ബാബുആന്റണിയെന്ന ആറടിപ്പൊക്കകാരന്‍ മലയാളിക്കും മലയാള സിനിമയ്ക്കും ആക്ഷനും ഫൈറ്റുമൊക്കെയാണ്. പക്ഷേ ബാബൂ ആന്റണിയുടെ വീട്ടിലും ആക്ഷനും ഫൈറ്റും മാത്രമാണെന്നു കരുതിയെങ്കില്‍ തെറ്റി.  വീടുമുഴുവന്‍ സംഗീതമയമാണ്  ഭാര്യ ഈവ്ജനി സംഗീത അധ്യാപകയാണ്. മക്കള്‍ക്ക് ഫൈറ്റിനോട് തീരെ താല്‍പര്യമില്ല. അതുകൊണ്ട് മക്കളും  അമ്മയുടെ വഴിയെയാണ്. 

സംഗീതമയമായ ബാബു ആന്റണിയുടെ വീടും വീട്ടിലെ വിശേഷങ്ങളും 

കുട്ടിക്കാലത്ത് ഉയരമായിരുന്നു എന്റെ ശാപം. അതുകൊണ്ടുതന്നെ കൂട്ടുകാര്‍ക്കിടയില്‍ എന്നും തലകുനിച്ച് നില്‍ക്കേണ്ടിവന്നു. സ്‌കൂള്‍ വിട്ടുവന്നാല്‍ ഉയരമുള്ള മരത്തിന്റെ കൊമ്പിലായിരുന്നു എന്റെ കളി. മരക്കൊമ്പില്‍ കാല് തൂക്കി തലകുത്തിയാടും. വളര്‍ന്നപ്പോള്‍ ഉയരമായിരുന്നു എന്റെ പ്ലസ് പോയന്റ്. ആള്‍ക്കൂട്ടത്തിനിടയില്‍ ഒന്നാമനായി. വോളിബോള്‍ കോര്‍ട്ടില്‍ ഒന്നുയര്‍ന്നാല്‍ ഫസ്റ്റ്ലൈനില്‍ ബോള്‍ അടിച്ചിടാം. പിന്നീട് എന്നെ ശ്രദ്ധേയനാക്കിയത് ആ ഹൈറ്റ് ആയിരുന്നു. സിനിമയില്‍ ശ്രദ്ധേയനായതോടെ ഉയരമുള്ള ഒരു സ്ഥലത്ത് താമസിക്കാന്‍ കൊതിച്ചു. അങ്ങനെയാണ് കൊച്ചിയിലെ ആദ്യകാലത്തെ ഫ്ളാറ്റായ ലിങ്ക് ഹൈറ്റ്സില്‍ 16-ാമത്തെ നില തിരഞ്ഞെടുത്തത്. ഇവിടെ നിന്നാല്‍ കൊച്ചിനഗരം മുഴുവന്‍ കാണാം. അടങ്ങാത്ത മോഹവുമായി തലങ്ങും വിലങ്ങും നുരയുന്ന മനുഷ്യരെ കാണാം. ആകാശത്തേക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന ദൈവങ്ങളെ കാണാം...''

babu antony's house

സിനിമയുടെയും ജീവിതത്തിന്റെയും തിരക്കുകളില്‍ നിന്ന് മാറി ബാബു ആന്റണി ജീവിതം ആഘോഷിക്കുകയാണ്. അമേരിക്കക്കാരിയായ കാതറിനുമായുള്ള വിവാഹശേഷം അമേരിക്കയിലേക്ക് ചേക്കേറിയ താരം എന്തിനാണ് കേരളത്തിലേക്ക് തിരിച്ചുവന്നത്. ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ തിരിച്ചറിഞ്ഞ കലാകാരന്‍ ഓര്‍മകളിലെ വീട്ടുമുറ്റത്തിലൂടെ....

