നുഷ്യാ, നീ മണ്ണാകുന്നു , മണ്ണില്‍ നിന്നുവന്നു..മണ്ണിലേക്കുതന്നെ മടങ്ങും...' നൂറ്റാണ്ടുകള്‍ക്കുമുമ്പ്, മനുഷ്യന്റെ അഹങ്കാരത്തിനുമുകളില്‍ ഇടിത്തീപോലെ മുഴങ്ങിയ വാക്കുകള്‍...വിശുദ്ധപുസ്തകത്തിലെ ആ വചനങ്ങള്‍ വീണ്ടും മുഴങ്ങാനുള്ള സമയമായി. മനുഷ്യജീവിതത്തിന്റെ നിസ്സാരത ഓര്‍മിപ്പിക്കാനല്ല, മറന്നുപോകുന്ന മണ്ണിന്റെ മഹത്ത്വം വിളിച്ചോതാന്‍. വേരുകളും ആകാശവുമില്ലാതെ, സ്വയംപണിത കോണ്‍ക്രീറ്റ് തടവറയ്ക്കുള്ളില്‍ കഴിയുന്ന നമ്മള്‍, ബിജുഭാസ്‌കര്‍ എന്ന ഈ ചെറുപ്പക്കാരന്റെ ജീവിതം കാണണം.'സര്‍വം മൃണ്മയ'മെന്ന് വിശ്വസിക്കുന്ന, അടിമുടി നാടനായ ഒരാള്‍. അയാള്‍ സ്വന്തം ജീവിതംകൊണ്ട് പറയുന്നതും അതാണ്: 'മണ്ണിലേക്ക് മടങ്ങുക... പക്ഷേ, മൃതരായിട്ടല്ല, ജീവിച്ചിരിക്കുമ്പോള്‍തന്നെ' 

ആ ആദര്‍ശമാണ് മലയാളിയായ ബിജുവിനെ തമിഴ്നാട്ടിലെ അരുണാചലത്തുള്ള പണ്ഡിതപ്പേട്ട് എന്ന ഗ്രാമത്തിലെത്തിച്ചത്. പത്തുവര്‍ഷംമുമ്പ് ഗുരുവായൂരില്‍നിന്ന് വീടുവിട്ടിറങ്ങുമ്പോള്‍ ചുരുട്ടിപ്പിടിച്ച ഒരു പുല്‍പ്പായ മാത്രമേ കൈയിലുണ്ടായിരുന്നുള്ളൂ. ഒപ്പം കൈക്കുഞ്ഞിനെയുമെടുത്ത് ഭാര്യ സിന്ധുവുമുണ്ടായിരുന്നു കൂടെ. ഇന്ന് തനതുഗൃഹനിര്‍മാണരീതികള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന 'തണല്‍' എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് അദ്ദേഹം. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് പരമ്പരാഗത ഗൃഹനിര്‍മാണ വിജ്ഞാനം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന, ദേശീയതലത്തില്‍തന്നെ അറിയപ്പെടുന്ന ഒരാള്‍.

mudhouse
ബിജുവും കുടുംബവും മണ്‍കട്ട നിര്‍മാണത്തില്‍ (പിന്നില്‍ അവരുടെ വൃക്ഷ എന്ന വീട്)

'പ്രകൃതിയെ മറന്നുള്ള ഒരു ജീവിതം വേണ്ട. പ്രകൃതിയാണ് നമ്മുടെ ആധാരം. നമുക്ക് അന്നം തരുന്ന, ഊര്‍ജം തരുന്ന,  അഭയംതരുന്ന, കണ്ണുകളില്‍ സൗന്ദര്യം നിറയ്ക്കുന്ന മണ്ണ്. നമ്മുടെ ജീവനവും അതിജീവനവും മണ്ണ് അഥവാ പ്രകൃതിയാണ്', വാക്കുകൊണ്ടല്ല പ്രവൃത്തി കൊണ്ടാണ് ബിജു ഇതുപറയുന്നത്.

