ലിവിങ് റൂമിന്റെ ആഢ്യത്വം

Posted on: 23 Sep 2012


സജി.സി.നായര്‍ലിവിങ് റൂം എന്ന കണ്‍സെപ്റ്റ് ഇപ്പോള്‍ കേരളത്തിലെ വീടുകളില്‍ ഏറെ കാണപ്പെടുന്നുണ്ട്. പണ്ട് ഹാള്‍ എന്ന് പറഞ്ഞ് ഒതുക്കിയതാണ് ലിവിങ് സ്‌പേസായി രൂപാന്തരപ്പെട്ടത്. പണ്ട് ഗസ്റ്റ് റൂം, സിറ്റിങ് പോയന്‍റ്, ഡൈനിങ് ഹാള്‍ എന്നിങ്ങനെ വേര്‍തിരിച്ചിരുന്നത് എല്ലാംകൂടി ചേര്‍ന്നാണ് ലിവിങ് സ്‌പേസായത്. വീടുകളില്‍ മറ്റെല്ലാ മുറികളെക്കാളും പ്രാധാന്യം നല്‍കുന്നതും ഈ ഭാഗത്തിനാണ്. കുടുംബാംഗങ്ങള്‍ ഏറെ നേരം ചെലവിടുന്നതും ഇവിടെയാണെന്നതുകൊണ്ടുതന്നെ ലിവിങ് സ്‌പേസിന്റെ പ്രാധാന്യമേറിയിട്ടുണ്ട്. അതിഥികള്‍ വന്നിരിക്കുന്നതും ഇവിടെയാണ്. പുറമെനിന്നു വരുന്ന ഒരാള്‍ക്ക് വീടിന്റെയും വീട്ടുകാരുടെയും ഏകദേശസ്വഭാവം ഈ ലിവിങ് സ്‌പേസില്‍നിന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ കഴിയാവുന്നവിധത്തില്‍ പോഷ് ആക്കിയെടുക്കാന്‍ ശ്രദ്ധിക്കുന്നതും ഇവിടെത്തന്നെ. ലിവിങ് സ്‌പേസിനെ വിവിധ ഭാഗങ്ങളായി തരം തിരിക്കുന്ന രീതിയാണ് ഇപ്പോള്‍ ട്രെന്‍ഡ്. വിശാലമായ ലിവിങ് സ്‌പേസില്‍ത്തന്നെ ആവശ്യത്തിന് സ്വകാര്യത ലഭിക്കുന്നവിധത്തില്‍ സജ്ജീകരിക്കുന്നതിലാണ് ഇന്‍റീരിയര്‍ ഡിസൈനറുടെ വിജയം. ലിവിങ് സ്‌പേസ് കുറഞ്ഞ മുതല്‍മുടക്കില്‍ സൗന്ദര്യവത്കരിക്കുന്നതിനും കൂടുതല്‍ സൗകര്യം തോന്നിക്കുന്നതിനും ചില പൊടിക്കൈകളിതാ.

ഇവിടെയും നിറവും കര്‍ട്ടനുകളും തന്നെയാണ് താരം. ഇളംനിറങ്ങള്‍തന്നെയാണ് ഇപ്പോഴും അധികമാളുകളും മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ഉപയോഗിക്കുന്ന നിറത്തിന് ചേരുന്ന കടും ഷേഡുകള്‍ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യുന്ന ട്രെന്‍ഡും ഇപ്പോഴുണ്ട്. വെള്ളയോ ഓഫ് വൈറ്റോ ആണ് പ്രധാനമായും ഉപയോഗിക്കുന്ന നിറങ്ങള്‍. വാള്‍ പേപ്പറുകളാണ് പുതിയതായി കടന്നുവന്നിരിക്കുന്നത്. വിവിധ ഡിസൈനുകളാണ് ഇതിന്റെ പ്രത്യേകത. പെയിന്‍റടിക്കുന്നതിനു പകരം പിന്നീട് പറിച്ചു കളഞ്ഞ് വേറെ ഒട്ടിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. സ്‌ക്വയര്‍ ഫീറ്റിന് പത്തു രൂപമുതല്‍ മുകളിലേക്കു വിലവരും. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം ഈര്‍പ്പമുണ്ടാകുന്ന ചുമരുകളില്‍ ഒട്ടിച്ചാല്‍ പ്രശ്‌നമാകും എന്നതാണ്. ഈര്‍പ്പത്തെ ചെറുക്കുന്ന വാള്‍പേപ്പറുകളും വിപണിയിലുണ്ട്. വാള്‍ ക്ലാഡിങ്ങാണ് ഇപ്പോള്‍ മറ്റൊരു ട്രെന്‍ഡ്. ചെലവേറുമെന്നുമാത്രം. ടൈലുകളോ സ്‌റ്റോണോ ഉപയോഗിച്ച് ഭിത്തി മോടി കൂട്ടുന്നതാണ് വാള്‍ ക്ലാഡിങ്. ചുമരിന് ഉപയോഗിക്കുന്ന പെയിന്‍റുകള്‍ ഏതായാലും നിലത്തുപയോഗിച്ചിരിക്കുന്ന മാര്‍ബിളിനോ ടൈലിനോ ചേരുന്ന വിധത്തിലായിരിക്കണം ഇത്.

