റ താണ പുല്ലുമേഞ്ഞ വീടുകള്‍. വീടുകള്‍ വയ്ക്കാന്‍ കോടികള്‍ മുടക്കുന്ന നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. വയനാട്ടിലെ മാനന്തവാടിക്കടുത്ത് കമ്മനയിലെ ചെറുവയല്‍ രാമന്റെ വീടുകണ്ടാല്‍ നൂറ്റാണ്ടുകള്‍ പിന്നിലേക്കുള്ള മടങ്ങിപ്പോക്കായി നമുക്ക് തോന്നിയേക്കാം.  ദേശീയ ജീനോം സേവ്യര്‍ പുരസ്‌കാര ജേതാവുകൂടിയായ രാമന്‍ കഴിയുന്നത് ഒന്നര നൂറ്റാണ്ട് പഴക്കമുള്ള പുല്ലുമേഞ്ഞ വീടിനുള്ളിലാണ്.

Grass house

വര്‍ഷാ വര്‍ഷം മഴക്കാലം വരുന്നതിന് തൊട്ടുമുമ്പേ വീട് വരിച്ചിലുകളെല്ലാം പുതുക്കി നീളം കൂടിയ പുതിയ പുല്ലുമേഞ്ഞ് പുതുക്കും. അഞ്ചും ആറും മുറികളുള്ള ഒന്നിലധികം വീടുകളാണ് ഒന്നിനൊന്ന് അഭിമുഖമായി ചെറുവയല്‍ തറവാട്ടിലുള്ളത്. എല്ലാം പുല്ലുമേഞ്ഞവ തന്നെയാണ്. ആറേക്കറോളം വയലും അത്രതന്നെ കരഭൂമിയുമെല്ലാമുള്ള രാമന്‍ കോണ്‍ക്രീറ്റ് കൊട്ടാരം കെട്ടിപ്പൊക്കാത്തതെന്താണെന്നു ചോദിച്ചാല്‍ .ഈ ഭൂമിയില്‍ എന്തും ലളിതമായി മാത്രം മതിയെന്ന് ഉത്തരം നല്‍കും. 

grass house

വീടിന്റെ മുകളില്‍ പുല്ലുമേയാന്‍ മേല്‍ക്കൂരയിലെ വരിച്ചിലിടല്‍ മുതല്‍ മണ്‍കട്ട ചുട്ടെടുത്ത് ചുമരുകെട്ടാന്‍ വരെയും മറ്റാരെയും ആശ്രയിക്കേണ്ടതായിരുന്നില്ല പഴയകാലത്ത്. ഇതെല്ലാം ചെയ്യാന്‍ വീട്ടുകാര്‍ക്ക് തന്നെ കഴിയും. ഇതിനായി കുടംബം ഒന്നാകെ  ഇറങ്ങിതിരിക്കണം എന്നുമാത്രം. മരത്തിന്റെ കാതല്‍ ചെത്തിയുരുട്ടി ഉത്തരവും മുളകഴുക്കോലുകളും കാട്ടുവള്ളികളില്‍ കൂട്ടിക്കെട്ടിയാണ് മേല്‍ക്കൂര നിര്‍മിക്കുക 

പൊടിയും നുറക്കുകളുമെല്ലാം മാററി കുടഞ്ഞൊരുക്കി നീളം കൂടിയ വൈക്കോലിനെ ക്രമംതെറ്റാതെ ഓരോ പിടിയായി ഒന്നിനൊന്ന് ചേര്‍ത്തുവെച്ചാണ് പുരമേയുക. മഞ്ഞുകഴിഞ്ഞാല്‍ അതിരാവിലെ മേഞ്ഞ മേല്‍ക്കൂര വലിയ തോട്ടിവടികൊണ്ട് അടിച്ചൊതുക്കി കഴിയുന്നതോടെ മഴയും വെയിലും ഏല്‍ക്കാതെ  ഒരാണ്ടു കഴിയാനുള്ള  വീട് റെഡിയായി. 

