പാക്കനാരും മുളയും തമ്മില്‍ പൊക്കിള്‍ക്കൊടി ബന്ധമാണെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി കാണില്ല. കാരണം മുളയും മുള ഉത്പന്നങ്ങളും ഉപജീവനമാര്‍ഗമാക്കിയ,പരമ്പരാഗതമായി മുളയെ ആശ്രയിച്ചു ജീവിക്കുന്ന ഒരു വീട്ടിലാണ് പാക്കനാരുടെ ജനനം. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ മുളവീടിന്റെ ആര്‍ക്കിടെക്റ്റ് എന്ന മേല്‍വിലാസത്തിനു മുമ്പേ  ബാംബു സിംഫണിയില്‍ മനോഹരമായ സംഗീതമൊരുക്കിയും മുളയില്‍ കരകൗശല വിസ്മയങ്ങള്‍ തീര്‍ത്തും ഉണ്ണികൃഷ്ണ പാക്കാനാര്‍ തൃശ്ശൂരിന്റെ സാംസ്‌കാരിക ഇടങ്ങളില്‍ എന്നെ സാന്നിധ്യമറിയിച്ചിരുന്നു. 

bamboo house

മുളയോട് എന്താണിത്ര സ്‌നേഹമെന്നു ചോദിച്ചാല്‍ പാക്കനാര്‍ പറയും പാവപ്പെട്ടവന്റെ വൃക്ഷമാണ് മുളയെന്നും സാധാരണക്കാരന്റെ ജീവിതത്തോട് മുള പണ്ടേയ്ക്ക് പണ്ടേ ചേര്‍ന്നു നിന്നിരുന്നുവെന്നും. ദിനോസറിന്റെ കാലഘട്ടം മുതല്‍ മുള ഭൂമിയില്‍ ഉണ്ടായിരുന്നതായും പാക്കനാര്‍ പറയുന്നു.  

bamboo house

കേരളമാണ് മുള ഉപഭോഗത്തില്‍ പിന്നാക്കം നില്‍ക്കുന്നതെന്ന പരാതി പാക്കനാര്‍ക്കുണ്ട്.  ഓരോ ഉത്പന്നത്തിന്റെയും സാധ്യതകളെ പറ്റി കേരളത്തില്‍ ഗൗരമേറിയ പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും മുളയുടെ ഉപഭോക സാധ്യതകളെപറ്റി  വേണ്ട രീതിയില്‍ പഠനം നടക്കുന്നുണ്ടോയെന്നു സംശയമാണെന്നും പാക്കനാര്‍ പറയുന്നു. ബാംബൂ കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നാണ് അല്‍പ്പമെങ്കിലും ശ്രമങ്ങള്‍ നടക്കുന്നത്. 

മുള വീട്ടില്‍ താമസിച്ച് മുള ഭക്ഷണമൊക്കെ കഴിച്ച് പരമാവധി പ്രകൃതിയോടിണങ്ങി ജീവിക്കുന്നതാണ് തന്റെ വലിയ സ്വപ്‌നമെന്ന്  പാക്കനാര്‍ പറയുന്നു.

bamboo house

പലാഴിയില്‍ നിര്‍മിച്ച മുളവീടിനെക്കുറിച്ച് 

അതിരപ്പിള്ളി, വാഴച്ചാല്‍, മേഖലയില്‍ നിന്നുമാണ് ഞാന്‍ പ്രധാനമായും മുളശേഖരിക്കാറുള്ളത്. ഹാര്‍വാസ്റ്റിങ്ങ് നടത്തിയാണ് മുളവീടിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. മുളയുടെ ബ്ലീച്ചിങ്ങ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ മാത്രം ഒരുമാസത്തോളം സമയമെടുക്കും. ബോറിക് ബൊറാക്‌സ് എന്നീ കെമിക്കലുകള്‍ ഉപയോഗിച്ചാണ് ബ്ലീച്ചിങ്ങ് മിശ്രിതം തയാറാക്കുന്നത്. മുളയുടെ പുളിപ്പ് പോകാനാണ് ബ്ലീച്ച് ചെയ്യുന്നത്. തുടര്‍ന്ന് ജലാംശം കളയാനായി കുത്തിച്ചാരി വെയ്ക്കും. ഇങ്ങനെ ട്രീറ്റ്‌മെന്റ് ചെയ്‌തെടുക്കുന്ന മുള ഏതുതരം നിര്‍മിതികള്‍ക്ക് വേണമെങ്കിലും ഉപയോഗപ്പെടുത്താം. 

