വീടുകള്‍ക്ക് ഇനി ഹൈടെക് കാവല്‍

Posted on: 20 Mar 2013


ബിബിന്‍ ബാബുകാലം മാറുന്നതിനനുസരിച്ച് കാവലിനും മാറ്റമുണ്ടാവണമെന്ന മുന്നറിയിപ്പാണ് ബണ്ടിചോറിനെപ്പോലുള്ള ന്യൂജനറേഷന്‍ കള്ളന്മാര്‍ നല്‍കുന്നത്. സംസ്ഥാനത്തൊട്ടാകെ ഇപ്പോള്‍ വലിയ വീടുകളിലെല്ലാം ഹൈടെക് സുരക്ഷാസംവിധാനങ്ങള്‍ വന്നുകഴിഞ്ഞു
കായംകുളം കൊച്ചുണ്ണിമാരെയും മീശമാധവന്‍മാരെയും റോബിന്‍ഹുഡ് മാരെയും പേടിച്ച് ഓരോരുത്തരും വീടുകള്‍ക്ക് നൂറോളം സുരക്ഷിത മുറകള്‍ പയറ്റിയെങ്കിലും 'ബണ്ടി ചോര്‍' എന്ന ന്യൂ ജനറേഷന്‍ കള്ളന്‍ കാവല്‍ മുറകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി വേലിചാടിയത് പെട്ടെന്നായിരുന്നു.കാലം മാറുന്നതിനനുസരിച്ച് കാവലിനും മാറ്റമുണ്ടാകണമെന്ന് തെളിയുകയാണ്. കളവുകളുടെ ഹൈടെക് രാജാക്കന്മാരുടെ വരവോടെ വീടുകളുടെ സുരക്ഷയും ഡിജിറ്റലാക്കണമെന്ന ഘട്ടത്തിലെത്തിയിരിക്കുകയാണ് ഇപ്പോള്‍.

വീടിന് ചുറ്റും 24 മണിക്കൂര്‍ സുരക്ഷയൊരുക്കാനുള്ള 'പവര്‍ ഫെന്‍സ്' ആണ് ഹൈടെക് സുരക്ഷയിലെ ന്യൂ ജനറേഷന്‍. പൂര്‍ണ സുരക്ഷയുടെ കണ്ണിയായി ഗേറ്റിനും മതിലുകള്‍ക്കും മീതെ ഉയരുന്ന ഡിജിറ്റല്‍ വേലിയാണിത്.

ഇതിന് പുറമെ ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ സുരക്ഷയൊരുക്കാനുള്ള സിം ലോക്ക് മോഡ്യൂള്‍, ബര്‍ഗ്ലര്‍ അലാറം, ഫയര്‍ അലാറം, വീഡിയോ ഡോര്‍ ഫോണ്‍, സര്‍വെയ്‌ലന്‍സ് ക്യാമറ, ഓട്ടോമാറ്റിക് ഡോര്‍, ബയോമെട്രിക് സിസ്റ്റംസ്, ഡിജിറ്റല്‍ സിഗേ്‌നച്ചര്‍, ഗ്രൗണ്ട് ഗാര്‍ഡ് തുടങ്ങി നിരവധി ഹൈടെക് സുരക്ഷാ ഉപകരണങ്ങള്‍ വീടുകളുടെ കണ്ണും കാതുമാകാന്‍ വിപണി നിറയുകയാണ്.

കള്ളന്മാര്‍ തോല്‍ക്കും

എത്രവലിയ പൂട്ടും പുഷ്പം പോലെ തുറക്കുന്ന കള്ളന്മാരെ പറ്റിയുള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും കേള്‍ക്കുന്നത്. ഒറ്റയ്ക്ക് പതുങ്ങിയെത്തി കൃത്യം നടത്തുന്നവരെക്കാള്‍ കൂട്ടമായി വരുന്നവരാണ് ഇപ്പോളേറെയും. കൈരേഖ പോലും അവശേഷിപ്പിക്കാതെ പോകുന്ന കള്ളന്മാരെ കുടുക്കാന്‍, കള്ളന്മാര്‍ക്ക് പിടികൊടുക്കാത്ത ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഗുണം ചെയ്യുന്നുണ്ടെന്ന് പന്ത്രണ്ട് വര്‍ഷമായി ഈ രംഗത്തുള്ള, തമ്മനത്തെ ടെക്‌നികോം സൊല്യൂഷന്‍സ് ഉടമ ബിജോയ് പറയുന്നു.