grass house

പരമ്പാരഗതമായി കൈമാറി കിട്ടിയതാണ് ഈ തറവാടും  അതോടൊപ്പം വയനാടിന്റെ നാല്‍പ്പതോളം വരുന്ന അതിപുരാതനമായ നെല്‍വിത്തുകളും.  വയനാട്ടില്‍ നിന്നും അന്യമായി പോയ 150 ല്‍പ്പരം നെല്‍വിത്തുകളില്‍ നിന്നാണ് രാമന്‍ നാല്‍പ്പതിനങ്ങളെ കൊല്ലം തോറും കൃഷിയിറക്കി സംരക്ഷിക്കുന്നത്. വീടിന്റെ കുളിര്‍മ്മയുള്ള അകത്തളങ്ങളില്‍ കാലത്തെ തോല്‍പ്പിച്ചാണ് ഈ പൈതൃകം സംരക്ഷിക്കപ്പെടുന്നത്. 

ഗ്രാനൈറ്റിനെക്കുറിച്ചും മാര്‍ബിളിനെക്കുറിച്ചുമെല്ലാം പുതിയ കാലം സംസാരിക്കുമ്പോള്‍ ചാണകം മെഴുകിയ തറയും മണ്‍ചുവരുമൊക്കെയുള്ള തന്റെ വീടിനെക്കുറിച്ചാണ് രാമന്‍ വാചലനാവുക. വരയിട്ട് തളിച്ച മുറ്റത്തിനരികിലായി ഇറയത്തേക്ക് കാല്‍ നീട്ടിവെച്ച് പോയകാലത്തിന്റെ സമൃദ്ധിയെക്കുറിച്ചും വയനാടിന്റെ കൃഷി താളത്തെക്കുറിച്ചുമെല്ലാം രാമന്‍ സംസാരിക്കുമ്പോള്‍ ഇദ്ദേഹം വെറുമൊരു പഴഞ്ചനാണ് എന്നാരും കരുതേണ്ട. ഈയടുത്ത് കേരള ഗവര്‍ണര്‍ പി.സദാശിവമടക്കം രാജ്ഭവനിലേക്ക് അതിഥിയായി ക്ഷണിച്ച് ആദരിച്ച കര്‍ഷകനാണ് ഇയാള്‍.

grass house

നിരവധി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.  ശാസ്ത്ര കോണ്‍ഗ്രസ്സിലടക്കം തന്റെ ജീവിതമാകുന്ന പ്രബന്ധവും രാമന്‍ വള്ളിപുള്ളി വിടാതെ അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുണ്ട്. വന്‍മരങ്ങള്‍ തണല്‍ വിരിക്കുന്ന ജൈവമേഖലയിലെ സുഖശീതളിമയില്‍ ഈ ഇറയത്ത് അതിഥികള്‍ വരാത്ത ദിവസമില്ല.

സ്വന്തം നാട്ടിലെ വിദ്യാര്‍ത്ഥികളടക്കം ജെ.എന്‍.യു വില്‍ നിന്നുപോലും ഈ തറവാട്ടില്‍ രാമന്റെ ആതിഥ്യം സ്വീകരിച്ചെത്തിയവര്‍ അനേകമുണ്ട്. ധനമന്ത്രി തോമസ് ഐസക് അടക്കമുള്ള നിയമസഭയുടെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മറ്റിയംഗങ്ങളും ഈ വീടിന്റെ ഇറയത്തിരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. 

grass house

ഒന്നാന്തരം വയനാടന്‍ കുത്തരിയുടെ പായസവും സദ്യയ്‌ക്കൊപ്പം രാമന്‍ ഇവര്‍ക്ക് വിളമ്പി. ഏത് വേനലിലും പെരുമഴയത്തുമെല്ലാം ഒരേ പോലയുള്ള ചൂടും തണുപ്പുമാണ് ഈ വീടിനുള്ളിലുള്ളത്. ഇറ തലമുട്ടും വിധം താഴ്ന്നതായതിനാല്‍ കനത്ത കാറ്റും ഇതിനുള്ളിലേക്ക് അടിച്ചു കയറില്ല. നിലത്ത് മന്ദിരപായ വിരിച്ച് അതിഥികളെ അവിടെയാണ് ഇരുത്തുക.