bamboo house

മൂന്നുഘട്ടമായാണ് മുളവീട് നിര്‍മിച്ചത്. മേല്‍ക്കൂര എങ്ങനെ വേണമെന്ന കാര്യത്തില്‍ ആദ്യം സംശയങ്ങളുണ്ടായിരുന്നു. പിന്നീട്  ഹൊറിഗേറ്റഡ് രീതിയില്‍ മേല്‍ക്കൂര നിര്‍മിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഏകദേശം 2600 മുളയോട് ഉപയോഗിച്ചാണ് വീടിന്റെ മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത്.  കാറ്റിനെ പ്രതിരോധിക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. മൊത്തം 60 ടണ്‍മുള വേണ്ടിവന്നു വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍. 40 തോളം ജോലിക്കാര്‍ ഒരുവര്‍ഷത്തോളം ജോലി ചെയ്താണ് മുളവീട് പൂര്‍ത്തിയാക്കിയത്.

  പതിനഞ്ച് വര്‍ഷത്തോളമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പാക്കനാര്‍  സ്വന്തം വീടു നിര്‍മിച്ചിരിക്കുന്നതും മുളകൊണ്ടാണ്.  വീടുകളെക്കാള്‍ കൂടുതല്‍ റിസോര്‍ട്ടുകളാണ് പാക്കനാര്‍ നിര്‍മിച്ചവയുടെ പട്ടികയില്‍ ഉള്ളത്. ചാലക്കുടിയിലെ രസ ഇന്റര്‍നാഷ്ണല്‍ ഉള്‍പ്പെടെ ഹോട്ടലും ചെറിയ ഹട്ടുകളും പാക്കാനാര്‍ ഇതിനോടകം പണിതു നല്‍കി.  

100 വര്‍ഷം വരെ ആയുസ്സുള്ള മുളകള്‍ വരെ കണ്ടെത്തിയിട്ടുണ്ടെന്ന് പറയുന്ന പാക്കനാര്‍ക്ക് തന്റെ മുളവീടിന്റെ ആയുസ്സിന്റെ കാര്യത്തില്‍ മറ്റൊരു ഗ്യാരണ്ടി നല്‍കാനില്ല. ഭൂകമ്പം വന്നാലും മുളവീട് കുലുങ്ങില്ലെന്ന് പാക്കനാര്‍ പറയുന്നു. 100 ശതമാനം പ്രകൃതിയോടിണങ്ങിയുള്ള നിര്‍മാണ രീതിയായതിനാല്‍ പാക്കനാര്‍ക്ക് ചാരിതാര്‍ത്ഥ്യം ഏറെയാണ്

bamboo house

ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് കൊറ്റനെല്ലൂര്‍ ആണ് പാക്കനാരുടെ വീട്. സന്ധ്യയാണ് ഭാര്യ, സപ്തമി കൃഷ്ണ പാക്കനാര്‍ മകളും. മുളകളില്‍ നിന്നും വിസ്മയിപ്പിക്കുന്ന സംഗീതമൊരുക്കിയും മുളവീട് കെട്ടിയും ഈ യുവാവ് മുളതന്നെ ജീവിതമാക്കി മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ മുളകൊണ്ട് എന്തൊക്കെ ചെയ്യുമെന്നു ചോദിച്ചാല്‍ പാക്കനാര്‍ ആത്മവിശ്വാസത്തോടെ പറയും 'എന്തും ചെയ്യും'


 പാക്കനാരെ ബന്ധപ്പെടേണ്ട നമ്പര്‍: 9495637737

 ഫോട്ടോ : ജെ.ഫിലിപ്പ്