മാധാനവും ശാന്തതയും പ്രദാനം ചെയ്യുന്നതാവണം ഓരോ കിടപ്പുമുറിയും. പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുന്ന നവദമ്പതികളെ സംബന്ധിച്ച് കിടപ്പുമുറി വളരെയധികം വിശേഷപ്പെട്ടതാണ്. ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവെച്ചും പരസ്പരം താങ്ങായും മുന്നോട്ടു പോകാന്‍, ഉള്ളിലെ സ്‌നേഹത്തെ ഊട്ടിയുറപ്പിക്കാന്‍ അവരെ പ്രാപ്തരാക്കുന്ന ഇടം. അതിനാല്‍ തന്നെ വീട്ടിലെ മറ്റു മുറികളില്‍ നിന്നും വ്യത്യസ്തമായിരിക്കണം നവദമ്പതികളുടെ കിടപ്പുമുറി. അമിത ചിലവില്ലാതെ ചില കാര്യങ്ങളില്‍ ശ്രദ്ധ വച്ച് അതിഗംഭീരമായി യുവമിഥുനങ്ങള്‍ക്കു പ്രണയം തുളുമ്പുന്ന കിടക്കറ ഒരുക്കാം.

  • പ്രണയത്തിന്റെ തീവ്രതയും ഭാവവും നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷം മുറിക്കകത്ത് ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. പെയിന്റിങ്ങിലും മുറിയിലുള്ള അലങ്കാരങ്ങളിലും ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തുക. തീവ്ര പ്രണയത്തിന്റെ നിറമായ ചുവപ്പ് കിടപ്പുമുറിയെ ആര്‍ദ്രമാക്കും. എന്ന് കരുതി ചുമരിലും മറ്റും ചുവപ്പു വാരി പൊത്തരുത്. ആ നിറത്തിലുള്ള ഒന്നോ രണ്ടോ കുഷ്യന്‍സോ, ബെഡ്ഷീറ്റോ അല്ലെങ്കില്‍ ഒരു ബെഡ് ലാമ്പോ ആയാലും മതി. മഞ്ഞ, ഓറഞ്ച്, ഇളം പച്ച, പീച്ച്, ലാവന്‍ഡര്‍, അക്വാബ്ല്യൂ എന്നീ നിറങ്ങള്‍ ഊഷ്മളവും ഊര്‍ജം നിറഞ്ഞതുമാണ്. ഇവ മുറിയില്‍ പ്രസരിപ്പ് നിറയ്ക്കും. അതിനാല്‍ കിടപ്പുമുറിയുടെ ചുവരുകള്‍ക്കു ഈ നിറങ്ങള്‍ പകരാം.

home

  • ലൈറ്റിംഗിനുമുണ്ട് മുറിയില്‍ പ്രണയം നിറയ്ക്കുന്നതില്‍ പ്രധാന പങ്ക്. സ്വാഭാവികമായ പ്രകൃതി വെളിച്ചം മുറിയില്‍ നിറയുന്ന വിധമാകണം കിടക്കറ ഒരുക്കേണ്ടത്. സൂര്യവെളിച്ചവും പ്രകൃതിയിലെ ശുദ്ധമായ വായുവും മുറിയില്‍ നിറയ്ക്കുന്ന പോസിറ്റീവ് എനര്‍ജി വലുതാണ് ആര്‍ട്ടിഫിഷ്യല്‍ ലൈറ്റിംഗിന്റെ കാര്യം പറയുമ്പോള്‍ മങ്ങിയ എന്നാല്‍ തീവ്രതയുള്ളതുമായ വെളിച്ച സംവിധാനം നല്‍കാം. വ്യത്യസ്തമായ അലങ്കാര വിളക്കുകളും ഷാന്‍ഡ്‌ലിയറുകളും നല്‍കാം.
  • മുറിക്കകത്ത് പ്രണയാര്‍ദ്രമായ സുഗന്ധങ്ങള്‍ നിറയ്ക്കാം. എസ്സന്‍ഷ്യല്‍ ഓയിലുകള്‍, ഊദ്, മറ്റ് സുഗന്ധദ്രവ്യങ്ങൾ, ഡിഫ്യൂസേഴ്‌സ് എന്നിവ ഉപയോഗിക്കാം 
  • നല്ല പെയിന്റിങ്ങുകള്‍ ചുവരില്‍ നല്‍കാം. നിങ്ങളുടെ വിവാഹ ചിത്രമോ ഒരുമിച്ചുള്ള ഏതെങ്കിലും പ്രണയ നിമിഷമോ ചിത്രങ്ങളായോ കാരിക്കേച്ചറുകളായോ ചുവരില്‍ തൂക്കാം 

home

  • ഇരുകൂട്ടര്‍ക്കും ഇഷ്ടമുള്ള തീമോ കളറോ വേണം മുറിക്ക് നല്‍കാന്‍. അത് പോലെ തന്നെ കിടക്കവിരിയില്‍ തുടങ്ങി മുറിയിലെ മൊത്തം അലങ്കാരത്തിലും ഇരുവരുടെയും, അഭിപ്രായയം പരിഗണിക്കണം.
  • അമിതമായ അലങ്കാരങ്ങള്‍ നല്‍കുന്നതിനേക്കാള്‍ ലളിതവും എന്നാല്‍ മുറിക്കകമാനം മൂഡ് നല്‍കുന്നതുമായ മിതമായ അലങ്കാരങ്ങള്‍ നല്കാന്‍ ശ്രദ്ധിക്കുക. 
  • വീടിന്റെ തെക്കു കിഴക്കായി കിടപ്പുമുറി ഒരുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്. ഇത് അഗ്‌നി കോണ്‍ ആയതിനാല്‍ ഈ ഭാഗത്ത് കിടപ്പു മുറി വരുന്നത് ദമ്പതികള്‍ക്കിടയില്‍ കലഹത്തിനും പലവിധ അസുഖങ്ങള്‍ക്കും കാരണമാകുമത്രേ. അതേസമയം കിടപ്പുമുറി തെക്ക് പടിഞ്ഞാറ് വരുന്നതാണ് ഏറ്റവും അഭികാമ്യം. വടക്ക് പടിഞ്ഞാറ് ഭാഗവും പരിഗണിക്കാവുന്നതാണെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു.