കൂടു വിട്ട് കൂടു മാറേണ്ട സാഹചര്യങ്ങളിലേക്ക് പുതിയ തൊഴില്‍ സംസ്‌കാരങ്ങള്‍ നമ്മെ നയിക്കുമ്പോള്‍ നമുക്കൊപ്പം സഞ്ചരിക്കുന്നുണ്ട് ഒരു വീട്. കണ്ടെയ്നര്‍ വീടുകളെ ഇങ്ങനെയും നമുക്ക് വിശേഷിപ്പിക്കാം. ചിന്തിക്കുമ്പോള്‍ കൗതുകകരമായി തോന്നാമെങ്കിലും ഇത്തരം പോര്‍ട്ടബിള്‍ നിര്‍മ്മിതികള്‍ക്ക് സമകാലീന ആവസ്ഥയില്‍ ആവശ്യക്കാര്‍ വന്നു തുടങ്ങിയിരിക്കുന്നു. മറ്റേത് ഉല്‍പ്പന്നങ്ങളും വസ്തുക്കളും വാങ്ങുന്നതുപോലെ വീടുകളും പായ്ക്ക് ചെയ്ത് ഓണ്‍ലൈനില്‍ വാങ്ങുന്ന കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. അതിശയോക്തിയായി തോന്നുന്നുവെങ്കില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലൂടെ ഒന്നു പരതിയില്‍ ഇത്തരം പോര്‍ട്ടബിള്‍
കണ്ടെയ്നര്‍ വീടുകളുടെ നീണ്ട നിര തന്നെ കാണാനാകും. 

തൊഴിലും തൊഴിലിടങ്ങളും അസ്ഥിരമാകുമ്പോള്‍ പാര്‍ക്കാന്‍ ഒരിടം തേടി അലഞ്ഞ് വരുമാനത്തിന്റെ മുഖ്യ പങ്കും വാടകയിനത്തിലും ലോണ്‍ അടവിനും ചിലവഴിക്കേണ്ടി വരുന്ന മധ്യവര്‍ഗ്ഗ സമൂഹമാണ് ഇത്തരം അന്വേഷകരില്‍ ഏറെയും. പാശ്ചാത്യ രാജ്യങ്ങളില്‍ കണ്ടെയ്നര്‍ ഉപയോഗിച്ചുള്ള ഇത്തരം പോര്‍ട്ടബിള്‍ നിര്‍മിതികളെ പാര്‍ക്കാനുള്ള ഇടമായും ഇടത്താവളമായും മറ്റു ആവശ്യങ്ങള്‍ക്കുമായി പുനരുപയോഗിക്കുന്നത് വ്യാപകമാണ്.

container house

എണ്‍പതുകളുടെ അവസാനത്തില്‍ ലോകരാജ്യങ്ങളില്‍ വികസിച്ചു വന്ന കണ്ടെയ്നര്‍ ഉപയോഗിച്ചുള്ള നിര്‍മിതികളും നിര്‍മ്മാണ രീതികളും (കാര്‍ഗോടെക്ചര്‍) നമ്മുടെ നാട്ടിലും എത്താന്‍ അധികകാലം വേണ്ടി വന്നില്ല. 2014-ല്‍ കേരളത്തിലെ ആദ്യത്തെ കണ്ടെയ്നര്‍ റസ്റ്റോറന്റ് കൊച്ചിയില്‍ (വൈറ്റില -കുണ്ടനൂര്‍ റോഡ്) പ്രവര്‍ത്തനം തുടങ്ങി. ആവിഷ്‌കാര്‍ ആര്‍കിടെക്റ്റ്സിലെ ആര്‍ക്കിടെക്റ്റ് ആതിരയും ഡിസൈനര്‍ സുബി സുരേന്ദ്രനും ചേര്‍ന്ന്  ഡിസൈന്‍ ചെയ്ത ഫുഡ് ബാരല്‍ ഏറെ പ്രത്യേകതകളുള്ള ഇരുനില കണ്ടെയ്നര്‍ നിര്‍മിതിയാണ്.

container house

കണ്ടെയ്നര്‍ വീടുകള്‍
പരമ്പരാഗത ഗൃഹനിര്‍മാണ രീതികളെ മാറ്റിനിര്‍ത്തി പുതുമയേറിയ ആശയങ്ങളെ ഉള്‍ക്കൊള്ളുന്നവര്‍ക്ക് ആശ്രയിക്കാവുന്ന നിര്‍മിതിയാണ് കണ്ടെയ്നര്‍ വീടുകള്‍. സസ്റ്റെയ്നബിള്‍ ആര്‍ക്കിടെക്ചറിന്റെ തിയറികളെ സമന്വയിപ്പിക്കുന്ന ഇത്തരം നിര്‍മിതികള്‍ പ്രകൃതി സൗഹൃദപരമായ ബദല്‍ മാതൃകയാണ്.