കുളം തോണ്ടിയ' വീട്

തിരുവണ്ണാമലയില്‍ രമണാശ്രമം സ്റ്റോപ്പില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെയാണ് പണ്ഡിതപ്പേട്ട്. പച്ചപ്പാര്‍ന്ന കൃഷിയിടങ്ങളും അതേസമയം വരണ്ട മൊട്ടക്കുന്നുകളും ഇടകലര്‍ന്ന, ബഹളങ്ങളൊന്നുമില്ലാത്ത ഗ്രാമം. ആ ഗ്രാമത്തിലാണ് ബിജുവിന്റെ മണ്‍കുടില്‍. കഴിഞ്ഞവര്‍ഷം മേയ്മാസത്തിലാണ് തിരുവണ്ണാമലയില്‍ എഴുപത് സെന്റ് സ്ഥലം വാങ്ങുന്നത് വര്‍ക്ക്ഷോപ്പുകളിലൂടെ കിട്ടിയ പണവും വീട്ടില്‍നിന്നുള്ള സഹായവും ഉപയോഗിച്ച്. ആദ്യം ഇവിടെ ഒരു കുളം കുഴിച്ചു. ആ മണ്ണുകൊണ്ടാണ് വീടുകെട്ടിയത്.

'വൃക്ഷ' എന്ന് പേരിട്ടിരിക്കുന്ന ഈ വീട്ടില്‍ സിമന്റില്ല, കോണ്‍ക്രീറ്റില്ല, കമ്പിയില്ല. മണ്ണും മുളയും പുല്ലും തുടങ്ങി പ്രകൃതിയില്‍നിന്ന് കിട്ടുന്ന വസ്തുക്കള്‍ മാത്രം. മേല്‍ക്കൂര പണിയാന്‍ വെട്ടിയ മുളയുടെ മുള്ളുകൊണ്ട് വേലിയും ഗേറ്റും പണിതിരിക്കുന്നു. വീടുപണി തുടങ്ങിയ സമയത്ത് ബിജുവിന്റെ മൂത്തമകന്‍ ആദി (ആദ്യവൃക്ഷ) സ്‌കൂളില്‍ ചെന്നുപറഞ്ഞു: 'എന്റെ അച്ഛന്‍ വീടുപണിയുന്നുണ്ട്. എനിക്ക് അച്ഛനെ സഹായിക്കണം' പിന്നെ വീടുപണിയില്‍തന്നെയായിരുന്നു അവന്‍. അതുകഴിഞ്ഞാണ് സ്‌കൂളില്‍പോയത്.

തൊട്ടടുത്തുള്ള മരുതം ഫാം സ്‌കൂള്‍ എന്ന ബദല്‍സ്‌കൂളിലാണ് രണ്ടുമക്കളും പഠിക്കുന്നത്. അവര്‍ക്ക് ഇത്തരം മനോഭാവങ്ങള്‍ മനസ്സിലാക്കാനാവും. പുസ്തകത്തില്‍ മാത്രമൂന്നിയ സ്‌കൂളുകാര്‍ക്ക് അത് മനസ്സിലാവില്ല. ഭാര്യ സിന്ധുവും മൂത്തമകന്‍ ആദിയും രണ്ടാമത്തെ മകന്‍ ബോധിയും (ബോധിവൃക്ഷ) ചേര്‍ന്നാണ്  ബിജു 'വൃക്ഷ'യുടെ പ്രധാന ജോലികളെല്ലാം ചെയ്തത്. സഹായത്തിന് ചിലരെ വിളിച്ചിരുന്നു.