കര്‍ട്ടനുകളാണ് ലിവിങ് സ്‌പേസിന്റെ മറ്റൊരു ആകര്‍ഷണം. ഇപ്പോള്‍ കേരളത്തില്‍ പ്രധാനമായും ലൈനിങ്ങുള്ള മൃദുവായ കര്‍ട്ടനുകളാണ് ഉപയോഗിക്കുന്നത്. ഒരുകാലത്ത് ചാക്കുപോലുള്ളവയായിരുന്നു ട്രെന്‍ഡ്. ലൈറ്റ് കര്‍ട്ടനുകള്‍ മുറിക്ക് വലിപ്പം തോന്നിപ്പിക്കും. ഡബിള്‍ ബ്ലെന്‍ഡാണ് അധികമിടത്തും ഉപയോഗിക്കുന്നത്. ലൈറ്റ് ഷേഡുകളായിരിക്കും മെയിന്‍ കര്‍ട്ടനും ബ്ലെന്‍ഡ് കര്‍ട്ടനും. മുറിയിലേക്ക് എത്ര വെളിച്ചം വേണമെന്ന് ഉദ്ദേശിക്കുന്നുവോ അതിനനുസരിച്ചുള്ള നിറമായിരിക്കണം ബ്ലെന്‍ഡ് കര്‍ട്ടനായി തിരഞ്ഞെടുക്കേണ്ടത്. രണ്ടും ഒരേ നിറം ഉപയോഗിക്കുന്നത് ഔട്ട് ഓഫ് ഫാഷനായിട്ടുണ്ട്. കര്‍ട്ടനുപയോഗിക്കുന്ന നിറങ്ങള്‍ തന്നെയാണ് ഫര്‍ണിച്ചറുകള്‍ക്കും ഉപയോഗിക്കുക. എന്നാല്‍ മുറിക്ക് കൂടുതല്‍ ഭംഗി തോന്നിക്കും. വെല്‍വെറ്റ്, സില്‍ക്ക്, അപ്‌ഹോള്‍സ്റ്ററിയാണ് ഇപ്പോള്‍ തിളങ്ങുന്നത്. ഫര്‍ണിച്ചറും അവയ്ക്കു തിരഞ്ഞെടുക്കുന്ന സ്ഥലവും പ്രാധാന്യമേറിയതാണ്. വലിയ ലിവിങ് റൂമാണെങ്കില്‍ രണ്ടോ മൂന്നോ ഭാഗമായി തരം തിരിക്കാവുന്നതാണ്. അതായത് അതിഥികള്‍ക്ക് ഇരിക്കാനായി പ്രത്യേകം സജ്ജീകരിച്ച ഭാഗം. കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ടി.വി. കാണാനും മറ്റുമായി മറ്റൊരുഭാഗം. ഡൈനിങ് ഹാളായി മൂന്നാമത്തെ ഭാഗം.

ഇങ്ങനെയൊക്കെക്കണ്ട് പേടിക്കേണ്ട ആവശ്യമൊന്നുമില്ല. സ്ഥലം ഇത്രയില്ലെങ്കില്‍ രണ്ടായും തിരിക്കാം. അതിഥികള്‍ക്കിരിക്കാനായി ഒരുക്കിയിരിക്കുന്ന ഭാഗത്ത് ടിവിയും ഹോം തിയേറ്ററും സജ്ജീകരിക്കാം. ഡൈനിങ് ഏരിയ മറുഭാഗത്തുമാക്കാം. ലിവിങ് റൂമിലെ ജനല്‍വാതില്‍ തുറക്കുന്നത് പൂന്തോട്ടത്തിലേക്കോ മുറ്റത്തേക്കോ ആണെങ്കില്‍ ജനല്‍വാതില്‍ തുറന്നിട്ടാല്‍ നല്ല വെളിച്ചവും കാഴ്ചയും കിട്ടും. അത് മുറിക്കു കൂടുതല്‍ സൗന്ദര്യമേകും. ഇങ്ങനെ തുറന്നിട്ടാല്‍ കാണാന്‍ കൊള്ളാവുന്ന ഒന്നുമില്ലെങ്കില്‍ മുറിയിലെത്തന്നെ എന്തെങ്കിലും ഹൈലൈറ്റ് ആക്കാവുന്നതാണ്. ചുമരിലെ ചിത്രമോ പെയിന്‍റിങ്ങോ ശില്പമോ, അങ്ങനെ എന്തെങ്കിലും. അല്ലെങ്കില്‍ നടുമുറ്റം, ഫിഷിങ് പോട്ട് എന്നിവയിലേക്കും അതിഥികളുടെ ശ്രദ്ധ തിരിക്കാം. ഇരിക്കുന്ന സ്ഥലങ്ങളെ വേര്‍തിരിക്കാന്‍ റഗ്‌സ് ഉപയോഗിക്കാം. പണ്ട് മുറി മുഴുവന്‍ കാര്‍പ്പെറ്റ് വിരിച്ചിരുന്ന സ്വഭാവം മാറി, അതിനുപകരം കടന്നു വന്നതാണ് റഗ്‌സ് എന്ന ചെറു കാര്‍പ്പെറ്റുകള്‍. വിവിധ ഡിസൈനുകളിലുള്ള റഗ്‌സ് വിപണിയിലുണ്ട്. മുറിയുടെ ആകാരത്തിനും നിറങ്ങള്‍ക്കും അനുയോജ്യമായവ തിരഞ്ഞെടുക്കാവുന്നതാണ്. കയറും ജൂട്ടും കയര്‍, വൂളന്‍ എന്നിങ്ങനെയുള്ളവ വിപണിയില്‍ ലഭിക്കും. സിന്തറ്റിക്, സില്‍ക്ക്, സില്‍ക്ക് വൂളന്‍ കോമ്പിനേഷന്‍ എന്നിവയും ലഭ്യമാണ്. ഓരോ സ്ഥലത്തിനും ഇണങ്ങുന്ന റഗ്‌സ് ഉപയോഗിച്ചാല്‍ മുറിക്ക് മിഴിവു ലഭിക്കുന്നതിനു പുറമെ മുറി വിഭജിച്ചിരിക്കുന്നത് വ്യക്തമായി അറിയാനും കഴിയും.


Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.