ഴിഞ്ഞ കാല്‍നൂറ്റാണ്ടായി കേരളത്തിലെ പാര്‍പ്പിട നിര്‍മാണമേഖലയില്‍ ഏറ്റവും വിശ്വസ്തമായ മുഖങ്ങളിലൊന്നാണ് വര്‍മ്മ ഹോംസ് മേധാവി അനില്‍ വര്‍മ്മയുടേത്.

സിവില്‍ എന്‍ജിനീയറായി കെട്ടിട നിര്‍മാണമേഖലയിലേക്ക് കടന്നുവന്ന അദ്ദേഹം 1996 ല്‍ പ്രവര്‍ത്തനമാരംഭിച്ച വര്‍മ്മ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്വന്തം സ്ഥാപനത്തിലൂടെയാണ് ബില്‍ഡര്‍മാര്‍ക്കിടയില്‍ ശ്രദ്ധേയനാവുന്നത്. 

anil varma varma homes
അനില്‍ വര്‍മ്മ

2006 മുതല്‍ 2016 വരെ അസറ്റ് ഹോംസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു ഇദ്ദേഹം. കേരളത്തിലെ മുന്‍നിര നിര്‍മ്മാണ കമ്പനികളില്‍ ഒന്നായി അസറ്റ് ഹോംസിനെ മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ് അനില്‍ വര്‍മ്മ. 

കൊച്ചി ഇടപ്പള്ളിയില്‍ നിര്‍മാണം പുരോഗമിക്കുന്ന വര്‍മ്മ റീജന്റ് അടക്കം ഒരു ഡസനോളം പ്രോജക്ടുകളാണ് വരും മാസങ്ങളില്‍ വര്‍മ്മ ഹോംസിന്റേതായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മാണം ആരംഭിക്കുന്നത്. 

കേരളത്തിലെ നിര്‍മാണമേഖലയില്‍ ഏറെ നാളത്തെ അനുഭവ പരിചയമുള്ള അദ്ദേഹം, മലയാളിയുടെ ഫ്‌ളാറ്റ് സംസ്‌കാരത്തെക്കുറിച്ചും നിര്‍മ്മാണരംഗത്തെ കേരളത്തിന്റെ ഭാവിസാധ്യതകളെക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. 

ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് ?

ഏത് ബില്‍ഡറുടെ ഫ്‌ളാറ്റാണോ വാങ്ങുന്നത് അവരുടെ വിശ്വാസ്യത ഉറപ്പു വരുത്തുക എന്നതാണ് ആദ്യത്തെ കാര്യം. ബില്‍ഡറുടെ മുന്‍കാല പ്രോജക്ടുകള്‍, അവ പൂര്‍ത്തീകരിക്കുന്നതിലെ സമയനിഷ്ഠ എന്നിവയെല്ലാം പരിശോധിക്കണം. 

രജിസ്‌ട്രേഷന് മുന്‍പായി രേഖകളിലും കൃത്യമായ പരിശോധന നടത്തണം. നിര്‍മ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട കരാറുകള്‍, ഭാവിസേവനങ്ങള്‍ തുടങ്ങിയവ എന്തൊക്കെയെന്നും ഏതൊക്കെയെന്നും അറിഞ്ഞിരിക്കണം. 

ഫ്‌ളാറ്റ് ജീവിതത്തോടുള്ള മലയാളിയുടെ അഭിരുചി എങ്ങനെയാണ് ?

വീട് നിര്‍മ്മാണത്തിലെ തലവേദനകളും സ്ഥലദൗര്‍ലഭ്യവും മൂലം ഫ്‌ളാറ്റു വാങ്ങുന്നതാണ് നല്ലത് എന്നൊരു ചിന്ത ഇപ്പോള്‍ സമൂഹത്തിലുണ്ട്. മാത്രമല്ല, ഏകാന്തത നിറഞ്ഞ ജീവിതമായിരിക്കും ഫ്‌ളാറ്റുകളിലേത് എന്ന കാഴ്ച്ചപ്പാടും മാറിയിട്ടുണ്ട്. അതോടൊപ്പം തന്നെ വീടുകളില്‍ ലഭിക്കാത്ത പല സൗകര്യങ്ങളും ഇന്ന് ഫ്‌ളാറ്റ് ജീവതം വാഗ്ദാനം ചെയ്യുന്നുമുണ്ട്. 

