പൗരാണികമായ പല കൊട്ടാരങ്ങളും അനാസ്ഥകൊണ്ട് നാമാവശേഷമായ കഥകള്‍ നമ്മള്‍ക്കറിയാം. ഈ കഥകളുടെ ഭാഗമാകേണ്ടിയിരുന്ന ഒരു കൊട്ടാരം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. പെരുവനം ക്ഷേത്രത്തിന്റെ തെക്കേ നടവഴിയിലുള്ള പൗരാണികവും പ്രകൃതിസമ്പന്നവുമായ കൊട്ടാരം കാടുപിടിച്ച് കിടക്കുന്നത് നാട്ടുകാര്‍ക്ക് വേദനയായിരുന്നു.

മൂന്നേക്കറില്‍ പേരറിയാത്തതും അപൂര്‍വങ്ങളുമായ വന്‍ മരങ്ങള്‍, കുളങ്ങള്‍, നാലുകെട്ട് എന്നിവയടങ്ങുന്ന പെരുവനം കൊട്ടാരം വീണ്ടും സജീവമാകുകയാണ്.

ഈ പൂരക്കാലത്ത് പൂരപ്രേമികള്‍ക്ക് കൊട്ടാരവളപ്പില്‍ ആനക്കാഴ്ചകള്‍ വിരുന്നേകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് പെരുവനം കൊട്ടാരം. പെരുവനം-ആറാട്ടുപുഴ പൂരക്കാലത്ത് ആനകള്‍ക്ക് കുളിക്കാനും വിശ്രമിക്കാനും കൊട്ടാരവളപ്പ് അനുവദിച്ചുതരണമെന്ന് പെരുവനം ക്ഷേത്രോപദേശകസമിതി അപേക്ഷിച്ചിരുന്നു.

അനുമതി ലഭിച്ചത് തട്ടകത്തെ ആവേശത്തിലാക്കിയിരിക്കുകയാണ്. നിശ്ചിതകാലത്തേക്ക് വിട്ടുനല്‍കി എന്നതല്ല, ശോച്യാവസ്ഥയിലായിരുന്ന കൊട്ടാരം പൂരക്കാലത്ത് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു എന്നതാണ് നാട്ടുകാരെ സന്തോഷിപ്പിക്കുന്നത്.

ആളനക്കമില്ലാതെ കാടുപിടിച്ചുകിടക്കുന്ന പെരുവനം കൊട്ടാരവളപ്പില്‍ ആനകള്‍ അതിഥികളായെത്തുന്നു. വമ്പന്‍മാരെ വരവേല്‍ക്കാന്‍ കൊട്ടാരവളപ്പും കുളങ്ങളും കിണറും വൃത്തിയാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഏറെക്കാലത്തിനുശേഷമാണ് ആനകള്‍ കൊട്ടാരത്തിന്റെ പടി കടക്കുന്നത്. കാടൊഴിഞ്ഞ കൊട്ടാരമുറ്റത്ത് കരിയഴകും കൗതുകവും കുളിയും കുറുമ്പുമെല്ലാം
ഈ പൂരക്കാലത്തെ കാഴ്ചകളാകും.

കുന്നത്തൂര്‍ പടിഞ്ഞാറേടത്ത് മന
നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിസ്ഥാനം വഹിക്കുന്ന കുന്നത്തൂര്‍ പടിഞ്ഞാറേടത്ത് മനയുടേതായിരുന്നു ഈ നാലുകെട്ട്. നാളുകള്‍ക്കു മുമ്പ് മരിച്ച തന്ത്രിയും വേദപണ്ഡിതനുമായ കെ.പി.സി. നാരായണന്‍ ഭട്ടതിരിപ്പാട് ഈ മനയിലാണ് ജനിച്ചത്. മകം ആറാട്ട് കഴിഞ്ഞെത്തുന്ന ചേര്‍പ്പ് ഭഗവതിക്കും പുണര്‍തം ആറാട്ട് കഴിഞ്ഞെത്തുന്ന ആറാട്ടുപുഴ ശാസ്താവിനും അയ്കുന്ന് ഭഗവതിക്കും ഇവിടെ ഇറക്കിപ്പൂജയുണ്ടായിരുന്നു. തിടമ്പുമായി പഴയകാലത്തെ തലയെടുപ്പുള്ള ആനകള്‍ ഈ മനയിലെത്തിയിട്ടുണ്ടെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

മന പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. തൊട്ടടുത്ത വീടുകളിലേക്ക് തന്ത്രികുടുംബങ്ങള്‍ മാറിയതോടെ ആനകള്‍ എഴുന്നള്ളിയ ഈ നാലുകെട്ട് ദേവസ്വം ബോര്‍ഡിന്റെ ഓഫീസ് 'കച്ചേരി'യായി ഒതുങ്ങി.

peruvanam kottram


പെരുവനം ക്ഷേത്രം തെക്കേനടവഴിയില്‍ വലിയ ഉയരത്തില്‍ കരിങ്കല്‍ കെട്ടി ഉയര്‍ത്തിയ കവാടത്തില്‍ ഒരു ചെറിയ കെട്ടിടവും (ഒറ്റസ്രാമ്പി) നാലുകെട്ടുമാണ് ഇപ്പോഴുള്ളത്. 'പേരില്ലാ മരം' മുതല്‍ പൂമരം വരെ ഇവിടെയുണ്ട്. 1987-ല്‍ മോഹന്‍ സംവിധാനം ചെയ്ത 'തീര്‍ത്ഥം', മാടമ്പ് കുഞ്ഞുകുട്ടന്റെ 'ഭ്രഷ്ട്' എന്നീ സിനിമകള്‍ പെരുവനം കൊട്ടാരത്തിലാണ് ചിത്രീകരിച്ചത്.പിന്നീട് കൊട്ടാരവും വളപ്പും ആരും ശ്രദ്ധിക്കാതായി. ശോച്യാവസ്ഥയെക്കുറിച്ച് ഒന്നര ദശകം മുമ്പ് 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.  