container house

നിര്‍മാണം 

ഷിപ്പിങ് കണ്ടെയ്നറുകള്‍ സാധാരണഗതിയില്‍ 20 അടി നീളത്തിലും എട്ട് അടി വീതിയിലും എട്ട് അടി ഉയരത്തിലും, അടക്കം ചെയ്ത ബോക്സുകളായിട്ടാണ് ലഭ്യമാവുന്നത്. 40 അടി നീളത്തിലുള്ളവയുമുണ്ട്. ഇവയെ നേരിട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയല്ല ചെയ്യുന്നത്. വേണ്ടവിധം വൃത്തിയാക്കിയെടുക്കുന്ന കണ്ടെയ്നറുകളെ ഉപഭോക്താക്കളുടെ ആവശ്യത്തിനും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് ഡിസൈന്‍ ചെയ്യുന്നു.

container house

40 അടിയുടെ കണ്ടെയ്നര്‍ ബോക്സില്‍ ഏകദേശം 320 സ്‌ക്വയര്‍ ഫീറ്റിന്റെ സ്ഥല ലഭ്യതയുണ്ടാകും. വീട് നിര്‍മ്മാണത്തിനാണെങ്കില്‍ ഇത് കണക്കാക്കി ബെഡ്‌റൂം, ഹാള്‍, കിച്ചണ്‍ തുടങ്ങിയവയും അതിനോടനുബന്ധിച്ചുള്ള മറ്റുസൗകര്യങ്ങളും  ഉള്‍പ്പെടുത്തും. ലളിതമായ സൗകര്യങ്ങളോടു കൂടിയ സ്റ്റുഡിയോ അപാര്‍ട്ട്മെന്റായോ പല നിലകളിലോ വാസയോഗ്യമായ രീതിയില്‍ ഇവ ഡിസൈന്‍ ചെയ്തെടുക്കാം. പരമ്പരാഗത വീട് നിര്‍മാണത്തിന് സമാനമായി ആവശ്യങ്ങള്‍ കൂടുമ്പോള്‍ ഇവിടെ കണ്ടെയ്നറുകളുടെ എണ്ണം കൂട്ടേണ്ടി വരുമെന്ന് മാത്രം.

container house

താപ ക്രമീകരണം

ഷിപ്പിങ് കണ്ടെയ്നര്‍ ബോക്സുകള്‍ Corten Steel കൊണ്ട് നിര്‍മിക്കപ്പെടുന്നതു കൊണ്ട് താപ ക്രമീകരണത്തിന് അകത്ത് നല്ല രീതിയില്‍ ഇന്‍സൊലേറ്റ് ചെയ്യുതാണ് ഉചിതം. റോക്ക് വൂള്‍, തെര്‍മോകോള്‍, സ്പ്രേ ഫോം തുടങ്ങി വിവിധ മാര്‍ഗ്ഗങ്ങളില്‍ ഇന്‍സൊലേറ്റ് ചെയ്യുന്ന കണ്ടെയ്നറുകള്‍, 'പാനല്‍ വര്‍ക്ക്' ചെയ്താണ് പുനര്‍നിര്‍മിതികള്‍ക്ക്ഉപയോഗിക്കാറുള്ളത്. മരവും എം.ഡി.എഫും അലൂമിനിയവുമെല്ലാം പാനലിങ് മെറ്റീരയലുകളാണ്. എ.സിയില്ലാതെയും താപം ക്രമീകരിക്കാന്‍ ഈ വിധം സംവിധാനങ്ങള്‍ കൊണ്ടാകും.

മറ്റ് സൗകര്യങ്ങള്‍

വീടിനു സമാനമായി റൂഫിംഗ്, ഫ്ളോറിംഗ്, ഇലക്ട്രിക് ആന്റ് പ്ലംബിങ് വര്‍ക്കുകള്‍ എല്ലാം തന്നെ കണ്ടെയ്നര്‍ നിര്‍മിതികളിലും ലഭ്യമാക്കാം. ടോയ്ലറ്റ് സൗകര്യങ്ങളും വേണ്ടവിധേന ഉള്‍ക്കൊള്ളിക്കാം. വാതിലുകളും ജനാലകളും ഡിസൈനിലേതു പോലെ യഥേഷ്ടം ഉറപ്പിക്കാവുന്നതാണ്.