സെക്യൂരിറ്റി, പാര്‍ക്കിംഗ്, പ്ലേ ഗ്രൗണ്ട്, മുതിര്‍ന്നവര്‍ക്കുള്ള റിക്രിയേഷന്‍ ഏരിയകള്‍- റാമ്പുകള്‍, സയാഹ്നങ്ങള്‍ ചിലവഴിക്കുന്നതിനുള്ള പാര്‍ക്കുകള്‍, സ്വിമ്മിംഗ് പൂള്‍, ജിം തുടങ്ങി ഒരു കുടുംബത്തിലെ എല്ലാവരേയും മുന്നില്‍ കണ്ടാണ് ഫ്‌ളാറ്റുകളിലെ ഭൗതികസൗകര്യങ്ങള്‍ ഒരുക്കുന്നത്. 

ബുക്കിങ് ഘട്ടത്തില്‍ തന്നെ ആവശ്യങ്ങള്‍ എന്തെല്ലാമെന്ന് ഉപഭോക്താക്കള്‍ ഞങ്ങളോട് വിശദീകരിക്കാറുണ്ട്. ജോലിസ്ഥലത്തേക്കുള്ള ദൂരം കൂടാതെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും പ്രായമായവരെ ആസ്പത്രിയില്‍ കൊണ്ടു പോകാനുമുള്ള സൗകര്യങ്ങള്‍ എന്നിവ പരിഗണിച്ച് സ്‌കൂള്‍- ആസ്പത്രി എന്നിവയുടെ സാമീപ്യം ആളുകള്‍ ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ പരിഗണിക്കാറുണ്ട്. 

ദമ്പതിമാരില്‍ അധികവും ഒന്നിലേറെ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ പലരും രണ്ടു കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം ആവശ്യപ്പെടുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന രീതി. മലയാളികളെ പോലെ വെള്ളം ഇത്രമേല്‍ ഉപയോഗിക്കുന്ന മറ്റൊരു ജനവിഭാഗമില്ല. ജലലഭ്യത ഉറപ്പുവരുത്തിയ ശേഷമേ മറ്റുകാര്യങ്ങളെപ്പറ്റി ആളുകള്‍ ചോദിക്കാറുള്ളൂ. 

ഫ്‌ളാറ്റ് വാങ്ങണമെന്നുള്ളവര്‍ക്ക് നിലവില്‍ മൊത്തം വിലയുടെ 95 ശതമാനം വരെ ബാങ്കുകള്‍ വായ്പയായി നല്‍കുന്നുണ്ട്. അഡ്വാന്‍സ് വാങ്ങിയ ശേഷം നിര്‍മാണം തീരും മുമ്പാണ് മറ്റു ഇടപാടുകളും പൂര്‍ത്തിയാക്കുന്നത്. ഇതാണ് ഫ്ളാറ്റ് നിര്‍മാണ വില്‍പന രംഗത്ത് പൊതുവേയുള്ള രീതി. 

കൊച്ചി തന്നെയാണോ ഇപ്പോഴും ബില്‍ഡര്‍മാരുടെ ഹോട്ട് സ്‌പോട്ട് ?

കേരളത്തില്‍ ഫ്‌ളാറ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള സ്ഥലമാണ് കൊച്ചി. വ്യാവസായിക രംഗത്തുണ്ടായ മുന്നേറ്റവും ഐടി രംഗത്തെ കുതിപ്പും ഫ്‌ളാറ്റുകളുടെ നഗരമായി കൊച്ചിയെ മാറ്റിയിട്ടുണ്ട്. ജോലിസ്ഥലത്തോട് ചേര്‍ന്ന് അനുയോജ്യമായ വാസസ്ഥലം കണ്ടെത്തുക എന്നതാണ് കൊച്ചിയിലേക്ക് കുടിയേറുന്നവര്‍ നേരിടുന്ന ആദ്യത്തെ പ്രശ്‌നം. 

