പൂര്‍ണമായും വൈദ്യുതിയിലാണ് കൊച്ചി മെട്രൊയുടെ പ്രവര്‍ത്തനം.വൈദ്യുതി ലൈനുകളും തേഡ് റെയിലുകളുമാണ് പൊതുവില്‍ ട്രെയിനുകളിലേക്ക് വൈദ്യുതി വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്നത്. കൊല്‍ക്കത്ത, ബംഗളൂരു മെട്രോകള്‍ക്ക് സമാനമായി കൊച്ചി മെട്രോയിലും തേഡ് റെയില്‍ പവര്‍ സപ്ലൈയാണുള്ളത്. 

പാളങ്ങള്‍ക്ക് നടുവിലായോ വശങ്ങളിലായോ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ലൈനുകളെയാണ് 'മൂന്നാം പാളം' അധവാ തേഡ് റെയില്‍ എന്ന് വിളിക്കുന്നത്. ചക്രങ്ങള്‍, ബ്രഷ്, സ്ലൈഡിങ് ഷൂ എന്നിവയാണ് തേഡ് റെയിലില്‍ നിന്നും ട്രെയിനിന്റെ വൈദ്യുതി യന്ത്രത്തിലേക്ക് വൈദ്യുതി എത്തിക്കാന്‍ സാധാരണയായി ഉപയോഗിക്കാറ്. ട്രെയിനുകളിലെ വെന്റിലേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നതും തേഡ് റെയിലുകള്‍ വഴി ലഭിക്കുന്ന വൈദ്യുതിയിലൂടെയാണ്. 

750 വോള്‍ട്ട് ഡിസി വൈദ്യുതിയാണ് കൊച്ചി മെട്രോയിലെ തേഡ് റെയിലിലൂടെ പ്രവഹിക്കുന്നത്. അലൂമിനിയം കൊണ്ട് നിര്‍മ്മിച്ച ലോഹ കവചത്തിന് അടിയിലായിട്ടാണ് വൈദ്യുതി ലൈനുണ്ടാവുക. സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ഒരു കവചം. 

Thrid Rail

അപകടം പതിയിരിപ്പുണ്ട്  സൂക്ഷിക്കണം

കൊച്ചി മെട്രോ റെയിലില്‍ സ്ഥാപിച്ചിട്ടുള്ള തേഡ് റെയിലില്‍ 750 വോള്‍ട്ട് ഡിസി വൈദ്യുതിയാണ് പ്രവഹിക്കുന്നത്. ഒരു അപകടം വരുത്തിവെക്കാന്‍ ഇത്രയും വേണ്ട. റെയില്‍വെ സ്റ്റേഷനുകളില്‍ ഒരു പ്ലാറ്റ്ഫോമില്‍ നിന്നും മറ്റൊന്നിലേക്ക് പാളങ്ങള്‍ ചാടിക്കടന്ന് പരിചയിച്ചവര്‍ കൊച്ചി മെട്രോ സ്റ്റേഷനില്‍ അതിന് ശ്രമിക്കരുത്. റെയില്‍ പാളങ്ങള്‍ക്കടുത്തായാണ് കൊച്ചി മെട്രോയില്‍ തേഡ് റെയിലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അപകട മുന്നറിയിപ്പ് തേഡ് റെയിലുകളില്‍ ഉടനീളം പതിച്ചിട്ടുണ്ട്. 

warning

കര്‍ശന നിയന്ത്രണങ്ങളും മുന്നൊരുക്കങ്ങളും

തേഡ്റെയിലില്‍ നിന്നും ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളും മുന്നൊരുക്കങ്ങളും കൊച്ചി മെട്രോ ഓരോ സ്റ്റേഷനുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റ് ഫോമില്‍ നിലത്ത് പതിച്ചിട്ടുള്ള  മഞ്ഞ വരയ്ക്കിപ്പുറം മാത്രമേ ആളുകള്‍ നില്‍ക്കാന്‍ പാടുള്ളൂ. പാളങ്ങളിലേക്ക് യാത്രക്കാര്‍ വീഴുക, ട്രെയിനുമായി കൂട്ടിയിടിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ ഒഴിവാക്കാനാണിത്. ഇനി അബദ്ധത്തില്‍ ആരെങ്കിലും ട്രാക്കിലേക്ക് വീണുപോയാല്‍ പ്ലാറ്റ് ഫോമില്‍ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ബട്ടണ്‍ അമര്‍ത്തിയാല്‍ പ്ലാറ്റ് ഫോമിനകത്തേക്കുള്ള തേഡ് റെയിലിലെ വൈദ്യുതി നിലയ്ക്കും. പ്ലാറ്റ് ഫോമിലേക്ക് പ്രവേശിക്കുന്നത് തടയാനും ഇത് സഹായിക്കും.