രജിസ്‌ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും നിര്‍ബന്ധം; വാടക നിരക്കുയരും

Posted on: 05 Dec 2012
തിരുവനന്തപുരം: കെട്ടിടവും വീടും വാടകയ്‌ക്കെടുക്കുന്നതിന് രജിസ്ട്രഷനും സ്റ്റാമ്പ് ഡ്യൂട്ടിയും നിര്‍ബന്ധമാക്കുന്നതോടെ, വാടക നിരക്കുകള്‍ കൂടും.പുതിയ വാടക നിയമത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശമുള്ളത്. വാടക പ്രമാണം രജിസ്റ്റര്‍ ചെയ്യേണ്ടതും നിശ്ചിത സ്റ്റാമ്പ് ഡ്യൂട്ടിയടച്ച് മുദ്രപ്പത്രത്തില്‍ കരാര്‍ എഴുതേണ്ടതും കെട്ടിടം വാടകയ്ക്ക് എടുക്കുന്നയാളിന്റെ ചുമതലയാണ്.

വാടകയുടെ രണ്ട് ശതമാനമാണ് രജിസ്‌ട്രേഷന്‍ തുക. വാടകയുടെ ഏഴര ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടിയായി പ്രാഥമികമായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് കൂടുതലാണെന്ന് വിമര്‍ശമുയര്‍ന്നതിനാല്‍ ഏഴര ശതമാനമെന്നത് ഒഴിവാക്കി സ്ലാബ് സമ്പ്രദായം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വാടക രജിസ്‌ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും വരുന്നതോടെ സര്‍ക്കാരിന് പുതിയ ഒരു വരുമാന മാര്‍ഗം കൂടി ലഭിക്കുകയാണ്.

കെട്ടിട ഉടമയും വാടകക്കാരനും കൂടി ധാരണയിലായിവേണം വാടക കാലാവധി തീരുമാനിക്കാന്‍.എത്ര കുറഞ്ഞ നാളത്തേക്കാണെങ്കിലും കരാര്‍ രജിസ്റ്റര്‍ ചെയ്യുകയും മുദ്രപ്പത്രത്തില്‍ കരാര്‍ എഴുതുകയും വേണം. നിലവില്‍ 11 മാസത്തേക്ക് കരാര്‍ എഴുതി അത് പുതുക്കുന്ന പതിവാണുള്ളത്. പുതിയ നിയമം വരുന്നതോടെ ഇതിന് മാറ്റം വരും.

വാടകയ്ക്കു നല്‍കി മൂന്ന് വര്‍ഷത്തിനുള്ളില്‍ 20 ശതമാനം വരെയേ നിരക്ക് കൂട്ടാനാകൂ. കെട്ടിടം വാടകയ്‌ക്കെടുക്കുന്നയാളിന്റെ വിവരങ്ങളടക്കം പോലീസ് സ്റ്റേഷനിലും വിവരങ്ങള്‍ അറിയിക്കണം. ഇതിന്റെ ചുമതല കെട്ടിട ഉടമസ്ഥനാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഈ നടപടി. വിവരം അറിയിച്ചില്ലെങ്കില്‍ കെട്ടിട ഉടമയ്ക്ക് 500 രൂപ വരെ പിഴ ചുമത്താം.

വാടകക്കാരനെ ഒഴിപ്പിക്കാനും വ്യവസ്ഥകളുണ്ട്. വാടകകുടിശ്ശിക വരുത്തുക, വാടകയ്ക്ക് എടുത്തശേഷം മറിച്ച് വീണ്ടും വാടകയ്ക്ക് നല്‍കുക, അറ്റകുറ്റപ്പണിയോ, പുതുക്കിപ്പണിയോ നടത്തുക, സ്വന്തം ഉപയോഗത്തിനായി എടുക്കുക എന്നീ ആവശ്യങ്ങള്‍ക്കാണെങ്കില്‍ വാടകക്കാരനെ ഒഴിപ്പിക്കാം. പുതുക്കി പണിയാനായാണ് ഒഴിപ്പിക്കുന്നതെങ്കില്‍ അത് കഴിയുമ്പോള്‍ അതേ വാടകക്കാരന് തന്നെ കെട്ടിടം നല്‍കണം. ഇതിന് പുതുക്കിയ നിരക്ക് ഈടാക്കാം.

മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍ എന്നിവരുടെ കെട്ടിടത്തിന് പ്രത്യേക പരിഗണന കിട്ടും. അവര്‍ക്ക് വാടകയ്ക്ക് നല്‍കിയ ഒന്നില്‍കൂടുതല്‍ കെട്ടിടമുണ്ടെങ്കില്‍ അതില്‍ ഒന്ന് സ്വന്തമായി താമസിക്കുന്നതിനും മറ്റുമായി ഒഴിപ്പിക്കാം.

നിയമം നിലവില്‍ വരുമ്പോള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്ന കെട്ടിടമാണെങ്കിലും കരാര്‍ രജിസ്‌ട്രേഷന ടക്കമുള്ള കാര്യങ്ങള്‍ ചെയ്യണം. ഇവയുടെ വാടക നിരക്ക് ഇരുകൂട്ടരും ചേര്‍ന്ന് നിശ്ചയിക്കണം. തീര്‍പ്പാകുന്നില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനമെടുക്കും.

കമ്മിറ്റിയില്‍ ഇരുകൂട്ടരുടെയും പ്രതിനിധികളുണ്ടാകും. തീരുമാനം പൊതുമരമാത്തുവകുപ്പിന്റെ നിരക്ക് അടിസ്ഥാനമാക്കിയായിരിക്കണം. ഈ കമ്മിറ്റിയുടെ തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ കോടതിയില്‍ നിന്നായിരിക്കും പിന്നീട് തീര്‍പ്പുണ്ടാകുക.

വ്യാപാരി- വ്യവസായി നേതാക്കളുമായും കെട്ടിട ഉടമകളുമായും ധനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ കരട് നിയമത്തില്‍ ഭേദഗതി വരുത്തി പുതുക്കിയ കരടിന് രൂപം നല്‍കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ ജംഗമ വസ്തുനിയമത്തിലെ വ്യവസ്ഥകള്‍ക്ക് ഈ നിയത്തിലെ ചില വകുപ്പുകള്‍ വിരുദ്ധമായതിനാല്‍ നിയമത്തിന് കേന്ദ്ര അംഗീകാരവും രാഷ്ട്രപതിയുടെ അനുമതിയും ആവശ്യമാണ്.

ഡിസംബറില്‍ ചേരുന്ന നിയമസഭയില്‍ നിയമം പാസാക്കാന്‍ സാധ്യത കുറവാണെങ്കിലും പൊതുജനാഭിപ്രായം അറിയാനായി നിയമം ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും.


Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.