മെട്രോയില്‍ ഉച്ചവരെ സഞ്ചരിച്ചത് 30,000 പേര്‍

ആലുവ/പാലാരിവട്ടം:

കൊച്ചിക്ക് മുകളിലൂടെ മെട്രോ സ്വപ്നക്കുതിപ്പ് ആരംഭിച്ചു. വര്‍ഷങ്ങള്‍ കാത്തിരുന്ന മെട്രോയെ കൊച്ചിക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആവേശപൂര്‍വമായ വരവേല്‍പാണ് മെട്രോയ്ക്ക് ലഭിച്ചത്. മിനിറ്റുകളുടെ ഇടവേളകളില്‍ പായുന്ന മെട്രോയുടെ സര്‍വീസുകളിലെല്ലാം ജനത്തിരക്ക്. സെല്‍ഫികളെടുത്തും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തും ആളുകള്‍ ആഹ്ലാദം പങ്കുവെച്ചു.

ആറു മണിക്ക് ആരംഭിക്കുന്ന മെട്രോ സര്‍വീസിന്റെ ടിക്കറ്റിനായി ആലുവ, പാലാരിവട്ടം സ്റ്റേഷനുകളിലേക്ക് ഒരു മണിക്കൂര്‍ മുമ്പുതന്നെ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു എന്നതുതന്നെ മെട്രോ ജനങ്ങളില്‍ നിറച്ച ആവേശത്തിന് നേര്‍സാക്ഷ്യമായി. കൃത്യം ആറിന് തന്നെ ആലുവയില്‍നിന്നും പാലാരിവട്ടത്തുനിന്നും മെട്രോ ട്രെയിനുകള്‍ പൊതുജനങ്ങള്‍ക്കായി ഓടിത്തുടങ്ങി.

രാവിലെ ആദ്യ സര്‍വീസുകളില്‍ തന്നെ ഇടംപിടിക്കാനെത്തിയവരുടെ തിരക്ക് പിന്നീട് അല്‍പം കുറഞ്ഞെങ്കിലും പത്തുമണിയോടെ മെട്രോ സര്‍വീസുകളില്‍ വീണ്ടും തിരക്കേറി.

ടെക് മെട്രോ

മെട്രോ യാത്ര ഇതുവരെ ലഭിക്കാത്ത യാത്രാനുഭവമാണ് നല്‍കുന്നതെന്ന് ആദ്യമായി യാത്ര ചെയ്യുന്നവര്‍ പറഞ്ഞപ്പോള്‍ വിദേശങ്ങളില്‍ ഉള്‍പ്പെടെയുള്ള മെട്രോയില്‍  മുമ്പ് യാത്ര ചെയ്തിട്ടുള്ളവര്‍, കൊച്ചിയുടെ സ്വന്തം മെട്രോ അവയോടൊക്കെ കിടപിടിക്കുന്നതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. 

വിമാനത്തില്‍ സഞ്ചരിക്കുന്നതു പോലെയാണ് മെട്രോയിലെ സഞ്ചാരമെന്ന് കോതമംഗലത്തു നിന്നെത്തിയ ഒരു  യാത്രക്കാരന്‍ മാതൃഭൂമി.കോമിനോട് പറഞ്ഞു. മെട്രോ നല്‍കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാ സൗകര്യമാണെന്ന കാര്യത്തില്‍ യാത്രക്കാര്‍ക്കും തര്‍ക്കമില്ല.

kochi metro

കൗതുകം മാത്രമല്ല

രണ്ടുതരത്തിലുള്ള യാത്രക്കാരാണ് മെട്രോയിലുള്ളത്. ആദ്യമായെത്തിയതിന്റെ കൗതുകം കൊണ്ടു കയറുന്നവരും കൗതുകത്തോടൊപ്പം ഓഫീസുകളിലേക്കും മറ്റും പോകേണ്ടവരും. ജില്ലയുടെ നാനാഭാഗത്തു നിന്നെത്തിയവരും അയല്‍ ജില്ലകളായ തൃശൂര്‍, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നെത്തിയവരും ഇന്ന് മെട്രോ യാത്ര ആസ്വദിച്ചു. വരും ദിവസങ്ങളിലും ഈ ഒഴുക്ക് പ്രതീക്ഷിക്കുന്നതായി കെഎംആര്‍എല്‍ പറയുന്നു.

അതേസമയം, ആദ്യ ദിവസങ്ങളില്‍ മെട്രോ ട്രെയിനുകളില്‍ തിരക്കേറുക സ്വാഭാവികമാണെന്നും എന്നാല്‍ പിന്നീട് ഈ 'കൗതുകത്തിരക്ക്' ഇല്ലാതാകുമെന്നുമാണ് മെട്രോയുടെ വിമര്‍ശകര്‍ വാദിക്കുന്നുണ്ട്. ഇത് എത്രമാത്രം ശരിയാകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണെങ്കിലും ആദ്യ ദിവസം മുതല്‍ തന്നെ എറണാകുളത്തേക്ക് പോകുന്നവര്‍ മെട്രോ ഉപയോഗിച്ചു തുടങ്ങി.

