Metro Priority Seatsസ്ത്രീകളുടെ സീറ്റിലിരുന്നെന്നു കരുതി പിഴ വീഴുമെന്നു കരുതണ്ട. കൊച്ചി മെട്രോയില്‍ സീറ്റുകളുടെ കാര്യത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യനീതിയാണ്. സുരക്ഷയുടെ കാര്യത്തിലും സൗകര്യങ്ങളുടെ കാര്യത്തിലും മാത്രമല്ല സീറ്റുകളുടെ സംവരണത്തിന്റെ കാര്യത്തിലും വ്യത്യസ്തമാണ് കൊച്ചി മെട്രോ. സാധാരണ പൊതുഗതാഗത സംവിധാനത്തില്‍ ഓടുന്ന വാഹനങ്ങളിലേതു പോലെ മെട്രോയിലുമുണ്ട് സീറ്റുകളുടെ സംവരണം. എന്നാലിത് സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല എന്നതാണ് പ്രത്യേകത. 

കൊച്ചി മെട്രോയുടെ ട്രെയിനുകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം സീറ്റുകള്‍ ഇല്ല. പിന്നെ ആര്‍ക്കു വേണ്ടിയാണ് ഈ പ്രയോറിറ്റി സീറ്റുകള്‍? ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീല്‍ ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്കും കാഴ്ചശക്തി ഇല്ലാത്തവര്‍ക്കും വേണ്ടിയുള്ളതാണ് മെട്രോയിലെ പ്രയോറിറ്റി സീറ്റുകള്‍. വ്യത്യസ്ത നിറം നല്‍കി പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ളവയാണ് ഈ സീറ്റുകള്‍. 

കൊച്ചി മെട്രോ ട്രെയിനിന്റെ കോച്ചുകളെ കാറുകള്‍ എന്നാണ് പറയുന്നത്. ഒരു ട്രെയിനില്‍ മൂന്നു കാറുകളുണ്ടാവും. മൂന്നു കാറുകളിലുമായി മൊത്തം 136 സീറ്റുകള്‍. ഇതില്‍ 36 സീറ്റുകളാണ് സംവരണ സീറ്റുകള്‍. മറ്റു സീറ്റുകള്‍ക്ക് ഇളം നീല നിറവും സംവരണ സീറ്റുകള്‍ക്ക് ഇളം പച്ച നിറവുമാണ്.

നില്‍ക്കുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാനായി കാറിന്റെ മുകള്‍ വശത്ത് ഘടിപ്പിച്ചിട്ടുള്ള ഹാന്‍ഡിലുകള്‍ക്കും ഇത്തരത്തില്‍ നിറം നല്‍കിയിട്ടുണ്ട്. സംവരണ സീറ്റുകള്‍ ഉള്ള ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ഹാന്‍ഡിലുകള്‍ക്കും ഇളം പച്ച നിറം തന്നെയാണ് നല്‍കിയിട്ടുള്ളത്. മറ്റു ഹാന്‍ഡിലുകള്‍ക്ക് ഇളം നീല നിറവും. ഇത് ദൂരെ നിന്നു തന്നെ സംവരണ സീറ്റുകള്‍ എവിടെയാണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു. 

Metro Priority Seatsമെട്രോ ട്രെയിന്‍ ഓപ്പറേറ്ററുടെ ക്യാബിന്റെ തൊട്ടു പിന്നിലുള്ള കാറിലാണ് ഭിന്നശേഷിക്കാര്‍ക്കും വീല്‍ചെയറില്‍ എത്തുന്നവര്‍ക്കും വേണ്ടിയുള്ള സംവരണ സീറ്റുകള്‍ ഉള്ളത്. ട്രെയിനിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ഇവര്‍ക്ക് ട്രെയിന്‍ ഓപ്പറേറ്ററുടെ സഹായം ആവശ്യമായി വരുന്നതുകൊണ്ടാണ് ഇത്. കാറിന്റെ വാതിലിനോട് ചേര്‍ന്ന് ആദ്യമുള്ളത് വീല്‍ചെയറില്‍ എത്തുന്നവര്‍ക്ക് വേണ്ടി പ്രത്യേകം ഒരുക്കിയിട്ടുള്ള സ്ഥാനമാണ്. വീല്‍ചെയറിനെ ട്രെയിനുമായി ബന്ധിപ്പിക്കാന്‍ പ്രത്യേകം ഹാന്‍ഡിലുമുണ്ട്. ഇതിനടുത്തായാണ് ലോങ് പ്രസ്സ് ബട്ടണും എമര്‍ജന്‍സി ഇന്റര്‍കോമും ഉള്ളത്. 

Metro Priority Seatsട്രെയിനിന്റെ വാതില്‍ സാധാരണയില്‍ കൂടുതല്‍ നേരം തുറന്നിരിക്കുവാന്‍ വേണ്ടിയുള്ള സംവിധാനമാണ് ലോങ് പ്രസ് ബട്ടണ്‍. പ്രധാനമായും വീല്‍ചെയര്‍ യാത്രക്കാരെ ഉദ്ദേശിച്ചുള്ളതാണ് ഇത്. ഈ ബട്ടണില്‍ അമര്‍ത്തിയാല്‍ ട്രെയിന്‍ ഓപ്പറേറ്റര്‍ ഇറങ്ങി വന്ന് ഇത്തരം യാത്രക്കാരെ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ സഹായിക്കും. ഇത്തരക്കാര്‍ക്ക് ശാരീരികാസ്വാസ്ഥ്യമോ മറ്റെന്തെങ്കിലും അടിയന്തര സഹായമോ ആവശ്യമായി വരികയാണെങ്കില്‍ ട്രെയിന്‍ ഓപ്പറേറ്ററുമായി സംസാരിക്കുവാന്‍ വേണ്ടിയാണ് അവര്‍ക്കായി അനുവദിച്ചിട്ടുള്ള സ്ഥാനത്ത് തന്നെ എമര്‍ജന്‍സി ഇന്റര്‍കോമും ഘടിപ്പിച്ചിട്ടുള്ളത്. 

Metro Priority Seatsകാഴ്ചയില്ലാത്തവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കുമായുള്ള സംവരണ സീറ്റുകള്‍ ലിഫ്റ്റുകളുടെ നേരെയുള്ള കാറിലായിരിക്കും. ലിഫ്റ്റില്‍ നിന്നും ഇറങ്ങി നേരെ മുന്നില്‍ കാണുന്ന വാതിലിലൂടെ കയറിയാല്‍ പ്രത്യേകം പരിഗണന ആവശ്യമുള്ളവര്‍ക്കായുള്ള സീറ്റുകളുള്ള ഇടത്തേക്ക് എത്തത്തക്ക രീതിയിലാണ് മെട്രോ ട്രെയിനില്‍ ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഈ സംവരണ സീറ്റുകളില്‍ തന്നെ കുഷ്യന്‍ പിടിപ്പിച്ചവയുമുണ്ട്. ഗര്‍ഭിണികള്‍ക്കാണ് ഈ സീറ്റുകളില്‍ ഇരിക്കാന്‍ മുന്‍ഗണന. 

Metro Priority Seats