മൊബൈൽ ഫോണിലൂടെ വീട്ടുകാര്യങ്ങൾ നിയന്ത്രിക്കുന്ന ഇന്റർനെറ്റ് ഓഫ് തിങ്‌സ്(ഐ.ഒ.ടി.) സാങ്കേതിക വിദ്യ കേരളത്തിൽ പ്രചാരത്തിൽ വന്നുകഴിഞ്ഞു. വീടിന്റെ നിയന്ത്രണം കൈയിലൊതുക്കുന്ന ഹോം ഓട്ടോമേഷൻ സംവിധാനത്തിന്റെ ഈ പുതിയ മുഖത്തിന് തങ്ങളുടേതായ ‘വെർഷൻ’ നൽകിയിരിക്കുകയാണ് നാലു പെൺകുട്ടികൾ. ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. എൻജിനീയറിങ് കോളേജിലെ അവസാന വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിനികളാണിവർ. 

ഐ.ഒ.ടി. സ്മാർട്ട് ഹോം എന്ന സാങ്കേതിക സംവിധാനമാണ് ഇവർ വികസിപ്പിച്ചിരിക്കുന്നത്. മൊബൈൽ ആപ്ലിക്കേഷനും കംപ്യൂട്ടർ ഹാർഡ്‌വെയറും സംയോജിപ്പിച്ചാണിത്. ഇതിലൂടെ വീട്ടിൽ ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ വീട് നിരീക്ഷിക്കുന്നതോടൊപ്പം പാചകവാതകത്തിന്റെ ഉപയോഗത്തിലേക്കും ശ്രദ്ധിക്കാൻ കഴിയും. സിലിൻഡറിലെ ഇന്ധനത്തിന്റെ അളവ് കുറയുന്നത് മുൻകൂട്ടി അറിയിച്ച് പുതിയത് ബുക്ക് ചെയ്യണമെന്ന് മൊബൈൽ ഫോൺ അറിയിക്കും. കൂടാതെ അതത് ഗ്യാസ് ഏജൻസികളിൽ ബുക്ക് ചെയ്യുകയും ശേഷം ഇതേപ്പറ്റി  ഉപഭോക്താവിന് വീണ്ടുമൊരു സന്ദേശവും നൽകും. ഗ്യാസ് സിലിൻഡറിൽ ഘടിപ്പിച്ച സെൻസർ വഴിയാണ് ഇന്ധനം തീരുന്ന വിവരം ഫോൺ അറിയുന്നത്. 

ഇതു കൂടാതെ വീടിനു പുറത്തു പോകുമ്പോൾ മറന്ന കാര്യങ്ങൾ ചെയ്യിപ്പിക്കുക (ഉദാ.ഓഫ് ചെയ്യാൻ വിട്ടു പോയ ഫാൻ ഓഫാക്കുക), തീപ്പിടിത്തം തടയുക തുടങ്ങിയവയും സ്മാർട്ട് ഹോമിലുണ്ട്. തീപ്പിടിത്തത്തിന്റെ ലക്ഷണം കണ്ടാൽ ഉടൻ അഗ്നിരക്ഷാസേനയുടെ നമ്പരിൽ വിവരമറിയിക്കുകയും ചെയ്യുമത്രെ. സ്മാർട്ട് ഹോമിന്റെ സാധ്യതകൾ വിപുലമായ രീതിയിൽ പോലീസ് സ്‌റ്റേഷൻ, ഫയർ സ്‌റ്റേഷൻ, ആസ്പത്രി, ഹോട്ടൽ എന്നിവിടങ്ങളിലും നടപ്പാക്കാവുന്നതാണെന്ന് വിദ്യാർഥിനികൾ പറയുന്നു. സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ സ്മാർട്ട് ഹോം സ്വന്തമാക്കാം. അരീന ജോയ്, ഡിഷ ഡേവിസ്, കെ.ആർ. രേഷ്മ, വി.ജെ. സ്‌റ്റെജി റോസ് എന്നിവരാണ് പ്രോജക്ടിനു പിന്നിൽ. കംപ്യൂട്ടർ സയൻസ് മേധാവി ഡോ. എസ്. ബ്രില്ലി സംഗീത, അസി.പ്രൊഫ. കെ.എസ്. നൈസി, എക്‌സ്റ്റേണൽ ഗൈഡ് കെ.എ. റിയാസ്, കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ്. പ്രദീപൻ എന്നിവർ നേതൃത്വം നൽകി.