ഹോര്‍ത്തുസ് മലബാറിക്കസിന്റെ രചയിതാവ് ഇട്ടി അച്യുതന്‍ ജനിച്ചതെന്ന് കരുതപ്പെടുന്ന കടക്കരപള്ളി കുടകുത്താംപറമ്പ് വീട് കണ്ടപ്പോള്‍ തനിക്ക് കുറ്റബോധം തോന്നിയെന്ന്  ഡോക്ടര്‍ തോമസ് ഐസക്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് ഇക്കാര്യം വ്യക്തമാക്കിയത്.  വീട് ഉടന്‍ പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ ചെയ്യുമെന്നും തോമസ്  വ്യക്തമാക്കിയിട്ടുണ്ട്. 

 

ഇട്ടി അച്യുതന്‍ ജനിച്ച കടക്കരപ്പള്ളി പഞ്ചായത്തിലെ നാനൂറ് വര്‍ഷം പഴക്കമുള്ള  പഴക്കമുള്ള കുടകുത്താംപറമ്പ് വീട് കഴിഞ്ഞദിവസം തകര്‍ന്നുവീണു. പുരാവസ്തു വകുപ്പിന്റെ അനാസ്ഥയാണ് വീടിന്റെ തകര്‍ച്ചയിലേക്ക് നയിച്ചത്. ഇതേക്കുറിച്ച് മാതൃഭൂമി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു.  

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇട്ടി അച്യുതന്‍ ജനിച്ചതെന്ന് കരുതപ്പെടുന്ന കടക്കരപള്ളി കുടകുത്താംപറമ്പ് വീട് മഴയത്ത് തകര്‍ന്നു. ബജറ്റ് കഴിഞ്ഞാണ് സംരക്ഷണസമിതി എനിക്ക് നിവേദനം നല്‍കിയത്. ഔപചാരിക നിവേദനം നല്‍കിയില്ലെങ്കിലും അറിഞ്ഞു നടപടികള്‍ എടുക്കേണ്ടതായിരുന്നു. അതുകൊണ്ടാണ് തകര്‍ന്നു വീണ വീടിന്റെ ചിത്രം മാതൃഭൂമിയില്‍ കണ്ടപ്പോള്‍ കുറ്റബോധം തോന്നിയത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ചെന്നപ്പോള്‍ സ്ഥലം എം.എല്‍.എ തിലോത്തമനുമായി ഈ വീട് സന്ദര്‍ശിച്ചു. കണ്‍സെര്‍വേഷന്‍ ആര്‍കിടെക്ട് ബെന്നി കുര്യാക്കോസിനെയും കൂടെക്കൂട്ടിയിരുന്നു. 

അറപ്പുരയാണ്. നാല് നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മേല്‍ക്കൂര ദ്രവിച്ച് നിലംപൊത്തുകയാണ് ഉണ്ടായത്. അറയ്ക്ക് കേടുപാടുകള്‍ ഇല്ല. മേല്‍ക്കൂരയുടെ പല ഭാഗങ്ങളും ഏച്ചുകെട്ടിയതാണെന്ന് വ്യക്തമാണ്. വീടിനോട് ചേര്‍ന്നുള്ള വാര്‍ക്ക കെട്ടിടത്തിലാണ് വൈദ്യരുടെ പിന്‍മുറക്കാരായ സോമനും കുടുംബവും താമസിക്കുന്നത്. 

വീട് പുനര്‍നിര്‍മ്മിക്കുന്നതുവരെ മഴയും വെയിലും കൊള്ളാതിരിക്കാന്‍ പന്തല്‍ ഇടുന്നതിന് പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബെന്നിയുടെ ടീം 14 ന് വരികയും കണ്‍സര്‍വേഷന്‍ പരിപാടിക്ക് രൂപരേഖ തയ്യാറാക്കുകയും ചെയ്യും. പ്രാദേശിക മരപ്പണിക്കാരെ കൊണ്ടുതന്നെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനാവും. ഇതിനുള്ള പണം പ്രത്യേകമായി സര്‍ക്കാര്‍ അനുവദിക്കും.
ഇവിടെ നിന്നും 500 മീറ്റര്‍ അകലെയുള്ള വൈദ്യരുടെ കുരിയാലയും ജീര്‍ണ്ണാവസ്ഥയിലാണ്. 

കുരിയാലയും പഴയ ഔഷധതോട്ടത്തിന്റെ ഭാഗമായ കാവും ഉടമസ്ഥരുടെ വായ്പ കുടിശിക ഈടാക്കാന്‍ ജപ്തി നടപടികള്‍ നേരിടുകയാണ്. ഈ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ആളുകള്‍ ഇട്ടി അച്യുതന്‍ സ്മാരകം നിര്‍മ്മിക്കണമെന്നാണ് പറയുന്നത്. ഏതായാലും പുതിയ കെട്ടിടമൊന്നും വേണ്ട. ഹോര്‍ത്തൂസ് മലബാറിക്കസ് വിവരിക്കുന്ന എല്ലാ കേരള സസ്യങ്ങളുടെയും മരങ്ങളുടെയും ഒരു ബൃഹത് ശേഖരം ഈ പറമ്പിലും ചുറ്റുപാടിലുമായി വച്ചു പിടിപ്പിക്കലായിരിക്കും ഏറ്റവും നല്ല സ്മാരകം എന്നാണ് എന്റെ അഭിപ്രായം. ഇതിന് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ സഹായം തേടും.

മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത വായിക്കാം