AD 1917 തേക്കടിയിലെ വന്യ ട്രീ ഹൗസിലെത്തുമ്പോള്‍ നൂറു വര്‍ഷം പിറകിലേക്കാണ് സഞ്ചരിച്ചെത്തിയതെന്നു തോന്നും. പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്നു കിടക്കുന്ന കാട്ടുപ്രദേശം. മരംകൊണ്ടു പണികഴിപ്പിച്ച ട്രീ ഹൗസ്. മുറിയും ബാല്‍ക്കണിയും. താഴെ ഒരു കിണര്‍. അതിനോട് ചേര്‍ന്ന് കുളിക്കാന്‍ ഓലമേഞ്ഞ മറപ്പുര.

അതില്‍ സോപ്പും ഷാംപുവും ഒന്നുമില്ല. പകരം പയറുപൊടിയും ഇഞ്ചയും. പല്ലു തേക്കാന്‍ ഉമിക്കരി. തുറസായ സ്ഥലത്ത് കല്ലുവെച്ച അടുപ്പുണ്ട്. അവിടെ തീ കൂട്ടിയാണ് ഭക്ഷണമൊരുക്കുന്നത്. മണ്‍ചട്ടിയിലാണ് പാചകം. അരകല്ലും അമ്മിക്കല്ലുമെല്ലാം ഉപയോഗിച്ചുള്ള 'പഴഞ്ചന്‍ പാചകം'. പാകം ചെയ്യുന്നത് കപ്പയും ചേനയും ചേമ്പും കാച്ചിലും കഞ്ഞിയും പയറും ചുട്ട പപ്പടവുമെല്ലാം. കഴിക്കുന്നത് മണ്‍പാത്രത്തില്‍- തടികൊണ്ടുള്ള തവിയും സ്പൂണും ഉപയോഗിച്ച്. ട്രീ ഹൗസില്‍ വലിയ ലൈറ്റും വെളിച്ചവും പുതിയ ടെക്നോളജികളുമില്ല. ചിമ്മിണി വിളക്കിന്റെ മഞ്ഞവെട്ടം മാത്രം. ഒന്നോ, രണ്ടോ ദിവസം നൂറുവര്‍ഷം പഴയ നാടന്‍ മലയാളി ജീവിതം ജീവിക്കാം.

മന്നാര്‍കുടി എന്നു പേരുള്ള ഒരു ട്രൈബല്‍ കുടുംബം താമസിച്ചിരുന്ന സ്ഥലമായിരുന്നു, ഇത്. അക്കാലത്ത് അവര്‍ ഉപയോഗിച്ചിരുന്ന വീട് ഇപ്പോഴും അതുപോലെതന്നെ കാത്തുസൂക്ഷിച്ചിട്ടുണ്ട്. തേക്കടിയില്‍നിന്ന് നാല് കിലോമീറ്റര്‍ ഓഫ് റോഡ് ജീപ്പ് ഡ്രൈവിനു ശേഷമാണ് ട്രീ ഹൗസിലെത്തുക. ജീപ്പിറങ്ങിക്കഴിഞ്ഞ്, 800 മീറ്ററോളം നടന്നുകയറണം. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 2000 അടി ഉയരമുള്ള ഹില്‍സ്റ്റേഷനാണിത്. മലകള്‍ക്കും മരങ്ങള്‍ക്കുമിടയില്‍ സൂര്യന് ഉദിക്കുന്നതും അസ്തമിക്കുന്നതും ട്രീ ഹൗസിന്റെ ബാല്ക്കണിയിലിരുന്നു കാണാം. കാട്ടുപോത്തും മ്ലാവും ആനയും വിഹരിക്കുന്ന കാട്. അനേകയിനം പക്ഷികളുടെ താവളം.
കാട്ടിലേക്ക് രാത്രിയിലും പകലും കോടമഞ്ഞിറങ്ങുന്ന വഴിയിലൂടെ ട്രക്കിങ്ങ്. വന്യമൃഗങ്ങളെ കാണാനും പക്ഷിനിരീക്ഷണത്തിനുമാണ് സഞ്ചാരികള്‍ പലരും ഇവിടെ എത്തിയിരുന്നത്. ഇപ്പോള്‍ ട്രീ ഹൗസുകള്‍ മധുവിധു ആഘോഷത്തിന്റെ ഇടമാണ്. മലയാളികള്‍ക്കു പുറമേ, യൂറോപ്പില്‍നിന്നും നോര്‍ത്തിന്ത്യയില്‍ നിന്നും ആളുകളെത്തുന്നു. കാടിനു നടുവിലെ ഒറ്റപ്പെട്ട മരമുകളില്‍ രാപ്പാര്‍ക്കുന്നു. തേക്കടി ഗ്രീന്‍വുഡ്സ് റിസോര്‍ട്ടിന്റെ ഭാഗമാണ് വന്യ ട്രീ ഹൗസ്. ഭക്ഷണവും ട്രക്കിങ്ങും മെഡിറ്റേഷനും അടക്കമുള്ള പാക്കേജില്‍ ഒരു ദിവസത്തെ ചാര്‍ജ്- 19,000 രൂപ. സഹായത്തിന് സ്റ്റാഫുകളുണ്ടാകും.
മഞ്ഞലയില്‍ മരമുകളില്‍
മൂന്നാര്‍ ടൗണില്‍ നിന്ന് അരമണിക്കൂര്‍ ജീപ്പ് യാത്ര നടത്തിയാലോ?. റോഡിന് ഒരു വശം കാട്. മറുവശത്ത് പച്ചപിടിച്ച തേയിലത്തോട്ടം. റോഡിലേക്ക് തൂവിക്കിടക്കുന്ന കോടമഞ്ഞ്. ഡ്രൈവിന് അവസാനം എത്തിച്ചേരുന്നത് അഞ്ച് ട്രീ ഹൗസുകള്ക്കിടയിലേക്ക്. ഈ 'ട്രീ ഹൗസുകള്‍' എല്ലാ അര്‍ഥത്തിലും ട്രീ ഹൗസുകളാണ്. വലിയ മരം. അതിനു ചുറ്റുമായി തടിയില്‍ തീര്‍ത്തിരിക്കുന്ന മുറികള്‍. മരത്തിന് വേരുകള്‍പോലെ ഹൗസിന്റെ അടിഭാഗത്തുനിന്ന് ഒരുകൂട്ടം താങ്ങുകള്‍. ഹൗസിനു നടുവില്‍ മുറിയിലൂടെ മേല്‍ക്കൂരയും കടന്ന് വളര്‍ന്നു നില്ക്കുന്ന മരം. വെട്ടിയൊതുക്കിയ മരച്ചില്ലകളില്‍ അലങ്കാരവസ്തുക്കള്‍.
രണ്ടു പേര്‍ക്കു തങ്ങാവുന്ന ട്രീ ഹൗസില്‍ അതിഥികളായി എത്തുന്നത് ഹണിമൂണ്‍ ആഘോഷിക്കുന്നവര്തന്നെ. ആള്‍ക്കൂട്ടത്തിന്റെ ബഹളമില്ല. സഞ്ചാരികളുടെ ശല്യമില്ല. നിശബ്ദമായ മരക്കൂട്ടങ്ങള്‍ക്കിടയില്‍ തണുപ്പു പുതച്ചുകിടക്കുന്ന ട്രീ ഹൗസ്. ചുറ്റും കാട്. പെയ്തിറങ്ങുന്ന മഞ്ഞ്. മധുവിധുവിന് മൂന്നാറിലെത്തുന്നവര്‍ നേച്ചര്‍ സോണ്‍ റിസോര്‍ട്ടിലെ മരച്ചില്ലകള്‍ തേടിയെത്തുന്നതില്‍ അത്ഭുതമില്ല. രണ്ടു രാത്രിയും മൂന്നു പകലുകളുമുള്ള ഹണിമൂണ്‍ പാക്കേജിന് ഏകദേശം 20,000 രൂപയാണ് ചിലവാകുക.