സ്വന്തം ഭാവനയിലെ വീട്, സ്വന്തം കൈകൊണ്ട് പണിതതിന്റെ ചാരിതാര്‍ഥ്യം ബിജുവിന്റെ വാക്കുകളിലുണ്ടായിരുന്നു. ഒന്നരമാസംകൊണ്ട് പണിതവീടിന് ആകെ നാലുലക്ഷത്തിനടുത്താണ് ചെലവ്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പൗര്‍ണമിനാളില്‍ പാര്‍പ്പ് തുടങ്ങി. എല്ലാം 'പ്രകൃതിസൗഹൃദ'മാണ് ആണ് 'വൃക്ഷ'യില്‍. പനയുടെ തൂണ്, മരംകൊണ്ടുണ്ടാക്കിയ ചായത്താലം, ഓടമുളകൊണ്ടുള്ള വെള്ളട്ടാപ്പുകള്‍... ഇഴജന്തുക്കള്‍, പാറ്റ, ചിതല്‍ എന്നിവയെ തുരത്താന്‍ ജൈവകീടനാശിനി... വീട്ടിലെ ആവശ്യത്തിനുള്ള ജൈവസോപ്പ് ആദിയാണ് ഉണ്ടാക്കുന്നത്. വസ്ത്രങ്ങള്‍ കോട്ടണ്‍ മാത്രം. തുന്നുന്നത് സിന്ധുതന്നെ.

mud home
വൃക്ഷ എന്ന വീട് നിര്‍മാണ ഘട്ടത്തില്‍

മിഴിതുറപ്പിച്ച ദേശാടനം

ബിജുവിന്റെ അച്ഛന്‍ ഭാസ്‌കരന്‍ പട്ടാളത്തില്‍ ഡോക്ടറായിരുന്നു. അച്ഛന്‍ പലയിടത്ത് ജോലിചെയ്തിരുന്നതുകൊണ്ട് കേരളത്തിനുപുറത്തുള്ള വ്യത്യസ്തഭാഷകളുമായും സംസ്‌കാരങ്ങളുമായും ബിജുവിന് കുട്ടിക്കാലത്തേ അടുപ്പമുണ്ടായി. അദ്ദേഹം അസാമിലായിരുന്നപ്പോഴാണ് ബിജുവിന്റെ ജനനം. നാലാംക്ലാസുവരെ  കേരളത്തില്‍ പഠിച്ചു. അതിനുശേഷം തമിഴ്നാട്ടിലും കര്‍ണാടകയിലും. 1993-ലാണ് മണിപ്പാലിലെ ആര്‍ക്കിടെക്ചര്‍ കോളേജില്‍ ചേരുന്നത്. മൂന്നാംവര്‍ഷം ആ പഠനം നിര്‍ത്തി. ആര്‍ട്ടും ആര്‍ക്കിടെക്ചറും തമ്മിലുള്ള ബന്ധം പഠിക്കണമെന്ന അദമ്യമായ ആഗ്രഹത്തോടെ അവിടം വിട്ടിറങ്ങി.

'ആ യാത്രയ്ക്കിടയിലാണ് ഞാന്‍ ഖജുരാഹോയിലെത്തുന്നതും ആദിവാസിഗുരു  രാജേന്ദ്രയെ കാണുന്നതും...' , തന്റെ കണ്ണുതുറപ്പിച്ച അന്നത്തെ യാത്ര ബിജു ഓര്‍ത്തു:
'അദ്ദേഹമെന്നെ വാരണാസിയിലെ സിംഘോറ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അവിടുത്തെ കുല്‍ബെല്‍ ആദിവാസി ഗോത്രത്തില്‍പ്പെട്ടവര്‍ അവരുടെ വീട് സ്വയം ഉണ്ടാക്കുകയാണ്, കിളികളെപ്പോലെ, പ്രകൃതിയില്‍നിന്ന് സ്വയമെടുക്കാവുന്ന വസ്തുക്കള്‍ മാത്രമുപയോഗിച്ച്. മണ്ണും പുല്ലും ഉപയോഗിച്ച് അവര്‍ നിര്‍മിക്കുന്ന വീട് അതിമനോഹരം. രാജേന്ദ്ര ആ ഗോത്രത്തില്‍പ്പെട്ടയാളാണ്. പിന്നീട് ഖജുരാഹോയിലേക്ക് വന്നതാണ്. കുല്‍ബെലുകള്‍ വീടുണ്ടാക്കുന്ന കല ഒരു സര്‍വകലാശാലയിലും പഠിപ്പിക്കുന്നില്ല. 