മെട്രോ ടിക്കറ്റ് നിരക്ക് ദൈനംദിന യാത്രക്ക് അനുവദിക്കുന്നില്ലെന്ന വാദത്തെയും യാത്രക്കാര്‍ ഖണ്ഡിക്കുന്നു. കെഎസ്ആര്‍ടിസി എസി ലോ ഫ്‌ളോര്‍ ബസിനു വരുന്ന തുകയോ മെട്രോ ടിക്കറ്റിനും ചിലവാകുന്നുള്ളൂ എന്ന് ഇടപ്പള്ളിയില്‍ ജോലി ചെയ്യുന്ന ഒരു യാത്രക്കാരി പറഞ്ഞു. മെട്രോയില്‍ യാത്ര കൂടുതല്‍ സുഖകരമാണെന്നതും ഗതാഗതക്കുരുക്കിനെ ഭയക്കേണ്ട എന്നതും അധിക ആകര്‍ഷണങ്ങളാണെന്നും യാത്രക്കാര്‍ വ്യക്തമാക്കുന്നു. പാലാരിവട്ടം മുതല്‍ എംജി റോഡ് വരെയുള്ള രണ്ടാംഘട്ടം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

പണിതീരാത്ത സ്റ്റേഷന്‍

മെട്രോ ആദ്യഘട്ടം ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററില്‍ ആരംഭിച്ചെങ്കിലും ഈ റൂട്ടിലെ 11 സ്റ്റേഷനുകളില്‍ ചിലതിന്റെയെങ്കിലും പണി ഇനിയും പൂര്‍ണമായിട്ടില്ല. റോഡിന്റെ രണ്ടു വശത്തുനിന്നും ഓരോ ഭാഗത്തേക്കുമുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് കയറാവുന്ന രീതിയിലാണ് മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണം. എന്നാല്‍ ഇടപ്പള്ളി പോലുള്ള ചില സ്റ്റേഷനുകളില്‍ ഒരു ഭാഗത്തെ സ്റ്റേഷന്റെ മാത്രം നിര്‍മാണമേ പൂര്‍ത്തിയായിട്ടുള്ളൂ. 

ഇടപ്പള്ളിയില്‍, ആലുവ ഭാഗത്തേക്കുള്ള പ്ലാറ്റ്‌ഫോമിലേക്കുള്ള സ്റ്റേഷന്റെ നിര്‍മാണമാണ് പൂര്‍ത്തിയായിട്ടുള്ളത്. പാലാരിവട്ടം ഭാഗത്തേക്ക് പോകേണ്ടവര്‍ ഈ സ്റ്റേഷനിലൂടെ വേണം മറുഭാഗത്തേക്ക് കടക്കാന്‍.

'മെട്രോമാന്‍' അബ്ദുറഹ്‌മാന്‍

മെട്രോ കൊച്ചിക്കാരുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ വികസന സ്വപ്നമായിരുന്നു. ഇതിന്റെ സാക്ഷ്യമായിരുന്നു മെട്രോ ട്രെയിനില്‍ കണ്ടുമുട്ടിയ അബ്ദുറഹ്‌മാന്‍ എന്ന കണ്ണൂരുകാരന്‍. 'കൊച്ചി മെട്രോയിലേക്ക് സ്വാഗതം' എന്ന ഫ്‌ളക്‌സ് ശരീരത്തില്‍ പുതച്ച് മെട്രോ സര്‍വീസുകളില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കുകയാണ് ഇദ്ദേഹം. 'മെട്രോമാന്‍' എന്നാണ് അബ്ദുറഹ്‌മാന്‍ സ്വയം പരിചയപ്പെടുത്തുന്നത്.

കേരളത്തില്‍ ഇങ്ങനെയൊരു സംഭവം വരുമ്പോള്‍ എല്ലാ ജില്ലക്കാരും പങ്കാളികളാകേണ്ടേ എന്ന് ഇദ്ദേഹം ചോദിക്കുന്നു. ആദ്യദിനം തന്നെ മെട്രോയില്‍ കയറാന്‍ പയ്യന്നൂര്‍ നിന്നെത്തിയതാണ് അബ്ദുറഹ്‌മാന്‍. ഒരു ഫുട്‌ബോളുമായാണ് അബ്ദുറഹ്‌മാന്‍ മെട്രോ യാത്രക്ക് എത്തിയിരിക്കുന്നത്. തലയില്‍ ഫുട്‌ബോള്‍ ബാലന്‍സ് ചെയ്ത് ചെറു അഭ്യാസങ്ങളും ഇദ്ദേഹത്തിന്റെ കൈയിലുണ്ട്. എന്നാല്‍, യാത്രയിലെ ചലനം മെട്രോ കോച്ചില്‍ വച്ച് പ്രകടനം നടത്താനുള്ള അബ്ദുറഹ്‌മാന്റെ ശ്രമത്തെ പരാ ജയപ്പെടുത്തിയെന്നു മാത്രം.

kochi metro

കൈകോര്‍ത്ത് കെഎസ്ആര്‍ടിസിയും

മെട്രോയോട് കൈകോര്‍ത്ത് കെഎസ്ആര്‍ടിസിയും. ആലുവയില്‍നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ മെട്രോ സ്റ്റേഷന് അകത്ത് കയറിയ ശേഷമാണ് ഹൈവേയിലേക്ക് പ്രവേശിക്കുന്നത്. മെട്രോയില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് തുടര്‍യാത്രക്ക് ഇത് ഉപകാരപ്പെടും. എല്ലാ സ്റ്റേഷനുകളില്‍ നിന്നും കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ഫീഡര്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇത് വരും ദിവസങ്ങളില്‍ പൂര്‍ണ സജ്ജമാകുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.