ദേവസ്വം ബോര്‍ഡ് മനയും പരിസരവും മനോഹരമായി നവീകരിച്ചു. മേളം അഭ്യസിപ്പിക്കാന്‍ പെരുവനം അനുഷ്ഠാന കലാകേന്ദ്രം എന്ന പേരില്‍ സ്ഥാപനവും തുടങ്ങി. എന്നാല്‍ അതും ക്രമേണ നിലച്ചു. പെരുവനം കൊട്ടാരത്തില്‍ വീണ്ടും കാടുകയറി. മരത്തിന്റെ ഉപകരണങ്ങളും നാലുകെട്ടിന്റെ ചില ഭാഗങ്ങളും ചിതല്‍ കയറി നശിച്ചു. തെരുവുനായ്ക്കളുടെ സങ്കേതമായും മാറി. ഇരുമ്പുപടി തുരുമ്പെടുത്ത് നശിച്ചു.

കുളിരേകുന്ന തണ്ണീരും തണലും
കൊട്ടാരവളപ്പിലെ ജലസ്രോതസ്സുകളും തണലും ആനകള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് തിരിച്ചറിഞ്ഞാണ് ക്ഷേത്രോപദേശകസമിതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കാന്‍ തയ്യാറായത്. മകീര്യം പുറപ്പാട് ദിവസമായ ഏപ്രില്‍ രണ്ട് മുതലാണ് ആനകളെത്തുക. ക്ഷേത്രത്തില്‍ വെള്ളം ഇല്ലാത്തതിനാല്‍ അതിനു മുമ്പ് എത്തുന്ന ആനകള്‍ക്കും കൊട്ടാരവളപ്പില്‍ വിശ്രമിക്കാന്‍ സൗകര്യം ഒരുക്കും.

മൂന്ന് കുളങ്ങള്‍ ഉണ്ടെങ്കിലും രണ്ടെണ്ണം വറ്റി. വറ്റാത്ത കുളത്തിലെയും കിണറ്റിലെയും വെള്ളം പമ്പ് ചെയ്താണ് ആനകള്‍ക്ക് കുളിക്കാന്‍ നല്‍കുക.
മൂന്നേക്കര്‍ മുഴുവന്‍ വൃത്തിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും 25 ആനകള്‍ക്ക് സൗകര്യപ്രദമായി നില്‍ക്കാവുന്നത്ര സ്ഥലം വൃത്തിയാക്കുമെന്ന് ഉപദേശക സമിതി വൈസ് പ്രസിഡന്റ് എം.എന്‍. ജയകുമാര്‍ പറഞ്ഞു. കുളത്തിലെ ചണ്ടി നീക്കംചെയ്ത് വൃത്തിയാക്കും; പടവ് കെട്ടി സംരക്ഷിക്കും.

peruvanam palce
 പെരുവനം കൊട്ടാരത്തിലെ വിശാലമായ  പറമ്പ്

ശുദ്ധജലം...പുണ്യതീര്‍ത്ഥം
ജലസ്രോതസ്സുകള്‍ വ്യാപകമായി മലിനപ്പെട്ടുകൊണ്ടിരിക്കുന്നത് ആറാട്ട് അടക്കമുള്ള ചടങ്ങുകള്‍ക്ക് തടസ്സമാകുന്നതില്‍ ഭക്തര്‍ക്ക് വലിയ വേദനയുണ്ടെന്ന് മേളപ്രമാണി പെരുവനം കുട്ടന്‍മാരാര്‍ പറഞ്ഞു. തീര്‍ത്ഥക്കുളം അടക്കം പല ജലസ്രോതസ്സുകളും വരള്‍ച്ചയുടെ ഭീഷണിയിലാണ്.

ദേവസ്വം, സംഘടനകള്‍, ഭക്തര്‍ എന്നിവര്‍ സംഘടിച്ചാല്‍ പുണ്യതീര്‍ത്ഥങ്ങളെ സംരക്ഷിക്കാനാകും. ഇതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ച് ശ്രമം നടത്തുമെന്നും പെരുവനം ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് കൂടിയായ പെരുവനം കുട്ടന്‍മാരാര്‍ പറഞ്ഞു.

കൊട്ടാരവളപ്പിലെ ജലസ്രോതസ്സുകള്‍ പെരുവനം ക്ഷേത്രത്തിന് ശുദ്ധജലം ലഭ്യമാക്കാനും ഇവിടെ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കാനും അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് അപേക്ഷിക്കാനും ആലോചനയുണ്ട്