2002 മുതൽ കേരളം കേട്ടുതുടങ്ങിയതാണ് മെട്രോ എന്ന വാക്ക്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൊച്ചിയുടെ ആകാശപാളത്തിലൂടെ മെട്രോ ഓടാനൊരുങ്ങുമ്പോൾ ജനങ്ങളുടെ പിന്തുണയ്‌ക്കൊപ്പം ഭരണനേതൃത്വത്തിനും വലിയ പങ്കുണ്ട്. ജനങ്ങളും ഭരണാധികാരികളും ഒരേപോലെ ചിന്തിച്ചതിന്റെ ഫലമെന്നും വിശേഷിപ്പിക്കാം കൊച്ചിയുടെ മെട്രോയെ. സംസ്ഥാനത്തിന്റെ ഭരണനേതൃത്വത്തിലുണ്ടായിരുന്ന ഉമ്മൻചാണ്ടി, വി.എസ്. അച്യുതാനന്ദൻ തുടങ്ങി ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വരെ പ്രയത്‌നങ്ങൾ മെട്രോയ്ക്ക് ശക്തിയായി. അമരക്കാരായി വഴികാട്ടിയത് മെട്രോമാൻ ഡോ.ഇ.ശ്രീധരനും കൊച്ചി മെട്രോറെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) സാരഥി ഏലിയാസ് ജോർജും തന്നെ.

നാലുവർഷമെന്ന സ്വപ്‌ന കാലയളവിൽ മെട്രോ പൂർത്തിയാക്കാനായത് മുന്നൊരുക്കം നേരത്തെ തുടങ്ങിയതിനാലാണെന്ന്  ഇ.ശ്രീധരൻ തന്നെ വ്യക്തമാക്കിയിരുന്നു. വി.എസ്.അച്യുതാനന്ദന്റെ ഭരണകാലയളവിലാണ് മുന്നൊരുക്കത്തിന് അനുമതി ലഭിക്കുന്നത്. പദ്ധതിയ്ക്ക് അനുമതി വൈകുമെന്ന ഘട്ടത്തിലാണ്  സംസ്ഥാനസർക്കാരിനോട് ഡി.എം.ആർ.സി. മുന്നൊരുക്ക പ്രവർത്തനത്തിന് അനുമതി ചോദിച്ചത്.
പിന്നീട് ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണകാലയളവിലാണ് പദ്ധതിയ്ക്ക് കേന്ദ്രാനുമതി ലഭിച്ചത്. വിവാദങ്ങൾ പലപ്പോഴും പദ്ധതിയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയെങ്കിലും ഒറ്റക്കെട്ടായി എല്ലാം മറികടക്കാൻ കേരളത്തിനായി.

അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി, കേന്ദ്രമന്ത്രിമാരായ പ്രൊഫ.കെ.വി.തോമസ്, വയലാർ രവി എന്നിവർ കേരളത്തിനായി നിലയുറപ്പിച്ചു. സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരുടെ കൂടി സമ്മർദ്ദത്തിന് ഒടുവിൽ മെട്രോയുടെ തടസ്സങ്ങളെല്ലാം നീങ്ങി. അനുമതികളെന്ന കടമ്പകൾക്കൊടുവിൽ കൊച്ചിയുടെ മെട്രോ ശ്രീധരന്റെ കൈകളിൽ ഭദ്രമായിരുന്നു. ആലുവ മുതൽ, സമയത്തെ പിന്നിലാക്കി മുന്നേറിയ നിർമ്മാണത്തിന് കെ.എം.ആർ.എല്ലിന്റെ തലപ്പത്തിരുന്ന് ഏലിയാസ് ജോർജ് നൽകിയതും മികച്ച പിന്തുണ.

രാജ്യത്തെ ഏറ്റവും മികച്ച മെട്രോ തന്നെ കൊച്ചിയ്ക്ക് സമ്മാനിച്ചതും ഇരുവരുടെയും ദീർഘവീക്ഷണം തന്നെ. നീണ്ട 15 വർഷങ്ങൾക്കിപ്പുറം മെട്രോ കുതിപ്പിനൊരുങ്ങുമ്പോൾ കേരളത്തിന്റെ ഭരണസാരഥ്യം പിണറായി വിജയന്റെ കൈകളിൽ.ആലുവ മുതൽ പാലാരിവട്ടമെന്ന ദൂരത്തിലേക്ക് കേരളത്തിന്റെ ആദ്യ മെട്രോ ഒാടിയെത്തുമ്പോൾ പിണറായിക്കും ഇത് അഭിമാനനിമിഷം..........