ര്‍ഷങ്ങള്‍ക്കു മുമ്പ്, ആര്‍ക്കിടെക്ട്  ലാറി ബേക്കര്‍ തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയിലാണ്. ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്യാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ താഴെയുള്ള കെട്ടിടങ്ങളിലുടക്കി. അതില്‍ ഒന്ന് ഇതുവരെ കാണാത്ത  ഒരു നിര്‍മ്മിതിയായിട്ടാണ് ലാറിബേക്കറിന്  തോന്നിയത്.

ഫ്‌ളൈറ്റിറങ്ങി  കാറില്‍ കയറി നേരത്തെ കെട്ടിടം കണ്ട സ്ഥലത്തേക്ക് അദ്ദേഹം വണ്ടി പായിച്ചു. കാര്‍ നിര്‍ത്തി വീടിന്റെ ഉടമയെ അന്വേഷിച്ചപ്പോള്‍ അത് തനിക്ക് പരിചയമുള്ള പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ബേക്കറിന്റെ കണ്ണുകള്‍ വിടര്‍ന്നു. മരവും കല്ലും കട്ടയും ചേര്‍ത്ത് ഇക്കോഫ്രണ്ട്‌ലിയായി ഒരുക്കിയ വീട്. മുറ്റത്ത് മാവ്, ചുറ്റുപാടും തണല്‍ മരങ്ങള്‍...

Adoor house

'കേരളത്തിന്റെ ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ വീട്, വാസ്തുവിന്റെ അഴകളവുകള്‍ കൃത്യം. അതിലുപരി തന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുഗുണമായ നിര്‍മ്മിതി.' ബേക്കറില്‍ നിന്ന് നല്ല വാക്കുകള്‍ കേട്ട വീടിനുമുണ്ട് വലിയൊരു കഥ. തന്റെ ദേശത്തിനെയും നാട്ടുമ്പുറത്തിനെയും മനസ്സുകൊണ്ട് ഒരു പാട് ഇഷ്ടപ്പെടുന്ന, തികഞ്ഞ ഗാന്ധിയനായ അടൂര്‍ ഗോപാലകൃഷ്ണന്‍ 'ദര്‍ശന'ത്തിന്റെ സ്വീകരണമുറിയില്‍ നിന്ന് ആ കഥയിലേക്ക്... 

adoor house

''1974 ലാണെന്നു തോന്നുന്നു, ഇപ്പോള്‍ പഴവങ്ങാടിയില്‍ എസ്. എല്‍ തിയേറ്റര്‍ കോംപ്ലക്‌സ് നില്‍ക്കുന്ന ഇടത്ത്'ഒരു പഴയ കെട്ടിടം പൊളിച്ചു വില്‍ക്കാനുണ്ട്' എന്ന് പത്രപ്പരസ്യം കണ്ടു. ആ കെട്ടിടം  ദിവാനായിരുന്ന മാധവന്‍ പിള്ളയാണ് നിര്‍മ്മിച്ചത്. അദ്ദേഹത്തില്‍ നിന്ന് പലരും കൈ മാറി ശ്രീധരന്‍ പിള്ള എന്ന ആളുടെ കൈവശമായിരുന്നു അത്.

 വളരെക്കാലം ലോഡ്ജായിട്ടും ട്യൂട്ടോറിയലായിട്ടുമൊക്കെ കിടന്ന കെട്ടിടം  ഇത്ര തടിയുള്ളതാണെന്ന് സൂചന നല്‍കിയാണ് ലേലത്തിന് വച്ചത്. പോയി നോക്കുമ്പോള്‍ നിരയും പലകയുമുള്ള കെട്ടിടം. കുട്ടിക്കാലം അങ്ങനെയൊരു വീട്ടിലായിരുന്നതിനാല്‍  എനിക്ക് അതിനോട് പ്രത്യേക സ്‌നേഹവും ഐക്യവുമുണ്ടായിരുന്നു. അവിടെ ചെന്ന് നോക്കിയപ്പോള്‍ ഒാടൊക്കെ പൊട്ടിക്കിടന്ന് മരമൊക്കെ ദ്രവിച്ച  വലിയ കെട്ടിടം.

adoor house

ലേലത്തിന് പോയപ്പോള്‍  ഞങ്ങളല്ലാതെ കുറേ വിറകു  കടക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരാരും ഒരു വിറകു വിലയ്ക്കപ്പുറത്തേക്ക് ഒന്നും കണ്ടിരുന്നില്ല. അതു കൊണ്ട് വലിയൊരു തുകയാകാതെ ലേലത്തില്‍ പിടിക്കാന്‍ പറ്റി. അന്ന് സ്ഥലമൊന്നും വാങ്ങിയിട്ടില്ല.

