സുന്ദരിയാണ് കൊച്ചി മെട്രോ ട്രെയിനുകള്‍. സുരക്ഷയുടെയും സേവനത്തിന്റേയും കാര്യത്തില്‍ ലോകത്തെ ഏത് മെട്രോയോടും കിടപിടിക്കുന്നതും. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമാണ് കൊച്ചിക്കു വേണ്ടി മെട്രോ ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചിരിക്കുന്നത്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ പോകാവുന്ന മൂന്നു കാറുകളുള്ള ട്രെയിനുകളാണ് ഇവ. ഒരു കാറില്‍ വീതിയുള്ള നാല് വാതിലുകളുണ്ട്. സ്റ്റേഷനിലെത്തുമ്പോള്‍ ചേങ്ങിലമേളത്തിന്റെ അകമ്പടിയോടെ വാതിലുകള്‍ തുറക്കും. വാതില്‍ അടയ്ക്കുമ്പോഴും വാദ്യമേളത്തിന്റെ അകമ്പടിയുണ്ടാകും.

നിര്‍മ്മാണം: അല്‍സ്റ്റോം നീളം: 66.55 മീറ്റര്‍  സീറ്റുകള്‍ :136  ആകെ യാത്രക്കാര്‍ : 975

പ്രയോറിറ്റി സീറ്റുകള്‍

മറ്റുള്ള മെട്രോ ട്രെയിനുകളെ പോലെ തന്നെ ഇരിക്കാന്‍ കുറച്ചു സീറ്റുകള്‍ മാത്രമേ കൊച്ചി മെട്രോയിലുമുള്ളൂ. വലിയ ജനാലയിലൂടെ കൊച്ചിയുടെ ആകാശക്കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാം. എയര്‍കണ്ടീഷന്‍ ചെയ്ത കോച്ചായതിനാല്‍ വേനല്‍ ചൂടിനെ പേടിക്കേണ്ട. 

Seats
പ്രയോറിറ്റി സീറ്റുകള്‍

ബസ്സുകളിലേപ്പോലെ സ്ത്രീകള്‍ക്ക് പ്രത്യേക സീറ്റുകളൊന്നും മെട്രോ ട്രെയിനുകളില്‍ കാണില്ല. പ്രായമായവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിയുള്ളവര്‍, വീല്‍ചെയറില്‍ സഞ്ചരിക്കുന്നവര്‍ എന്നിവര്‍ക്കു മാത്രമാണ് പ്രത്യേക സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. ആകെ 136 സീറ്റുകളില്‍ 36 എണ്ണമാണ് പ്രയോറിറ്റി സീറ്റുകള്‍. ഇളം പച്ച നിറത്തില്‍ ഇവ പ്രത്യേകം എടുത്തുകാണാം. ഈ ഭാഗത്തെ ഹാന്‍ഡിലുകളുടെ നിറവും അതു തന്നെയാണ്. സര്‍വം ഇളം പച്ച മയം. അതുകൊണ്ടു തന്നെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ ഭാഗം പെട്ടെന്ന് എടുത്തുകാണാം. ഇത്തരം കസേരകളില്‍ നാലെണ്ണം കുഷ്യനുള്ള കസേരകളാണെന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ഗര്‍ഭിണികള്‍ക്കും പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് ഈ കസേരകള്‍.

പ്ലാറ്റ്ഫോമില്‍ എലിവേറ്റര്‍ ഡോറിന് നേരെ ഈ പ്രയോറിറ്റി സീറ്റുകള്‍ വന്നു നില്‍ക്കുന്ന തരത്തിലാണ് മെട്രോ കോച്ചുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എലവേറ്ററിന്റെ സഹായത്തോടെയെത്തുന്ന പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രയോറിറ്റി സീറ്റുകളില്‍ എളുപ്പമെത്താന്‍ ഇത് സഹായിക്കും. 