അടിത്തറ
പരമ്പരാഗത വീട് നിര്‍മാണത്തിലേതു പോലെ അടിത്തറ നിര്‍മ്മാണം കണ്ടെയ്നര്‍ നിര്‍മിതികളിലെ ഒരു പ്രധാനപ്പെട്ട ഘട്ടമല്ല. കോണ്‍ക്രീറ്റ് പ്ലാറ്റ്ഫോം നിര്‍മിച്ചോ, കണ്ടെയ്നറിന്റെ നാലു മൂലകളും ബീമുകളിലോ ചെറിയ പില്ലറുകളിലോ ഭാരം താങ്ങാവുന്ന രീതിയില്‍ ഉറപ്പിച്ചാല്‍ മതിയാവും. 

container house

ഈടും ഉറപ്പും
കടലിലെ പ്രതികൂല കാലാവസ്ഥകളെ പോലും മറികടക്കാന്‍ ഉതകുന്ന വിധത്തില്‍ നിര്‍മ്മിക്കപ്പെടുന്ന കണ്ടെയ്നര്‍ ബോക്സുകളെ ഉറപ്പിന്റെ കാര്യത്തില്‍ സംശയിക്കേണ്ടതില്ല. Corten Steel ഉപയോഗിച്ച്
നിര്‍മ്മിക്കപ്പെടുന്നതിനാല്‍ എളുപ്പത്തില്‍ തുരുമ്പും പിടിക്കില്ല. കണ്ടെയ്നറുകളുടെ പുറം ഭാഗത്ത് ഉപയോഗിക്കുന്ന മറൈന്‍ പെയ്ന്റിങ്ങും പ്രത്യേകതയുള്ളതാണ്.

നിര്‍മ്മാണ ചെലവ്
സാമ്പത്തിക ലാഭമാണ് ഏവരെയും ഇതിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ചരക്കു നീക്കത്തിനായി ഉപയോഗിക്കുന്ന കണ്ടെയ്നറുകളില്‍ ലക്ഷകണക്കിന് എണ്ണമാണ് ഉപയോഗശൂന്യമായി പല ഷിപ്പിങ് യാര്‍ഡുകളില്‍ ലോകമെമ്പാടും കെട്ടികിടക്കുന്നത്. ഇവയില്‍ ഗുണമേന്മയുള്ളവ കണ്ടെത്തി, മനോഹരമായ രീതിയില്‍ രൂപമാറ്റം നടത്തി, വാസയോഗ്യമായ വീടുകളും മറ്റു നിര്‍മ്മിതികളുമൊക്കെയായി മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. നിര്‍മ്മാണ ചെലവില്‍ മറ്റു പരമ്പരാഗത രീതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 40 ശതമാനത്തോളം കുറവു വരുത്താനും സാധിക്കും.

20 അടിയുടെ കണ്ടെയ്നര്‍ രൂപമാറ്റം വരുത്തി (4 ജനലുകള്‍, 4 പ്ലഗ് പോയിന്റ്, ഫാന്‍, ലൈറ്റ്, എന്‍ട്രി ഡോര്‍, ഇന്‍സുലേഷന്‍, പാനലിങ്, വിനെയ്ല്‍ ഫ്ളോറിങ്) സൈറ്റ് ഓഫീസാക്കി നല്‍കുന്നതിന് രണ്ടര ലക്ഷത്തോളം രൂപയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് ലിഫ്റ്റേഴ്സ് എന്ന സ്ഥാപനം ഈടാക്കുന്നത്.

കെട്ടിട നിര്‍മാണ രംഗത്തെ പുതിയ ആശയങ്ങളെയും ബദല്‍ രീതികളെയും താല്‍പര്യപ്പെടുന്ന സമൂഹം ഇത്തരം 'ഔട്ട് ഓഫ് ബോക്സ്' നിര്‍മ്മിതികളെ സ്വാഗതം ചെയ്ത് തുടങ്ങിയിരിക്കുന്നു. ഇനി കണ്ടെയ്നര്‍ വീടുകളില്‍ ചെന്ന് രാപ്പാര്‍ക്കാമെന്ന്, സര്‍വ്വോപരി ഗ്ലോബല്‍ ആശയക്കാരായ മലയാളി ചിന്തിക്കുന്ന കാലം വിദൂരമല്ല. അത് നമ്മുടെ കണ്‍മുന്നില്‍ തന്നെയാണ്.

വിവരങ്ങള്‍ക്ക് :
ആതിര പ്രകാശ് (ആര്‍ക്കിടെക്റ്റ്, ആവിഷ്‌കാര്‍ ആര്‍ക്കിടെക്റ്റ്സ്, കൊച്ചി)
രാജേഷ് രഘു (ഇന്റഗ്രേറ്റഡ് ലിഫ്റ്റേഴ്സ്, കൊച്ചി)