ക്ലാസ് മുറികള്‍ക്കുപുറത്താണ് യഥാര്‍ഥവിജ്ഞാനം, ജീവിതത്തിന്റെ പാഠശാലയില്‍. സ്വയംപണിയുന്ന വീട്ടില്‍ കഴിയുന്നതില്‍ സവിശേഷമായ ഒരു ആഹ്ലാദമുണ്ട്. കാശുകൊടുത്ത് വീടുവെയ്ക്കുന്നവരോട് അതു പറഞ്ഞാല്‍ മനസ്സിലാവില്ല. നമ്മുടെ വീട് നമ്മുടെ മനസ്സില്‍ രൂപപ്പെട്ടതാവണം. വീടിന് ഒരു ആത്മീയതയുണ്ട്. ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ഇതുപോലെ 'നാച്വറല്‍' ആയ വീട് പണിയുന്നവരുണ്ട്. പഞ്ചഭൂതങ്ങളുടെ സ്വരൈക്യമുണ്ടാവുമ്പോഴാണ് ശാന്തവും സ്വസ്ഥവും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ കഴിയുക. പഞ്ചഭൂതങ്ങള്‍കൊണ്ടാണ് നമ്മള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നതുതന്നെ. അവ മലിനമായാല്‍ നമ്മളും കേടാകും...'

അക്കാലത്താണ് ബറോഡയിലെ മഹാരാജ സയാജിറാവു സര്‍വകലാശാലയിലെ പ്രൊഫസര്‍ വല്‍സന്‍ കൂര്‍മ കൊല്ലേരിയെ ബിജു കാണുന്നത്. അദ്ദേഹം ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ 2009-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചറില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കി. അതിനുശേഷം 2011-ല്‍ തിരുവണ്ണാമലയില്‍ എത്തി 'തണല്‍' തുടങ്ങി. രമണമഹര്‍ഷിയുടെ ജീവിതത്തെയും ദര്‍ശനങ്ങളെയും അത്രമേല്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് തിരുവണ്ണാമലതന്നെ തിരഞ്ഞെടുത്തത്. 

പരമ്പരാഗതമായ ഗൃഹനിര്‍മാണരീതികളെക്കുറിച്ചുള്ള അറിവുകള്‍, വരുന്ന തലമുറയ്ക്കുകൂടി പ്രയോജനപ്പെടുന്ന വിധത്തില്‍ രേഖപ്പെടുത്തിവെയ്ക്കുകയും ആളുകളെ ബോധവത്കരിക്കുകയുമാണ് തണലിന്റെ ലക്ഷ്യം. ഇനിയും വൈകിയാല്‍ ആ അറിവുകള്‍ എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടുപോകും. പ്രകൃതിയിലേക്ക് മടങ്ങാനും ലളിതമായി ജീവിക്കാനും പ്രേരിപ്പിക്കുന്ന ഡിസൈനുകളാണ് തണല്‍ ചെയ്തുകൊടുക്കുന്നത്. തണലിന്റെ പ്രവര്‍ത്തകര്‍ ഇന്ത്യമുഴുവന്‍ സഞ്ചരിച്ച് ഓരോ പ്രദേശത്തെയും തനതുഗൃഹനിര്‍മാണരീതികള്‍ രേഖപ്പെടുത്തിവെയ്ക്കുന്നു. വിവരശേഖരണം മാത്രമല്ല, നിര്‍മാണരീതികള്‍ വിവരിക്കുന്ന വീഡിയോകളുമുണ്ട്.

mudhouse
മണ്ണും മനസ്സും; ബിജു ഭാസ്‌കര്‍,സിന്ധു,ആദി വൃക്ഷ, ബോധിവൃക്ഷ


മണ്ണോളം വരുമോ?