രാമനോടൊപ്പം ചമ്രം പടിഞ്ഞിരുന്ന് വിശേഷങ്ങള്‍ പറഞ്ഞിരിക്കാനും ഈ വീട്ടുമുറ്റത്ത് നാട്ടിലെ പഴമക്കാരെല്ലാം ഇപ്പോഴും എത്താറുണ്ട്.രാമന്റെ സമനാതകളില്ലാത്ത ഈ ജീവിതം പ്രശസ്ത സംവിധായകന്‍ അവിര റിബേക്ക 'നികലുകള്‍' എന്ന പേരില്‍ സിനിമയുമാക്കി. രാമന്റെ വീട്ടില്‍ നിന്നു തന്നെ ചിത്രീകരിച്ച സിനിമയില്‍ മനോജ് കെ ജയനാണ് രാമനായി അഭിനയിച്ചത്. ഇങ്ങനെ അനേകം ഡോക്യുമെന്ററികളിലും ഹൃസ്വചിത്രങ്ങലിലുമായെല്ലാം ഈ വീടിന്റെ ഖ്യാതി പുറം ലോകത്താകെ പടര്‍ന്നിട്ടുണ്ട്. 

grass house

ജൈവകൃഷിയോടൊപ്പം പഴമകളെ പരിപാലിക്കുന്ന കുറിച്യസമുദായത്തില്‍പ്പെട്ട രാമന് ഈ പുല്ലുമേഞ്ഞ വീടും പൈതൃക നെല്‍വിത്തുകളുമെല്ലാം എത്രകാലം സൂക്ഷിക്കാന്‍ കഴിയുമെന്ന് നിശ്ചയമില്ല. എങ്കിലും പ്രകൃതിയോടിണങ്ങിയ ഇങ്ങനെയൊരുകാലവും വീടുമെല്ലാം ഈ നാട്ടിലുണ്ടായിരുന്നു എന്ന് പതുതുതലമുറയോട് പറയാന്‍ തന്റെ ജീവിതം കൊണ്ട് കഴിഞ്ഞു എന്നതിലാണ് അഭിമാനം.

grass house

ആഢംബരത്തിന്റെയും ദൂര്‍ത്തിന്റെയും പുതിയ വില്ലകളില്‍ നിന്നും രാമന്റെ വിശേഷങ്ങളറിയാന്‍ എത്തുന്ന പുതിയ തലമുറയിലെ കുട്ടികളോടെല്ലാം ഇക്കഥകള്‍ രാമന്‍ തന്റെ വീടിന്റെ വരാന്തയിലുരുന്ന് പങ്കുവെക്കും. കാലം ഏറെ മാറി. ഈ വീടുകള്‍ നിര്‍മ്മിക്കാനും പുരമേയാനും അറിയുന്നവര്‍ പോലും  അരങ്ങൊഴിഞ്ഞു പോകുന്നു.

ഇക്കാലത്തിന്റെ അവസാന  കാഴ്ചയായി   ഈ പുല്ല് മേഞ്ഞ തറവാടിനെയും കാണാം. ചാണകം കണ്ടാല്‍ അറയ്കുന്ന പോസ്റ്റ് മോഡേണ്‍ ലൈഫില്‍ ചാണകം കൊണ്ട് അകത്തളങ്ങളില്‍ വരയിട്ട് മെഴുകിയ വീട് ഒരു സ്മാരകം തന്നെയാണ്.