എന്തായാലും അവിടെ നിന്ന് പൊളിച്ചു മാറ്റി ഞങ്ങളുടെ സ്റ്റുഡിയോ കോമ്പൗണ്ടില്‍ കൊണ്ടു വെക്കാമെന്നു വിചാരിച്ചു. കൂരയൊന്നുമില്ലാത്തതിനാല്‍ അവിടെ കിടന്ന് ഒരു കൊല്ലത്തോളം മഴയും വെയിലും കൊണ്ട് വീണ്ടും ജീര്‍ണ്ണിക്കാന്‍ തുടങ്ങി.

adoor house

ശ്രീകാര്യത്ത് 65 സെന്റ് സ്ഥലം വാങ്ങിച്ച് ഉടനെ വീട് കെട്ടാന്‍ നോക്കി. എട്ടു മാസം ഞാന്‍ അതിന്റെ കൂടെ നിന്നു. ആദ്യം ഉദ്ദേശിച്ചത്  അവിടെ നിന്ന വീട് അതു പോലെ കൊണ്ടു വന്ന് ഉണ്ടാക്കാമെന്നായിരുന്നു. അത് നടന്നില്ല. അതിനാല്‍  നമുക്ക് അതേ പറ്റി അറിയുന്ന രീതിയില്‍, അതിന്റെ മേല്‍ക്കൂരയൊക്കെ ഏതാണ്ട് അതേ പോലെ വച്ച്  ഇന്നത്തെ കാലത്ത് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു വീട് വെക്കുകയായിരുന്നു.  

adoor house

തടി മാത്രം ഉപയോഗിച്ചുള്ള വീടായിരുന്നു പഴയതെങ്കില്‍ ഇത് തടി, കല്ല്, കട്ട എന്നിവ ഉപയോഗപ്പെടുത്തിയാണ്  ഉണ്ടാക്കിയത്. റോ മെറ്റീരിയലില്‍ ഇക്കോഫ്രണ്ട്‌ലിയായി ഉണ്ടാക്കുകയായിരുന്നു. ലിവിങ്ങ് ഏരിയയില്‍ വെളിച്ചം നന്നായി കിട്ടുന്ന രീതിയിലാണ് നിര്‍മ്മിതി.  

ജനലെല്ലാം  അടച്ചിട്ടിരുന്നാലും കൂളായിരിക്കും. അങ്ങനെയൊരു ആര്‍ക്കിടെക്ചര്‍ ഇതിലുണ്ട്. 1975-76 കാലത്ത് ആരെയും കണ്‍സള്‍ട്ട് ചെയ്യാതെ, ഞാന്‍ കുറച്ച് ആശാരിമാരെ വിളിച്ചിട്ട്  ചെയ്യുകയായിരുന്നു. ആര്‍ക്കിടെക്ചര്‍ മേഖലയില്‍ യാതൊരു പരിചയവുമില്ലായിരുന്നു. കോമണ്‍സെന്‍സ് മാത്രം ഉപയോഗിച്ചു''.

adoor house

നിരയും പലകയും 

പുതിയ ആശാരിമാര്‍ക്ക്  ഈ  വീടിനുള്ളതു പോലെ നിരയും പലകയും കൂട്ടാനൊന്നും അറിയില്ല. 'സാറെ നമുക്ക് ആണിയടിച്ചു വെക്കാമെന്ന്' അവര്‍ പറഞ്ഞു. ഇവിടെ ആണിയടിച്ചു വെച്ചാല്‍ കടല്‍ക്കാറ്റുളളതിനാല്‍ എളുപ്പം നശിച്ചു പോകും. ഇത്തരം വീട് വെച്ചത് കണ്ട ഒരു പ്രായമായ ഒരാളെ പോയി  കണ്ടു.

74 വയസ്സില്‍ കൂടുതലുള്ള അയാള്‍ അതിന്റെ കാര്യങ്ങള്‍ പറഞ്ഞു കൊടുത്ത് ചെയ്യിച്ചതാണ് ഇത്. വിദഗ്ദ്ധമായി ചെയ്യേണ്ട പണിയാണ് നിരയും പലകയും.

