സ്വയം അടയുകയും തുറക്കുകയും ചെയ്യുന്ന വാതിലുകളാണ് കൊച്ചി മെട്രോയ്ക്കുള്ളത്. അതുകൊണ്ടു തന്നെ വാതില്‍ അടയുന്നതിനിടെ യാത്രക്കാര്‍ അതിനിടയില്‍ പെട്ടുപോകുമോ എന്ന സംശയവും തൊട്ടുപിന്നാലെ വരും. 

സംശയം ന്യായം. ഉത്തരവും ലളിതം. അതാണ് 'ഡോര്‍ ഒബ്സ്റ്റക്കിള്‍ ഡിറ്റക്ഷന്‍ സിസ്റ്റം.' ഈ സംവിധാനമാണ് യാത്രക്കാര്‍ വാതിലിനുള്ളില്‍ കുടുങ്ങാതിരിക്കാന്‍ സഹായിക്കുക.

വാതിലിനിടയില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ വാതിലുകളില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സര്‍ പ്രവര്‍ത്തിച്ച് വാതില്‍ അടയുന്നതില്‍ നിന്നും തടയും. ശേഷം മൂന്നു തവണ വാതില്‍ കുറഞ്ഞ വേഗത്തില്‍ അടയാന്‍ ശ്രമിക്കും.

ഇതിനിടെ തടസ്സം മാറിയാന്‍ വാതില്‍ സ്വയം അടയും അല്ലെങ്കില്‍ പൂര്‍ണമായും തുറക്കും. ഇങ്ങനെ വാതില്‍ പൂര്‍ണമായും തുറന്നാല്‍ പിന്നെ ഈ വാതില്‍ സ്വയം അടയില്ല. വാതില്‍ അടയാതെ ട്രെയിന്‍ നീങ്ങിത്തുടങ്ങുകയുമില്ല.

യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന വാതിലുകള്‍ ആയതിനാല്‍ മെട്രോ ട്രെയിനിന്റെ വാതിലുകള്‍ യാത്രക്കാര്‍ക്ക് അടയ്ക്കാനോ തുറക്കാനോ കഴിയില്ല. പിന്നെ ഈ വാതില്‍ അടയ്ക്കണമെങ്കില്‍ ട്രെയിന്‍ ഓപ്പറേറ്റര്‍ തന്നെ തുണ. 

19 മില്ലി മീറ്റര്‍ വ്യാസമുള്ള ദണ്ഡും 15 മില്ലി മീറ്റര്‍ വണ്ണമുള്ള കവചവുമാണ് ഈ സംവിധാനത്തിനായി വാതിലില്‍ ഘടിപ്പിച്ചിട്ടുള്ളത്. വാതിലിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സം വരികയാണെങ്കില്‍ ഈ രണ്ട് സംവിധാനങ്ങളും പ്രവര്‍ത്തിക്കും.  

തടസ്സത്തില്‍ തട്ടി തുറക്കുന്ന വാതില്‍ മൂന്നാമത് അടയാന്‍ ശ്രമിക്കുമ്പോഴും തടസ്സം അവിടെ തന്നെ തുടരുകയാണെങ്കില്‍ വാതില്‍ പൂര്‍ണമായും തുറക്കും. അതോടെ ട്രെയിന്‍ ഓപ്പറേറ്റര്‍ക്ക് ഇതു സംബന്ധിച്ച വിവരം ലഭിക്കും. 

പ്രത്യേക സാഹചര്യങ്ങളില്‍ വാതിലുകള്‍ കൈകള്‍ കൊണ്ട് അടയ്ക്കാനും തുറക്കാനുമുള്ള സംവിധാനം ട്രെയിന്‍ ഓപ്പറേറ്ററുടെ ക്യാബിനില്‍ ഉണ്ടായിരിക്കും.

അതിനായുള്ള സംവിധാനം പ്രവര്‍ത്തിപ്പിച്ച ശേഷം ട്രെയിന്‍ ഓപ്പറേറ്റര്‍ നേരിട്ടെത്തി തടസ്സമെന്താണെന്ന് പരിശോധിച്ച് തടസ്സം മാറ്റിയ ശേഷം വാതില്‍ കൈകള്‍ കൊണ്ട് വലിച്ച് അടയ്ക്കും.