യം, വ്യയം, യോനി, നക്ഷത്രം, തിഥി, കരണം എന്നിവയാണ് ആയാദിഷഡ് വര്‍ഗങ്ങള്‍. ആയം എന്നാല്‍ വരവ് എന്നര്‍ത്ഥം. വ്യയം എന്നാല്‍ ചെലവ്, ചുറ്റളവിനെ പ്രതിനിധാനം ചെയ്യുന്ന കണക്കാണ് യോനി, നക്ഷത്രവും തിഥിയും കരണവും ജ്യോത്സ്യത്തിലെ സൂചനകളുമാണ്. 

അളവുകള്‍ നിശ്ചയിച്ചു കഴിഞ്ഞാല്‍ ആ അളവിന്റെ ഗുണദോഷങ്ങള്‍, അതായത് ഇവ ഏത് ദിക്കിലേക്ക് യോജിച്ചതാണെന്നും മറ്റും തീര്‍ച്ചപ്പെടുത്തി സ്വീകരിക്കണം. അതിന് ആദ്യമായി വാസ്തുവിനെ എട്ട് ഭാഗങ്ങളാക്കി (ഗ്രൂപ്പ്) തിരിക്കുകയാണ് ചെയ്യുന്നത്. 

1. കിഴക്ക് 
2. തെക്ക്- കിഴക്ക്, 
3. തെക്ക് 
4. തെക്ക്- പടിഞ്ഞാറ് 
5. പടിഞ്ഞാറ് 
6. വടക്ക്- പടിഞ്ഞാറ് 
7. വടക്ക് 
8. വടക്കു- കിഴക്ക് 

എന്നിങ്ങനെയാണ് വാസ്തുവിനെ എട്ടു ഭാഗങ്ങളാക്കി തിരിക്കുന്നത്. 

അളവിനാലാണ് ഇത് നിശ്ചയിക്കേണ്ടത് എന്നതിനാല്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചുറ്റളവിനെ മൂന്നില്‍ പെരുക്കി എട്ടില്‍ ഹരിച്ചാല്‍ ഒന്നു മുതല്‍ എട്ടു വരെ വരുന്ന ശിഷ്ടങ്ങളെ കൊണ്ട് കിഴക്കാദിയായി പറയുന്ന ദിക്കുകളെ സൂചിപ്പിക്കുന്നതായി കണക്കാക്കണം. അതായത് ആ ദിക്കില്‍ ഉത്ഭവിച്ച ചുറ്റളവായി സങ്കല്‍പിക്കപ്പെടുന്നു. 

ഇപ്രകാരം കണക്കാക്കുമ്പോള്‍ ശിഷ്ടം 1, 3, 5, 7 എന്നിങ്ങനെ വരുമ്പോള്‍ ഒന്ന് എന്നതുകൊണ്ട് കിഴക്കിനിയെ പ്രതിനിധീകരിക്കുന്നതായാണ് കണക്കാക്കുന്നത്. മൂന്ന് തെക്കിനിയേയും അഞ്ച് പടിഞ്ഞാറ്റിയേയും ഏഴ് വടക്കിനിയേയും പ്രതിനിധീകരിക്കുന്നതായി സങ്കല്‍പിക്കുന്നു. 

ഇവയ്ക്ക് ക്രമത്തില്‍ ഏകയോനി (ധ്വജയോനി), ത്രിയോനി (സിംഹയോനി), പഞ്ചയോനി (വൃഷഭയോനി), സപ്തയോനി (ഗജയോനി) എന്ന പേരുകളില്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇവ പ്രധാനപ്പെട്ട ദിക്കുകളെ സൂചിപ്പിക്കുന്നു. 

പിന്നെ വരുന്ന നാല് വിദിക്കുകളെ (കോണ്‍തിരിഞ്ഞ ദിക്കുകളെ) സൂചിപ്പിക്കുന്നതായ തെക്കു- കിഴക്കു തുടങ്ങി 2, 4, 6, 8 എന്ന സംഖ്യകള്‍ ശിഷ്ടങ്ങളായി വരുന്നതാണ്. ഇവ വര്‍ജ്ജ്യവുമാണ്. 

മേല്‍പറഞ്ഞ പ്രകാരം ഒരു ചുറ്റ് ഉത്ഭവിച്ചു കഴിഞ്ഞാല്‍ (ജനിച്ചു കഴിഞ്ഞാല്‍) ജാതകത്തില്‍ എന്നപോലെ നക്ഷത്രം, തിഥി, കരണം, ആഴ്ച മുതലായ പഞ്ച അംഗങ്ങളും കൂടാതെ ആയം, വ്യയം, യോനി, വയസ്സ് തുടങ്ങിയ ഷഡ്വര്‍ങ്ങളും കണക്കാക്കുന്നു. 

എട്ടില്‍ പെരുക്കി 27 ല്‍ ഹരിച്ചാല്‍ ശിഷ്ടം ഒന്നു മുതല്‍ 27 വരെ അശ്വതി മുതലായ നക്ഷത്രങ്ങളേയും എട്ടു കൊണ്ടു ഗുണിച്ച് 27 ല്‍ ആക്കുമ്പോള്‍ കിട്ടുന്ന ഹരണഫലം വയസ്സിനേയും പ്രതിനിധീകരിക്കുന്നു. 

അതുപോലെതന്നെ ചുറ്റിനെ മൂന്നില്‍ പെരുക്കി 14 കൊണ്ട് ഹരിച്ചാല്‍ ശേഷിക്കുന്നത് വ്യയവും എട്ടില്‍ പെരുക്കി 12 കൊണ്ട് ഹരിച്ചാല്‍ ശേഷിക്കുന്നത് ആയവും ആയി കണക്കാക്കേണ്ടതാണ്. 

ഇപ്രകാരം ഭൂമിയെ വാസ്തുവിനെ നിയന്ത്രിക്കുന്ന പല ഘടകങ്ങളേയും കൊണ്ട് കണക്കാക്കുകയാണ് ചെയ്യുന്നത്. ഇവയില്‍ ഏതെല്ലാം ഘടകങ്ങള്‍ ചേരുമ്പോഴാണ് കൂടുതല്‍ ഗുണകരമായി വരുവാന്‍ സാദ്ധ്യതയുള്ളത് എന്ന് തീര്‍ച്ചപ്പെടുത്തിയാണ് സ്വീകരിക്കേണ്ടത്. 

എന്തെന്നാല്‍ സൂര്യനാണ് സൗരയൂഥത്തിലെ എല്ലാ ഘടകങ്ങളെയും നിയന്ത്രിക്കുന്നതെങ്കില്‍ ഭൂമിയെയും അങ്ങനെ തന്നെയാകുമല്ലോ. അപ്പോള്‍ ഭൂമിയും അവയോടെല്ലാം ബന്ധപ്പെട്ടിരിക്കുന്നു.

അതിനാലാണ് ഇപ്രകാരമുള്ള ഭൂമിയില്‍ നിര്‍മ്മിക്കുന്ന ഗൃഹങ്ങള്‍ക്കും മേല്‍പ്പറഞ്ഞവയെല്ലാം സ്വാധീനിക്കുന്നുണ്ടെന്ന നിഗമനത്തിലെത്തുന്നത്.