ദിവസങ്ങളോ മാസങ്ങളൊ ഒക്കെ ചിലവഴിച്ചാകും പലരും വീടിന്റെ തറ മനോഹരമാക്കാനുള്ള ടൈലുകളും ഗ്രാനൈറ്റുകളുമൊക്കെ തിരഞ്ഞെടുക്കുക. എന്നാല്‍ പിന്നീട് സ്വപ്‌ന വീടിന്റെ തറ പലര്‍ക്കും മുന്നില്‍ തലവേദനയാകുന്നു പതിവ് കാഴ്ചയാണ്. തറകളിലെ കറകള്‍ തന്നെയാണ് കാരണം. തറയിലെ കറകള്‍ കളയാനുള്ള ശ്രമങ്ങള്‍ മറ്റൊരു കറയായി അവശേഷിച്ച അനുഭവങ്ങളും പലരുടെയും അനുഭവത്തില്‍ ഉണ്ടാകാം. എന്നാല്‍ വളരെ എളുപ്പവഴിയിലൂടെ തറകളിലെ കറകളയാന്‍  കഴിയുമെന്ന കാര്യം പലര്‍ക്കും അറിയില്ല. 

രക്തക്കറ
ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് തുടച്ചാല്‍ രക്തക്കറ പൂര്‍ണമായും നീക്കം ചെയ്യാം. നേര്‍പ്പിച്ച ബ്ലീച്ച് പൗഡര്‍ ഉപയോഗിച്ചാലും രക്തക്കറ മാറികിട്ടും

ചായ, കാപ്പി, ജ്യൂസ്
ഇത്തരം കറകള്‍ വീട്ടില്‍ സര്‍വ്വസാധാരണമാണ്. അതുകൊണ്ട് തന്നെ ഈ കറകള്‍ നീക്കം ചെയ്യുന്നതായിരിക്കും ഏറ്റവും  കൂടുതല്‍ പ്രയാസം. സോപ്പ് പൊടിയും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകിയാല്‍  ചായ, കാപ്പി, ജ്യൂസ് എന്നിവയുടെ കറകള്‍ നീക്കം ചെയ്യാം. ശേഷം ഈ ഭാഗത്ത് ഹൈഡ്രജന്‍ പെറോക്‌സൈഡോ നേര്‍പ്പിച്ച  ബ്ലീച്ചിങ് പൗഡറോ ഉപയോഗിച്ച് തുടയ്ക്കുക.

ഗ്രീസ്
ഗ്രീസോ ഗ്രീസിനു സമാനമായ വസ്തുക്കളോ തറയില്‍ വീണാല്‍ ആദ്യം സോഡയും വെള്ളവും ഉപയോഗിച്ച് തറ തുടയ്ക്കുക. അതുമല്ലെങ്കില്‍ ഫ്‌ലോര്‍ ക്ലീനറും ഉപയോഗിക്കാം.

മഷി, ചായം
മഷി പുരണ്ട ഭാഗത്ത് ബ്ലീച്ച്  പൗഡര്‍ ഇട്ട് വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടര്‍ച്ചയായി തുടയ്ക്കുക. മഷിക്കറ പൂര്‍ണമായും പോകുന്നത് വരെ ഇത് ആവര്‍ത്തിക്കുക.

നെയില്‍ പോളിഷ്
നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് തന്നെ കറകള്‍ നീക്കം ചെയ്യാവുന്നതാണ്. എന്നിട്ടും കറ പോയില്ലെങ്കില്‍ ഹൈഡ്രജന്‍ പെര്‍ ഓക്‌സൈഡോ നേര്‍പ്പിച്ച ബ്ലീച്ച് പൗഡറോ ഉപയോഗിച്ച് തുടയ്ക്കുക.