വാടകയ്ക്ക് വീടോ ഫ്‌ളാറ്റോ ലഭിച്ചാലും വാടക ചിലവും ട്രാഫിക്കുമെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ അനുയോജ്യമായ സ്ഥലത്ത് ഫ്‌ളാറ്റ് ലഭിക്കുമെങ്കില്‍ വാങ്ങാന്‍ ആളുകള്‍ ഏറെയുണ്ട്.  നഗരപ്രാന്തപ്രദേശങ്ങളില്‍ ഫ്‌ളാറ്റുകള്‍ക്കൊപ്പം തന്നെ വില്ലകള്‍ വാങ്ങാനും ആളുകള്‍ താല്‍പര്യപ്പെടുന്നു. 

ഇടത്തരക്കാരെ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ബില്‍ഡര്‍മാരും പ്രൊജക്ടുകള്‍ ചെയ്യുന്നത് എറണാകുളത്തെ തിരുവാങ്കുളത്ത് ഫ്‌ളാറ്റുകള്‍ക്കൊപ്പം വില്ലകളും ചേര്‍ന്ന ഒരു പ്രൊജക്ട് ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്. 28 മുതല്‍ 38 ലക്ഷം വരെയായിരിക്കും ഫ്‌ളാറ്റുകളുടെ വില. 85 ലക്ഷം മുതലായിരിക്കും വില്ലകളുടെ വില. ഇടത്തരക്കാരെ ലക്ഷ്യം വച്ചുള്ളതാണ് ഈ പദ്ധതികള്‍. 

കൊച്ചിക്ക് പുറത്ത് നിര്‍മാണരംഗത്തെ സാധ്യതകള്‍ എന്തെല്ലാമാണ് ?

കൊച്ചിക്ക് പുറത്ത് തിരുവനന്തപുരമാണ് ബില്‍ഡര്‍മാരുടെ ഹോട്ട് സ്‌പോട്ട്. തൃശ്ശൂര്‍, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ ഇപ്പോള്‍ നൂറുകണക്കിന് ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. മലയാളികളുടെ ശക്തമായ സാന്നിധ്യമുള്ള കോയമ്പത്തൂര്‍, മൈസൂര്‍ തുടങ്ങിയ മറുനാടന്‍ നഗരങ്ങളിലും കേരളത്തിലെ ബില്‍ഡര്‍മാര്‍ സാന്നിധ്യമറിയിക്കുന്നതായാണ് കാണുന്നത്. 

ഒരു പ്രൊജക്ട് നടപ്പാക്കുമ്പോള്‍, ബില്‍ഡര്‍ നേരിടുന്ന പ്രധാന വെല്ലുവിളി എന്തൊക്കെയാണ് ?

അപ്പാര്‍ട്ട്‌മെന്റായാലും വില്ലയായാലും ചിലവ് ചുരുക്കി ചെയ്യുക എന്നതാണ് പ്രധാനകാര്യം. നിര്‍മാണത്തിലെ ഗുണമേന്മ കുറയാതെ തന്നെ ചിലവ് ചുരുക്കണമെങ്കില്‍ വ്യക്തമായ ആസൂത്രണവും, മികച്ച സാങ്കേതികവിദ്യയും ആവശ്യമാണ്. 

ലഭ്യമായ സ്ഥലം പരമാവധി  ഉപയോഗിക്കുകയും വേണം. ഡിസൈനിംഗ് ഘട്ടത്തില്‍ തന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. മികച്ച ഡിസൈനോടെ നിര്‍മിക്കുകയാണെങ്കില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് ഫ്‌ളാറ്റില്‍ പോലും പരമാവധി സ്ഥലം ഉപയോഗിക്കാന്‍ സാധിക്കും. 

പാര്‍പ്പിടരംഗത്ത് കേരളത്തിന്റെ ഭാവി? 