മെട്രോ ലൈഫിന്റെ ആഢംബരങ്ങളില്ലാത്ത അകച്ചമയങ്ങളുള്ള  ഫ്ളാറ്റാണിത്. ഗ്രാനൈറ്റ് പാളികള്‍ വിരിക്കാത്ത നിലം. ''കാശില്ലാഞ്ഞിട്ടല്ല... ഞാന്‍ വളര്‍ന്ന പഴയ വീടിന്റെ അതേ സ്പര്‍ശം അനുഭവിക്കാന്‍ വേണ്ടിയാണ് റെഡ് ടൈലില്‍ ഫ്ളോര്‍ ചെയ്തത്.''babu antony's house

പൗരാണികത്വത്തെ തിരിച്ചുപിടിക്കാന്‍ വെമ്പുന്ന ഒരു മനസ്സിന്റെ ചിത്രങ്ങളാണ് ഈ ഫ്ളാറ്റിന്റെ ചുമരുകളില്‍ പ്രതിഫലിക്കുന്നത്.ഈട്ടിയിലും ഇരൂളിലും പണിത മേശയും കസേരയും അലമാരകളും. അലമാരകളില്‍ സ്ഫടികത്തിലും പിഞ്ഞാണത്തിലും മരത്തിലും തീര്‍ത്ത ശില്പങ്ങള്‍. സ്വീകരണമുറിയിലെ ചുവരില്‍ ശ്രീകൃഷ്ണലീലകള്‍ കൊത്തിയെടുത്ത ഒന്നരമീറ്റര്‍ നീളമുള്ള ദാരുശില്പം കാണാം.

''ഒറ്റമരത്തടിയില്‍ കൊത്തിയെടുത്ത ഈ ശില്പം മൈസൂരില്‍ നിന്ന് 10 വര്‍ഷം മുന്‍പാണ് ഞാന്‍ വാങ്ങിയത്. അന്ന് അതിന് 25000 രൂപയായിരുന്നു വില.''
ചുവരില്‍ ആര്‍ട്ടിസ്റ്റ് യൂസഫ് അറയ്ക്കല്‍ സ്നേഹസമ്മാനമായി നല്‍കിയ പെയിന്റിംഗുകള്‍...
''കുട്ടിക്കാലത്ത് പെയിന്റിങ്ങില്‍ എനിക്കും കമ്പമുണ്ടായിരുന്നു.... അമ്മയും സഹോദരിമാരും വരയ്ക്കും. അതിനെല്ലാം പിന്നില്‍ അച്ഛന്റെ വലിയ പ്രോത്സാഹനമുണ്ടായിരുന്നു.''
മുറിയിലെ കോണിലെ വുഡന്‍ സ്റ്റാന്‍ഡിനു മുകളില്‍ വലിയൊരു രാജസ്ഥാനി പോട്ട്.

''കളിമണ്ണില്‍ മെനഞ്ഞ് അതിന് മുകളില്‍ മെറ്റല്‍ കവറും ഒട്ടകത്തിന്റെ തോലും കോര്‍ത്തെടുത്ത രാജസ്ഥാന്‍ പാത്രമാണിത്. വെള്ളം ശേഖരിച്ചുവെക്കുന്ന ട്രഡീഷണല്‍ പോട്ട്. 'ഐ ലൗ ഇന്ത്യ' എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രാജസ്ഥാനില്‍ പോയപ്പോള്‍ കളക്ട് ചെയ്തതാണിത്.'' ഷോക്കേസിനോട് ചേര്‍ന്ന് ചുവരില്‍ കോളനിവാഴ്ചക്കാലത്തെ ഓര്‍മിപ്പിക്കുന്ന ഘടികാരവും ടെലിഫോണും. 

ഭിത്തിയില്‍ വുഡന്‍ 
ഫ്രെയിമില്‍ അലങ്കാരദീപങ്ങള്‍. സ്വീകരണ മുറിയിലെ ദിവാന്‍ കോട്ടിനടുത്ത് പഴയ ആമാടപ്പെട്ടി.
''ഇതിന് ഏകദേശം 200 വര്‍ഷത്തെ പഴക്കമുണ്ട്. പണ്ട് മുത്തശ്ശിയുടെ വസ്ത്രങ്ങളും ആഭരണങ്ങളും സൂക്ഷിക്കുന്ന പെട്ടിയായിരുന്നിത്. മുത്തശ്ശി അമ്മയ്ക്ക് സമ്മാനിച്ചു. അമ്മ വഴി എന്റെ കൈയില്‍ വന്നു'', ബാബു ആന്റണി പറഞ്ഞു.
സ്വീകരണമുറിയിലെ ചുവരിലും സിറ്റൗട്ടിലെ ചുവരിലും തൂക്കുവിളക്കുകള്‍ കൊണ്ടാണ് ഡെക്കറേറ്റ് ചെയ്തത്.
ഹോം തിയേറ്ററിനു ചുവട്ടിലെ ഡിവിഡി റാക്കില്‍ ലോറന്‍സ് ഓഫ് അറേബ്യ, ദ റോബ്, മിസ്റ്ററീസ് ഓഫ് സ്പെയിസ്, കാസിനോ റോയല്‍ 007 തുടങ്ങിയ ക്ലാസിക് ആക്ഷന്‍ ചിത്രങ്ങളുടെ ശേഖരം.

''രാവിലെ ചില മൂഡില്‍ ഇവിടെ കയറി ഇരുന്ന് സിനിമകള്‍ കാണും. അതിന്റെ രസത്തില്‍ നോണ്‍ സ്റ്റോപ്പ് പ്രോസസാണത്. കലക്ഷനില്‍ ഇംഗ്ലീഷ് ചിത്രങ്ങളാണ് ഏറെയും.''
ശേഖരത്തില്‍ ബാബു ആന്റണിയുടെ ഒരു ചിത്രം പോലും കണ്ടില്ല.
''ഞാന്‍ അഭിനയിച്ച ഒരു ചിത്രം പോലും എന്റെ മക്കള്‍ കണ്ടിട്ടില്ല. അടുത്തിടെ ടി.വി.യില്‍ ഞാന്‍ അഭിനയിച്ച ഒരു ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സ് വന്നിരുന്നു. ആ സീന്‍ കണ്ട് ഉടനെ മക്കള്‍ അതുപോലെ ഫൈറ്റ് ചെയ്യാന്‍ തുടങ്ങി. എന്റെ ഫൈറ്റുകള്‍ കുട്ടികളെ ഇത്രയും സ്വാധീനിക്കുമെന്ന്  അപ്പോഴാണ്  മനസിലായത്.

star and style
സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ വാങ്ങിക്കാം
 

ബാബു ആന്റണിക്ക് സ്പോര്‍ട്സിലും ഗെയിംസിലും പെയിന്റിങ്ങിലുമാണ് താല്പര്യമെങ്കില്‍ ഭാര്യയ്ക്കും മക്കള്‍ക്കും സംഗീതത്തിലാണ് കമ്പം. അതുകൊണ്ടുതന്നെ സ്വീകരണമുറിയിലെ പിയാനോ അലങ്കാരവസ്തുവല്ല.
''ഭാര്യയും രണ്ട് മക്കളും പാടും. ഭാര്യ വെസ്റ്റേണ്‍ മ്യൂസിക്കില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു ഫാമിലി ഗെറ്റ് ടുഗദറില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. അവള്‍ അവിടെ പിയാനോ വായിച്ച് പാടിയിരുന്നു. കുറെക്കാലത്തെ പരിചയത്തിനുശേഷം ഞാന്‍ പ്രപ്പോസല്‍ വെച്ചു. ഞങ്ങളുടെ കളറുകളായിരുന്നു അവളുടെ കുടുംബത്തിന് പ്രശ്നം. പിന്നീട് എന്റെ മനസ്സ് തിരിച്ചറിഞ്ഞപ്പോള്‍ കളര്‍ ഒരു പ്രശ്നമല്ലെന്നവള്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഈവ്ജനിയ എന്റെ ഭാര്യയാകുന്നത്.ഞായറാഴ്ചകളിലെ സായാഹ്നങ്ങളില്‍ ഫ്ളാറ്റില്‍ അവള്‍ പിയാനോ ക്ലാസെടുക്കും. കൊച്ചിയില്‍ സെറ്റില്‍ ചെയ്ത 'വൈറ്റ്സു'കളാണ്  പഠിതാക്കള്‍...''

