വയനാട് എന്ന പച്ചപുതയ്ക്കുന്ന നാട്ടില്‍ മുളയും ജീവതവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഒരേസമയം വരുമാനവും ജീവിതത്തിനു തണലുമാണ് ഇവിടുത്തെ മുളങ്കൂട്ടങ്ങള്‍.
മുളവീടുകള്‍
വയനാടന്‍ ഗ്രാമങ്ങളെല്ലാം പ്രകൃതി സൗഹൃദമായ മുളവീടുകള്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം. ആദിവാസികളുടെ സങ്കേതം എന്ന് വിളിച്ച് ആരും ഇതിനെ വിലകുറച്ച് കാണേണ്ട. ഇത് പ്രകൃതി നോവിക്കാതെ മുന്‍തലമുറ വഴികാണിച്ചു തന്ന വീടെന്ന ആവാസലോകമാണ്. പൂര്‍ണമായും പരിസ്ഥിതിയോട് ഏറ്റവും അടുത്തുനില്ക്കുന്ന വീടുകളില്‍ അത്യാഗ്രഹങ്ങളില്ലാത്ത എത്രയോ തലമുറകള്‍ കടന്നുപോയിരിക്കുന്നു. ഗ്രാമഭംഗിയിലെ ഈ മുളവീടുകള്‍ കാലത്തോട് പറയുന്നതും പകരംവെക്കാനില്ലാത്ത ഒരു തലമുറയിലെ ശീലങ്ങളാണ്.
ഗ്രാമീണര്‍ക്ക് മുള ജീവിതത്തിന്റെ ഭാഗമാണ്. മുളയാണ് സര്‍വതും നിര്‍ണയിക്കുന്നത്.നല്ല നിലാവിന്റെ മൂപ്പുനോക്കി മൂത്ത കല്ലന് മുളകള്‍ മുറിച്ചെടുത്താണ് വീടിന്റെ മോന്താഴവും കഴുക്കോലുമെല്ലാം നിര്‍മിച്ചിരുന്നത്.
പാകത്തിന് തുളച്ചിടുന്ന മുളങ്കോലുകള്‍ പതിറ്റാണ്ടുകളോളം കേടുകൂടാതെ നില്‍ക്കുമെന്നത് പഴയ തലമുറകളുടെ സാക്ഷ്യവുമാണ്. ഇപ്പോഴും വയനാടിന്റെ വനഗ്രാമങ്ങളില്‍ ഗോത്ര വിഭാഗക്കാര്‍ വീടുനിര്‍മാണത്തിന് മുളക്കൂട്ടത്തെ തന്നെയാണ് ആശ്രയിക്കുന്നത്.
മേല്‍ക്കൂരയും കഴുക്കോലും ഉത്തരവും ചുമരും തറയുമെല്ലാം മുളയില്‍ തന്നെയാണ്. പൂര്‍ണമായും പ്രകൃതി സൗഹൃദ വീടുകളിലാണ് കാലങ്ങളായി ഇവരുടെയെല്ലാം അന്തിയുറക്കം. മുള ചീന്തുകള്‍ വരിഞ്ഞെടുത്ത് അതിന്മേല് ചെളിമണ്ണ് മണലുമായി ചേര്‍ത്ത് മെഴുകിയതാണ് ചുവരുകള്‍. നിലത്തുവിരിക്കാനും ഇതുപോലെ നിര്‍മിച്ച മുള പരമ്പുകളാണ് ഉപയോഗിച്ചിരുന്നത്.
മുളകള്‍ കാട്ടുവള്ളികള്‍ ചേര്‍ത്തുകെട്ടി കിടക്കാനുള്ള കട്ടിലുകളും മറ്റും ആദിവാസികള്‍ തികഞ്ഞ വൈദഗ്ധ്യത്തോടെയാണ് ഉണ്ടാക്കിയിരുന്നത്. വന്യമൃഗങ്ങളില്‍ നിന്നും അഭയം തേടാന്‍ വനവാസികളും ഗ്രാമവാസികളുമെല്ലാം വലിയ മരത്തിനു മുകളില്‍ നിര്‍മിക്കുന്ന ഏറുമാടങ്ങള്‍ വയാനാട്ടിലെ ഗ്രാമാന്തരങ്ങള്‍ തോറും കാണാം. മുളകള്‍ കൊണ്ടുതന്നെയാണ് ഇതിന്റെ പൂര്‍ണമായ നിര്‍മാണവും.