Metro
സാധാരണ സീറ്റുകൾ                                    ഫോട്ടോ: ബി മുരളീകൃഷ്ണൻ

ഭിന്നശേഷിക്കാര്‍ക്കായും വീല്‍ചെയറില്‍ വരുന്നവര്‍ക്കായുമുള്ള ഇരിപ്പിടം ട്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ ക്യാബിന് തൊട്ടു പിന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവര്‍ക്ക് ട്രെയിനില്‍ കയറാനും ട്രെയിനില്‍ നിന്ന് ഇറങ്ങാനും ട്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ സഹായമുണ്ടാവും. ഭിന്നശേഷിക്കാരുടെ ഇരിപ്പിടത്തിന് സമീപത്തായി വീല്‍ചെയര്‍ ലോക്ക് ചെയ്യാനുമുള്ള സൗകര്യവുമുണ്ട്. 

സുരക്ഷ

ന്താരാഷ്ട്ര നിലവാരം സുരക്ഷയുടെ കാര്യത്തിലുമുണ്ട്. ഓടുന്ന ട്രെയിനില്‍ എന്ത് അത്യാവശ്യമുണ്ടായാലും ആര്‍ക്കും നേരിട്ട് ട്രെയിന്‍ ഓപ്പറേറ്റര്‍മാരുമായി സംസാരിക്കാവുന്ന എമര്‍ജന്‍സി ഇന്റര്‍കോം മുതല്‍ സിസിടിവി ക്യാമറകള്‍ വരെയുണ്ട്.  സിസിടിവി 

സുരക്ഷാക്രമീകരണങ്ങളുടെ പ്രാഥമിക നടപടിയെന്നോണം മൂന്ന് കോച്ചുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ കോച്ചുകളിലും നാല്  ക്യാമറകള്‍ വീതം 12 ക്യാമറകളാണ് ഒരു ട്രെയിനില്‍ ഉണ്ടാവുക. ഈ ദൃശ്യങ്ങള്‍ ട്രെയിന്‍ ഓപ്പറേറ്ററുടെ ക്യാബിനിലുള്ള സ്‌ക്രീനിലും, എല്ലാ ട്രെയിനുകളു നിയന്ത്രിക്കുന്ന കണ്‍ട്രോള്‍ റൂമിലും കാണാം. ഏഴ് ദിവസം വരെ ഈ ദൃശ്യങ്ങള്‍ സൂക്ഷിക്കുകയും ചെയ്യും. 

CCTV

ഫയര്‍ എക്സ്റ്റിംഗ്വിഷര്‍

 തീപ്പിടിത്ത സാധ്യതകള്‍ ഒഴിവാക്കാനായി ഒരു കോച്ചില്‍ നാല് ഫയര്‍ എക്സ്റ്റിംഗ്വിഷറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ബ്രേക്ക് ഓപ്പണ്‍ രീതിയിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഇതിന്റെ ഗ്ലാസ് ഡോര്‍ തകര്‍ത്ത് യാത്രക്കാര്‍ക്കും കൊച്ചി മെട്രൊ ഉദ്യോഗസ്ഥര്‍ക്കും ഇവ ഉപയോഗിക്കാം. 

Fire

പാസഞ്ചര്‍ എമര്‍ജന്‍സി ഇന്റര്‍കോം

 യാത്രക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ട്രെയിന്‍ ഒപ്പറേറ്ററുമായി സംസാരിക്കുന്നതിനായാണ് പാസഞ്ചര്‍ എമര്‍ജന്‍സി ഇന്റര്‍ കോമുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരു കോച്ചില്‍ നാല് പാസഞ്ചര്‍ എമര്‍ജന്‍സി ഇന്റര്‍കോമുകളുണ്ടാവും. ആവശ്യമായ സമയത്ത് ഇന്‍ര്‍കോമിന്റെ മധ്യഭാഗത്തായുള്ള ബട്ടണില്‍ അമര്‍ത്തിയതിന് ശേഷം നിങ്ങള്‍ക്ക് ട്രെയിന്‍ ഓപ്പറേറ്ററുമായി സംസാരിക്കാം. ഈ ബട്ടന്‍ അമര്‍ത്തുമ്പോള്‍ സമീപത്തുള്ള ക്യാമറ നിങ്ങള്‍ക്ക് നേരെ തിരിയുകയും നിങ്ങളെ ട്രെയിന്‍ ഓപ്പറേറ്റര്‍ക്ക് കണ്ട് സംസാരിക്കാന്‍ കഴിയുകയും ചെയ്യും. ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്ക് പിഴ ഈടാക്കുന്നതായിരിക്കും.