ബണ്ടിച്ചോറിലൂടെ കൂടുതല്‍ ജാഗ്രതയിലേക്ക് നഗരം ഉണര്‍ന്നിട്ടുണ്ട്. ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ബണ്ടിയെ കുടുക്കിയത്. സംസ്ഥാനത്തൊട്ടാകെ ഇപ്പോള്‍ ഹൈടെക് സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും വീടുകളിലും വ്യാപകമായി തീര്‍ന്നെന്ന് ഇദ്ദേഹം പറയുന്നു.

സ്വത്തിനും ജീവനുതന്നെയും ഭീഷണിയായെത്തുന്ന കാപാലികന്മാരെ പേടിച്ച് ഉറക്കം മുറിയാതിരിക്കാന്‍ മുറ്റത്തെത്തുന്ന അപരിചിതന്റെ ഓരോ നീക്കവും ലോകത്തിന്റെ ഏത് കോണിലിരുന്നും നിരീക്ഷിക്കാനാവുന്ന ഉപകരണങ്ങള്‍ ഇപ്പോഴുണ്ട്. കൈരേഖ പോലും അവശേഷിപ്പിക്കാതെ പോകുന്ന കള്ളനെ കുടുക്കാന്‍, മുക്കും മൂലയും കാണാന്‍ സഹായിക്കുന്ന ന്യൂജന്‍ സുരക്ഷാ ഉപകരണങ്ങളിലൂടെ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു.

തീ, പുക, വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട്, പാചകവാതക ചോര്‍ച്ച എന്നിവയുണ്ടായാലും അറിയിക്കുന്നവയാണിവ. നഗരത്തിലെ നിരവധി വീടുകളിലും ഫ്ലാറ്റുകളിലും വില്ലകളിലും ഓഫീസുകളിലും മാളുകളിലും മറ്റും ഇതിനകം ഹൈടെക് സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞുവെന്ന് ഇദ്ദേഹം പറയുന്നു.

പവര്‍ ഫെന്‍സ്

തൊട്ടാല്‍ ചെറിയ ഷോക്കേല്‍ക്കുന്നതും അലാറം മുഴക്കുന്നതുമായ ഡിജിറ്റല്‍ വേലികളാണ് 'പവര്‍ ഫെന്‍സ്'. വീട്ടുമുറ്റത്തേക്ക് ഒരു പാമ്പ് പോലും കടക്കാന്‍ അനുവദിക്കാത്തതാണ് പവര്‍ ഫെന്‍സിന്റെ പവര്‍. കാവല്‍ക്കാര്‍ക്ക് വീടിന്റെ എല്ലായിടത്തും ഒരേ സമയം ശ്രദ്ധിക്കാനാവാത്ത പോരായ്മകള്‍ ഇത്തരം ഡിജിറ്റല്‍ വേലികളിലൂടെ തീര്‍ക്കാനാകും.

ബാറ്ററി വോള്‍ട്ടില്‍ വൈദ്യുതി കടത്തിവിട്ടും ഇന്‍ഫ്രാ റെഡ് ബീമുകള്‍ ഒരുക്കിയും ഡിജിറ്റല്‍ വേലി സ്ഥാപിച്ചുവരുന്നു. വീടിന്റെ എല്ലാ ദിക്കിലും 24 മണിക്കൂര്‍ സുരക്ഷിതത്വം ഇത് ഉറപ്പുതരുന്നുണ്ട്.

