തിരക്കേറിയ കൊച്ചി നഗരം. വാഹനത്തിരക്കിനു നടുവില്‍ നാട്ടി വലിയ തൂണുകള്‍. തൂണുകളെ ബന്ധിപ്പിച്ച നീളന്‍ പാലം. പാലത്തിലൂടെ അതിവേഗം നീങ്ങുന്ന മെട്രോ ട്രെയിനുകള്‍. യഥാര്‍ത്ഥത്തില്‍ എത്രത്തോളം സുരക്ഷിതമാണ് കൊച്ചി മെട്രോ? മെട്രൊ ട്രെയിനുകളിലെ യാത്ര അത്ര സുപരിചിതമല്ലാത്തവരുടെ മനസില്‍ ഉയരുന്ന ആപത് ശങ്ക സ്വാഭാവികം.

ശരിക്കും സുരക്ഷിതമാണോ? കമ്മ്യൂണിക്കേഷന്‍ ബെയ്‌സ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ (സി.ബി.ടി.സി) ഉപയോഗിക്കുന്ന രാജ്യത്തെ രണ്ടാമത്തെ മെട്രോയാണ് കൊച്ചി മെട്രോ. ട്രാക്കിനരികില്‍ സ്ഥാപിച്ചിരിക്കുന്ന വൈഫൈ ആന്റിന വഴിയാണ് ഓടുന്ന ട്രെയിനും കണ്‍ട്രോള്‍ റൂമും തമ്മില്‍ ആശയ വിനിമയം സാധ്യമാക്കുന്നത്. മുട്ടം യാഡിലുള്ള ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിലാണ് ട്രാക്കിലുള്ള എല്ലാ ട്രെയിനുകളുടേയും നിയന്ത്രണം.  ട്രാക്കില്‍ നിശ്ചിത അകലത്തില്‍ വെച്ചിരിക്കുന്ന ബീക്കണുമായി ആശയവിനിമയം നടത്തി ട്രെയിനിന്റെ കൃത്യമായ ലൊക്കേഷന്‍ വൈഫൈ സംവിധാനം വഴി കണ്‍ട്രോള്‍ റൂമിലേക്കയക്കുന്നു. ഒപ്പം ട്രെയിനിനകത്തെ സിസിടിവി ചിത്രങ്ങളടക്കമുള്ള മള്‍ട്ടിമീഡിയ സന്ദേശങ്ങളും. മുന്‍പിലെ ക്യാബിനിലിരുന്ന് ട്രെയിന്‍ ഓപ്പറേറ്റര്‍ നിയന്ത്രിക്കുന്നതുപോലെ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിലിരിക്കുന്നവര്‍ക്കും ട്രെയിനിനെ നിയന്ത്രിക്കാം. ഓപ്പറേറ്റര്‍ക്ക് പിഴവു വന്നാലും കണ്‍ട്രോള്‍ സെന്ററിലുള്ളവര്‍ക്ക് നിയന്ത്രണം ഏറ്റെടുക്കാം. 

മണിക്കൂറില്‍ പരമാവധി 80 കിലോ മീറ്ററാണ് മെട്രോ ട്രെയിനുകളുടെ വേഗത. എങ്കിലും സമയക്രമവും സുരക്ഷിതത്വവും അനുസരിച്ചുള്ള വേഗതയില്‍ മാത്രമാണ് മെട്രോ ട്രെയിനുകള്‍ സഞ്ചരിക്കുക. എത്ര വേഗത്തില്‍ പോയാലും ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍(എ.ടി.പി.) സംവിധാനം തൊട്ടടുത്ത ട്രെയിനുമായി നിശ്ചിത ദൂര പരിധി നിശ്ചയിച്ചുകൊള്ളും. ട്രെയിനിനു ചുറ്റും ഒരു വെര്‍ച്വല്‍ കവചം തീര്‍ത്തിരിക്കും. അതിനപ്പുറം ഓപ്പറേറ്റര്‍ വിചാരിച്ചാലും ട്രെയിന്‍ കൊണ്ടുപോകാന്‍ പറ്റില്ല. മറ്റു ട്രെയിനുകളുമായുള്ള അകലം, വേഗം എന്നിവ അനുസരിച്ച് മാത്രമേ ട്രെയിന്‍ ഓപ്പറേറ്റര്‍ക്ക് വേഗം കൂട്ടാനാവൂ. ട്രെയിന്‍ ഓപ്പറേറ്റര്‍ മനപ്പൂര്‍വ്വം ഒരു കൂട്ടിയിടിക്ക് ശ്രമിച്ചാല്‍ പോലും സാധിക്കില്ല എന്നു ചുരുക്കം.

OCC Kochi Metro
ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്റര്‍

അങ്ങനെ ശ്രമിച്ചാല്‍ എ.ടി.പി. സംവിധാനത്തിലെ എമര്‍ജന്‍സി ബ്രേക്ക് വീഴുകയും ട്രെയിന്‍ നില്‍ക്കുകയും ചെയ്യുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍ മറ്റു ട്രെയിനുകളുടെ വേഗതയും അകലവും അതിനനുസരിച്ച് നിയന്ത്രിക്കപ്പെടുകയും ചെയ്യും. മറ്റൊരു ട്രെയിനുമായി കുറഞ്ഞത് 40 മീറ്റര്‍ അകലം പലിക്കാന്‍ എ.ടി.പി സംവിധാനം നിര്‍ബന്ധിതമാണ്.

ഡ്രൈവറില്ലാതെയും ട്രെയിന്‍ ഓടിക്കാന്‍ കഴിയുമോ എന്നൊരു സംശയവും ഉയര്‍ന്നേക്കാം. കൊച്ചി മെട്രോയുടെ സാങ്കേതിക മികവ് ഡ്രൈവറുടെ ആവശ്യമില്ലാതെ ട്രെയിന്‍ ഓടിക്കാവുന്ന ഓട്ടോമാറ്റിക് ട്രെയിന്‍ ഓപ്പറേഷന്‍ (എടിഒ) പ്രാവര്‍ത്തികമാക്കാനും സന്നദ്ദമാണ്.