വീട് നിര്‍മ്മാണത്തിലേക്ക് കടക്കും മുന്‍പ് ആദ്യം ചെയ്യേണ്ടത് അതിന് യോജിച്ച വസ്തു സ്വന്തമാക്കുക എന്നതാണ്. ഒരു വസ്തു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം എന്ന് പരിശോധിക്കുകയാണ് ഇവിടെ.... 

1.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വൈദ്യുതി വകുപ്പ്, വാട്ടര്‍ അതോറിറ്റി, റവന്യു വകുപ്പ്, രജിസ്‌ട്രേഷന്‍ വകുപ്പ്, അഗ്നിശമനസേന,  തുടങ്ങി വസ്തുവിന്റെ സ്വഭാവമനുസരിച്ച് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് വസ്തു ഇടപാടുകള്‍ പൂര്‍ത്തീകരിക്കേണ്ടത്. 

2.ഇടപാടിന്റെ എല്ലാ ഘട്ടത്തിലും രേഖകളെല്ലാം കൃത്യമാണോ എന്ന കാര്യം പരിശോധിക്കണം. റിയല്‍ എസ്റ്റേറ്റ് രംഗത്തോ രജിസ്‌ട്രേഷന്‍ രംഗത്തോ ജ്ഞാനമുള്ള വിശ്വസ്തനായ ഒരാളുടെ സഹായം ഇതിനായി തേടാം. 

3.കെട്ടിട്ട നിര്‍മ്മാണത്തിന് ബില്‍ഡിംഗ് പെര്‍മിറ്റ് എടുത്തിരിക്കണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നിന്നാണ് (കോര്‍പ്പറേഷന്‍, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി) പെര്‍മിറ്റ് എടുക്കേണ്ടത്. കെട്ടിടം, വീട് എന്നിവ നിര്‍മിക്കുന്നതിനായി സ്ഥലം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ തന്നെ നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 

4. കെട്ടിടനിര്‍മാണ ചട്ടങ്ങള്‍, നഗരാസൂത്രണ പദ്ധതികള്‍, പൈതൃക മേഖല, തീരദേശ പരിപാലനനിയമം, തുടങ്ങി നിരവധി നിയന്ത്രണ നിയമങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്. ഇത് കൂടാതെ മലയോരമേഖലയില്‍ പശ്ചമിഘട്ടം സംരക്ഷണനിയമം നടപ്പാക്കാനിരിക്കുന്നു (കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട-ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്). കേരളത്തിലെവിടെ വസ്തു വാങ്ങിയാലും അത് മേല്‍പ്പറഞ്ഞ നിയമങ്ങള്‍ ലംഘിക്കാതെ വീടു പണിയുവാന്‍ സാധിക്കുന്ന ഭൂമിയാണോ എന്നതാണ്  ആദ്യം പരിശോധിക്കേണ്ട കാര്യം. കെട്ടിട്ട നിര്‍മ്മാണ-നിയന്ത്രണ നിയമങ്ങളെക്കുറിച്ച് വേണ്ടവിധം പഠിക്കാതെ വസ്തു വാങ്ങി നിരവധിപ്പേരാണ് കബളിപ്പിക്കപ്പെട്ടാറ്. 

5.വസ്തുവിനോട് ചേര്‍ന്ന് സംരക്ഷിതസ്മാരകങ്ങളോ, ഖനനമോ നടക്കുന്നുണ്ടെങ്കിലും പ്രശസ്തമായ സ്ഥാപനങ്ങളോ മറ്റോ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യം ശ്രദ്ധിക്കണം. നാം നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇത്തരം സ്ഥാപനങ്ങളുടെ പരിചരണത്തിനോ സുരക്ഷയ്‌ക്കോ തടസ്സമാക്കാന്‍ പാടില്ല. ഭാവിയില്‍ ഈ സ്ഥാപനങ്ങളില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കൈവശമുള്ള വസ്തുവിനെ ബാധിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. 

6. നാം ഉദ്ദേശിക്കുന്ന തരത്തിലുള്ള കെട്ടിടം വാങ്ങിക്കുന്ന സ്ഥലത്ത് നിര്‍മിക്കാന്‍ സാധിക്കുമോയെന്ന് കെട്ടിട നിര്‍മാണ ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്ത ലൈസന്‍സികള്‍ മുഖേന ഉറപ്പുവരുത്തേണ്ടതാണ്.

