സ്റ്ററേഷനെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ ‘ഫ്രണ്ട്‌സ്‌’ എന്ന മലയാള സിനിമയിലെ രംഗമാണ്‌ ഓർമവരുന്നത്‌. പെയിന്റർമാരായ ശ്രീനിവാസനും സംഘവും കൊട്ടാരത്തിലെ പുരാവസ്തുക്കൾ അടങ്ങിയ പഴയ അലമാര താഴെയിട്ടുപൊട്ടിച്ചപ്പോൾ ജനാർദനൻ അവരെ വഴക്കുപറയുന്നു..., അപ്പോൾ ‘ഒരു പഴയ അലമാരയല്ലേ രാജാവേ’ എന്നു പറഞ്ഞ്‌ തലയൂരാൻ ശ്രമിക്കുന്ന ശ്രീനിവാസന്റെ കഥാപാത്രത്തെപ്പോലെയാണ്‌ നമ്മുടെ ഭൂരിപക്ഷ ഭരണാധികാരികളുടെയും സ്ഥിതി.

Restoration എന്ന പദത്തിനർഥം നിഘണ്ടുവിൽ വീണ്ടെടുക്കൽ എന്നാണ്‌. ചരിത്രാവിഷ്കാരത്തിന്റെ ശേഷിപ്പുകൾ പുതിയതലമുറയ്ക്ക്‌ കാണാനും പൈതൃകസംസ്കാരത്തിന്റെ ഉടമസ്ഥാവകാശം നമ്മുടെതാണെന്നറിയാനും പഠിക്കാനുമുള്ള അവസരം ഉണ്ടാകുന്നു. ചരിത്രബോധമാണിതിനാധാരം. വീണ്ടെടുക്കൽ മൂന്നു രീതിയിലാണ്‌ ലോകത്ത്‌ നടപ്പാക്കിവരുന്നത്‌.

1. Restoring:- പഴയ കെട്ടിടത്തെ അതിന്റെ കേടുപാടുകൾ തീർത്ത്‌ നിലനിർത്തുക.
2. Renewal:- പഴയ കെട്ടിടത്തെ പുതുക്കിപ്പണിയുക.
3. Reestablishment:- പഴയ കെട്ടിടത്തെ പുതിയ സ്ഥലത്തേക്ക്‌ പുനഃസ്ഥാപിക്കുക. നൂറ്റാണ്ടുകൾ പഴക്കമുള്ള നിർമിതികൾ അറ്റകുറ്റപ്പണികൾ തീർത്ത്‌ സംരക്ഷിക്കുക എന്ന നിർമാണ ശൈലി പലരാജ്യങ്ങളിലും നടപ്പാക്കി വരുന്നുണ്ട്‌. ജീർണിച്ച കെട്ടിടങ്ങൾ സുരക്ഷിതമാക്കാൻ ഈ മേഖലയിലെ വിദഗ്ധരായ ആർക്കിടെക്‌റ്റുമാരെയും പരമ്പരാഗത ആശാരിമാരെയും കൽപ്പണിക്കാരെയും നമുക്ക്‌ ഉൾപ്പെടുത്താവുന്നതാണ്‌.

പുരാതന നിർമാണ ശൈലിയോട്‌ ആഭിമുഖ്യമില്ലാത്തവരെ ഒരു കാരണവശാലും ഇത്തരം പദ്ധതിയിൽ ഏർപ്പെടുത്താൻ പാടില്ല.  കോൺക്രീറ്റ്‌ ബീമുകളും ആധുനിക ശൈലിയിലുള്ള കെട്ടിടനിർമാണ രീതികളും ഇതിനകത്തേക്ക്‌ കടത്താൻ പാടില്ല. പഴയകെട്ടിടങ്ങൾ പൊളിച്ച പഴയമരങ്ങൾ പുനഃചംക്രമണം നടത്തി ഉപയോഗിക്കാവുന്നതാണ്‌. ചിതൽ, വിള്ളൽ എന്നീ കെട്ടിടത്തിലെ ജീർണകാരണമായ അവസ്ഥകളെ പരിഹരിക്കുകയും ഏജൻസികളുടെ സഹായം തേടാവുന്നതുമാണ്‌.  ഇതിന്റെ അകത്തളത്തിലെ ടൈലുകളും ലൈറ്റുകളും ഫർണിച്ചറുകളുമെല്ലാംതന്നെ ആ കാലഘട്ടത്തോട്‌ നീതി പുലർത്തുന്നവയായിരിക്കണം. വീണ്ടെടുപ്പ്‌ കഴിഞ്ഞ കെട്ടിടത്തിന്റെ ചരിത്രപഴക്കവും കാലഘട്ടവും വിവരിക്കുംവിധത്തിൽ  അവിടെ ബോർഡുകൾ സ്ഥാപിക്കണം. 
കെട്ടിടത്തിന്റെ സമീപപ്രദേശത്ത്‌ ഭൂമിയെ ദുർബലപ്പെടുത്തുന്ന പൈലിങ്‌, സ്ഫോടനങ്ങൾ എന്നീ രീതികൾ കെട്ടിടനിർമാണ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാൻ അനുമതിനൽകരുത്‌.

