വാസ്തുലോകത്തെ വേറിട്ട കാഴ്ച

Posted on: 20 Mar 2013


നിലീന അത്തോളിവാസ്തുലോകത്തെ വേറിട്ട മാര്‍ഗ്ഗം വെട്ടിത്തെളിച്ചവരാണ് തൃശ്ശൂരില്‍ നിന്നുള്ള ലിജോ-റെനി ദമ്പതിമാര്‍. 'ഒരു പ്രത്യേക ശൈലി പിന്തുടരാത്തതാണ് ഇവരുടെ ശൈലി'യെന്നതാണ് വാസ്തുലോകത്ത് നിന്നുള്ള അടക്കം പറച്ചിലുകള്‍

ആലുവ കടുങ്ങല്ലൂരില്‍ ഒരേക്കര്‍ സഥലത്ത് ഒരു കെട്ടിടം ഉയരുന്നുണ്ട്. ചുറ്റുവട്ടത്തുള്ള നാട്ടുകാര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമാണ് ഇന്നും ഈ കെട്ടിടം. എയര്‍പോര്‍ട്ട് ഇവിടെ വരാന്‍ പോവുകയാണെന്നാണ് കെട്ടിടം നോക്കി പ്രദേശത്തുകാരില്‍ ചിലര്‍ പറഞ്ഞത്. ചിലര്‍ പറഞ്ഞു ഹോസ്പിറ്റലാണെന്ന്. പുല്‍ത്തകിടിയും വഴിയും കണ്ടപ്പോള്‍ വാഹന സര്‍വ്വീസ് സ്‌റ്റേഷന്‍ ആണെന്നായിരുന്നു ചിലരുടെ വാദം. ചര്‍ച്ചകള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

ഇന്നും പലര്‍ക്കുമറിയില്ല അവിടെ പുല്‍മേടിനടിയില്‍ ഒരു വീട് ഒളിഞ്ഞിരിപ്പുണ്ടെന്ന്. ആര്‍ക്കിടെക്ചര്‍ ലോകത്ത് എന്നും വ്യത്യസ്തതകളുടെ പാത പിന്തുടരുന്ന തൃശ്ശൂര്‍ സ്വദേശികളായ ലിജോ- റെനി ദമ്പതിമാരാണ് പുല്‍മേടിനടിയില്‍ വീടൊളിപ്പിച്ച ആ പ്രതിഭകള്‍. പുറമെനിന്ന് വീടിനധികം കാഴ്ച വേണ്ടെന്ന ആവശ്യവുമായി ഒരു ഡോക്ടര്‍ ഇവരെ സമീപിക്കാനൊരുങ്ങുമ്പോള്‍ അദ്ദേഹം സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല തന്റെ വീടിനെ ഒരു മായാജാലക്കൂട്ടിലെന്ന പോലെ ഇവര്‍ ഒളിച്ചു വെക്കുമെന്ന്.

2005ല്‍ വിവാഹം കഴിഞ്ഞയുടനെ ലിജോയും റെനിയും ചേര്‍ന്ന് തുടങ്ങിയതാണ് ലിജോ റെനി ആര്‍ക്കിടെക്ട്‌സ് എന്ന സ്ഥാപനം. 2007ല്‍ ഐ.ഐ.എ. കേരള ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ ആദ്യ അവാര്‍ഡ് തേടിയെത്തുന്നത് ഈ ദമ്പതിമാരെയാണ്. പിന്നീടങ്ങോട്ട് വിവിധങ്ങളായ 10 അവാര്‍ഡുകള്‍. 2010 വരെയുള്ള ഐ.ഐ.എ.യുടെ തുടര്‍ച്ചയായ അവാര്‍ഡുകള്‍ ലഭിച്ചത് ലിജോയും റെനിയും ചേര്‍ന്ന് കേരളത്തിലുടനീളം ചെയ്ത വര്‍ക്കുകള്‍ക്കായിരുന്നു.

2008ലെ ജെ.കെ.യങ്ങ് ആര്‍ക്കിടെക്ട് അവാര്‍ഡും 2012ല്‍ ഐ.ഐ.എ.യുടെ തന്നെ മൂന്നു അവാര്‍ഡുകളും ഇവരെ തേടിയെത്തി. റെസിഡന്‍ഷ്യല്‍ കാറ്റഗറിയിലെ ഗോള്‍ഡന്‍ ലീഫ് അവാര്‍ഡ്, നോണ്‍ റെസിഡന്‍ഷ്യല്‍ കാറ്റഗറിയിലെ ഓഫീസ് ഇന്റീരിയര്‍ അവാര്‍ഡ്, റസിഡന്‍ഷ്യല്‍ കാറ്റഗറിയിലെ പ്രത്യേക പരാമര്‍ശം എന്നിവയാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. ഇവ കൂടാതെ റണ്ണിങ്ങ് വാള്‍ എന്ന റസിഡന്‍ഷ്യല്‍ പ്രോജക്ടിന് ഓള്‍ ഇന്ത്യാ തലത്തിലെ ആരും കൊതിക്കുന്ന സ്റ്റോണ്‍ ആര്‍ക്കിടെക്ചര്‍ അവാര്‍ഡും ഇവര്‍ നേടി.

വീടുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ചെങ്കല്ലുകൊണ്ടുണ്ടാക്കിയ ഒഴുകുന്ന ചുമരാണ് അവാര്‍ഡ് നേടിക്കൊടുത്ത ഈ വീടിന്റെ പ്രത്യേകത. അത്തരമൊരു ചുമരുള്ള വീട് ചെയ്തു കൊടുക്കാന്‍ പിന്നീട് ഒരു പാടു പേര്‍ സമീപിച്ചെങ്കിലും ഒരിക്കല്‍ ചെയ്ത പ്രോജക്ട് പിന്നീടൊരിക്കലും ആവര്‍ത്തിക്കില്ലെന്ന തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്ക്കുകയായിരുന്നു ഇവര്‍. ഒരാള്‍ക്കുവേണ്ടി ചെയ്തത് മറ്റൊരാള്‍ക്കുവേണ്ടി ചെയ്യുന്നത് ധാര്‍മികമായി ശരിയല്ലെന്നുള്ളതാണ് റെനിയുടെ പക്ഷം. അതേ സമയം ഒരു പ്രദേശത്തെ ഭൂപ്രകൃതിയും സ്ഥലവും കാറ്റും വെളിച്ചവുമെല്ലാം പരിഗണിച്ചു ചെയ്തത് മറ്റൊരു സ്ഥലത്ത് നിര്‍മിക്കാന്‍ കഴിയില്ലെന്നും കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കാറ്റിന്റെ ഗതിയും വെളിച്ചവും ജല ലഭ്യതയും പഠിക്കാതെ ഒരു പ്രോജക്ട് പോലും ഇക്കാലയളവിനുള്ളില്‍ ഇവര്‍ ചെയ്തിട്ടില്ലെന്നതാണ് മേഖലയില്‍ ഇവരെ വ്യത്യസ്തരാക്കുന്നതും.

തൃശ്ശൂര്‍ പൂങ്കുന്നത്തുള്ള ഇവരുടെ സ്ഥാപനത്തിന് ഒരു ബോര്‍ഡ് പോലും വെച്ചിട്ടില്ല. ഒരു ബോര്‍ഡിന്റെയും സഹായമില്ലാതെ തേടിപ്പിടിച്ചെത്തുന്ന ഉപഭോക്താവിനോട് ഇരുവരും ചോദിക്കുന്ന ഒരു പ്രധാന ചോദ്യമുണ്ട്. നിങ്ങള്‍ക്കു വേണ്ടീട്ടാണോ അതോ നാട്ടുകാര്‍ക്കു വേണ്ടീട്ടാണോ വീട് എന്നത്. ഭൂരിഭാഗം പേര്‍ക്കും നാട്ടുകാരുടെ കണ്ണുകളെ തൃപ്തിപ്പെടുത്തണം. ലാറി ബേക്കറിനെപ്പോലെ ചിലവു കുറഞ്ഞ വീടു വേണം, എത്ര തുകവേണേലും ചിലവഴിക്കാം എന്നതാണ് ചില ക്ലയന്റ്‌സിന്റെ സമീപനം. സിനിമയിലും സംഗീതത്തിലും സാഹിത്യത്തിലും ഉള്ള അറിവ് ആര്‍ക്കിടെക്ചര്‍ മേഖലയെക്കുറിച്ച് ജനങ്ങള്‍ക്കില്ല. വാസ്തു സാക്ഷരതയില്ലാത്തതാണ് മേഖലയിലെ ഏറ്റവും വലിയ പോരായ്മയെന്നും ലിജോ പറയുന്നു.

