ഠിനാധ്വാനം കൊണ്ട് മാത്രം ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നവര്‍ ധാരാളമുണ്ട്.  വിദ്യാഭ്യാസം മാനദണ്ഡമാക്കാതെ സ്വപ്രയത്‌നം കൊണ്ട് ഇഷ്ടപ്പെട്ട മേഖലയില്‍ വെന്നിക്കൊടിപാറിക്കുന്നവരാണിവര്‍. അത്തരക്കാരില്‍ ഒരാളാണ് കോഴിക്കോട് സ്വദേശിയായ ജയന്‍ ബിലാത്തിക്കുളം എന്ന ആര്‍ക്കിടെക്റ്റ്. ഒന്നില്‍ കൂടുതല്‍ തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടും ജയിക്കാത്ത ജയന്‍ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ആര്‍ക്കിടെക്റ്റുമാരില്‍ ഒരാളാണ്.  റിനോവേഷന്‍ വീടുകളുടെ സ്‌പെഷ്യലിസ്റ്റാണ് ജയന്‍.  

അടുത്തിടെ അമ്പത് വയസ് പൂര്‍ത്തിയായ ജയന്‍ തന്റെ വിജയകഥ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു ആര്‍ക്കും പ്രചോദനമായ ഒരു വിജയകഥ.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണപൂര്‍ണ രൂപം 

പ്രിയ ചെങ്ങായിമാരെ
ഞാന്‍ ജനിച്ചിട്ടിപ്പോള്‍ 18263 ദിവസായി .അതില്‍ പകുതി ദിവസവും കിടന്നുറങ്ങി. അര നൂറ്റാണ്ട് കടന്നു പോയി. ന്യൂ ജനറേഷന്‍ ഭാഷയില്‍ @50.
1973ല്‍ കോഴിക്കോട്ടെ കായംകുളം യൂണിവേഴ്സിറ്റിയില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നത്. (കായംകുളം സ്‌കൂള്‍ അഥവാ bemup school bilathikulam) .(ആടെ തന്നെയാണ് ഇന്റെ മോന്‍ കൃഷ്ണനുണ്ണിയും പഠിക്കുന്നത്).ഉന്നത പഠനത്തിന് വേണ്ടി മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈസ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ ചേര്‍ന്നു.ചാക്കീരി അഹമ്മദ് സാഹിബ് മന്ത്രിന്റെ ചാക്കീരി പാസ്സോണ്ട് പതതാം ക്ലാസ്സെത്തി .പ്രോഗ്രസില്ലാത്തത് കൊണ്ട് പ്രോഗ്രസ്സ് കാര്‍ഡ് അച്ഛനെ കാണിക്കാറില്ല .പഠനനിലവാര തകര്‍ച്ച കാരണം അമ്മയുടെ ചേരി ചിരട്ട മട്ടല്‍ എന്നിവ കൊണ്ടുള്ള എറില്‍ നിന്നും ശ്രീ.കേളുകുടിച്ചന്‍ ദൈവത്തിന്റെ ശക്തി കൊണ്ട് കൈച്ചിലാവലുണ്ട്(escape).1984 സിനിമ നടന്‍ ജയന്‍ മരിച്ചിട്ട് നാല് വര്‍ഷം കഴിഞ്ഞിരുന്നു..........അന്നാണ് ഈ ജയന്‍ അതിലും വലിയ ഒരു ദുരന്തത്തില്‍ കുടുങ്ങി പോയത് ..കോളിളക്കം സൃഷ്ട്ടിച്ച SSLC പരീക്ഷ നേരിടേണ്ടി വന്നത്. 1984 മെയ് മാസം രണ്ട് പൊട്ടിവിടരരുതെന്ന് മ്മളെ ശിവനോട് പ്രാര്‍ഥിച്ചത് .അനേകം ഭക്തന്മാരുള്ളോണ്ട് മൂപ്പര് മൈന്‍ഡ് ചെയ്തില്ല .പ്രഭാതം അല്ലെ അത് പൊട്ടി വിടര്‍ന്നു പണ്ടാരമടങ്ങി.ചരിത്രത്തില്‍ ആദ്യമായി ഞാന്‍ SSLC
തോറ്റു.................