പൈതൃകകെട്ടിടങ്ങളുടെ സംരക്ഷണം

 പൈതൃകകെട്ടിടങ്ങൾ നവീകരിക്കുമ്പോൾ സാമ്പത്തിക സഹായങ്ങൾ നൽകാൻ സർക്കാർ തലത്തിൽനിന്ന്‌ നടപടികൾ വേണം. സൗകര്യങ്ങളുടെ അഭാവത്തിന്റെ പേരിലാണ്‌ ഭൂമാഫിയകൾ ഇത്തരം കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നത്‌. അത്തരം പ്രവർത്തികൾ നിയമനടപടികളിലൂടെ നിരോധിക്കണം. അഥവാ കുടുംബസ്വത്തുക്കളോ മറ്റോ ആണെങ്കിൽ അത്തരം നിർമിതികളെ മാറ്റിസ്ഥാപിച്ച്‌ നിലനിർത്താൻ ശ്രമങ്ങൾ വേണം. വിദേശയാത്രകളിൽ നാം കാണുന്നത്‌ ഷോപ്പിങ്‌ മാളുകളുടെയോ വലിയ കെട്ടിടങ്ങളുടെയോ മായാ കാഴ്ചകളല്ല. ചരിത്രശേഷിപ്പുകളിലൂടെയുള്ള യാത്രയാണ്‌. ഇത്തരം യാത്രകളാണ്‌ ഏതൊരു സഞ്ചാരിയെയും ആവേശഭരിതരാക്കുന്നത്‌. കാണാൻകഴിയാത്ത കാലഘട്ടത്തിലേക്കുള്ള  സഞ്ചാരമാണ്‌ പൈതൃകനടനം.

ലണ്ടൻ, യൂറോപ്പ്‌ തുടങ്ങിയ സ്ഥലങ്ങളിൽ പൈതൃകകെട്ടിടങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളിൽ പുതിയ നിർമിതിക്ക്‌ അനുമതി നൽകാറില്ല. പുതിയ ടൗൺ ഷിപ്പുകൾ ഇത്തരം കെട്ടിടങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിലാണ്‌ പ്ളാനിങ്‌ ചെയ്യുന്നത്‌. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനോ പുതിയ ശൈലിയിലുള്ള നിർമാണ രീതികൾ നടത്താനോ അനുവാദവുമില്ല.
ഇന്നും യൂറോപ്പിലെ മഹാനഗരങ്ങൾ ആധുനികമായ രീതിയിൽ എത്രതന്നെ മുന്നോട്ടുവന്നെങ്കിലും പഴയനിർമിതികളും സ്ക്വയറുകളും രാജവീഥികളും മറ്റും പൂർവകാലസ്മൃതികളോടെ സംരക്ഷിക്കുന്നതിൽ ഭരണകൂടങ്ങളുടെ നിതാന്തശ്രമം നമ്മെ അതിശയിപ്പിക്കുന്നതാണ്‌.

