ഗുരുവായൂര്‍: തൃശ്ശൂരില്‍ ആനകളെന്നാല്‍  പുന്നത്തൂര്‍കോട്ട എന്നുകൂടിയായിരുന്നു. ഇന്ന് ആനകളുടെ താവളമായ പുന്നത്തൂര്‍ക്കോട്ട അപകടഭീഷണിയിലാണ്. കെട്ടിടത്തിന്റെ മുകള്‍ഭാഗമെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മേല്‍ക്കൂര പലഭാഗങ്ങളും ടാര്‍പോളിന്‍കൊണ്ട് കെട്ടിമറച്ചിരിക്കുകയാണ്. ഭിത്തികള്‍ക്കും കേടുസംഭവിച്ചിട്ടുണ്ട്.

400വര്‍ഷത്തിലധികം പഴക്കമുള്ളതാണ് പുന്നത്തൂര്‍ക്കോട്ട. ഇവിടെ വേട്ടേക്കരന്‍ ക്ഷേത്രവുമുണ്ട്. പന്ത്രണ്ടേമുക്കാല്‍ ഏക്കര്‍ വിസ്തൃതിയുള്ള കോട്ടപ്പറമ്പും കോട്ടയും പുന്നത്തൂര്‍ രാജാവില്‍നിന്ന് 1975ലാണ് ദേവസ്വം ഏറ്റെടുത്തത്.

പണ്ടുകാലത്ത് ദേവസ്വത്തിന്റെ ആനകളെ കെട്ടിയിരുന്നത് ഗുരുവായൂര്‍ തെക്കേനടയില്‍ ഇന്നത്തെ ശ്രീവത്സം ഗസ്റ്റ്ഹൗസ് നില്‍ക്കുന്നിടത്തായിരുന്നു. കൃഷ്ണഗീതി കര്‍ത്താവായ മാനവേദ മഹാരാജാവിന്റെ കോവിലകം പറമ്പായിരുന്നു അത്. അവിടെ കൂടുതല്‍ ആനകളെ തളയ്ക്കാനിടമില്ലാത്തതുകൊണ്ടാണ് ദേവസ്വം പുന്നത്തൂര്‍ കോട്ട ഏറ്റെടുത്തത്.

ചരിത്രപ്രസിദ്ധമായ പുന്നത്തൂര്‍ക്കോട്ട പിന്നീട് ആനത്താവളമായി മാറിയപ്പോള്‍ അതിനു ലോകപ്രശസ്തി കൈവന്നു. ടൂറിസ്റ്റുകളുടെ ആകര്‍ഷണകേന്ദ്രവുമായി. പ്രസാദ്, അമൃത് പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ ദേവസ്വം വമ്പന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ പുന്നത്തൂര്‍ക്കോട്ടയുടെ സംരക്ഷണത്തിന് പദ്ധതികളൊന്നുമില്ല.

കെട്ടിടം പോലെത്തന്നെ കോട്ടയിലെ പഴക്കംചെന്ന മരങ്ങളും അപകടാവസ്ഥയിലാണ്. ആനകളുടെ കെട്ടുതറികള്‍ക്കടുത്തുള്ള പലമരങ്ങളും മുറിച്ചുനീക്കേണ്ട സമയം കഴിഞ്ഞു.  ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ കണ്ണുതുറന്നില്ലെങ്കില്‍ ഈ ആനത്താവളം കാലയവനികയ്ക്ക് ഉള്ളില്‍ മറയും