7. പ്രസ്തുത സ്ഥലം ടൗണ്‍ പ്ലാനിങ് സ്‌കീമില്‍ ഉള്‍പ്പെട്ടതാണോയെന്ന് ലൊക്കേഷന്‍ പ്ലാന്‍ കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും അറിയാവുന്നതാണ്. സ്ഥലം ഉള്‍പ്പെട്ട വില്ലേജും സര്‍വേ നമ്പരും സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്ലാനും സഹിതം തദ്ദേശ സ്വയംഭരണം സ്ഥാപനത്തെ ബന്ധപ്പെട്ടാല്‍ ഇക്കാര്യം അറിയാം

8. നാം വാങ്ങിയ സ്ഥലത്തിന് സമീപത്തായി സര്‍ക്കാര്‍ അംഗീകൃതപദ്ധതികളോ റോഡ് വികസനമോ നടപ്പാക്കാന്‍ ഉത്തരവുണ്ടെങ്കിലോ സര്‍ക്കാരിന് പദ്ധതിയുണ്ടെങ്കിലോ ഭാവിയില്‍ അതിനുള്ള സ്ഥലം വിട്ടു കൊടുക്കേണ്ടി വരും. അതിനു ശേഷം ബാക്കിവരുന്ന പ്ലോട്ടില്‍ മാത്രമേ നിര്‍മാണം നടത്താന്‍ സാധിക്കുകയുള്ളൂ. സ്ഥലം ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്നോ ഇത്തരം പദ്ധതികളെക്കുറിച്ച് അറിയാവുന്നതാണ്.

9. റോഡ് വീതി കൂട്ടുന്നതിനോ വികസിപ്പിക്കുന്നതിനോ ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കുകയാണെങ്കില്‍ ആയതിന് രേഖാമൂലമായ തെളിവ് വാങ്ങി സൂക്ഷിക്കണം. അപ്രകാരം സൗജന്യമായി നല്‍കുന്ന സ്ഥലത്തിന് കെട്ടിട നിര്‍മാണച്ചട്ട പ്രകാരമുള്ള പ്രത്യേക ആനുകൂല്യം ബില്‍ഡിങ് പെര്‍മിറ്റ് വാങ്ങുന്ന സമയത്ത് കൈപ്പറ്റാവുന്നതുമാണ്. 

10. വിമാനത്താവളം, റെയില്‍വേ ബൗണ്ടറി, സൈനിക കേന്ദ്രങ്ങള്‍, പുരാവസ്തു സംരക്ഷിത സ്മാരകങ്ങള്‍ തുടങ്ങിയവക്ക് അടുത്തുള്ള പ്ലോട്ടാണെങ്കില്‍, ബന്ധപ്പെട്ട വകുപ്പിന്റെ എന്‍.ഒ.സി വാങ്ങുന്നത് ഉചിതമായിരിക്കും. 

11. ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള പ്ലോട്ടുകള്‍ കഴിവതും ഒഴിവാക്കുക. 

12. ഭൂമിവിഭജനം നടന്നിട്ടുള്ള പ്ലോട്ടുകള്‍ വാങ്ങുന്നതിന് മുന്‍പ് അവയ്ക്ക് ജില്ലാ ടൗണ്‍ പ്ലാനറുടെയോ ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ലേ ഔട്ട് അംഗീകാരം ലഭ്യമായ പ്ലോട്ടുകള്‍ മാത്രം വാങ്ങുക. 

13. അടിയധാരം, മുന്നാധാരം തുടങ്ങിയവ കൃത്യമായി പരിശോധിക്കുക. വാങ്ങിയ വസ്തുവില്‍ കേസുകളോ മറ്റു നിയമപ്രശ്‌നങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്തുക. 

14. വാങ്ങിയ വസ്തുവില്‍ ജലലഭ്യത, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങളുണ്ടോയെന്ന് പരിശോധിക്കുക. വസ്തു നിലനില്‍ക്കുന്നത് വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സ്ഥലത്താണെങ്കില്‍ ആ കാര്യം കണക്കിലെടുത്ത് വേണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍.