രേ പറമ്പില്‍ രണ്ടു ഗൃഹങ്ങള്‍ വരികയാണെങ്കില്‍ ഒന്ന് തെക്കു- പടിഞ്ഞാറെ ഖണ്ഡത്തിലും അടുത്തത് വടക്കു- കിഴക്കേ ഖണ്ഡത്തിലും ആയിരിക്കണം എന്നാണ് ശാസ്ത്രം. 

എന്നാല്‍ വാസ്തു (പറമ്പ്) രണ്ടായി തിരിച്ചാണ് ഗൃഹം നിര്‍മ്മിക്കുന്നതെങ്കില്‍ പഴയ വീട് നില്‍ക്കുന്നതിന്റെ ബാക്കിയുള്ള സ്ഥലത്ത് വാസ്തുശാസ്ത്ര പ്രകാരം യോജിക്കുന്ന സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ പഴയ വീട് സ്ഥാനത്ത് തന്നെ വരുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. 

ചിലപ്പോള്‍ സ്ഥാനം ശരിയാക്കാന്‍ വേണ്ടി ഒരു അതിരു കൂടി ഇട്ട് ബാക്കി പറമ്പ് പുറന്തള്ളേണ്ടി വന്നേക്കും. അതായത് ഒരു ഭാഗം മുറിഞ്ഞു പോയാല്‍ ബാക്കി വരുന്ന വാസ്തുവിന്റെ തെക്കു- പടിഞ്ഞാറെ ഭാഗത്തോ, വടക്കു- കിഴക്കേ ഭാഗത്തോ കെട്ടിടം വരുന്ന വിധം വാസ്തു വേര്‍തിരിക്കേണ്ടിവരും. 

ഇത്തരത്തില്‍ തിരിക്കുമ്പോള്‍ വാസ്തു ബലി ചെയ്യേണ്ടതും ആവശ്യമാണ്. പുതുതായി വേര്‍തിരിച്ചെടുത്ത വാസ്തുവില്‍ തെക്കു- പടിഞ്ഞാറെ ഭാഗത്തോ, വടക്കു- കിഴക്കേ ഭാഗത്തോ ഗൃഹം നിര്‍മ്മിക്കാനുള്ള സ്ഥാനം നിശ്ചയിക്കാവുന്നതാണ്. 

മേല്‍പ്പറഞ്ഞവിധം വരുമ്പോള്‍ ഗേറ്റിന്റെ സ്ഥാനവും ചിലപ്പോള്‍ മാറ്റേണ്ടിവരും. മൊത്തം വാസ്തുവിനെ ഒന്നായി കണ്ടായിരിക്കും നേരത്തെ ഗേറ്റ് സ്ഥാപിച്ചിട്ടുണ്ടാവുക. വാസ്തുവിനെ വിഭജിക്കുമ്പോള്‍ ഗേറ്റിന്റെ സ്ഥാനവും പുനര്‍നിശ്ചയിക്കേണ്ടിവരും. കിണര്‍, കുളം മുതലായ ജലാശയങ്ങളുടെ സ്ഥാനവും പരിശോധിക്കേണ്ടതാണ്. 

നിലവിലുള്ള ഗൃഹം ദിക്കിനനുസരിച്ച് കൃത്യമാണെങ്കില്‍ ആ ഗൃഹത്തിന് സ്ഥാനദോഷം വരാത്തരീതിയില്‍ ഭൂമിയുടെ കിടപ്പനുസരിച്ച് അതിരിട്ട് വാസ്തു തിരിക്കണം. ബാക്കിയുള്ള സ്ഥലത്ത് ദീര്‍ഘചതുരമോ, സമചതുരമോ ആയ ഒരു വാസ്തുവും കണക്കാക്കേണ്ടതുണ്ട്. 

അതിനുള്ളില്‍ ഏറ്റവും കുറഞ്ഞത് നാലു വശത്തു നിന്നും പിശാചവീഥി ഒഴിവാക്കി ശാസ്ത്രപ്രകാരം സ്ഥലത്തിനും ഗൃഹത്തിനും യോജിക്കാവുന്ന ചുറ്റളവ് തിരഞ്ഞെടുത്ത് ദര്‍ശനം ശരിയാക്കി വേണം പുതിയ ഗൃഹനിര്‍മ്മാണം നടത്താന്‍. ഇപ്രകാരം തിരഞ്ഞെടുത്ത സ്ഥലത്തിന് ഭൂമിപരമായ ശ്മശാനദോഷമോ മറ്റു ദോഷങ്ങളോ ഇല്ലെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്.