ൾത്താരയ്ക്ക് മുകളിലായി മനോഹരമായ മകുടം. മകുടത്തിന്റെ ചില്ലു ജാലകത്തിലൂടെ വെളിച്ചം പള്ളിക്കകത്തേക്ക് കടന്നുവരുന്നു. ആദ്യകാലത്ത് പൂർവികർ നിർമിച്ച ഭിത്തികളും തറയും ബലിപീഠവും അതേപടി നിലനിർത്തിയിരിക്കുകയാണ്. 

മണ്ണ് കൊണ്ടുവന്ന് പ്രത്യേക രീതിയിൽ കട്ടകൾ തയ്യാറാക്കിയ ശേഷമാണ് നിർമാണം തുടങ്ങിയത്. കട്ടകൾക്ക് മീതേ മൺകുഴമ്പു കൊണ്ടാണ് പ്ലാസ്റ്ററിങ്. പോണ്ടിച്ചേരിയിൽ നിന്നുള്ള തൊഴിലാളികളാണ് ജോലികൾ നിർവഹിച്ചത്.   മലങ്കര മെത്രാപ്പോലീത്ത ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ  പ്രത്യേക താത്‌പര്യമെടുത്താണ് പള്ളി പുനർനിർമിച്ചത്. മെത്രാപ്പോലീത്തയും സഭാ മാനേജിങ് കമ്മിറ്റിയും ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. വിനു ഡാനിയേലാണ് ആർക്കിടെക്ട്.
  
ജോൺ സാമുവൽ കുരുവിളയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മണ്ണു കൊണ്ടുള്ള പള്ളി എന്ന ആശയവും അദ്ദേഹത്തിന്റേതാണ്. മെത്രാപ്പോലീത്തയാണ്, വിദേശത്ത് ബിസിനസ് ചെയ്യുന്ന ജോൺ സാമുവൽ കുരുവിളയെ പള്ളി നിർമാണച്ചുമതല ഏൽപ്പിച്ചത്. രണ്ടര വർഷം കൊണ്ടാണ് നിർമാണം പൂർത്തിയായതെന്ന് ജോൺ സാമുവൽ പറഞ്ഞു. രണ്ടര കോടി രൂപയോളം ചെലവായി. 

ഫാദർ ബെഞ്ചമിൻ തോമസാണ് പള്ളിയുടെ വികാരിയും മാനേജരും. ഓർത്തഡോക്സ് സഭയുടെ പൗരാണികതയും മാർത്തോമൻ പാരമ്പര്യവും പുതിയ തലമുറയെ ബോധ്യപ്പെടുത്തുന്നതിനായി പള്ളിയോട് ചേർന്ന് ഒരു മ്യൂസിയവും സ്ഥാപിക്കുന്നുണ്ടെന്ന് ഫാദർ  ബെഞ്ചമിൻ തോമസ് പറഞ്ഞു. ഇതിനുള്ള ജോലികൾ  നടന്നുവരികയാണ്.  കേരളത്തിലെ ക്രിസ്തീയ സഭയുടെ ചരിത്രം തിരുത്തിക്കുറിച്ച സംഭവബഹുലമായ കഥയാണ് കൂനൻ കുരിശ് പഴയ സുറിയാനിപ്പള്ളിക്ക് പറയാനുള്ളത്. 1751 ലാണ് മട്ടാഞ്ചേരിയിൽ ഈ പള്ളി സ്ഥാപിച്ചത്. പാശ്ചാത്യ സുറിയാനി സഭയിൽ നിന്ന് മലങ്കരയിലെത്തിയ മാർ ബസേലിയോസ് ശക്രള്ള മഫ്രിയാനയുടെ നേതൃത്വത്തിലാണ് പള്ളി സ്ഥാപിച്ചത്. മാർ ശക്രള്ള ബാവ പള്ളിക്കകത്ത് താമസിച്ച് സഭാ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. 

1764 ൽ അദ്ദേഹം കാലം ചെയ്തു. സഭാ തർക്കങ്ങളിലും വ്യവഹാരങ്ങളിലും പെട്ട് വർഷങ്ങളോളം പൂട്ടിയിട്ട പള്ളി 1995 ലെ സുപ്രീം കോടതിവിധിയെ തുടർന്ന് മലങ്കരസഭയുടെ പൂർണ അവകാശത്തിലും  നിയന്ത്രണത്തിലുമായി. 60 സെന്റ് ഭൂമിയിലാണ് പള്ളി സ്ഥിതിചെയ്യുന്നത്.  ചരിത്രപ്രസിദ്ധമായ കൂനൻ കുരിശ് സത്യത്തെ ഒന്നാം  സ്വാതന്ത്ര്യസമരമെന്നാണ് മലങ്കരസഭ വിശേഷിപ്പിക്കുന്നത്. പുനർനിർമിച്ച പള്ളിക്കടുത്ത്  സ്ഥാപിച്ചിട്ടുള്ള സ്മാരകത്തിൽ ഇത് കൊത്തിവച്ചിരിക്കുന്നു.  

പുതുക്കിനിർമിച്ച ദേവാലയത്തിന്റെ കൂദാശ ചടങ്ങുകൾ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് പഴയന്നൂർ ക്ഷേത്രമൈതാനത്ത് നിന്ന് ഘോഷയാത്ര തുടങ്ങും. തുടർന്ന് കൂനൻ കുരിശ് സത്യം അനുസ്മരണം നടക്കും. രാത്രി 8.30 ന് തീർത്ഥാടക സംഗമം എം.പി. അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച കൂദാശ ചടങ്ങുകളുടെ രണ്ടാം ഘട്ടം നടക്കും. രാവിലെ കുർബാന, ശിലാഫലകം അനാച്ഛാദനം,  പൊതുസമ്മേളനം എന്നിവയുണ്ടാകും. 

ഉച്ചയ്ക്ക് ആദ്ധ്യാത്മിക സംഘടനകളുടെ സംഗമം, കലാപരിപാടികൾ എന്നിവയുമുണ്ടാകും. ചടങ്ങുകൾക്ക് മലങ്കര മെത്രാപ്പോലീത്ത മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ  മുഖ്യകാർമികനാകും.