ബ്രിട്ടനിലെ കാർടിഫ്‌ എന്ന പ്രദേശത്ത്‌ ഒരു വലിയ ഹെറിറ്റേജ്‌ മ്യൂസിയം നിർമിച്ചിട്ടുണ്ട്‌. നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതന കെട്ടിടങ്ങൾ പുനർനിർമിച്ച്‌ പഴയകാലഘട്ടത്തെപ്പോലെത്തന്നെ പുനഃസൃഷ്ടിച്ചിട്ടുണ്ട്‌. കാർടിഫിലെ മനോഹരമായ ഈ പ്രദേശം ലോകത്തെ മുഴുവൻ സഞ്ചാരികളെയും അവിടേക്ക്‌ ആകർഷിക്കുന്നു. ഇത്തരം ചരിത്ര വിസ്മയങ്ങളുടെ ഈറ്റില്ലമാണ്‌ ബ്രിട്ടനിലെ ഓരോ ഗ്രാമങ്ങളും. അതുപോലെതന്നെ ഇറ്റലിയിലെ റോമിലെ ചക്രവർത്തിമാരുടെ ലോകപ്രശസ്തമായ കൊളോസിയം കാലപ്പഴക്കത്താൽ തകർന്നുതരിപ്പണമായതാണ്‌. ലക്ഷക്കണക്കിന്‌ സഞ്ചാരികളെ ദിവസവും ആകർഷിക്കുന്ന ഈ പൈതൃകകെട്ടിടം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വീണ്ടെടുത്ത്‌ സംരക്ഷിച്ച്‌ നിലനിർത്തുന്നത്‌ കാണാം. അങ്ങനെ പല രാജ്യങ്ങളിലും ഇത്തരം പല നിർമിതികളും ശ്രദ്ധയോടെ സംരക്ഷിക്കുന്നതായി നമുക്ക്‌ കാണാൻ സാധിക്കുന്നു.

ഇന്ത്യയിലെ ഭരണകൂടദുർബലതകൾ കാരണം ഇത്തരം പൈതൃകകെട്ടിടങ്ങൾ നശിപ്പിക്കുകയും കൈയേറ്റം ചെയ്യുകയും പൊളിച്ചുമാറ്റപ്പെടുകയും ചെയ്യുന്ന പ്രവണത ധാരാളമായിക്കാണാൻ കഴിയും.കോഴിക്കോട്‌ നഗരഹൃദയത്തിൽ ബ്രിട്ടീഷുകാർ നിർമിച്ച സി.എസ്‌.ഐ. ചർച്ചും പള്ളിക്കൂടവും പഴയ ആർ.ഡി.ഒ. ഓഫീസും അതിനുസമീപത്തെ സിറ്റി കമ്മിഷണർ ഓഫീസും പൊളിച്ചുമാറ്റപ്പെട്ട മനോഹരമായ ഹജ്ജൂർഒാഫീസും ഇന്നും തലയുയർത്തിനിൽക്കുന്ന കോംട്രസ്റ്റ്‌ കെട്ടിടവും ക്രൗൺ തിയേറ്ററും പഴയ വിക്ടോറിയ ഹാൾ എന്ന ടൗൺഹാളും സമീപത്തെ മോഡൽ സ്കൂളും  ട്രെയ്‌നിങ്‌ കോളേജും ഒരു കാലഘട്ടത്തിന്റെ ചരിത്രനിർമിതികളാണ്‌.  അതിൽ പലതും പൊളിച്ചുമാറ്റപ്പെടുകയും ചിലത്‌ പൊളിക്കാനുള്ള തയ്യാറെടുപ്പിലുമാണ്‌. ചരിത്രസ്നേഹികൾക്ക്‌ വിഷമം തോന്നുന്ന പല തീരുമാനങ്ങളും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകാറുണ്ട്‌. ഇന്ത്യയിലെ ആദ്യകാല മുനിസിപ്പാലിറ്റികളിൽ പ്രധാനമാണ്‌ കോഴിക്കോട്‌ മുനിസിപ്പാലിറ്റി. അത്തരമൊരു മനോഹരമായ കെട്ടിടത്തെ ചില ഗവ. ഏജൻസികളുടെ ഓഫീസുകളാക്കിമാറ്റി പിന്നീട്‌ ജീർണിക്കുന്ന അവസ്ഥയും നമുക്കുകാണാം. 

