വിദേശ നഗരങ്ങളടക്കം രൂപകൽപ്പന ചെയ്ത് പ്രശംസ പിടിച്ചുപറ്റിയ ലോക പ്രശസ്തനായ മലയാളി... ആർക്കിടെക്ചർ രംഗത്ത് പൗരാണികതയ്ക്കും പ്രകൃതിക്കും പാവപ്പെട്ട മനുഷ്യർക്കും വിലപിടിപ്പുള്ള സ്ഥാനം ഉണ്ടെന്ന് കാട്ടിക്കൊടുത്ത കലാകാരൻ... നഗരാസൂത്രണത്തിലും തച്ചുശാസ്ത്രത്തിലും വ്യക്തിമുദ്ര തീർത്ത ആർക്കിടെക്ട് കെ.ടി രവീന്ദ്രൻ വേറിട്ട വഴിയിൽ പ്രയാണം തുടരുകയാണ്. തലശ്ശേരി എന്ന ചെറുപട്ടണത്തിൽ നിന്ന് സർഗവൈഭവത്തിന്റെ കരുത്തിൽ രവീന്ദ്രൻ വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി കയറുകയായിരുന്നു. ഒട്ടനവധി അവസരങ്ങൾ നന്നായി വിനിയോഗിച്ച് ബഹുമതികൾ വാരിക്കൂട്ടി ലോകത്തിന്റെ നെറുകയിലേക്ക് രവീന്ദ്രൻ വളരെ വേഗം നടന്നടുത്തു. ഡൽഹിയിൽ തയ്യാറാക്കിയ രാജീവ് ഗാന്ധി എജ്യൂക്കേഷണൽ സിറ്റി മാത്രം മതി രവീന്ദ്രന്റെ കലാവൈഭവം അറിയാൻ. വിവിധ സർവകലാശാലകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുകയാണിവിടെ. 

നോയ്‌ഡയിലെ ആർ.ഐ.സി.എസ്. സ്കൂൾ ഓഫ് ബിൽഡ് എൻവയൺമെൻറിലെ ഡീൻ എമിറൈറ്റ്സായ രവീന്ദ്രൻ ഔദ്യോഗിക ആവശ്യങ്ങൾക്കായി കൊച്ചിയിലെത്തിയപ്പോഴാണ് ‘മാതൃഭൂമി’യോട് മനസ്സുതുറന്നത്. 

‘‘ഓരോ നഗരത്തിനും ആത്മാവും തനിമയുമുണ്ട്. അതു തിരിച്ചറിഞ്ഞ് രൂപകൽപ്പന ചയ്യുമ്പോഴാണ് ഒരു ആർക്കിടെക്ട് ജോലിയോടു നീതി പുലർത്തുക. ഓരോ പ്രദേശത്തേയും വൈവിദ്ധ്യങ്ങളാണ് അവിടങ്ങളിലെ പ്രൗഢി. ഭാഷ, ശബ്ദം, നടനം, നൃത്തം... എല്ലാറ്റിലും ഒരു സംഗീതമുണ്ട്. ആ സംഗീതമാണ് നമ്മുടെ പൈതൃകം, അവ സംരക്ഷിക്കണം. സാംസ്കാരികതയെ അവഗണിച്ച് നഗരങ്ങൾ രൂപകൽപ്പന ചെയ്താൽ 25 വർഷം കഴിയുമ്പോൾ എല്ലാ പ്രദേശവും ഒരുപോലെയിരിക്കും. വിദേശികൾ സാംസ്കാരിക സ്തൂപങ്ങളടക്കമുള്ളവയെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് നഗരവികസനം സാധ്യമാക്കുന്നത്. എന്നാൽ, നമ്മുടെ നാട്ടിൽ ആ ചിന്ത കുറവാണ്. പൗരാണികത നഗരത്തിന്റെ ആസ്തിയാണെന്ന തോന്നൽ ഉണ്ടാകണം. ബാധ്യതയാണെന്ന വികലവീക്ഷണം മാറ്റണം. ഒരു അടിസ്ഥാന സൗകര്യവും ഇല്ലാത്തിടത്തുവരെ വൻ കെട്ടിടങ്ങളാണ് കൊച്ചി പോലുള്ള നഗരങ്ങളിൽ ഉയരുന്നത്’’ -രവീന്ദ്രൻ പറയുന്നു.

