ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിനായി പണിയുന്ന 300 കോടിയുടെ ഓഫീസ് സമുച്ചയം യാഥാര്‍ത്ഥ്യത്തിലേക്ക്. സുദ്ധല സുധാകര്‍ തേജ എന്ന പ്രശസ്ത വാസ്തു വിദഗ്ദ്ധനാണ്  നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്റ്റ് അസീസ് കോണ്‍ട്രാക്ടറാണ് ഓഫീസ് നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

നൂറു ശതമാനം വാസ്തു അനുസരിച്ചാണ് ഓഫീസ് നിര്‍മിക്കുന്നത്.  ഇതുമൂലം മുഖ്യമന്ത്രിയ്ക്ക് ശരിയായ തീരുമാനങ്ങളെടുക്കാനും ഓഫീസിന് വിജയകരമായി പ്രവര്‍ത്തിക്കാനും കഴിയുമെന്നാണ് വാസ്തു വിദഗ്ദ്ധന്റെ അഭിപ്രായം. കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുതിയ ഡിസൈന്‍ പുറത്ത് വിട്ടത്.    

300 കോടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെടുമ്പോള്‍  സ്ഥലത്തിന്റെയും അകത്തെ മോടിപിടിപ്പിക്കല്‍ ജോലികള്‍ അടക്കമുള്ള അനുബന്ധ നിര്‍മാണങ്ങള്‍  കൂടി കണക്കിലെടുക്കുമ്പോള്‍ ഓഫീസ്  ചിലവ്  1000 കോടി പിന്നിടുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

നവംബറില്‍ പ്രധാനമന്ത്രി തെലങ്കാനയിലെത്തുമ്പോള്‍ ഓഫീസിന്റെ തറക്കല്ലിടല്‍ നടത്താനാണ് മുഖ്യമന്ത്രിയുടെ പദ്ധതി. 

നിലവിലെ 130 വര്‍ഷം പഴക്കമുളള ഓഫീസിന് വാസ്തുദോഷം ഉണ്ടെന്നും, സര്‍ക്കാരിനേല്‍ക്കുന്ന തിരിച്ചടികള്‍ക്ക് ഇതാണ് കാരണമെന്നുമുള്ള വാസ്തു വിദഗ്ദ്ധരുടെ ഭിപ്രായത്തെ തുടര്‍ന്നാണ്  പുതിയ ഓഫീസ് നിര്‍മിക്കുന്നത്.