ഇതിനകം നഗരത്തിലെ എട്ടോളം വീടുകളിലും എസ്റ്റേറ്റുകളിലും പവര്‍ ഫെന്‍സ് ഉപയോഗിച്ച് സുരക്ഷിതത്വം ഒരുക്കിയെന്ന് ബിജോയ് പറയുന്നു. രണ്ടുലക്ഷം രൂപ മുതലാണ് ഡിജിറ്റല്‍ വേലികള്‍ക്ക് വില തുടങ്ങുന്നത്.

സുരക്ഷയുടെ സെന്‍സര്‍

മുന്നിലെയും പിന്നിലെയും വാതിലുകളോട് ചേര്‍ത്തും ജനാലകളിലും ഘടിപ്പിക്കുന്ന മാഗ്‌നറ്റിക്, മോഷന്‍ സെന്‍സറുകളും കണ്‍ട്രോള്‍ യൂണിറ്റും അടങ്ങിയ ഉപകരണങ്ങള്‍ക്ക് ചുരുങ്ങിയ നാളുകള്‍കൊണ്ട് വന്‍ പ്രചാരം നേടാനായി. വെളിയിലുണ്ടാകുന്ന ചലനങ്ങളും പൊട്ടുന്ന ശബ്ദങ്ങളും ഗ്ലാസ് ബ്രേക്ക് സെന്‍സര്‍, സ്‌മോക്ക് സെന്‍സര്‍, മാഗ്‌നറ്റിക് കോണ്‍ടാക്റ്റ് ഡിറ്റക്ടര്‍, സുരക്ഷാ ചങ്ങല, ഓട്ടോമാറ്റിക് മാഗ്‌നറ്റിക് ലോക്ക്, പാനിക് സ്വിച്ച് തുടങ്ങിയ ഫങ്ഷനുകളിലൂടെ അറിഞ്ഞ് ബര്‍ഗ്ലര്‍ അലാറം മുഴക്കുന്നവയാണിവ. ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍, മോഷന്‍ ഡിറ്റക്ട് സെന്‍സറുകള്‍ തുടങ്ങിയവയുമുണ്ട്. ഇന്‍ഫ്രാ റെഡ് ബീമിന് കുറുകെ വന്നാല്‍ സെന്‍സര്‍ അലാറം മുഴക്കും.

പല ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകളില്‍ നിന്ന് സിഗനലുകള്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് അയച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അലാറം മുഴക്കുന്നതിനോ ഓട്ടോ ഡയലിങ് സൗകര്യമാക്കുന്നതിനോ കണ്‍ട്രോള്‍ യൂണിറ്റില്‍ സെറ്റ് ചെയ്യാം. ടെലി മെസഞ്ചര്‍ വഴി പത്തോളം നമ്പറുകളിലേക്ക് പ്രീ റക്കോഡഡ് സന്ദേശമയയ്ക്കാനും ഇതില്‍ കഴിയും.

പോലീസിന്റെ നമ്പര്‍ വരെ, വീട്ടില്‍ നിന്നൊഴിഞ്ഞു കഴിയുന്നവര്‍ക്ക് ഇതില്‍ റക്കോഡ് ചെയ്യാന്‍ കഴിയും. 2000 മുതല്‍ 20,000 രൂപ വരെയുള്ള ഇത്തരം അടിസ്ഥാന മോഡലുകളുണ്ട്.

