കുഴിത്തുറ: കന്യാകുമാരി ജില്ലയില്‍ തകര്‍ച്ച നേരിടുന്ന ചരിത്ര സ്മാരകങ്ങളുടെ പട്ടികയില്‍ കുഴിത്തുറ കൊട്ടാരവും. തിരുവിതാംകൂര്‍ രാജഭരണകാലത്തിന്റെ അവശേഷിപ്പായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുഴിത്തുറ കൊട്ടാരം തകര്‍ന്ന് മണ്ണടിയാറായി. പരിചരണമില്ലാതെ വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടു കിടക്കുന്ന കൊട്ടാരം ഇപ്പോള്‍ മദ്യപരുടെ കേന്ദ്രമായി മാറി.
കുഴിത്തുറ തപാേലാഫീസ് ജങ്ഷനില്‍ നിന്ന് 500 മീറ്റര്‍ മാറിയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുഴിത്തുറ മഹാദേവര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ക്ഷേത്രത്തിന് മുന്നിലായി മേല്‍ക്കൂര തകര്‍ന്ന് കഴുക്കോലുകള്‍ മാത്രമുള്ള പുര കാണാം. തിരുവിതാംകൂര്‍ രാജാക്കന്മാര് കൊട്ടാരത്തില്‍ എത്തുമ്പോള്‍ കുതിരവണ്ടി നിര്‍ത്താറുള്ളത് ഇവിടെയാണ്. വലതുഭാഗത്തായി കാണുന്ന ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് തൊട്ടടുത്താണ് താമ്രപര്‍ണി നദിക്കരയിലെ കുഴിത്തുറ കൊട്ടാരം. എട്ടുവീട്ടില്‍പിള്ളമാരെ വധിച്ചശേഷം ശാപമോക്ഷത്തിനായി മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് രക്തചാമുണ്ഡിദേവിക്ക് ഹോമം നടത്താറുള്ള ഹോമപ്പുരയാണ് ഇന്ന് ചാമുണ്ഡേശ്വരി ക്ഷേത്രമായി നിലകൊള്ളുന്നതെന്നാണ് പറയപ്പെടുന്നത്. രാജാവ് വിശ്രമിക്കാനാണ് കുഴിത്തുറ കൊട്ടാരം പണിതത്.
താമ്രപര്‍ണി നദിക്കരയില്‍ ഏഴടിയോളം കരിങ്കല്‍ നിര്‍മിതമായ അടിത്തറയ്ക്ക് മുകളിലാണ് കൊട്ടാരം പണിതിട്ടുള്ളത്. കൊട്ടാരത്തിന്റെ വലതു ഭാഗത്ത് കൂടി കുളിക്കടവിലേക്ക് ഇറങ്ങാം. കൊട്ടാരവാസികള്ക്കു മാത്രം കുളിക്കാനായി മേല്‍ക്കൂരയോടെ പണിത കുളിക്കടവും തകര്‍ന്ന നിലയിലാണ്. കുളിക്കടവില്‍നിന്ന് ഹോമപ്പുരയിലേക്ക് എത്താന്‍ മേല്ക്കൂരയോടു കൂടിയ പ്രത്യേക പാതയുമുണ്ട്.
കന്യാകുമാരി ജില്ല രൂപവത്കരിച്ചപ്പോള്‍ കന്യാകുമാരി ദേവസ്വത്തിന്റെ നിയന്ത്രണത്തിലായി കുഴിത്തുറ കൊട്ടാരം. ഇതോടെ കൊട്ടാരത്തിന് പരിചരണമില്ലാതായി. കുറച്ചുനാള്‍ ദേവസ്വം കുഴിത്തുറ സൂപ്രണ്ടിന്റെ ഓഫീസായി ഉപയോഗിച്ചു. നവരാത്രി വിഗ്രഹങ്ങള്‍ ഹോമപ്പുരയ്ക്കടുത്ത് ഇറക്കി വയ്ക്കുമ്പോള്‍ അധികൃതരുടെ വിശ്രമകേന്ദ്രമായും കൊട്ടാരം മാറി. എന്നാല്‍ 1992ലെ വെള്ളപ്പൊക്കത്തില്‍ കൊട്ടാരത്തിന്റെ പകുതിയോളം മുങ്ങി. അതിനുശേഷം ഒരു നവീകരണത്തിനും, പരിചരണത്തിനും അധികൃതര്‍ തയ്യാറായില്ല.
കൊട്ടാരവളപ്പില്‍ തന്നെ ദേവസ്വം ആനയ്ക്ക് വിശ്രമകേന്ദ്രം പണിതു. സൂപ്രണ്ടിന്റെ ഓഫീസിനായി പുതിയ കെട്ടിടം പണിതു. ഇപ്പോള്‍ കുറ്റിക്കാടുകള്‍ക്കിടയില്‍ പാഴ്ച്ചെടികള് നിറഞ്ഞ കെട്ടിടമായി ചരിത്രസ്മാരകം നിലകൊള്ളുന്നു. ഇരണിയല്‍ കൊട്ടാരത്തെ നവീകരിക്കാന്‍ സര്‍ക്കാര്‍ തുക അനുവദിച്ചിട്ടും കന്യാകുമാരി ദേവസ്വം അധികൃതരുടെ അനാസ്ഥ കൊട്ടാരം നിലംപതിക്കുന്ന അവസ്ഥയിലെത്തിച്ചു. കുഴിത്തുറ കൊട്ടാരം തകര്‍ന്ന് മണ്ണടിയുന്നതും കാത്തിരിക്കുകയാണ് ദേവസ്വം അധികൃതര്‍. തിരുവിതാംകൂര്‍ ചരിത്രസ്മാരകം നിലനിര്‍ത്താന്‍ നടപടിക്കായി കാത്തിരിക്കുകയാണ് നാട്ടുകാര്‍.