ചുറ്റളവും വാസ്തുശാസ്ത്രവും

Posted on: 23 Sep 2012


കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി




? സ്‌ക്വയര്‍ ഫീറ്റ്, പെരിമീറ്റര്‍ എന്നിവ തമ്മിലുള്ള വ്യത്യാസം എന്ത്? വാസ്തുശാസ്ത്രത്തില്‍ സ്‌ക്വയര്‍ഫീറ്റിന് പകരം ചുറ്റളവ് കണക്കാക്കുന്നത് എന്തുകൊണ്ടാണ്


ഒരു വാസ്തു, ഒരു കെട്ടിടം, മുറി എന്നിവയെ പ്രതിനിധാനംചെയ്യുന്നതിന് അളവുകള്‍ ആവശ്യമാണ്. അതുപോലെ കുളം, കിണര്‍, കട്ടിള, ജനല്‍, മേശ, കസേര എന്നിങ്ങനെയുള്ള എല്ലാ സാധനസാമഗ്രികളുടെയും ആകൃതിയെ അളവുകൊണ്ടാണ് പ്രതിനിധാനംചെയ്യുന്നത്.
നേരത്തെ പറഞ്ഞതുപോലെ ഏറ്റവും ചെറിയ അളവുകള്‍, യവം, അംഗുലം, കോല്‍, ദണ്ഡ് തുടങ്ങിയവയാണല്ലോ. വലിപ്പവ്യത്യാസമനുസരിച്ചു വേണം ഒരോന്നിനെയും ഏതു മാനദണ്ഡമുപയോഗിച്ച് അളക്കണം എന്നു തീരുമാനിക്കുവാന്‍. അതായത് ഏറ്റവും ചെറിയവയെ യവംകൊണ്ടും കുറച്ചു വലിപ്പമുള്ളവയെ (കട്ടിള, ജനാല, മേശ, കസേര) അംഗുലം (വിരല്‍) കൊണ്ടും അളക്കേണ്ടതാണ്.

എന്നാല്‍ അതിനേക്കാള്‍ വലിപ്പമുള്ളതും യവം, അംഗുലം എന്നിവകൊണ്ട് അളക്കാന്‍ സാധ്യമല്ലാത്തതുമായവയെ കോല്‍ എന്ന മാനദണ്ഡമുപയോഗിച്ച് അളക്കണം എന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്. ഉദാ: ഗൃഹം, ഗൃഹാങ്കണം, മുറികള്‍ എന്നിവയെ കോല്‍ അളവുകൊണ്ടാണ് അളക്കേണ്ടത്. എന്നാല്‍ പറമ്പിനെ ദണ്ഡുകൊണ്ട് അളന്നു തിട്ടപ്പെടുത്തുകയാണ് പതിവ്. നേരത്തെ പറഞ്ഞതുപോലെ ഒരു കെട്ടിടത്തിന്റെ ആകൃതിയെ പ്രതിനിധാനംചെയ്യുന്നതിന് ദീര്‍ഘം (നീളം), വിസ്താരം (വീതി) എന്നീ രണ്ട് അളവുകള്‍ വേണമല്ലോ. എന്നാല്‍ ഇതിനെ ഒറ്റയായി പറയണമെങ്കില്‍ ദീര്‍ഘവിസ്താരങ്ങളെ ഗുണിച്ച് കിട്ടുന്ന ക്ഷേത്രഫലമോ (സ്‌ക്വയര്‍ ഫീറ്റ്)അല്ലെങ്കില്‍ ദീര്‍ഘവിസ്താരങ്ങളെ കൂട്ടിയിരട്ടിച്ചാല്‍ കിട്ടുന്ന ചുറ്റളവോ (പെരിമീറ്റര്‍) ആണ് സ്വീകരിക്കേണ്ടത്.

എന്നാല്‍ 20 യൂണിറ്റ് (കോല്‍, അടി, മീറ്റര്‍ ഏതുമാകാം) നീളവും അഞ്ചു യൂണിറ്റ് വീതിയുമായ കെട്ടിടത്തിന്റെ ക്ഷേത്രഫലം 100 യൂണിറ്റും അതേ കെട്ടിടത്തിന്റെ കൂട്ടിയിരട്ടിച്ചാല്‍ കിട്ടുന്ന ചുറ്റളവ് 50 യൂണിറ്റുമാണ് വരുന്നത്. അതുപോലെതന്നെ 15 യൂണിറ്റ് നീളവും 10 യൂണിറ്റ് വീതിയുമായ കെട്ടിടത്തിന്റെ ഗുണിച്ചാല്‍ കിട്ടുന്ന ക്ഷേത്രഫലം 150 യൂണിറ്റും കൂട്ടിയിരട്ടിച്ചാല്‍ കിട്ടുന്ന ചുറ്റളവ് 50 തന്നെയും വരുന്നതാണ്.

അതായത് ക്ഷേത്രഫലം 150 യൂണിറ്റ് ആയാലും 100 യൂണിറ്റായാലും ചെലവിന്റെ കാര്യത്തില്‍ വ്യത്യാസം അനുഭവപ്പെടുകയില്ല. അതായത് ചുറ്റളവ് (പെരിമീറ്റര്‍ അഥവാ റണ്ണിങ് മീറ്റര്‍) മാറ്റമില്ലെങ്കില്‍ ചെലവില്‍ വ്യത്യാസം വരുന്നതല്ല. അതുകൊണ്ടുതന്നെ വീടിന്റെ ചെലവിന് അടിസ്ഥാനം ചുറ്റളവാണെന്ന് വ്യക്തമാകുന്നു.
ഇക്കാരണംകൊണ്ടായിരിക്കണം ശാസ്ത്രം ചുറ്റളവിനെ സ്വീകരിച്ചിരിക്കുന്നത് എന്നു സങ്കല്പിക്കാവുന്നതാണ്.



Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.