നിങ്ങള്‍ നിരീക്ഷണത്തിലാണ്

സിസ്റ്റംസ് ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ക്യാമറ (സി.സി.ടി.വി.), അനലോഗ്-ഐ.പി. ക്യാമറ, സ്പീഡ് ഡോം ക്യാമറ, നൈറ്റ് വിഷന്‍ ക്യാമറ തുടങ്ങി നിരവധി സര്‍വെയ്‌ലന്‍സ് ക്യാമറകള്‍ ഇപ്പോള്‍ ഓഫീസുകളിലും വീടുകളിലും ഉറപ്പിക്കുന്നുണ്ട്. ഔട്ട്‌ഡോര്‍ യൂണിറ്റായി ക്യാമറയും ഇന്‍ഡോറില്‍ മോണിറ്ററും അടങ്ങിയതാണിത്. പുറത്തെത്തുന്ന അപരിചിതരുടെ ചലനങ്ങള്‍ ഇത്തരം ക്യാമറ വഴി റക്കോഡ് ചെയ്യാനും ടി.വി, കമ്പ്യൂട്ടര്‍ തുടങ്ങിയവ വഴി കാണാനും കഴിയും.

1400 മുതല്‍ 8500 രൂപ വരെയുള്ള സാധാരണ ക്യാമറകളും 24,000 മുതലുള്ള റിസൊല്യൂഷന്‍ കൂടിയ ഡോം ക്യാമറ, ഐ.പി. ക്യാമറ തുടങ്ങിയവയും ലഭ്യമാണിപ്പോള്‍.

സി.സി.ടി.വി.യെക്കാള്‍ വ്യക്തത ഐ.പി. ക്യാമറകള്‍ക്ക് ഉണ്ടെന്നുള്ളത് ഇവയുടെ ആവശ്യകത കൂട്ടുന്നു.

വീഡിയോ ഡോര്‍ ഫോണ്‍സ്

വാതില്‍ തുറക്കുമ്പോള്‍ അതിക്രമിച്ച് കയറുന്ന സാഹചര്യങ്ങളാണ് അധികവും നാം കേള്‍ക്കുന്നത്. വാതിലുകള്‍ തുറക്കാതെ സന്ദര്‍ശകനുമായി സംസാരിക്കാനുള്ള അവസരമൊരുക്കുന്നവയാണ് വീഡിയോ ഡോര്‍ ഫോണ്‍സ് (വി.ഡി.പി.). കോളിങ് ബെല്ലിനോട് ചേര്‍ത്തുവച്ച ക്യാമറഫോണ്‍ വഴി പുറത്ത് നില്‍ക്കുന്ന ആളുമായി സംസാരിക്കാന്‍ ഇതിലൂടെ കഴിയും. മുറിയിലെ മോണിറ്ററിലൂടെ പുറത്തെ ആളുടെ ചലനങ്ങളും അവരുടെ ആവശ്യവും ഇതിലൂടെ അറിയാം. 10,000 രൂപ മുതല്‍ മുകളിലോട്ടാണിവയുടെ വില.

വീട് തുറക്കാന്‍ ഒരു കോള്‍

പുറത്തുപോയി താക്കോല്‍ നഷ്ടപ്പെട്ട് പെടാപ്പാട് പെട്ടവര്‍ ഏറെയുണ്ട്. ഇവര്‍ക്കൊരു പരിഹാരമായി കുറച്ചുനാളുകള്‍ക്ക് മുമ്പ് ഫിംഗര്‍ പ്രിന്റ് ലോക്കുകളും നമ്പര്‍ ലോക്കുകളും വിപണിയിലിറങ്ങിയിരുന്നു. പുതിയതായി ഇതിലേക്കെത്തുകയാണ് സിം മൊഡ്യൂള്‍ ലോക്കുകള്‍. സിം ഘടിപ്പിച്ച ലോക്കുകളാണ് ഇതിലെ പ്രത്യേകത. മൊബൈലിലൂടെ ആ നമ്പറിലേക്ക് വിളിച്ചാല്‍ മാത്രമേ ഡോര്‍ തുറക്കാനാകൂ.

വിരലടയാളം വഴി തുറക്കാവുന്നതില്‍, വീട്ടുകാരുടെ വിരലടയാളം ആദ്യം പതിപ്പിക്കാറുണ്ട്. പാസ് വേഡ് ലോക്കും ഇതില്‍ ഉപയോഗിക്കുന്നു. മോഷ്ടാക്കളെ വിരലടയാളം വഴി പിടിക്കാനും ഇതിലൂടെ കഴിഞ്ഞിരുന്നു. വീട്ടിലെ വിലപിടിപ്പുള്ള ഉപകരണങ്ങള്‍ക്കും അലമാരകള്‍ക്കും ഇത്തരം ലോക്കുകള്‍ പ്രചാരത്തിലായി വരുന്നു.