 

babu antony's house

മൈ ഹോം & ഡ്രീംസ് 
പൊന്‍കുന്നത്തെ ജീവിതാനുഭവങ്ങളാണ് ബാബു ആന്റണി എന്ന വ്യക്തിയെ മോള്‍ഡ് ചെയ്തത്. ഇന്നത്തെ തലമുറയ്ക്ക് കിട്ടാതെ പോകുന്ന പല സൗഭാഗ്യങ്ങളും അതിന്റെ തനിമയോടെ അനുഭവിക്കാനായി. ജീവിതത്തിലെ കൃത്യനിഷ്ഠയും വൃത്തിയും എന്നെ പഠിപ്പിച്ചത് അച്ഛനായിരുന്നു. രാവിലെ എഴുന്നേറ്റാല്‍ ബെഡ്ഷീറ്റ് മടക്കിവെച്ചാണ് അച്ഛന്‍ ബെഡ് റൂമിന് പുറത്തിറങ്ങാറുള്ളത്. ഞാനും അത് ശീലിച്ചു. ശീലങ്ങള്‍ എന്റെ മക്കളും അനുവര്‍ത്തിക്കുന്നു.

babu antony's house

ഹിന്ദി വിദ്വാന്‍ പാസ്സായ അച്ഛന്‍ മലഞ്ചരക്ക് വ്യാപാരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അദ്ദേഹം ഒരു സ്‌റ്റൈലിഷ്മാനായിരുന്നു. അന്നത്തെ മാര്‍ക്കറ്റിലിറങ്ങിയ മോറിസ്, ലാന്റ് റോവര്‍ എന്നീ കാറുകള്‍ അച്ഛന്‍ സ്വന്തമാക്കിയിരുന്നു. എട്ട് വയസ്സുവരെ ഞാന്‍ അച്ഛനൊപ്പമാണ് ഉറങ്ങിയത്. അതുകൊണ്ടുതന്നെ പൊന്‍കുന്നത്ത് വീട്ടിലെ എന്റെ ഫേവറൈറ്റ് മുറി അച്ഛന്റെ മുറിയായിരുന്നു.
പൊന്‍കുന്നത്തെ വീട്ടിനു മുന്നില്‍ മോടിയുള്ള ഒരു പട്ടിക്കൂടും അതില്‍ രണ്ടു മൂന്ന് പട്ടികളുമുണ്ടായിരുന്നു. ചേട്ടന്‍ ജോസഫ് ആന്റണിയ്ക്കായിരുന്നു പട്ടിപ്രേമം. എനിക്ക് മൂന്നുവയസ്സുള്ളപ്പോള്‍ ചേട്ടന്‍ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തിലെ ഒരു പട്ടിക്കുഞ്ഞിനെ വീട്ടില്‍ കൊണ്ടുവന്നു. എന്റെ അമ്മച്ചിയുടെ പാലായിരുന്നു അവനു കൊടുത്തത്. 

babu antony's house

പൊന്‍കുന്നത്തെ ഞങ്ങളുടെ മൂന്ന് വീടുകളും അവന്‍ കാത്തു. ഒരു ദിവസം ആരോ കയര്‍ത്ത് സംസാരിച്ചപ്പോള്‍ അവന്‍ ഇറങ്ങിപ്പോയി. റോഡിലൂടെ കുതിച്ചുവന്ന ഒരു ലോറിക്കടിയിലേക്ക് ചാടി. അതൊരു ആത്മഹത്യപോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്. അതിനുശേഷം ഞങ്ങള്‍ പട്ടികളെ വളര്‍ത്തിയിട്ടില്ല. പാടത്തും മലയിലും മരത്തിലും കയറി മറഞ്ഞ ഗ്രാമജീവിതം എന്റെ പിന്നീടുള്ള യാത്രയുടെ കരുത്തായിരുന്നു. എന്റെ മക്കളും അതിന്റെ സുഖം അനുഭവിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് കൊച്ചിനഗരത്തില്‍ ഫ്ളാറ്റ് ഉണ്ടായിട്ടും അമേരിക്കയില്‍ നിന്ന് വന്ന എന്റെ ഫാമിലി 10 വര്‍ഷക്കാലം പൊന്‍കുന്നത്ത് താമസിച്ചത്.