സൈലന്റ് വാലിക്കടുത്ത്
മുപ്പത് അടി ഉയരമുള്ള മരത്തിന് മുകളില്‍ ഒരു ട്രീ ഹൗസ്. ചുറ്റും വനം. സൈലന്റ് വാലിക്കടുത്താണ് ട്രീ ടോപ്പ് റിസോര്‍ട്ടിന്റെ മൂന്ന് ട്രീ ഹൗസുകളുള്ളത്. പാലക്കാട് മുക്കാലിയില്‍നിന്ന് 20 മിനിറ്റ് ജീപ്പ് യാത്ര. രണ്ടു പേര്‍ക്കാണ് താമസം അനുവദിക്കുന്നത്. ഏകദേശം 4000 രൂപയാണ് ഒരു രാത്രി-പകല്‍ പാക്കേജിന്. സസ്യജാലങ്ങളുടെയും ചിത്രശലഭങ്ങളുടെയും വൈവിധ്യംകൊണ്ട് സമ്പന്നമായ സൈലന്റ് വാലി ദേശീയോദ്യാനം തൊട്ടടുത്ത്. കുറച്ച് യാത്രചെയ്താല്‍ പറമ്പിക്കുളം വൈല്‍ഡ് ലൈഫ് സാങ്ച്വറി. മയിലുകള്‍ വിഹരിക്കുന്ന ചൂലനൂര്‍ പീക്കോക്ക് സാങ്ച്വറി. ഒരു യാത്രയില്‍ ഒരുപാട് അനുഭവങ്ങള്‍.
അതിരില്ലാത്ത വനഭംഗി
കുതിച്ചു ചാടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് തുറക്കുന്ന ബാല്‍ക്കണി. നാലുവശത്തും കാട്. സുതാര്യമായ ചില്ലില്‍ തീര്‍ത്ത ജനാലയിലേക്ക് വന്നുവീഴുന്ന മഴത്തുള്ളികള്‍. കാടിന്റെയും വെള്ളച്ചാട്ടത്തിന്റെയും മനോഹാരിത മരമുകളിലിരുന്ന് ആസ്വദിക്കാം. ഇടയ്ക്ക് 'സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍' വന്യജീവികളെത്തും.
അതിരപ്പിള്ളിയിലെ റെയിന്‍ ഫോറസ്റ്റ് ട്രീ ഹൗസിലാണ് ഈ കാഴ്ചകള്‍. ട്രീ ഹൗസില്‍ ബെഡ്റൂം, ബാല്‍ക്കണി എന്നിവയ്ക്കൊപ്പം മിനി ഫ്രിഡ്ജ്, കോഫി മെഷീന് തുടങ്ങി ഹോട്ടല്‍ മുറിയില്‍ ലഭിക്കുന്ന സൗകര്യങ്ങളെല്ലാം കാത്തിരിപ്പുണ്ട്. എട്ടു വര്‍ഷം മുന്‍പാണ് കാടിന്റെയും വെള്ളച്ചാട്ടത്തിന്റെയും 360 ഡിഗ്രി കാഴ്ചയൊരുക്കുന്ന ട്രീ ഹൗസ് പണികഴിപ്പിച്ചത്. പ്രകൃതിയുടെ ഭംഗിയും മോഡേണ്‍ ആര്‍ക്കിടെക്ചറും സമന്വയിക്കുന്ന ഡിസൈനിലാണ് ട്രീ ഹൗസ്. മരത്തിനും ചുറ്റുമുള്ള സസ്യജാലങ്ങള്‍ക്കും പോറലേല്‍പ്പിക്കുന്നില്ല.

ഹരിത ഭവനം
മുപ്പത് ഏക്കറോളം പടര്‍ന്നു കിടക്കുന്ന കാപ്പിത്തോട്ടം. ഏറ്റവും ഉയരത്തില്‍ തേക്കില്‍ തീര്‍ത്ത ട്രീ ഹൗസ്. അവിടെ നിന്നുള്ള നോട്ടത്തില്‍ വയനാടന്‍ പച്ചപ്പിന്റെ മുഴുവന്‍ സൗന്ദര്യവും കണ്ണില്‍ നിറയും. ചുറ്റുമുള്ള പ്ലാന്റേഷനു മുകളില്‍ മഞ്ഞുവീഴുന്ന കാഴ്ച ആസ്വദിക്കാന്‍ പറ്റുന്ന വരാന്തയും സിറ്റൗട്ടും. മോഡേണ്‍ രീതിയിലുള്ള ട്രീ ഹൗസ്. മാര്‍മലെയ്ഡ് സ്പ്രിങ് റിസോര്‍ട്ടിന്റെ ഭാഗമാണ് ട്രീ ഹൗസ്.
2017 ഡിസംബര്‍ ലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്. ഗൃഹലക്ഷ്മി വാങ്ങിക്കാം
tree houses in kerala, eco friendly houses tourism in kerala