകക്ഷികൾക്ക് മുട്ടുമടക്കേണ്ടി വന്നു.