bijibalലയാളിക്ക് പ്രിയപ്പെട്ടവയൊക്കെ കൊച്ചി മെട്രോയുടെ ഭാഗമാവുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ മെട്രോ റെയില്‍ സര്‍വീസ് അടിമുടി കേരളീയമാണ്, സ്‌റ്റേഷനുകളിലെ ചുമര്‍ ചിത്രങ്ങള്‍ മുതല്‍ ട്രെയിനിലെ അറിയിപ്പിനു മുമ്പുള്ള ഓരോ ശബ്ദം വരെ. 

ചെണ്ടമേളം എന്നും മലയാളിക്ക് ഒരു ഹരമാണ്. മേളം കേട്ടാല്‍ താളം പിടിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. കേരളത്തിന് പുതുമുഖമായ കൊച്ചി മെട്രോയെ മലയാളിയുടെ സ്വന്തം എന്ന ഒരു തോന്നലുണ്ടാക്കാന്‍ ഇതിലും നല്ല ഒരാശയമുണ്ടോ?.

മെട്രോ യാത്രക്കാരനെ ട്രെയിനിനുള്ളിലേക്ക് ക്ഷണിക്കുന്നത് തന്നെ കേരളത്തിന്റെ സ്വന്തം വാദ്യോപകരണങ്ങളായ ചെണ്ടയും ചേങ്ങിലയും ചേര്‍ന്നൊരുക്കുന്ന മനോഹരമായ ഒരു നാദശകലമായിരിക്കും. മെട്രോ ട്രെയിനിന്റെ വാതില്‍ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ഈ നാദശകലം കേള്‍ക്കാം. യാത്രക്കാരന് മെട്രോയുടെ വാതില്‍ തുറക്കുന്നതും അടയുന്നതും അറിയിക്കുന്നത് ഈ സംഗീതമാണ്.

മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകന്‍ ബിജിബാലാണ് ചെണ്ടയും ചേങ്ങിലയും ചേര്‍ന്നുള്ള ഈ മനോഹര സംഗീതം ഒരുക്കിയത്. മെട്രോ ട്രെയിനിനുള്ളില്‍ അറിയിപ്പുകളില്‍ പോലും മലയാളത്തനിമ നിലനിര്‍ത്തണം എന്ന കെഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ആഗ്രഹത്തിന്റെയും അതിനെ തുടര്‍ന്നു നടന്ന ചര്‍ച്ചയുടെയും ഫലമായാണ് ഇങ്ങനെ ഒരാശയം രൂപപ്പെട്ടത്. അങ്ങനെയാണ് ചെണ്ടയിലേക്കും ചേങ്ങിലയിലേക്കും അവിടെ നിന്നും ബിജിബാലിലേക്കും ഈ ആശയം എത്തിച്ചേര്‍ന്നത്. 

Kochi metro Train

മെട്രോ ട്രെയിനിനുള്ളിലേക്ക് കയറുമ്പോഴും ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോഴും കേള്‍ക്കുന്ന ഈ സംഗീതം ഒരു നിമിഷത്തേക്കെങ്കിലും നമ്മുടെ മനസിനെ സന്തോഷിപ്പിക്കുമെന്ന കാര്യം ഉറപ്പ്.