ഒരു തവണ പണികഴിപ്പിച്ചാല്‍ മഴയായാലും വെയിലായാലും വര്‍ഷങ്ങളോളം ഇവ നിന്നു കൊള്ളും.മുളയുടെ കമ്പ് തട്ടാതെ നിര്‍മിക്കുന്ന വലിയ ഏണികള്‍ വഴിയാണ് ഏറുമാടത്തിലേക്കുള്ള കയറ്റവും.
വീടിനു പുറമെ കന്നുകാലികള്‍ക്കായുള്ള ആലകളും മുളയില്‍ നിര്‍മിക്കുന്നത് തന്നെയാണ് പഴയ തലമുറയുടെ ശീലവും. ഒന്നും ഇതിനായി വിലകൊടുത്ത് പുറത്ത് നിന്നും വാങ്ങേണ്ടി വരുന്നില്ല എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്വയം പര്യാപ്തമായ ജീവിതക്രമത്തിന്റെ തുടക്കം കൂടിയാണ് മുളകൊണ്ടുള്ള നിര്‍മിതിയുടെ സവിശേഷതയും. പഴകിത്തുടങ്ങിയ മുളകളുടെ അലകുകളും മറ്റും വിറകായും ഉപയോഗിക്കാം. ഏതുകാലാവസ്ഥയെയും പ്രതിരോധിച്ചു നില്‍ക്കാനുള്ള ഇവയുടെ കരുത്തും വിസ്മയമാണ്.
വീട്ടുപകരണങ്ങളും മുളയില്‍ നിര്‍മിച്ചതു തന്നെയെന്നതില്‍ അതിശയോക്തിയില്ല. മുളയുത്പന്നങ്ങള്‍ കാണാത്ത ഒരു വീടും വയനാട്ടിലുണ്ടാകില്ല. കുട്ട, വട്ടി മുതല്‍ നെല്ലു സൂക്ഷിക്കാനുള്ള വലിയ കൊമ്മകള് വരെ കര്‍ഷകരുടെ വീടുകളിലെല്ലാം കാണാം.
ഇവയൊക്കെ കരവിരുതിനാല്‍ നിര്‍മിച്ചു നല്കുന്ന ഗോത്ര കാരണവന്മാര്ക്കും ഇതൊരു വരുമാന മാര്‍ഗ്ഗമായിരുന്നു. വയനാട്ടിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയെല്ലാം മുഖമുദ്ര മുളകള്‍ കൊണ്ട് നിര്‍മിച്ച ഹട്ടുകളും വിശ്രമകേന്ദ്രങ്ങളും പാലങ്ങളുമെല്ലാമാണ്, പ്രകൃതി സൗഹൃദ നാടിന്റെ അഭിമാനം കൂടിയാണ് ഈ മുളവീടുകള്‍.
വളരെ കുറഞ്ഞ ചെലവില്‍ ആകര്‍ഷകമായതും ഈടുറ്റതുമായ നിര്‍മിതികളാണ് ഇവിടെയുള്ളത്. ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപായ കുറുവയിലെ മുഴുവന്‍ നിര്‍മിതിയും മുള കൊണ്ടാണ്. ഇവിടെ നിന്നും തന്നെ മുറിച്ചെടുത്ത മുളകൊണ്ട് ആദിവാസികളാണ് ഈ ദ്വീപിനെ സഞ്ചാരികള്‍ക്കായി അണിയൊച്ചൊരുക്കുങ്ങുന്നത്.
നൂറുകണക്കിന് ആനമുളകള്‍ ചേര്‍ത്തുകെട്ടിയ ചങ്ങാടത്തിലാണ് സഞ്ചാരികള്‍ കുറുവയിലേക്ക് പുഴ കടക്കുക. ഒരേ സമയം അമ്പത് പേരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മുളം ചങ്ങാടം. പുഴകടന്ന് കാടിന്റെ തണലിലേക്ക് പോകുമ്പോള്‍ അവിടെയെല്ലാം ഇരിപ്പിടങ്ങളും ധാരാളമായി മുളകൊണ്ട് പണിതിട്ടുണ്ട്. പാലങ്ങള്‍ ഫോട്ടോ പവലിയന്‍സ് തുടങ്ങി നാനാവിധത്തിലുള്ള നിര്‍മ്മിതികളും ഇവിടെ ഏവരെയും ആകര്‍ഷിക്കുന്നു.