അറുന്നൂറില്‍ 133 മാര്‍ക്ക് അറിഞ്ഞോ അറിയാതയോ കിട്ടി . ജീവിതം നായ നക്കി .അന്ന് അങ്ങനെയാണ് SSLC തോറ്റ എല്ലാവരുടെയും വിചാരം .എന്റെയും .തോറ്റു തൂറിയവരുടെ കോളേജ്. അഥവാ tutorial college. തകര്‍ന്നു വീഴാറായ കോണിപടികള്‍ കയറിയെത്തുന്ന ആത്മ വിദ്യാലയം. ഇതിന്റെ പേരുകള്‍ മനോഹരമാണ്. ശാന്തിനികേതന്‍,വിശ്വഭാരതി,oxford,cambridge,അങ്ങനെ വിശ്വോത്തരമായ പേരുള്ള cambridge-ല്‍ ആണ് ഞാന്‍ ഭാഷ പഠനത്തിന്(first group) പോയത്. അടുത്ത സെപ്റ്റംബറില്‍ തന്നെ നൂറു മാര്‍ക്ക് language-ന് കിട്ടി. ഞാന്‍ ഞെട്ടി ചിതറി. SSLC ഞാന്‍ പകുതി പാസ്സായി.


nb; വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിലെ യഥാര്‍ത്ഥ cambridge യൂണിവേഴ്‌സിറ്റിയില്‍ പോകാനുള്ള ഭാഗ്യമുണ്ടായി.........അന്ന് cambridgeന്റെ മുന്നില്‍ ഒഴുകുന്ന കനാലില്‍ ഞാനും എന്റെ സുഹൃത്ത് ഇട്ടൂപ്പും ചിരിച്ചു മരിച്ചു
' ഇനി സെക്കന്റ് ഗ്രൂപ്പ് ജയിക്കണം. എന്നാലേ ജയിക്കാനായി ജനിച്ചവന്‍' ആവുള്ളു. സെക്കന്റ് ഗ്രൂപ്പെന്നു പറഞ്ഞാല്‍ പ്രധാന വില്ലന്‍ maths. ജീവിതത്തില്‍ 30 രൂപയുടെ ഒരു calculator ഉണ്ടെങ്കില്‍ കണക്ക് കൂട്ടാനുള്ള കണക്കുകളേയുള്ളു. അതിനുപകരം ലസാഗു,ഇന്ന് വരെ ആരും തച്ചു കൊല്ലാത്ത പൈ ആര്‍ സ്‌ക്വര്‍,ഗോഷ്ഠി കാണിച്ചു ചൊല്ലുന്ന ചെറുവത്തൂരിന്റെ ഗുണഗോഷ്ടം.വിദ്യാഭ്യാസ കാലത്ത് ഇതൊക്കെ imposition ആയി ശിക്ഷ ലഭിക്കുമ്പോള്‍ quotation കോണ്‍ട്രാക്ട് കൊടുത്ത് ശീലമേയുള്ളു.
പിന്നെ വെറുതെയൊരു biology. പരാഗണങ്ങളും പാവപെട്ട തവളയുടെ ശവശരീരങ്ങളും മ്മ്ക്ക് ഒരിക്കലും കാണണ്ട ആവശ്യമില്ലാത്ത medulo oblangatta.
അതുപോട്ടെ 
രസതന്ത്രം(chemistry) ഇത്രേ അരസികമായ ഒരു തന്ത്രം. sulphuric acid,alkali.ഒരാവശ്യവുമില്ലാത്ത pottasium permaganate. എന്നിവയുടെ 'അറിയപ്പെടാത്ത രഹസ്യം'.
ഇനി അടുത്തത് 

ഊര്‍ജ തന്ത്രം.ഏത് തന്ത്രം പഠിച്ചാലും ഊര്‍ജ തന്ത്രം പഠിക്കരുത്.ഇത് പഠിച്ച മിടുക്കന്മാര്‍ നമ്മുക്ക് വേണ്ട ടീവിയും മൊബൈല്‍ ഫോണും ഫാനും വാഹനങ്ങളും ഊര്‍ജവുമായി ബന്ധപ്പെട്ട ലോകത്തെ എല്ലാ കാര്യങ്ങളും കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്. അത് ഓര് ചെയ്‌തോളും. മ്മള് വെറുതെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലും നേരിട്ട് കാണാന്‍പറ്റാത്ത എല്‌ട്രോണ്‍ ന്യൂട്രോണ്‍ പ്രോട്രോണ്‍ എന്നീ സഹോദരന്മാര്‍ക്ക് പഠിക്കും . നല്ല നമസ്‌കാരം.
