സുഗമമായ യാത്രയൊരുക്കുക എന്നതിനു പുറമെ കൊച്ചി മെട്രോയ്ക്ക് മനോഹരമായ മറ്റൊരു സ്വപ്‌നം കൂടിയുണ്ട്. കൊച്ചിയെ കാര്‍ന്നു തിന്നുന്ന, സഞ്ചാരികളുടെ കാഴ്ച്ച വികലമാക്കുന്ന മലിനീകരണത്തിനെതിരെ പൊരുതുക എന്ന നടപ്പാക്കാനാവുന്ന സ്വപ്‌നം.

അങ്ങേയറ്റം പരിസ്ഥിതി സൗഹാര്‍ദ്ദമായാണ് കെ.എം.ആര്‍.എല്‍. കൊച്ചി മെട്രോയുടെ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ് എയര്‍ കണ്ടീഷനിങ് ചെയ്യാത്ത മെട്രോ സ്റ്റേഷനുകളും സ്റ്റേഷനുകളുടെ തൂണുകളിലായി ചെയ്തിരിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്ങും വിത്തു കലണ്ടറുകളുമെല്ലാം. 

മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വെട്ടിക്കളയേണ്ടി വന്ന മരങ്ങള്‍ക്കു പകരമായി കൊച്ചിയിലെ പല റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുമായി ചേര്‍ന്ന് കൊച്ചിയുടെ പല ഭാഗങ്ങളിലുമായി മരത്തൈകള്‍ നട്ടുപിടിപ്പിച്ചു സംരക്ഷിക്കുന്നതും കെ.എം.ആര്‍.എല്ലിന്റെ പ്രകൃതി സൗഹാര്‍ദ പരിപാടികളില്‍ എടുത്തു പറയേണ്ടതാണ്. 

എ.സി. ഇല്ലാത്ത മെട്രോ സ്റ്റേഷനുകള്‍ 
അന്താരാഷ്ട്ര നിലാവരമുള്ളവയാണ് കൊച്ചി മെട്രോ റെയില്‍വേ സ്റ്റേഷനുകള്‍. ഒരു വിമാനത്താവളത്തിനു സമാനമായ സജ്ജീകരണങ്ങളും സൗകര്യങ്ങളുമെല്ലാമുണ്ട് മെട്രോ സ്റ്റേഷനുകളില്‍. എന്നാല്‍ മെട്രോയുടെ ഒരു സ്റ്റേഷനും എയര്‍ കണ്ടീഷണ്‍ഡ് അല്ല. സ്റ്റേഷനുകളില്‍ എ.സി. വയ്ക്കാതിരുന്നത് ധൈര്യപൂര്‍വ്വം എടുത്ത തീരുമാനമാണെന്നാണ് കെഎംആര്‍എല്‍ പറയുന്നത്. 

എ.സിയില്‍ നിന്നും പുറന്തള്ളപ്പെടുന്ന സി.എഫ്.സി. മൂലമുണ്ടാകുന്ന വായുമലിനീകരണം തടയാനാണ് ഈ നീക്കം. നന്നായി വായുസഞ്ചാരം നടക്കത്തക്ക രീതിയിലാണ് മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണം. അതുകൊണ്ടുതന്നെ സ്റ്റേഷനകത്ത് ശുദ്ധവായുവും കാറ്റും എപ്പോഴും ഉണ്ടാകും. തുറന്ന പ്ലാറ്റ്‌ഫോമുകളായതിനാല്‍ അവിടെയും എ.സിയുടെയോ ഫാനുകളുടെയോ ആവശ്യം വരുന്നില്ല. 

വെട്ടിമാറ്റിയ വൃക്ഷങ്ങള്‍ക്ക് പകരം പുതിയ വൃക്ഷത്തൈകള്‍
മെട്രോ സ്റ്റേഷനുകളുടെ നിര്‍മാണത്തിനായി വെട്ടിമാറ്റിയ വൃക്ഷങ്ങള്‍ക്കു പകരമായി അതിലേറെ വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു കൊണ്ടാണ് കെ.എം.ആര്‍.എല്‍. പരിഹാരം കണ്ടത്. അലക്ഷ്യമായി വൃക്ഷത്തൈകള്‍ നടുന്നതിനു പകരം കൊച്ചിയിലെ വിവിധ റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുമായി സഹകരിച്ചാണ് അവര്‍ വൃക്ഷത്തൈകള്‍ നട്ടത്. 