മലബാർ മാന്വലിന്റെ സ്രഷ്ടാവ്‌ വില്യം ലോഗൻ, കനോലി കനാൽ എന്ന ജലഗതാഗത പദ്ധതിയുടെ സൂത്രധാരനായ കനോലി സായിപ്പ്‌ തുടങ്ങിയവർ താമസിച്ച ഒരു മനോഹര നിർമിതിയാണ്‌ ഈസ്റ്റ്‌ഹില്ലിലുള്ള പഴശ്ശിരാജ മ്യൂസിയവും കൃഷ്ണമേനോൻ ആർട്ട്‌ ഗാലറിയും. അതിന്റെ സമീപത്തായി ത്രീഡി തിയേറ്റർ നിർമാണവുമായി ബന്ധപ്പെട്ട്‌ തീർത്തും സമകാലിക ശൈലിയിലുള്ള ഒരു കോൺക്രീറ്റ്‌ കാട്‌ നിർമിക്കാനുള്ള പദ്ധതിയെ സ്ഥലം എം.എൽ.എ. പ്രദീപ്‌കുമാറിന്റെ സമയോചിതമായ ഇടപെടൽ കാരണം തടയാൻ സാധിച്ചു. ഇത്തരം നേരിട്ടുള്ള ഇടപെടലുകളാണ്‌ ചരിത്രത്തെയും ചരിത്രകെട്ടിടങ്ങളെയും സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാകുന്നത്‌. അതുപോലെ ത്തന്നെ കോഴിക്കോട്ടെ പ്രശസ്തമായ റെയിൽവേ ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ പൊളിച്ചടുക്കാനുള്ള ശ്രമത്തെ എം.ജി.എസ്‌. നാരായണനും ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ മുൻ സൂപ്രണ്ട്‌ കെ.കെ. മുഹമ്മദും ഇൻടാക്‌ പോലുള്ള പൈതൃകസ്നേഹസംഘടനകളും ഇടപെട്ടാണ്‌ തടഞ്ഞത്‌.

kozhikode aakasha vani

കോഴിക്കോട്ടെ കടപ്പുറത്തുനിന്ന്‌ രണ്ട്‌ നിർമിതികൾ കാണാം. ഒന്ന്‌. ‚ബീച്ചാസ്പത്രി: നൂറ്റമ്പതുകൊല്ലംമുമ്പ്‌ ഇംഗ്ളീഷുകാർ നിർമിച്ച, മരത്തിന്റെ ജനലുകളും വാതിലുകളും സാധാരണ ഓടുകൾപാകിയ മേൽക്കൂരയുമുള്ള കടലിന്റെ കാറ്റും ഉപ്പുമടങ്ങിയ പ്രതികൂല കാലാവസ്ഥകളെ നേരിടാൻ ശേഷിയുള്ളത്‌. മറ്റേത്‌, 1956-ൽ നിർമിച്ച ആകാശവാണിയുടെ കോൺക്രീറ്റ്‌ കെട്ടിടം.  പഴയരീതിയിലുള്ള കോൺക്രീറ്റ്‌ കെട്ടിടമായ ആകാശവാണി പൂർണമായും ജീർണിച്ച്‌ ആകാശംകാണാത്ത രീതിയിൽ അലൂമിനിയം ഷീറ്റുകൾ നിരത്തി മൂടിവെച്ചിരിക്കുകയാണ്‌.

ഈ രണ്ട്‌ ദൃശ്യമാതൃകകൾ മതി പരമ്പരാഗത ശൈലിയിലുള്ള കെട്ടിടനിർമാണരീതി മഴയെയും വെയിലിനെയും അതിജീവിക്കുന്നതാണ്‌ എന്ന്‌ മനസ്സിലാക്കാൻ. അവ പൊളിച്ചുമാറ്റാതിരിക്കാനും പുതിയ കോൺക്രീറ്റ്‌ മാതൃകകൾ അടിച്ചേല്പിക്കാതിരിക്കാനും ഈ ഉദാഹരണം ഓർത്താൽ മതി.ഉദ്‌ഘാടനഫലകങ്ങളിൽ പേര്‌ പതിഞ്ഞുകഴിഞ്ഞാൽ പിന്നീട്‌ ഒരുവിധ അറ്റകുറ്റപ്പണികളും നടക്കാത്ത നാടാണിത്‌. സത്യത്തിൽ നമുക്ക്‌ ഒരു പബ്ളിക് വർക്ക്‌ മെയിന്റനൻസ്‌ ഡിപ്പാർട്ട്‌മെന്റ്‌ ആണ്‌ വേണ്ടത്‌. അത്‌ പൂർണമായും സ്വകാര്യ ഏജൻസികളെ ഏല്പിക്കുകയും വേണം. നമ്മുടെ നാട്ടിലെ പൈതൃകകെട്ടിടങ്ങളെ സംരക്ഷിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പുരാവസ്തുവകുപ്പ്‌, ടൂറിസംവകുപ്പ്‌, ജനപ്രതിനിധികൾ, ജനങ്ങൾ എന്നിവരെല്ലാം ഒരേ രീതിയിൽ ചിന്തിച്ചാൽ മാത്രമേ സാധിക്കൂ.

പ്രശസ്ത ആർക്കിടെക്റ്റാണ് ലേഖകൻ