കെട്ടിടനിര്‍മാണമേഖലയില്‍ തരംഗമാവാന്‍ റാപ്പിഡ് വാള്‍

Posted on: 30 Jan 2013


എ.കെ. ശ്രീജിത്ത്‌

ചുമരുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന റാപ്പിഡ് വാള്‍ കെട്ടിട നിര്‍മാണ മേഖലയിലെ പുതിയ തരംഗമാവുന്നു. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള റാപ്പിഡ് വാള്‍ പാനല്‍ കോഴിക്കോട് ആസ്ഥാനമായുള്ള എന്‍.എം. സലീം അസോസിയേറ്റ്‌സ് ആണ് ഇന്ത്യയില്‍ ആദ്യമായി വിപുലമായി ഉപയോഗിച്ചുതുടങ്ങിയത്. നിര്‍മാണച്ചെലവും സമയവും സ്ഥലവും ലാഭിക്കാമെന്നതാണ് മേന്മയെന്ന് ആര്‍ക്കിടെക്ട് എന്‍.എം. സലീം പറയുന്നു.

1990 കളില്‍ ഓസ്‌ട്രേലിയയിലാണ് ഈ കെട്ടിടനിര്‍മാണ രീതി തുടങ്ങിയത്. നാലായിരത്തിലധികം കെട്ടിടങ്ങള്‍ ഇവിടെ ഈ സംവിധാനമുപയോഗിച്ച് പണിതിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ചൈനയിലും മലേഷ്യയിലും രണ്ടായിരത്തോടെ ഈ രീതി പിന്തുടര്‍ന്നു. ജിപ്‌സം പ്ലാസ്റ്റര്‍ ആണ് റാപ്പിഡ് പാനലിന്റെ അസംസ്‌കൃത വസ്തു. ഗ്ലാസ് ഫൈബര്‍ തുടങ്ങിയവ ഉപയോഗിച്ചാണ് പാനലുകള്‍ നിര്‍മിക്കുന്നത്. 12 മീറ്റര്‍ ഉയരവും മൂന്ന് മീറ്റര്‍ വീതിയും 124 മില്ലിമീറ്റര്‍ കനവുമാണ് ഈ പാനലുകള്‍ക്കുള്ളത്. ഫ്ലോര്‍ സ്ലാബ്, റൂഫ് സ്ലാബ് എന്നിവക്കുവേണ്ടിയും പാനലുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ സിമന്റ് പ്ലാസ്റ്റര്‍ ആവശ്യമില്ല. തീപ്പിടിത്തം ഉള്‍പ്പെടെയുള്ള അപകടങ്ങളില്‍ ഈരീതി ഉപയോഗിച്ചുള്ള കെട്ടിടങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമാണെന്ന് വിദഗ്ധര്‍ പറയുന്നു. സിമന്റ്, സ്റ്റീല്‍, മണല്‍ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കാമെന്നതും ഇതിന്റെ ആകര്‍ഷണമാണ്.

ഇന്ത്യയില്‍ ഇത്തരം നിര്‍മാണരീതിക്ക് പ്രസക്തിയേറിവരികയാണെന്ന് എന്‍.എം. സലീം പറഞ്ഞു. നിര്‍മാണമേഖല വളരുന്നതോടൊപ്പം തന്നെ മണല്‍, കളിമണ്ണ്, മരം തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ ലഭ്യത കുറയുകയാണ്. ഈ സാഹചര്യത്തിലാണ് ഇതിന്റെ സാധ്യത വര്‍ധിക്കുന്നത്. പരിസ്ഥിതി സൗഹൃദമാണെന്നതാണ് മറ്റൊരു മേന്മ.

നേരത്തേ നിര്‍മിച്ചുവെച്ച പാനലുകളുടെ ഉപയോഗം നിര്‍മാണപ്രവൃത്തികളുടെ വേഗം കൂട്ടാനും സഹായിക്കും. നിലവിലുള്ളതിന്റെ 30 ശതമാനം സമയം ഇതിന്റെ ഉപയോഗത്തിലൂടെ ലാഭിക്കാമെന്നാണ് സലീം പറയുന്നത്. ചെലവും 30 ശതമാനം കുറയും. 15 മുതല്‍ 25 ലക്ഷം വരെ ചെലവുവരുന്ന ആയിരം അപ്പാര്‍ട്ടുമെന്റുകള്‍ പണിയാനാണ് തങ്ങളുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ ഡെന്റല്‍ കോളജ് ഹോസ്റ്റല്‍ തുടങ്ങിയ കെട്ടിടങ്ങള്‍ സലീം അസോസിയേറ്റ്‌സ് ഇതിനകം റാപ്പിഡ് വാള്‍ ഉപയോഗിച്ച് പണിതു കഴിഞ്ഞിട്ടുണ്ട്.
Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.