''വീട് പണിയാന്‍ സിമന്റും കമ്പിയും കോണ്‍ക്രീറ്റുമൊക്കെ അനിവാര്യമാണെന്ന് ഇന്ന് നമ്മുടെ ബോധത്തില്‍ ഉറച്ചുപോയിരിക്കുന്നു. ഇന്നലെകളിലേക്ക് ഒന്നുതിരിഞ്ഞുനോക്കിയാല്‍ ഈ ധാരണ തെറ്റാണെന്ന് ബോധ്യപ്പെടും. സിമന്റ് കേരളത്തില്‍ പ്രചാരത്തിലായിട്ട് ഏറിയാല്‍ തൊണ്ണൂറുവര്‍ഷം. അതിനുമുമ്പും മനുഷ്യരിവിടെ വീടുവെച്ച് സുഖമായി പാര്‍ത്തിരുന്നില്ലേ? ആ വീടുകളൊക്കെ പ്രകൃതിയോട് ഇണങ്ങിയവയും ആയിരുന്നു. ഇന്നും ലോകത്തെ മൊത്തംവീടുകളില്‍ മൂന്നിലൊന്ന് പ്രകൃതിയില്‍നിന്ന് കിട്ടുന്ന വസ്തുക്കള്‍കൊണ്ട് പണിതവയാണെന്ന സത്യം മനസ്സിലാക്കണം...''- ബിജു തന്റെ കാഴ്ചപ്പാട് വിശദീകരിച്ചു:

കൊളോണിയല്‍ അടിമത്തം വല്ലാതെ ബാധിച്ച മേഖലകളിലൊന്നാണ് കെട്ടിടനിര്‍മാണം. മണ്ണുകൊണ്ട് വലിയ എടുപ്പുകളൊന്നും പണിയാന്‍ കഴിയില്ലെന്ന നമ്മുടെ തെറ്റിദ്ധാരണ ആ അടിമത്തത്തിന്റെ ഫലമാണ്. അതു ശരിയല്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള യെമനിലെ ഷിബാം എന്ന അംബരചുബികളായ കെട്ടിടങ്ങളുള്ള നഗരം മണ്‍കട്ടകള്‍ കൊണ്ട് പണിതതാണ്. അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കൂറ്റന്‍ കെട്ടിടങ്ങളുടെ നഗരത്തിന് ഇന്നും യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. ചൈനയിലെ വന്‍മതില്‍ നിര്‍മിച്ചത് മണ്ണുകൊണ്ടല്ലേ? ബാണാസുര അണക്കെട്ട് നിര്‍മിച്ചതും മണ്ണുകൊണ്ടല്ലേ? ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണിത്. ഏത് വസ്തുവിനെക്കാളും ഈട് കിട്ടുക മണ്ണിനാണ്.

ചിദംബരത്തെ വടലൂരില്‍ ധാരാളം മണ്‍വീടുകളുണ്ട്. ആ സാങ്കേതികവിദ്യ നാം പഠിക്കേണ്ടതാണ്. വിഴല്‍പുല്ല് ഉപയോഗിച്ച് മേയുന്ന വടലൂരിലെ മേല്‍ക്കൂരകള്‍ മുപ്പത്തഞ്ചുവര്‍ഷം കേടാകാതെ നില്‍ക്കും. കുറക്കത്തട്ട എന്ന ഒരുതരം ചൂരല്‍ ഉപയോഗിച്ചാണ് ഇവര്‍ ചുമര്‍ പണിയുന്നത്. കൃഷിമാത്രം 'നാച്വറല്‍'(ജൈവം)ആയാല്‍ പോരാ. താമസിക്കുന്ന വീടും അങ്ങനെയാകണം, ജീവിതമാകെയും പ്രകൃതിയോടിണങ്ങിയതാവണം. കേരളത്തില്‍ മുപ്പതിലേറെ ആര്‍ക്കിടെക്ചര്‍ കോളേജുകളുണ്ട്. അവിടെ നിന്ന് ഓരോ വര്‍ഷവും ധാരാളം കുട്ടികള്‍ പഠിച്ചിറങ്ങുന്നു. ഇന്ത്യയില്‍ നൂറുകണക്കിന് ആര്‍ക്കിടെക്ചര്‍ കോളേജുകള്‍. അവയില്‍ എട്ടോ പത്തോ എണ്ണം മാത്രമാണ് ബദല്‍  പ്രകൃതിസൗഹൃദമായവ. പക്ഷേ, അവര്‍ക്കുപോലും ആളുകളിലേക്ക് എത്തിച്ചേരാന്‍ സാധ്യത കുറവാണ്. കാരണം ഇന്ത്യയില്‍ വീടുവെയ്ക്കുന്നവരില്‍ ചെറിയൊരു ശതമാനം മാത്രമാണ് ആര്‍ക്കിടെക്റ്റിന്റെ സഹായം തേടുന്നത്', ബിജു പറയുന്നു.