ടെഹ്‌റാനിലെ പുരാതന നഗരമായ ഡെസ്‌ഫുൾ, ഷുഷ്താർ തുടങ്ങിയ സ്ഥലങ്ങളിലെ ക്ളാസിക്കൽ ഭംഗിയുടെ ആസൂത്രണ മികവും കെ.ടി. രവീന്ദ്രന്റെ സംഭാവനയായിരുന്നു. ചെന്നൈയിലെ എ.സി. കോളേജ് ഓഫ് ടെക്നോളജിയിലെ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇദ്ദേഹം ഇറാനിലെത്തിയത്. 2000 കൊല്ലം പഴക്കമുള്ള നഗരത്തിന്റെ തുടർവികസനം അതേ പശ്ചാത്തലം പിൻപറ്റിക്കൊണ്ട് നടത്താനായി എന്നതിലാണ് ഈ മലയാളിയുടെ വിജയം. ഏഷ്യയിലേക്കു വരുന്നതിനു മുൻപ് അലക്സാണ്ടർ താമസിച്ച സ്ഥലം, പുരാതനമായ റോമൻ വാട്ടർ മില്ലുകൾ എന്നിവയെല്ലാം രവീന്ദ്രനെ സ്വാധീനിച്ച ഘടകങ്ങളായിരുന്നു. മൂന്നുവർഷം അവിടെ ചെലവഴിച്ച ശേഷം വിവിധ ഇടങ്ങളിലെ മനുഷ്യരുടെ ജീവിതം നേരിൽ കണ്ടറിയാൻ ആഫ്രിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ അദ്ദേഹം പര്യടനം നടത്തി, കൂട്ടിന് ഏറെ സ്നേഹിച്ച തന്റെ ക്യാമറയും. അനുഭവജ്ഞാനം വർദ്ധിപ്പിക്കുന്നതിനായിട്ടായിരുന്നു ആ യാത്ര... ജീവിതത്തെ മുഖത്തോടുമുഖം കണ്ട നിമിഷങ്ങൾ. സന്തോഷവും സങ്കടവും കഷ്ടപ്പാടുകളുമെല്ലാം ഒറ്റയ്ക്ക് അറിഞ്ഞു. 

കണ്ട കാഴ്ചകളെല്ലാം ക്യാമറാ കണ്ണുകൾകൊണ്ട് ഒപ്പിയെടുത്തു. ആഫ്രിക്കയിലെ വാസ്തു ശില്പങ്ങളുടെ വേറിട്ട ദൃശ്യവിസ്മയങ്ങളുടെ പതിനായിരത്തോളം ചിത്രങ്ങൾ അദ്ദേഹം പകർത്തി. ആ യാത്രാനുഭവം ഇന്നും ഒരു പഠനസഹായിയായി തന്റെ ഔദ്യോഗിക ജീവിതത്തിൽ രവീന്ദ്രൻ ഉപയോഗിക്കുന്നു. മൂന്നുമാസം ഇറ്റലിയിലെ പെറൂജിയയിൽ രവീന്ദ്രൻ ഉണ്ടായിരുന്നു. താമസിച്ചിരുന്നതിന്റെ മുന്നിലായിരുന്നു അസ്സിസി എന്ന നഗരം. തലശ്ശേരിയിലെ സെൻറ് ജോസഫ് സ്കൂളിലെ പഠനകാലഘട്ടത്തിൽ മനസ്സിൽ കൂടുകൂട്ടിയ മാതൃകാ പുരുഷൻ സെൻറ് ഫ്രാൻസിസിന്റെ തട്ടകത്തിൽ എത്തിയതിന്റെ ആവേശമായിരുന്നു അദ്ദേഹത്തിന്. സെൻറ്‌്‌ ഫ്രാൻസിസ് താമസിച്ച സ്ഥലത്തും അടക്കം ചെയ്തിടത്തും രവീന്ദ്രൻ എത്തി. ‘ഹർഷപുളകിതമായ നിമിഷം’ എന്നാണ് ഈ മുഹൂർത്തത്തെ രവീന്ദ്രൻ വിശേഷിപ്പിക്കുന്നത്. ‘വീണ്ടും വീണ്ടും മനസ്സ്‌ അവിടേക്ക് സഞ്ചരിക്കുന്നു’ വെന്നും അദ്ദേഹം പറയുന്നു. 