നാടു നീളെ നടന്ന് എണ്ണിയാല്‍ തിട്ടപ്പെടുത്താത്തത്ര കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് കാശുണ്ടാക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. സ്വന്തം സ്ഥാപനത്തിലെ എണ്ണത്തില്‍ കുറഞ്ഞ സ്റ്റാഫ് ഈ നിലപാടിനുള്ള തെളിവാണ്. ടീം ലീഡര്‍മാരും അവര്‍ക്കു കീഴെ അനേകം ജോലിക്കാരുമുള്ള സ്ഥാപനത്തില്‍ ക്ലയന്റിന്റെ ആവശ്യം താഴേക്കിടയിലേക്കെത്തുമ്പോഴേക്കും ഒരു പാടു മാറിപ്പോയിരിക്കും. ഇതൊഴിവാക്കാനാണ് അഞ്ചംഗത്തില്‍ അധികമല്ലാതെ സ്ഥാപനത്തെ മുന്നോട്ടു കൊണ്ടു പോകാന്‍ ഇരുവരെയും പ്രേരിപ്പിക്കുന്നത്. ഒരേ സമയം അഞ്ചില്‍ കൂടുതല്‍ പ്രോജക്ടുകള്‍ ഇവര്‍ ഏറ്റെടുക്കാറില്ല. ഓരോ ചെറിയ വര്‍ക്കിനും അത്രമാത്രം ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്ന് ഇവര്‍ക്കറിയാം.

അടുത്ത കാലത്ത് ചെയ്തതില്‍ ഇരുവര്‍ക്കും നിരവധി പേരുടെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തതാണ് സെല്‍ഫ്‌ലെസ്ഹൗസ് എന്ന റെസിഡന്‍ഷ്യല്‍ പ്രോജക്ട്. ഒരു മേശ അങ്ങോട്ടോ ഇങ്ങോട്ടോ മാറിക്കിടന്നാല്‍ ആകെ വൃത്തി കേടു തോന്നിക്കുന്ന രീതിയിലാണ് പല വീടുകളുടെയും നിര്‍മ്മാണവും ഇന്‍രീരിയര്‍ ഡിസൈനിങ്ങും. ഇതില്‍ നിന്നു വ്യത്യസ്തമായാണ് ജോലിയില്‍ നിന്ന് വിരമിച്ച മക്കളൊന്നും ഇല്ലാതെ തനിയെ കഴിയുന്ന ദമ്പതിമാര്‍ക്കായി ലിജോയും റെനിയും പണിതു നല്‍കിയത്.

പിടിവാശികളില്ലാത്ത വീട് എന്ന അര്‍ത്ഥത്തില്‍ നിന്നാണ് സെല്‍ഫ്‌ലെസ്ഹൗസ് എന്ന ആശയത്തില്‍ എത്തിയത്. 24 മണിക്കൂറും വൃത്തിയായി കൊണ്ടു നടക്കേണ്ട ആവശ്യകത ഈ വീടിനെ സംബന്ധിച്ചു വരുന്നില്ല. അടുക്കും ചിട്ടയുമില്ലാത്തത് മറ്റൊരു സൗന്ദര്യസങ്കല്‍പമാക്കി രൂപാന്തരപ്പെടുത്തിയാണ് ഈ വീട് നിര്‍മ്മിച്ചിട്ടുള്ളത്. പെയിന്റടിക്കാത്ത ചെത്തിത്തേക്കാത്ത മേല്‍ക്കൂരയാണ് ആ വീടിന്റെ സൗന്ദര്യം. ഇതിനെല്ലാം പുറമെ ഒരു കലാകാരന്‍ കൂടിയാണ് ലിജോ. രണ്ടു വര്‍ഷം മുന്‍പ് തൃശ്ശൂര്‍ ആര്‍ട്ട് ഗാലറിയിയില്‍ ഇവര്‍ ചേര്‍ന്നൊരുക്കിയ ഇന്‍സ്റ്റലേഷന്‍ വര്‍ക്ക് നിരവധിപ്പേരുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

തൂങ്ങിക്കിടക്കുന്ന കാടും വള്ളിപ്പടര്‍പ്പുകളുമുള്ള വീടാണ് ഇവരുടെ വ്യത്യസ്തമായ ഏറ്റവും പുതിയ പ്രോജക്ട്. വീടിനു മുകളില്‍ വള്ളിപ്പടര്‍പ്പുകള്‍ പിടിപ്പിച്ചാല്‍ ഇഴജന്തുക്കള്‍ വരില്ലേ എന്ന ചോദ്യത്തിന് ലോക പ്രശസ്തനായ ആര്‍ക്കിടെക്ട് റഫീഖ് ആസമിന്റെ അതേ ഉത്തരമാണ് ഇരുവര്‍ക്കും നല്‍കാനുള്ളത്....''കാടുകള്‍ക്ക് പകരം കോണ്‍ക്രീറ്റ് കാടുകള്‍ ഉയരുമ്പോള്‍ പോകാനിടമില്ലാതാകുന്ന ഒരു പാമ്പിനെയെങ്കിലും തിരിച്ച് കൊണ്ടു വരാനായാല്‍ അത് ഞങ്ങളുടെ വിജയമാണ്'.


Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.