തണലിന്റെ സ്വപ്നം
''തനത് പ്രകൃതിസൗഹൃദവീടുകളുടെ നിര്‍മാണം പഠിപ്പിക്കുന്ന സ്‌കൂള്‍ തുടങ്ങണം.     അത് ദക്ഷിണേന്ത്യയില്‍തന്നെ വേണം. 'ഫാഷന്‍' അല്ലാതെ പാഷന്‍ ആയി വരുന്നവരെയേ സ്വീകരിക്കൂ...'' -ബിജുവിന്റെ വലിയ സ്വപ്നമാണിത്. ആന്ധ്രയില്‍നിന്നുള്ള ധീരജ് റെഡ്ഡി, മഹാരാഷ്ട്രയില്‍നിന്നുള്ള അനുശ്രീ ടെണ്ടുല്‍ക്കര്‍ കര്‍ണാടകക്കാരി മുഷറഫ് ഹബിലി എന്നിവര്‍ ആര്‍ക്കിടെക്ചറിനെ പാഷനായി കണ്ട് ബിജുവിന്റെ ശിഷ്യരായതാണ്.

കുറേക്കാലം ബിജുവിന്റെ കൂടെയുണ്ടായിരുന്ന ഇവരിപ്പോള്‍ നാച്വറല്‍ ബില്‍ഡേഴ്സ് ഓഫ് ഇന്ത്യ എന്ന പേരില്‍ ഇന്ത്യയിലെങ്ങും തനതുരീതിയിലുള്ള വീടുകള്‍ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. ശ്രീറാം ഗൗതം ആണ് തണലിന്റെ മറ്റൊരു സജീവമുഖം.

ബിജുവിന്റെ ജ്യേഷ്ഠനും സിനിമാസംവിധായകനുമായ ബിനുഭാസ്‌കറും ഇവരുടെ മണ്‍വഴിയിലുണ്ട്. ചെറുപ്പക്കാര്‍ ധാരാളമായി തനതുജീവനത്തിന്റെ (Natural Living) വഴിയേ വരുന്നുവെന്നത് ആശാവഹമാണെന്ന് ബിജു കരുതുന്നു.നിത്യചൈതന്യയതിയുടെ ശിഷ്യനും പ്രഭാഷകനും എഴുത്തുകാരനുമായ ഷൗക്കത്തിന് തിരുവണ്ണാമലയില്‍ മണ്‍വീട് പണിതുകൊടുത്തത് ബിജുവാണ്.
ദുബായിയില്‍ ഐ.ടി. മേഖലയില്‍ ജോലിചെയ്തിരുന്ന അജീഷും ആശയും ജോലിയുപേക്ഷിച്ച് പ്രകൃതിജീവിതത്തിനുവേണ്ടി എറണാകുളം ജില്ലയിലെ കാലടിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. പെരിയാറിന്റെ തീരത്ത് ഒരു മണ്‍വീടുവെച്ച് കൃഷിചെയ്തുജീവിക്കാനാണ് അവരുടെ പ്ലാന്‍. അവര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുകയാണ് അടുത്തപരിപാടി.
sandeepanicherkkatt.com 

ബിജു ഭാസ്‌കറിനെ ബന്ധപ്പെടാം : 9944266988