ഈ ചുട്ടുപൊള്ളുന്ന വെയിലില്‍ അല്പനേരം വെള്ളത്തില്‍ മുങ്ങിക്കിടന്നാലുള്ള സുഖമൊന്ന് ആലോചിച്ച് നോക്കൂ. ഈ സുഖമറിഞ്ഞതുകൊണ്ടാണ് വീടുകളില്‍ സ്വിമ്മിങ്ങ് പൂള് ട്രെന്‍ഡ് ആയി മാറിയത്. വീട്ടില്‍ എന്നു പറഞ്ഞാല്‍ ടെറസില്‍, കിടപ്പുമുറിയില്‍, ബാല്‍ക്കണിയില്‍, മുറ്റത്ത്...എവിടെ വേണമെങ്കിലും ഒരുക്കാം നല്ലൊരു സ്വിമ്മിങ്ങ് പൂള്.
വീട്ടില്‍ സ്വിമ്മിങ്ങ് പൂളോ? അതൊക്കെ ആഡംബരമല്ലേ എന്നു ചോദിച്ചിരുന്നവര്പോലും അത് ആവശ്യമാണെന്ന് മനസ്സിലാക്കികഴിഞ്ഞു. അമിതവണ്ണവും വ്യായാമക്കുറവും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഡോക്ടര്‍മാര്‍ നീന്തലാണ് നിര്‍ദ്ദേശിക്കുന്നത്. കുളവും തടാകവുമൊന്നും ഇല്ലാതായതോടെ നീന്തി കുളിക്കാന്‍ കൃത്രിമ കുളം തന്നെ വേണമെന്നായി.
നീന്തിക്കുളി മാത്രമല്ല സ്വിമ്മിങ്ങ് പൂളിന്റെ ഗുണം. ജലാശയക്കാഴ്ച എന്ന നിലയിലും അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കാനും പൂളുകള്‍ സഹായിക്കും.
പൂളുകള്‍ പലതരം
പൂളുകള്‍ പ്രധാനമായും രണ്ടുതരമുണ്ട്. സ്ഥിരംപൂളുകളും (പെര്‍മനന്റ് പൂള്), റെഡിമെയ്ഡ് പൂളുകളും. പെര്‍മനന്റ് പൂളുകളില്‍ ഒന്നാമത്തേത് 'ഇന്‍ഫിനിറ്റി' പൂളുകളാണ്. കായലോ പുഴയോ വീടിനോട് ചേര്‍ന്നുണ്ടെങ്കില്‍ അതിനോട് ചേര്‍ന്ന് പണിയുന്ന പൂളുകളാണിത്. മഴവെള്ളം ഒഴുകിയിറങ്ങാത്തവിധം തറനിരപ്പില്‍ നിന്ന് അല്പം ഉയര്‍ത്തി വേണം ഇത്തരം പൂളുകള്‍ പണിയാന്‍.
റെഡിമെയ്ഡ് പൂളുകള്‍ ഈ രംഗത്ത് പുതുമുഖമാണ്. തറനിരപ്പില്‍ മാത്രമല്ല, ടെറസിന് മുകളില്‍പോലും ഈ പൂളുകള്‍ ഉറപ്പിക്കാം. പായല്‍ പിടിക്കില്ലെന്നതും ഒരാഴ്ചകൊണ്ട് പണി കഴിപ്പിക്കാമെന്നതുമാണ് ഇത്തരം പൂളുകളുടെ ഗുണം. പെര്‍മനന്റ് പൂളുകളെ അപേക്ഷിച്ച് ചെലവ് കുറവാണിതിന്. വേണമെങ്കില്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാമെന്ന മെച്ചവുമുണ്ട്.
പരമ്പരാഗത കോണ്‍ക്രീറ്റ് പൂളുകളാണെങ്കില് നമ്മുടെ ഇഷ്ടത്തിനും സ്ഥല സൗകര്യത്തിനും അനുസരിച്ച് വലിപ്പം നിശ്ചയിക്കാമെന്ന ഗുണമുണ്ട്. ഇത്തരം പൂളിന്റെ തറയിലും ഭിത്തിയിലും ടൈലുകള്‍ ഒട്ടിക്കുകയാണ് സാധാരണ ചെയ്യുന്നത്. ടൈലിന്റെ നിറം അനുസരിച്ചായിരിക്കും വെള്ളത്തിന്റെ നിറം കാണപ്പെടുന്നത്. സെറാമിക് ടൈലുകളും, ഗ്ലാസ് ടൈലുകളും ഇതിനായി ഉപയോഗിക്കാം.
ഭിത്തിയിലും പ്രതലത്തിലും വരാവുന്ന നേരിയ വിള്ളലുകളും അതില്‍കൂടിയുള്ള ചോര്‍ച്ചയുമാണ് ടൈലുകള്‍ പതിച്ച പൂളിന്റെ ന്യൂനത. ഈ പ്രശ്നം 1.5 എം.എം. കട്ടിയുള്ള ലൈനര്‍ വിരിക്കുന്നതിലൂടെ പരിഹരിക്കാം. സെജോയ് പൂള്സ് എന്ന സാങ്കേതിക വിദ്യയാണ് ഇത്തരം പൂളുകളുടെ നിര്‍മാണത്തിലെ മറ്റൊരു രീതി. ഈ ടെക്നോളജി ഉപയോഗിച്ച് പണിയുന്ന പൂളുകളില്‍ പ്ലാന്റ് റൂം, ബാലന്‍സ് ടാങ്ക്, ബറീഡ് പൈപ്പ് ലൈന്‍, ഓവര്‍ ഫ്ലോ ഗട്ടര്‍ എന്നിവ ആവശ്യമായി വരുന്നില്ല.