star and style
 സ്റ്റാര്‍ ആന്റ് സ്റ്റൈല്‍
വാങ്ങിക്കാം
 

മുകളില്‍ നിന്ന് താഴെയുള്ള ഗ്രൂവിലേക്ക് അടിച്ചിറക്കിയും താഴെയുള്ള ഗ്രൂവില്‍ നിന്നും മുകളിലേക്ക് അടിച്ചിറക്കിയും വെക്കുന്നതിനാല്‍  അനങ്ങില്ല. മാത്രമല്ല. സയന്റിഫിക്കുമാണ്. ചൂടാകുമ്പോള്‍ ചുരുങ്ങുകയും തണുപ്പാകുമ്പോള്‍ വികസിക്കുകയും ചെയ്യുന്ന പ്രശ്‌നമുണ്ടാകാതിരിക്കാനാണ് ഇത്രയും ഗ്രൂ. ഇന്റലിജന്റായ ആര്‍ക്കിടെക്ചറാണ് നിരയും പലകയും. എട്ട് മാസം അവരുടെ കൂടെ നിന്ന് വര്‍ക്ക് ചെയ്താണ് അത് ഇങ്ങനെയാക്കിയത്. കെട്ടിനുള്ളില്‍ എപ്പോഴും വെളിച്ചം കിട്ടാന്‍ രണ്ടു വശത്തും ഗ്ലാസ് ഉപയോഗിച്ചു. 

കര്‍ഷകമനസ്സ് 

കൃഷിയില്‍ താല്പര്യമുണ്ട്. ഞാന്‍ നട്ട മരങ്ങളാണ് ഈ തൊടി മുഴുവനും. ഇപ്പോള്‍ അതിന്റെ കീഴെ ഒന്നും പിടിക്കില്ല. ഏതു സമയത്തും വീടിനു ചുറ്റും തണലാണ്. അതു കൊണ്ട് ചൂടു കാലത്ത് വലിയ പ്രശ്‌നമില്ല. വീടിനു മുന്നിലുണ്ടായിരുന്ന മരങ്ങളും നില നിര്‍ത്തുകയായിരുന്നു.  

adoor house

അടൂരിലെ കുടുംബവീട് 

അടൂരിലെ കുടുംബവീട്  ഇപ്പോഴില്ല. ഒരു പാട് അംഗങ്ങളുള്ള വീടായിരുന്നു. അവിടെ  കുറഞ്ഞത് പത്തിരുപത് അംഗങ്ങളെങ്കിലും കാണും.  മരുമക്കത്തായ സമ്പ്രദായം തീരുന്ന കാലത്താണ് ഞാന്‍  ജനിക്കുന്നത്. അക്കാലത്ത് പ്രമാണിമാരുടെ നിരയും പലകയുമുള്ള വീടുകളില്‍ പ്രധാന അറകളൊക്കെയുണ്ടാകും കാരണവര്‍ ഇരിക്കുന്നതിന്റെ അടുത്ത് വലിയ അറകളായിരിക്കും.

അത് പ്രധാനമായി നെല്ല് സംഭരിക്കുന്നതിനാണ്. അന്ന് കൂലി കൊടുക്കുന്നതൊന്നും രൂപയിലല്ല. ജോലി ചെയ്യുന്നവര്‍ക്കൊക്കെ നെല്ലായിരിക്കും കൂലി.  തേങ്ങ മാത്രമേ വില്‍ക്കാറുള്ളൂ. ബാക്കിയൊന്നും വില്ക്കില്ല. അത്തരം വ്യവസ്ഥയിലാണ് ഇത്തരം വീടുകള്‍ ഉണ്ടാക്കിയത്. 

adoor house


സ്വന്തം ഡിസൈനില്‍ 

ആദ്യത്തെ എട്ടു മാസം വീടിന്റെ സ്ട്രക്ചര്‍ ഉണ്ടാക്കാന്‍ എടുത്തു.  കുറച്ചു ഭാഗം കോണ്‍ക്രീറ്റുമുണ്ട്. ഡൈനിങ് റൂമും അടുക്കളയുമെല്ലാം ഞാന്‍ തന്നെ ഡ്രോയിങ് ചെയ്ത് ഉണ്ടാക്കുകയായിരുന്നു. തറയില്‍ ഉപയോഗിച്ചിരിക്കുന്നത് തറയോടാണ്. ഇനിയും മാറ്റങ്ങള്‍ വരുത്തണമെന്ന് വിചാരിക്കുന്നു.

അപ്പോഴുണ്ടായിരുന്ന പരിജ്ഞാനത്തിലാണ് അത്രയും ചെയ്തത്. അതു കഴിഞ്ഞ് പ്രശസ്തനായ  ആര്‍ക്കിടെക്ട് ദോഷി പില്ക്കാലത്ത് തിരുവനന്തപുരത്ത് വന്നപ്പോള്‍ ഈ വീടെല്ലാം വന്നു കണ്ടു. അളവുകളെല്ലാം കൃത്യമാണെന്നാണ് പറഞ്ഞത്. 

adoor house

(നവംബര്‍ 2014 ലക്കം സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്)