റോഡരികുകളില്‍ ആര്‍ക്കോ വേണ്ടി എന്ന പോലെ നട്ട് പിന്നീട് വണ്ടി കയറിയും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചും ഇല്ലാതായിപ്പോകുന്ന വൃക്ഷത്തൈകള്‍ക്കു പകരം വൃക്ഷത്തൈകളുടെ പരിപാലനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായാണ് കെഎംആര്‍എല്‍ ഇങ്ങനെയൊരു മാര്‍ഗം സ്വീകരിച്ചത്. 

വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ് 
വിദേശരാജ്യങ്ങളില്‍ സ്ഥലക്കുറവ് എന്ന പ്രശ്‌നത്തെ പരിഹരിക്കാനായി ചെയ്തു തുടങ്ങിയ സംവിധാനമാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്. പിന്നീട് ഭിത്തികളുടേയും തൂണുകളുടേയുമൊക്കെ അലങ്കാരത്തിനായി മാറി ഇത്. തൂണുകളില്‍ ചെറിയ പോക്കറ്റ് ബാഗുകള്‍ പിടിപ്പിച്ച് അതില്‍ മണ്ണ് നിറച്ച് അതില്‍ അലങ്കാരച്ചെടികള്‍ വളര്‍ത്തുന്ന രീതിയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്. 

മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലും ഇത്തരത്തിലുള്ള വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ് ആണ് ചെയ്യുന്നത്. ഈ അലങ്കാരച്ചെടികള്‍ മെട്രോയെ പ്രകൃതിയോട് ഇണക്കി നിര്‍ത്തുന്നു. ഇതു കൂടാതെ ദേശീയപാതകളുടെ മീഡിയനുകളിലും കെ.എം.ആര്‍.എല്‍. ചെടികള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇത് കൃത്യമായി പരിപാലിക്കാനും ഇവര്‍ ശ്രദ്ധിക്കുന്നുണ്ട്. 

വിത്തു കലണ്ടര്‍ 
കലണ്ടര്‍ താളുകള്‍ക്കിടയില്‍ വിത്തുകള്‍ അടങ്ങിയ ടേബിള്‍ കലണ്ടര്‍ ആണ് കെ.എം.ആര്‍.എല്ലിന്റെ പരിസ്ഥിതി സൗഹാര്‍ദ നയങ്ങളില്‍ എടുത്തു പറയേണ്ട മറ്റൊന്ന്. കൊച്ചി മെട്രോ പുറത്തിറക്കുന്ന ടേബിള്‍ കലണ്ടറുകളിലാണ് വിത്തുകള്‍ അടങ്ങിയിരിക്കുന്നത്. ഈ കലണ്ടറുകളുടെ ഓരോ താളിന്റെയും പിന്‍ഭാഗത്താണ് വിത്തുകള്‍ ഉണ്ടായിരിക്കുക. 

കലണ്ടറിന്റെ പിന്‍ഭാഗത്തായി വിത്തുകള്‍ ഉള്ള ഭാഗം ചെറിയ കുമിളകള്‍ പോലെ പൊങ്ങി നില്‍ക്കുന്നത് കാണാം. പുഷ്പങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകളാണ് ഈ കലണ്ടറുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഓരോ മാസവും കഴിയുമ്പോള്‍ അതാത് മാസത്തെ താള്‍ കീറിയെടുത്ത് ഇഷ്ടമുള്ളിടത്ത് കുഴിച്ചിടാം. 

വര്‍ഷാന്ത്യത്തില്‍ ഈ കലണ്ടര്‍ നിങ്ങള്‍ക്ക് ഒരു അടുക്കളത്തോട്ടമോ ഗാര്‍ഡന്‍ ബാല്‍ക്കണിയോ ആവും സമ്മാനിക്കുക. മറിച്ച് വര്‍ഷാവസാനം ഉണ്ടാകുന്ന ഒരു മാലിന്യമോ ബാധ്യതയാവുകയോ ആയി മാറില്ല. ഓരോ മാസം കഴിയുമ്പോഴും അതാത് മാസത്തെ കലണ്ടര്‍ താളും ഉപയോഗപ്രദമായ ഒന്നായി മാറുന്നു. 

ചിത്രം: കെഎംആര്‍എല്‍