വികസിച്ചു കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനം എന്ന നിലയില്‍ ബില്‍ഡര്‍മാര്‍ക്ക് മുന്‍പില്‍ കേരളം വലിയ സാധ്യതകള്‍ തുറന്നിടുന്നുണ്ട്. ഐടി രംഗത്തെ മുന്നേറ്റം റിയല്‍ എസ്റ്റേറ്റ് രംഗത്തെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്‌സിറ്റി, സൈബര്‍ പാര്‍ക്ക് എന്നിവയുടെ വികസനത്തോടെ പാര്‍പ്പിട മേഖലയില്‍ ആവശ്യക്കാര്‍ വര്‍ധിക്കും. 

നഗരങ്ങളിലേക്കാണ് പ്രൊഫഷണലുകള്‍ കുടിയേറുക എന്നതിനാല്‍ ഫ്‌ളാറ്റുകള്‍ക്കാണ് ഇനി കൂടുതല്‍ ആവശ്യക്കാരുണ്ടാവുക. ആഡംബര ഫ്‌ളാറ്റുകളെക്കാളേറെ ഇടത്തരം ഫ്‌ളാറ്റുകള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ ഡിമാന്‍ഡ്. അതേസമയം, നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യവും കെട്ടിട്ട നിര്‍മാണത്തിലെ നിയമപ്രശ്‌നങ്ങളും അലോസരങ്ങള്‍ സൃഷ്ടിക്കുന്നതാണ്. 

റിയല്‍ എസ്റ്റേറ്റ് രംഗത്ത് ശക്തമായ ഇടപെടലുകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്, ഇതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇടപാടുകള്‍ക്ക് നിയന്ത്രണവും നിരീക്ഷണവും ഏര്‍പ്പെടുത്തുന്ന തരത്തിലുള്ളതാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ പുതിയ നിയമങ്ങള്‍. സജീവമായ ഒരു വ്യാപാരമേഖല എന്ന നിലയില്‍ നിരവധി സംരഭകരാണ് ഇന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളത്. 

ഇവരില്‍ വിശ്വാസ്യത തെളിയിച്ചവരും കള്ളനാണയങ്ങളുമുണ്ട്, അനുഭവപരിചയമുള്ളവരും തുടക്കക്കാരുമുണ്ട്. ഒരു വ്യക്തിയുടെ ജീവിതകാലത്തെ സ്വപ്നമാണ് ഒരു വീടോ ഫ്‌ളാറ്റോ ഒക്കെ. തങ്ങളുടെ മുഴുവന്‍ സമ്പാദ്യവുമായി, ചിലപ്പോള്‍ കടം വാങ്ങിയും ലോണെടുത്തും ഒരു വീടോ വില്ലയോ വാങ്ങാന്‍ ഇറങ്ങുന്ന ഒരാള്‍ക്ക് ഒരിക്കലും ചതിവ് പറ്റാന്‍ പാടില്ല. 

വര്‍മ്മ ഹോംസിന്റെ പുതിയ പ്രൊജക്ടുകള്‍ എന്തെല്ലാമാണ് 

കൊച്ചി ഇടപ്പള്ളിയിലെ ''റീജന്റ്'' ആണ് നിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പദ്ധതി. ബാക്കിയുള്ളവ പെര്‍മിറ്റ് ലഭിച്ചാലുടന്‍ നിര്‍മ്മാണം ആരംഭിക്കാവുന്ന ഘട്ടത്തിലാണ്. തൃപ്പൂണിത്തുറയില്‍ മൂന്ന് പുതിയ പ്രൊജക്ടുള്‍ തുടങ്ങുന്നതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. 

കൊച്ചിയില്‍ നിന്ന് 12 കിലോമീറ്റര്‍ മാറി തിരുവാങ്കുളത്ത് ഫ്‌ളാറ്റുകള്‍ക്കൊപ്പം വില്ലകളും കൂടി നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ ഒന്നും തൃശ്ശൂരിലെ കോട്ടപ്പുറത്തും കുട്ടനെല്ലൂരിലും ഒരോന്ന് വീതവും ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ വര്‍മ്മ ഹോംസിന്റേതായി ഉടന്‍ നിര്‍മ്മാണം തുടങ്ങും. തിരുവനന്തപുരത്തും ഒരു പ്രൊജക്ട് തുടങ്ങാന്‍ ആലോചനയുണ്ട്.