ഭൂമി ശാസ്ത്രം . മ്മള വടകരെലെ ഭൂമി വാതില്‍ക്കല്‍ വരെ നടന്നു പോയാലും ഭൂമി ശാസ്ത്രം പഠിച്ചവര്‍ ഉണ്ടാകില്ല. മുറിച്ചു വില്‍ക്കാന്‍ പറ്റുന്ന വനങ്ങളെ പറ്റിയും ഇടിച്ചും പൊടിച്ചും മണല്‍ പാറ പൂഴിയുണ്ടാക്കി ഭൂമിയെ ഇടിച്ചു തകര്‍ക്കാനും ഭൂമിയുടെ ശാസ്ത്രം പഠിക്കണമെന്നില്ല. ഈ .അണ്ഡകടാഹത്തിലെ മുഴുവന്‍ കുട്ടികളും ഭൂമി ശാസ്ത്രജ്ഞര്‍ അല്ല. പിന്നെ എന്തിനാല്ലേ ഇത് പഠിക്കുന്നത്.അതുകൊണ്ട് ഞാന്‍ ശാസ്ത്രം പഠിച്ചില്ല .കൈരേഖ നമ്മുക്ക് കൈയില്‍ കാണാം. എന്നാല്‍ ഭൂമധ്യരേഖ ?
ഹിസ്റ്ററി എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വിഷയമാണ്. എത്ര വായിച്ചാലും മതി വരാത്ത ഒരു മഹാ സാഗരം .കാണാന്‍ പറ്റാത പോയ കാലത്തേക്ക് ഒരു തീര്‍ത്ഥ യാത്ര. തകര്‍ക്കപ്പെട്ട ഒരു കാലഘട്ടത്തിലേക്കുള്ള ഒരു പുനര്‍ജന്മ യാത്ര ചരിത്രം അങ്ങനെയാണ്.അത് പഠിക്കണ്ട അത് കണ്ടറിയുകായും കേട്ടറിയുകയും ചെയ്യുന്ന മനുഷ്യായനം.

സാമ്പത്തിക ശാസ്ത്രം. മുപ്പത് വയസു വരെ ദാരിദ്ര്യ രേഖയ്ക്കു താഴെയായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ സാമ്പത്തിക ശാസ്ത്രം അന്നും ഇന്നും വട്ട പൂജ്യം.
ഇത്രയും മഹത്തായ ശാസ്ത്രങ്ങളും തന്ത്രങ്ങളും പേടിച്ചു സെക്കന്റ് ഗ്രൂപ്പ് പരീക്ഷ എഴുതുന്ന ദിവസം ഞാന്‍ ഹതാശനായി. നേരെ കോഴിക്കോട് അപ്‌സര തീയറ്ററിലേക്ക് നടന്നു. Attenboroughയുടെ ഗാന്ധി സിനിമ TAX ഫ്രീ നാലാമത്തെ തവണ കണ്ടു അങ്ങനെ രണ്ടാം ലോക മഹായുദ്ധത്തില്‍ നിന്നും ഞാന്‍ രക്ഷപെട്ടു . തോല്‍വിയുടെ മാര്‍ച്ച് മാസവും എനിക്ക് നഷ്ട്ടപെട്ടു.
അങ്ങനെ ആറോളം എഴുത്തു പരീക്ഷ പോരാട്ടങ്ങളില്‍ ഞാന്‍ പങ്കെടുത്തു.പരാജയം വിജയത്തിലേക്കുള്ള കുറുക്കു വഴിയാണെന്ന് ലോട്ടറി ടിക്കയറ്റുകാരന്‍ വിളിച്ചു പറയുന്നധ് കേട്ടു.അങ്ങനെ ചില ശാസ്ത്രങ്ങള്‍ കോപ്പിയടിക്കാന്‍ തീരുമാനിച്ചു. ചെറിയ കടലാസ്സു തുണ്ടുകളിലേക്ക് TEXTBOOKലെ മഹത്തയ സത്യങ്ങള്‍ ചെറുതായി എഴുതപ്പെട്ടു. പല പരീക്ഷണങ്ങളിലും എഴുതപെട്ട സത്യങ്ങള്‍ ചോദ്യങ്ങളായില്ല. അങ്ങനെ 1987 മാര്‍ച്ചില്‍ ആ മഹത്തായ ലക്ഷ്യം നിറവേറി. 210 മാര്‍ക്ക് മാത്രം വേണ്ട എനിക്ക് 250 മാര്‍ക്ക് ലഭിച്ചു. ശാസ്ത്രം തൊറ്റു മനുഷ്യന്‍ ജയിച്ചു ..........
ജയിച്ചപ്പോഴാണ് ജയം ഒരു പരാജയമണ്ണെന്നു ജയന്‍ തിരിച്ചറിഞ്ഞത്ഇരുനൂറ്റിയമ്പത് മാര്‍ക്ക് കൊണ്ട് കളക്ടറോ ഡോക്ടറോ എഞ്ചിനീയറോ ആവാന്‍ പറ്റില്ല എന്ന് അക്കാഡമിക് വിദഗ്ദന്മാര്‍ പ്രവചിച്ചു . അപ്പഴേക്കും 3 SSLC ബുക്കുകള്‍ സ്വന്തമാക്കിയ ഞാന്‍ കുള്ളനായാടുകൊണ്ട് പോലീസിലും പട്ടാളത്തിലും പടിക്കു പുറത്ത്. ആകെ അറിയുന്നൊരു പണി വരയ്ക്കലാണ്.ആര്‍ട്ടിസ്റ്റുകളയായ ഹരിയേട്ടനും വിജയേട്ടനും വരയ്ക്കുന്നത് കണ്ട് അന്തം വിട്ട് നിക്കും.അങ്ങനെ എങ്ങനെയൊക്കയോ ഒരു ചിത്രകാരനായി.വീടിന്റെടുത്തുള്ള ബിലാത്തികുളത്തിന്റെ പേര് ജയനോട് ചേര്‍ത്ത് വെച്ചു. അങ്ങനെ ജയന്‍ ബിലാത്തികുളം ആയി . ഒന്നും പഠിക്കാന്‍ ഇഷ്ടമില്ലായിരുന്നു ഡ്രൈവിംഗ് പോലും പിന്നെ എന്ത് പഠിക്കാനാ.
അങ്ങനെ ആര്‍ക്കിടെക്ടസിന്റെയും എഞ്ചിനീയര്‍മാരുടെയും കൂടെ ഉദര നിമിത്തം ബഹൃദവേഷം എന്ന ചൊല്ല് പോല്ലേ ഇങ്ങനെ നടക്കും. അങ്ങനെ അങ്ങനെ നടന്ന് ആള്‍കാര്‍ന്നെ ഇഞ്ചിനീര്‍ന്നും ആര്‍ക്കിടെക്ട എന്നും ഒക്കെ വിളിക്കാന്‍ തൊടങ്ങി ഞാനെന്താകാന.ഞാനൊരു ആര്ടിസ്റ്റ.........................അമ്പത് വയസ്സായ ഒരു ARTIST 

ഇപ്പം കെട്ടിയോളും (സവിത) കുട്ടിയോളും (ഗൗരി ,കൃഷ്ണനുണ്ണി) ആയിട്ട് ബിലാത്തിക്കുളത്തിന്റെ കരയില്‍ ജീവിക്കുന്നു. 
NB;ഇത്ര വലിയ കഥ എഴുതി നിങ്ങളെ ബോറടിപ്പിച്ചതിന് നിങ്ങള്‍ എന്നെ തള്ളി കൊല്ലരുത് SORRY...എഴുതാന്‍ കാരണം മറ്റൊന്നുമല്ല. ഈ കാലത്തും SSLC തോറ്റ ഒരു വിദ്യാര്‍ത്ഥിയുടെ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയിലും റോഡ് സൈഡിലും വൈറല്‍ ആകേണ്ടത്. കാരണം തോല്കണമെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും
'ഇപ്പോള്‍ ജീവിതത്തില്‍ തോറ്റാലും SSLC വിജയിക്കും