എല്ലാം ഒരു റിമോട്ടില്‍

വീട്ടില്‍ നടുമുറ്റം നിര്‍മിക്കുന്നത് ഇപ്പോള്‍ ഫാഷനാണ്. കള്ളന്മാരെ ക്ഷണിച്ചുവരുത്തലാണിതെന്ന് ആരും ഓര്‍ക്കാറില്ല. ഇതു ഭയന്ന് അതിനു മീതെ ഷീറ്റ് മേഞ്ഞവരും ഏറെയുണ്ട്. നടുമുറ്റം നിര്‍മിച്ചവര്‍ക്കൊരു സഹായവുമായാണ് ഓട്ടോ റൂഫ് ഓപ്പണര്‍ വന്നിരിക്കുന്നത്. റിമോട്ട് ഉപയോഗിച്ച് തുറക്കാനും അടച്ചിടാനും ഇതിലൂടെ കഴിയും.

ഇവ കൂടാതെ വീട്ടിലെ വാതിലുകള്‍ക്കും ഗേറ്റിനും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും ഓട്ടോമാറ്റിക് ഇലക്‌ട്രോണിക് റിമോട്ടുകള്‍ വച്ചുപിടിപ്പിച്ചു വരുന്നുണ്ട്. വീടിന് പുറത്തായിരുന്നാലും നെറ്റ് കണക്ടിവിറ്റിയിലൂടെ എവിടെയിരുന്നും വീട്ടിലെ ഉപകരണങ്ങള്‍ നിര്‍ത്താനാകുമെന്നതും ഇതിന്റെ മേന്മയായി പറയുന്നു.


വീട് വിദേശത്തിരുന്ന് നിയന്ത്രിക്കാം

ലോകം വിരല്‍ത്തുമ്പിലാണിപ്പോള്‍. എല്ലാം ഒരു സ്വിച്ചിലാക്കിയാല്‍ നന്ന്. അതുപോലെയാണ് ഹോം ഓട്ടോമോഷന്‍ പ്രചാരത്തിലായത്. എന്‍.ആര്‍.ഐ. ക്കാരുടെ പ്രായമായവര്‍ താമസിക്കുന്ന വീടുകളില്‍ ഹോം ഓട്ടോമോഷനിലൂടെയാണ് ചിലരൊക്കെ മൊത്തം നിയന്ത്രണം നടത്തുന്നത്.

വീട് മുഴുവന്‍ അവര്‍ക്ക് വിദേശത്തിരുന്ന് നിയന്ത്രിക്കാനാകും. സ്പ്രിങ്കിളുകള്‍ പ്രവര്‍ത്തിപ്പിച്ച് ചെടി നനയ്ക്കാനും ജനല്‍ തുറക്കുന്നതിനും വിരികള്‍ നീക്കുന്നതിനും മറ്റും ഇതിലൂടെ അവര്‍ക്കാകും. വീടുകളില്‍ സ്ഥാപിച്ച ക്യാമറകളിലൂടെയും ഇന്‍ഫ്രാ റെഡ് സെന്‍സറുകളിലൂടെയും മറ്റും മൊത്തം നിയന്ത്രണം അവര്‍ നടത്തും.

ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നിര്‍ത്തുന്നതിനും വേലക്കാരുടെയും മറ്റും ചലനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഇതിലൂടെ അവര്‍ക്കാകും. വീട് അടയ്ക്കുന്നതിനും തുറക്കുന്നതിനും അവരുടെയടുത്തുള്ള സെന്‍സര്‍ റിമോട്ടുകളിലൂടെ കഴിയും.


Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.