എന്നെ തിരിച്ചറിയുന്ന കൂട്ടുകാര്‍....

ഇത്രയും കാലം സിനിമയില്‍ ഉണ്ടെങ്കിലും ദിവസവും കാണുകയും സംസാരിക്കുകയും ചെയ്യുന്ന കൂട്ടുകാര്‍ എനിക്കില്ല. മലയാള സിനിമയേക്കാള്‍ എന്നെ തിരിച്ചറിയുന്ന കൂട്ടുകാര്‍ അന്യഭാഷയിലാണെന്നു തോന്നുന്നു. ഞാന്‍ പൊന്‍കുന്നത്ത് കുടുംബസമേതം താമസിക്കുമ്പോഴാണ് തമിഴ് സിനിമയിലെ യുവസംവിധായകരായ വസന്തബാലനും വെട്രിമാരനും ഗൗതംമേനോനും എന്നെ തേടിയെത്തിയത്. വില്ലന്‍ വേഷം ചെയ്യാനുള്ള മടി കൊണ്ട് മാത്രമാണ് ഞാന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കാത്തത്.

babu antony's house


താരങ്ങള്‍ എന്നെ ഭയക്കുന്നു...

പുതുമയാര്‍ന്ന കഥ പറഞ്ഞ ഭരതന്‍, ഫാസില്‍ എന്നിവരുടെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഞാന്‍. പ്രമേയത്തിന്റെ കരുത്തായിരുന്നു ആ ചിത്രങ്ങളുടെ ശക്തി. ഇന്ന് സിനിമകളുടെ സ്വഭാവം മാറി. ജനങ്ങളെ രസിപ്പിക്കുകയല്ല ഇന്നത്തെ സിനിമകളുടെ ലക്ഷ്യം. സാറ്റലൈറ്റ് റേറ്റുള്ള താരങ്ങളെ തട്ടിക്കൂട്ടി സിനിമ മെനയുന്ന രീതിയാണിന്ന്. ബിസിനസ് മാത്രമാണ് അവരുടെ ലക്ഷ്യം. ഇന്നും എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ എനിക്കുണ്ട്. അവരെ അറിഞ്ഞുകൊണ്ട് ചതിക്കാനെനിക്കാവില്ല.

ഗ്രൂപ്പ് കളിയും ഹീറോ കണക്ഷനും നോക്കാതെ കഥാപാത്രങ്ങള്‍ക്കനുസരിച്ച്  സിനിമ ഒരുക്കുന്ന സംവിധായകര്‍ ഇവിടെ കുറവാണ്. ഇന്നത്തെ ന്യൂജനറേഷന്‍ താരങ്ങള്‍ എന്നെ കണ്ടാല്‍ തല വെട്ടിച്ച് പോകും. ന്യൂജനറേഷന്‍ സിനിമക്കാര്‍ക്ക് ഇപ്പോഴേ വാര്‍ധക്യം ബാധിച്ചു. പണം ഉണ്ടാക്കാനാണ് അവരുടെ ഓട്ടം.

babu antony's house

മിക്കതാരങ്ങള്‍ക്കും അവരുടെ ചിത്രത്തില്‍ എന്നെ കാസ്റ്റ് ചെയ്യുന്നത് പേടിയാണ്. എനിക്ക് കൈയടി കിട്ടുമോ എന്നതാണ് ഭയം. ആക്ഷനും ഫൈറ്റും ഇഷ്ടപ്പെടുന്ന എന്റെ പ്രിയ പ്രേക്ഷകര്‍ക്ക് ഒരു സ്‌റ്റൈലിഷ് ചിത്രം സമ്മാനിക്കണം. അതിന്റെ അണിയറയിലാണ് ഞാന്‍. 

2014 ല്‍ സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്.