Emergency intercom
പാസഞ്ചര്‍ എമര്‍ജന്‍സി ഇന്റര്‍കോം

 

ലോങ് സ്റ്റോപ്പ് റിക്വസ്റ്റ് ബട്ടണ്‍  

long stop request button
ലോങ് സ്റ്റോപ്പ് റിക്വസ്റ്റ് ബട്ടണ്‍  

വീല്‍ചെയറിലെത്തുന്നവര്‍ക്ക് ട്രെയിനിന് പുറത്തിറങ്ങാന്‍ കൂടുതല്‍ സമയം വേണ്ടി വന്നേക്കും. ഈ സാഹചര്യത്തില്‍ ഉപയോഗിക്കാനാണ് ലോങ് സ്റ്റോപ്പ് റിക്വസ്റ്റ് ബട്ടണ്‍. വീല്‍ചെയര്‍ ലോക്കിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്ന ഈ ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ട്രെയിനിലെ മറ്റു വാതിലുകള്‍ അടഞ്ഞാലും വീല്‍ച്ചെയറിന് സമീപത്തെ വാതിലുകള്‍ അടയില്ല. വീല്‍ചെയറിലിരിക്കുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ ആവശ്യമായ സമയം ലഭിക്കുകയും ചെയ്യും. പിന്നീട് ട്രെയിന്‍ ഒപ്പറേറ്റര്‍ വന്ന് വീല്‍ചെയറിലിരിക്കുന്ന വ്യക്തി പുറത്തിറങ്ങിയെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ ആ വാതില്‍ അടക്കാന്‍ കഴിയൂ.

എമര്‍ജന്‍സി എക്‌സിറ്റ് ഡോര്‍

ഒരോ കോച്ചിലും രണ്ട് എമര്‍ജന്‍സി എക്‌സിറ്റ് ഡോറുകളാണുള്ളത്. ഏതെങ്കിലും സാഹചര്യത്തില്‍ സ്റ്റേഷനുകളുടെ ഇടയില്‍ ട്രെയിന്‍ നിന്നുപോയാല്‍ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാനാണിത്. ഇവരെ പിന്നീട് ട്രാക്കിന് സമീപത്തുള്ള വാക് വേ വഴി സ്റ്റേഷനിലെത്തിക്കാം. ഓട്ടോമാറ്റിക് ഡോറുകള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യമുണ്ടായാല്‍ ട്രെയിന്‍ ഒപറേറ്റര്‍ക്ക് നേരിട്ടെത്തി ഈ വാതില്‍ അണ്‍ലോക്ക് ചെയ്ത് തള്ളിത്തുറക്കാനാവും. 

സ്‌മോക്ക് ഡിറ്റക്ടര്‍

ട്രെയിനിനകത്ത് ഏതെങ്കിലും വിധത്തില്‍ പുക ഉണ്ടായാല്‍ സ്‌മോക്ക് ഡിറ്റക്ടര്‍ അത് തിരിച്ചറിയുകയും അതിനനുസരിച്ച് ട്രെയിനിലെ വെന്റിലേഷന്‍ സംവിധാനം പുക പുറത്തുകളയുകയും ചെയ്യുന്നു.

Smoke detector
സ്‌മോക്ക് ഡിറ്റക്ടര്‍

കൊച്ചി മെട്രോ ഹെല്‍പ്പ് ലൈന്‍ ഏത് സാഹചര്യത്തിലും സഹായങ്ങള്‍ക്കായി കൊച്ചി മെട്രോ അധികൃതരുമായി ബന്ധപ്പെടാന്‍ ആവശ്യമായ ഫോണ്‍ നമ്പരും ട്രെയിനിനകത്ത് വിവിധയിടങ്ങളിലായി പതിച്ചിട്ടുണ്ട്. യാത്രാ സംബന്ധിയായ ഏത് സഹായങ്ങള്‍ക്കും ഈ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. No:1800 425 0355