"മര്‍ത്യാശ്ചൈവ, മര്‍ത്ത്യാശ്ച
യത്ര യത്ര വസന്തി ഹി, തദ്വാസ്തു" 

സംസ്‌കൃതത്തില്‍ ഭവസ് 'ധാതുവിന്റെ അര്‍ത്ഥം വസിക്കുക എന്നതാണ്. വസിക്കുന്നതേതോ അത് വാസ്തു. അതായത് വാസ്തു എന്നത് ഭൂമി തന്നെ. 

അങ്ങനെയെങ്കില്‍ വാസ്തു ഭൂമിയുടെ ഒരു ദാനമാണ്. വാസ്തുവില്‍ ഭൂമിയുടേതടക്കമായ പഞ്ചഭൂതങ്ങളുടെ ചൈതന്യം (ജീവന്‍) ഉണ്ട്.

ആ ജീവത്വം നാം കാണുന്നതും അനുഭവിക്കുന്നതും മനുഷ്യ സ്വരൂപത്തിലൂടെയാണ്. അതിനാല്‍ വാസ്തു, ഗൃഹം എന്നിവ ജീവനുള്ള പുരുഷനായി അഥവാ വാസ്തു പുരുഷമണ്ഡലമായി കണക്കാക്കുന്നു. vastu purushan

ഭൂമിയില്‍ കാണപ്പെടുന്ന വെള്ളം- ദ്രവരൂപം, വൃക്ഷങ്ങള്‍- നേരെ നില്‍ക്കുന്നത, ഉറപ്പുള്ളത്- മണ്ണ്കൂട്ടിപ്പിടിച്ചു നില്‍ക്കുന്നത്, പലവിധം നിറങ്ങള്‍ തുടങ്ങിയവയെല്ലാം കണക്കാക്കിയാല്‍ അവ തന്നെയാണ് ചൈതന്യമുള്ള പുരുഷരൂപത്തിലും കാണുക. 

അവയെല്ലാം സപ്തധാതുക്കളായി (ഏഴ് ധാതുക്കളായി) നമുക്ക് കാണപ്പെടുന്നു. അനവധി ശക്തികളെക്കൊണ്ട് നിലനില്‍ക്കുന്ന ശരീരത്തില്‍ പ്രധാനം 

1. എല്ല്- നേരെ നില്‍ക്കുന്നത് 
2. ചോര- ദ്രവരൂപം 
3. മാംസം- ആകൃതിയാകുന്നത് 
4. മജ്ജ- ചൈതന്യവത്താക്കുന്നത് 
5. മേദസ്സ്- ഉത്ഭവിക്കുന്നത് 
6. രേതസ്സ്- ജനിപ്പിക്കുന്നത് 
7. തൊലി- ആകൃതിയെ സംരക്ഷിക്കുന്നത് 

ഇവയെല്ലാം ഓരോ വീട്ടിലും ഉണ്ടെന്നാണ് വാസ്തു ശാസ്തപ്രകാരമുള്ള സങ്കല്പം. അവ താഴെ പറയും പ്രകാരമാണ്...

1. ഇഷ്ടിക 
2. ചുമപ്പായതെല്ലാം 
3. പച്ചയായതെല്ലാം 
4. മഞ്ഞയായതെല്ലാം 
5. കറുപ്പായതെല്ലാം
6. വെളുപ്പായതെല്ലാം (സിമന്റ്, കുമ്മായം മുതലായവ) 
7. കറുപ്പ്/നീല 

എന്നിവ കൂടാതെ രോമം, നഖം എന്നിവ ആണി മുതലായവയുമാകുന്നു എന്നാണ് സങ്കല്‍പം. 

ഇങ്ങനെ വരുമ്പോള്‍ ഈ സപ്തധാതുക്കളില്‍ നിന്നുണ്ടാകുന്ന നാഡീ- സിരകളും ഉണ്ടാകുന്നു. നേരെ കിഴക്കു പടിഞ്ഞാറും തെക്കുവടക്കും ആയ രേഖകളെയെല്ലാം നാഡികളായും കര്‍ണ്ണാകാരമായ രേഖകളെല്ലാം സിരകളായും കണക്കാക്കപ്പെടുന്നു. അവയുടെ ചേര്‍ച്ചകളായ ബിന്ദുക്കളെല്ലാം മര്‍മ്മങ്ങളായും വരും. കൂടുതല്‍ രേഖകള്‍ ചേരുമ്പോള്‍ അത് മഹാമര്‍മ്മവും ആകുന്നു. 

ഇപ്രകാരമുള്ള വാസ്തു പുരുഷചൈതന്യത്തെ കണക്കാക്കുമ്പോഴാണ് അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ച് കര്‍മ്മേന്ദ്രിയങ്ങള്‍ തുടങ്ങി പലപ്രകാരത്തില്‍ കണക്കാക്കേണ്ടിവരിക. അപ്പോള്‍ ആ വാസ്തുവില്‍ വാസ്തുപുരുഷന്‍ തെക്കുപടിഞ്ഞാറ് കാലും വടക്കുകിഴക്ക് തലയുമായി സങ്കല്പിക്കപ്പെടുന്നു. 

അങ്ങനെ ദേഹത്തില്‍ 45 ദേവചൈതന്യങ്ങള്‍ ഉള്ളതായും സ്വരൂപിക്കപ്പെട്ടതായും കണക്കാക്കുന്നു. മൂര്‍ദ്ധാവില്‍ (ശിരസ്സില്‍) ശിവനും കണ്ണുകളില്‍ പര്‍ജ്ജന്യനും ദിതിയും മുഖത്ത് ആപനും കഴുത്തില്‍ ആപവാസനും ഇടത്തേചെവിയില്‍ ജയന്തനും വലത്തെചെവിയില്‍ ആദിതിയും ഇടത്തേചുമലില്‍ ഇന്ദ്രനും വലത്തേചുമലില്‍ അര്‍ളനും തുടങ്ങി 45 ദേവന്മാരും വസിക്കുന്നു. 

അപ്പോള്‍ വാസ്തുപുരുഷാസുരത്വമുള്ള ഈ ശരീരത്തില്‍ മേല്‍പറഞ്ഞ ദേവത്വമുള്ള ഈ ചൈതന്യങ്ങളെ പ്രതിഷ്ഠിച്ച് നിലനിര്‍ത്തിയാല്‍ വാസ്തുബലി ചെയ്ത് പ്രീതിപ്പെടുത്തിയാല്‍ ഭൂമിയും ഗൃഹവും ദോഷമറ്റ് ചൈതന്യമുള്ളതായ ഫലം നല്‍കുന്നതാണ്. ഇതുകൊണ്ടാണ് വാസ്തുബലി ചെയ്യുന്നതിന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.