ശ്രദ്ധിക്കുക
ഏതു തരത്തിലുള്ള പൂളാണെങ്കിലും വെള്ളം ദിവസേന വൃത്തിയാക്കണം. അതുകൊണ്ട് ഫില്‍ട്രേഷന്‍ ടെക്നോളജിയാണ് പൂള് നിര്‍മാ ണത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പരമ്പരാഗത ശൈലിയിലുള്ള സാന്റ് ഫില്‍ട്ടര്‍, കാറ്ററിഡ്ജ് ഫില്‍റ്റര്‍ എന്നിവ 40 മൈക്രോണ്‍ ക്ലാരിറ്റി നല്കുമ്പോള് മെം ബ്രെയിന്‍ ഫില്ട്ടറേഷന് ടെക്നോളജി 5-11 മൈക്രോണ്‍ ക്ലാരിറ്റിയാണ് ഉറപ്പുതരുന്നത്. നീന്തല്‍ കുളത്തിന്റെ ഡക്ക് ഏരിയയില്‍ തന്നെ ഫിക്സ് ചെയ്യാവുന്ന കോംപാക്ട് ഫില്ട്ടറേഷന് യൂണിറ്റുകള്‍വരെ ഉണ്ട്.
ഏത് ആകൃതിയിലും വലുപ്പത്തിലും താഴ്ചയിലും ഫലപ്രദമായ ഫില്ട്ടറേഷന് സംവിധാനമാണ് മെംബ്രെയിന്‍. പൂളിനകത്തുതന്നെ അക്വേറിയം സെറ്റുചെയ്യുന്ന രീതിയും ഇപ്പോള്‍ നിവിലുണ്ട്.
ഒരുപക്ഷേ ഫില്റ്ററിങ്ങ്കൊണ്ട് മാത്രം വെള്ളം ശുദ്ധമാകണമെന്നില്ല. വെള്ളത്തിലുള്ള സൂക്ഷ്മ ജീവികളെ നീക്കം ചെയ്യണമെങ്കില്‍ രാസപ്രക്രിയ വേണ്ടിവരും. ഇതിന് സാധാരണ ഉപയോഗിക്കുന്നത് ക്ലോറിനാണ്.
പൂള് പണിയുമ്പോള്‍
അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുക എന്നതാണ് പൂള് നിര്‍മ്മാണത്തില്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ആകാശത്തിന്റെ പ്രതിഫലനം കിട്ടുന്ന രീതിയില്‍ പണിതാല്‍ വെള്ളത്തിന് നീല നിറം കിട്ടും. അഞ്ച് മീറ്റര്‍ പൂളുകള്‍ പണിത് അതില്‍ ക്രോസ് കറന്റ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ സമയം ഒരേ സ്ഥലത്തുതന്നെ നീന്തുവാന്‍ സാധിക്കും. വെള്ളത്തില്‍ ഒഴുക്കുണ്ടാക്കുന്ന സാങ്കേതികവിദ്യയാണ് ക്രോസ് കറന്റ്. പൂളില്‍ നാച്വറല്‍ സ്ലോപ് കൊടുത്ത് തീരം ഉണ്ടാക്കാനും അതില്‍ വേവ് മോട്ടോര്‍ ഘടിപ്പിച്ച് തിര തീരത്തേക്ക് അടിച്ചുവരുന്ന പ്രതീതി ഉണ്ടാക്കാനും പറ്റിയ സംവിധാനമുണ്ട്. നീന്തലിനേക്കാള് റിലാക്സേഷന് മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ചെറിയ റെഡിമെയ്ഡ് പൂളുകള്‍ (ജാസൂഡി, സ്പാ) ടോയ്ലറ്റിനോട് ചേര്‍ത്ത് സ്ഥാപിക്കാം.
പൂളിന്റെ ആകൃതി
വീടിന്റെയും കോമ്പൗണ്ടിന്റെയും ആകൃതി നോക്കിവേണം പൂളിന് ആകൃതി നിശ്ചയിക്കാന്‍. ചതുരമോ ദീര്‍ഘ ചതുരമോ ആയ സ്ഥലത്ത് ദീര്‍ഘ ചതുര പൂള് ആയിരിക്കും നല്ലത്. ഉപയോഗിക്കാനുള്ള സൗകര്യം കൂടുതല്‍ കണക്കിലെടുക്കുമ്പോഴും ദീര്‍ഘചതുരമോ, ഓവല്‍ ഷേപ്പിലുള്ളതോ ആയ പൂളുകളാണ് അഭികാമ്യം. ടൈല്‍ പതിക്കുന്ന പൂളാണെങ്കില് കോണ്‍ക്രീറ്റിങ്ങിന് ശേഷം പൂള് വാട്ടര്‍ പ്രൂഫ് ചെയ്യാന്‍ മറക്കരുത്. ലക്ഷങ്ങളില്‍ നിന്നും കോടികളിലേക്കാണ് പൂളുകളുടെ നിര്‍മാണ ചിലവ് ഉയരുന്നത്.