1979-ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. തുടർന്ന് കൊൽക്കത്തയിലെ ഒരു സന്നദ്ധ സംഘടനയുമായി സഹകരിച്ച് പ്രവർത്തിച്ചു. സമൂഹത്തിന് ഗുണം ലഭിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ തന്റെ വകയായി ചെയ്യണമെന്ന ചിന്തയിൽ ബംഗാളിലെ ഗ്രാമ പ്രദേശങ്ങളിൽ ഏറെ യാത്രചെയ്തു. ചേരികളിലും മറ്റും ഗ്രാമീണ ബംഗാളിലെ സ്കൂളുകൾക്കു വേണ്ടി പ്രവർത്തിച്ചു. വീടുകൾ നിർമിക്കുന്നതിൽ നേരിട്ടു പങ്കാളിയാവുകയും ചെയ്തു. ‘ആർക്കിടെക്ചർ എന്നാൽ സമൂഹത്തിനായി വലിയ കാര്യങ്ങൾ ചെയ്യാനുള്ള മാർഗം’ എന്നാണ് രവീന്ദ്രൻ പറയുന്നത്. 

തികച്ചും അവിചാരിതമായാണ് അധ്യാപന രംഗത്തേക്കുള്ള കടന്നുവരവ്. ഹൈദ്രാബാദിലെ ജെ.എൻ.ടി.യു. സർവകലാശാലയിലായിരുന്നു തുടക്കം. മുമ്പ് ആഴത്തിൽ പഠിച്ചിട്ടില്ലാത്ത ‘ലാൻഡ്സ്കേപ്പ് ആർക്കിടെക്ചർ’ എന്ന വിഷയമാണ് ലഭിച്ചത്. ഒരു മണിക്കൂർ ക്ളാെസടുക്കാൻ മൂന്നുമണിക്കൂർ നീണ്ട തയ്യാറെടുപ്പ് ആവശ്യമായി വന്നു. അങ്ങനെ ഒടുവിൽ അധ്യാപന വൃത്തിയാണ് തനിക്ക് വിധിച്ചിട്ടുള്ളതെന്ന് രവീന്ദ്രൻ തിരിച്ചറിഞ്ഞു.
പിന്നീട് ദില്ലിയിലെ സ്കൂൾ ഓഫ് പ്ളാനിങ്‌ ആൻഡ് ആർക്കിടെക്ചർ എന്ന സ്ഥാപനത്തിലെ ‘അർബൻ ഡിസൈൻ’ വിഭാഗം തലവനായി വർഷങ്ങളോളം അദ്ദേഹം ജോലിനോക്കി. 
ഇതിനിടയിൽ വിവാഹം. മലയാളിയായ രവീന്ദ്രന് ജീവിതസഖിയായത് ബംഗാളിൽ നിന്നുള്ള അമ്പാ സന്ന്യാൽ. അടുത്തിടെ പുറത്തിറങ്ങിയ വിഖ്യാത ചിത്രം ‘ഷിപ്പ് ഓഫ് തീസീസി’ൽ അവർ വേഷമിട്ടിട്ടുണ്ട്. ഏകമകൾ അമ്മുവും രവീന്ദ്രന് കൂട്ടായി ഒപ്പമുണ്ട്. 

ആഗോള താപനം അടക്കമുള്ള പ്രശ്നങ്ങൾ ഭീഷണിയായി ഉയരുമ്പോൾ ആർക്കിടെക്ടുകൾ ക്രിയാത്മകമായ ഇടപെടൽ നടത്തണമെന്നാണ് രവീന്ദ്രന്റെ പക്ഷം. ‘‘നമ്മൾ ചെയ്യുന്നതിന്റെ പ്രത്യാഘാതം എന്തെന്ന് മനസ്സിലാക്കണം. അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണം. സമൂഹത്തിന് ഒരു ഗുണവും ലഭിക്കാതെ ലാഭം മാത്രം കണ്ടുകൊണ്ടുള്ള നീക്കം പ്രൊഫഷണലിസമല്ല’’ -ആർക്കിടെക്ടുകളോടുള്ള രവീന്ദ്രന്റെ ഉപദേശമാണിത്. 
കൊച്ചിയെക്കുറിച്ചും അദ്ദേഹത്തിനു തന്റേതായ സങ്കൽപ്പങ്ങളുണ്ട്. ‘‘ഈ നഗരത്തിന് വാക്കുകളിലൊതുങ്ങാത്ത ഭംഗിയുണ്ട്. അതു ചോദനകളെ ഉണർത്തുന്നു’’ -അദ്ദേഹം പറയുന്നു. മെട്രോ െറയിൽ കൊച്ചിയുടെ ഉപനഗരങ്ങളെ ബന്ധിപ്പിക്കണമെന്നും രവീന്ദ്രൻ നിർദേശിക്കുന്നു. ‘‘അത് എം.ജി. റോഡ് െെകയടക്കുന്നതിനു പകരം ഉപപ്രദേശങ്ങളുടെ കണ്ണിചേർക്കുന്ന ശൃംഖലയായി മാറുകയാണ് വേണ്ടത്’’ -അദ്ദേഹം പറയുന്നു.