ആറ്റിങ്ങല്‍: തകര്‍ന്നുകൊണ്ടിരിക്കുന്ന ആറ്റിങ്ങലിലെ കൊട്ടാരക്കെട്ടുകളുടെ സംരക്ഷണത്തിന് നടപടികളില്ല. കേരളത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന കേന്ദ്രമായിരുന്നിട്ടും അധികൃതര്‍ ഈ സ്മാരകത്തെ അവഗണിക്കുകയാണ്. കൊട്ടാരക്കെട്ടിനകത്തെ നാല് ക്ഷേത്രങ്ങളും അതിനോടനുബന്ധിച്ച കെട്ടിടസമുച്ചയങ്ങളുമെല്ലാം ഇപ്പോള്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലാണ്. ഇവയുടെ സംരക്ഷണത്തില്‍നിന്ന് ദേവസ്വംബോര്‍ഡും ഒഴിഞ്ഞുമാറുകയാണിപ്പോള്‍.  

പത്തേക്കറിലാണ് കൊട്ടാരസമുച്ചയം പണികഴിപ്പിച്ചിരുന്നത്. വലിയ എടുപ്പുകളോ മാളികകളോ ഈ കൊട്ടാരത്തിലില്ല. കേരളീയവാസ്തുശില്പ മാതൃകയില്‍ കല്ലും മരവും ഉപയോഗിച്ചാണ് നിര്‍മാണം. മണ്ഡപക്കെട്ടിനുള്ളിലെ പള്ളിയറഭഗവതിയുടെ ആസ്ഥാനം ഉള്‍പ്പെടെ നാലുക്ഷേത്രങ്ങളുണ്ട്. ഇവയുടെ ഭരണവും കൈകാര്യവും നടത്തുന്നത് ദേവസ്വംബോര്‍ഡാണ്.

attingal kottaram

കൊട്ടാരത്തിന്‍ പുറത്ത് കിഴക്കുഭാഗത്തായി രണ്ട് എടുപ്പുകളുണ്ട്. ഇവയിലൊന്ന് ആവണിപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള പ്രവേശനവഴിയില്‍ ചാവടി എന്നറിയപ്പെടുന്ന ഗോപുരവാതിലാണ്. ജീര്‍ണാവസ്ഥയിലായിരുന്ന ഈ മണ്ഡപം രണ്ട് വര്‍ഷം മുന്‍പ് കൊട്ടാരം കുടുംബാംഗങ്ങള്‍ ഇടപെട്ടാണ് പുതുക്കിപ്പണിതത്. 

ചാവടിക്ക് സമീപത്തായി വളരെ ഉയര്‍ന്നസ്ഥാനത്താണ് പഴയകൊട്ടാരം. മണ്ഡപക്കെട്ട് എന്നറിയപ്പെടുന്ന കൊട്ടാരത്തിന് എട്ടുകെട്ടിന്റെ മാതൃകയാണ്. കൊട്ടാരത്തിന്റെ പ്രൗഢിയും പ്രതാപവും വിളിച്ചറിയിക്കുന്ന വളരെ വിശാലമായ മുഖമണ്ഡപമുണ്ട്. ഈ മുഖമണ്ഡപം ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന നിലയിലാണിപ്പോള്‍. മേല്‍ക്കൂരയിലെ ഓട് തകര്‍ന്ന് വെള്ളം ഒഴുകിയിറങ്ങി തടികള്‍ ദ്രവിച്ച് ഒടിഞ്ഞുവീഴാറായ നിലയിലാണ്. 

മണ്ഡപക്കെട്ടിന്റെ ഭൂരിഭാഗവും തടികൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. ചുറ്റോട്ചുറ്റുള്ള തറയില്‍ തറയോട് പാകിയിട്ടുണ്ട്. അരികില്‍ പാകിയിട്ടുള്ള കരിങ്കല്ലില്‍ തൂണുകള്‍ നാട്ടിയിട്ടുണ്ട്. ഈ തൂണിന്മേലാണ് കെട്ടിടത്തില്‍ നിന്നുള്ള ഇറക്ക് ഘടിപ്പിച്ചിട്ടുള്ളത്. . 
ഏകദേശം എഴുന്നൂറ് കൊല്ലത്തിലധികം പഴക്കമുള്ള മണ്ഡപക്കെട്ടിനകത്താണ് പള്ളിയറ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം. ഇതിന് പിറകിലായി വിശാലമായ ഊട്ടുപുര. 

ഈ മണ്ഡപക്കെട്ടില്‍ അടുത്തകാലംവരെ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രകലാപീഠം പ്രവര്‍ത്തിച്ചിരുന്നു. പഞ്ചവാദ്യം, തകില്‍, നാദസ്വരം എന്നിവയാണ് അഭ്യസിപ്പിച്ചിരുന്നത്. ഗുരുകുല സമ്പ്രദായത്തിലായിരുന്നു പഠനം. ദേവസ്വംബോര്‍ഡധികൃതര്‍ രണ്ട് വര്‍ഷംമുന്‍പ് കലാപീഠത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. അതോടെ ഈ കൊട്ടാരക്കെട്ടില്‍ ആളനക്കവുമില്ലാതായി. 

ക്ഷേത്രങ്ങളുടെയും അതിനോടനുബന്ധിച്ച കെട്ടിടങ്ങളുടെയും സംരക്ഷണം ഉറപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡിന്റെ ചുമതലയാണ്. 
പൊളിഞ്ഞുവീഴാറായ മുഖമണ്ഡപം നവീകരിക്കുന്നതിന് കഴിഞ്ഞവര്‍ഷം ദേവസ്വംബോര്‍ഡ് പദ്ധതിവച്ചെങ്കിലും വളരെച്ചെറിയ തുകയാണ് വകയിരുത്തിയത്.

ദേവസ്വംബോര്‍ഡിന്റെ കൈവശമുള്ളതായതിനാല്‍ ഇതിനുവേണ്ടി മറ്റ്ഫണ്ടുകളൊന്നും ചെലവിടാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറയുന്നു.