രു നാട്ടിലെ ആർക്കിടെക്ച്ചർ ആ നാട്ടിലെ ചരിത്ര, സാംസ്കാരിക, ആത്മീയ ജീവിതത്തിന്റെ നേർചിത്രമായിരിക്കും. ഒരു പ്രദേശത്തെ നിർമിതി നാം ഒരു സമൂഹമായി എങ്ങനെ രൂപപ്പെട്ടുവെന്നു പറയുന്നതിനോടൊപ്പം ആ സമൂഹത്തിന്റെതുമാത്രമായ പ്രത്യേക വ്യക്തിത്വം എന്താണെന്നു പറഞ്ഞുവയ്ക്കുകകൂടിചെയ്യുന്നു. നിർമിതികൾ അയൽപക്ക സ്നേഹങ്ങളുടെ, ഗൃഹാതുരത്വമുണർത്തുന്ന ഓർമകളുടെ കലവറകളാണ്. ഏതുനാട്ടിലെയും പൈതൃക നിർമിതികൾ ഈ ലോകത്ത് നമുക്കുതരുന്ന ആത്മവിശ്വാസം വലുതാണ്.

സാംസ്കാരിക ചിഹ്നങ്ങളെ  പരിപാലിച്ചുകൊണ്ടാണ് അവയ്ക്ക് സംരക്ഷണമൊരുക്കേണ്ടത്.  ചരിത്രനിർമിതികളുടെ പ്രധാന്യം മനസ്സിലാക്കിയും അതല്ലെങ്കിൽ അവയുടെ പ്രത്യേകതകളെ സംരക്ഷിച്ചുകൊണ്ട് എങ്ങനെ ഉപയോഗപ്പെടുത്താമെന്നു മനസ്സിലാക്കിയും നടത്തേണ്ട ഒരു പ്രക്രിയയാണ്. ചരിത്ര നിർമിതികൾക്ക് അറ്റകുറ്റപ്പണി നടത്തുമ്പോൾ അത് വെറുമൊരു കെട്ടിടംപണിയാകരുത്. മറിച്ച് നിർമിതിയുടെ വ്യക്തിത്വത്തെ ബഹുമാനിച്ചുകൊണ്ട്, അതിന്റെ ആത്മാവ്‌ എന്താണെന്ന് മനസ്സിലാക്കിക്കൊണ്ട് ആ പ്രദേശത്തിന്റെ ചരിത്ര പ്രാധാന്യത്തെകൂടി പരിഗണിച്ചുവേണം ഒരു ഹെറിറ്റേജ് പുതുക്കിപ്പണിയാൻ.

സാമ്പത്തികനേട്ടം, അയൽപക്ക സൗഹൃദങ്ങളുടെ പുനരുജ്ജീവനം, ടൂറിസത്തിലും സാംസ്കാരിക രംഗത്തും കൈവരിക്കാവുന്ന  പുരോഗതി, ഇതിലൂടെ നാടിന്റെ സാമ്പത്തികവളർച്ച, തുടങ്ങി  ഹെറിറ്റേജ് ബിൽഡിങ്‌ സംരക്ഷിക്കുന്നതുവഴി കൈവരിക്കാവുന്ന നേട്ടങ്ങൾ നിരവധിയാണ്. പക്ഷേ, നമ്മൾ എടുക്കുന്ന പൊതുനിലപാടുകൾ എല്ലാം അതിനനുസരിച്ചുള്ളതായിരിക്കണം.  പൗരണിക നിർമിതികളുടെ ഉടമയ്ക്ക് അത് സംരക്ഷിക്കുന്നതിനും മറ്റും നികുതിയിൽ ഇളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഏർപ്പെടുത്തണം. സാമ്പത്തികമായി ആകർഷിക്കുന്ന സാഹചര്യം ഉണ്ടായാൽമാത്രമേ  ഇത്തരം ചരിത്രനിർമിതികൾ സംരക്ഷിയ്ക്കാൻ ഉടമകൾ തയാറാകൂ. സർക്കാരുകൾ പൈതൃക ടൂറിസത്തെ സംരക്ഷിക്കുന്ന നിലപാടുകൾ കൂടിയെടുത്താലേ പൈതൃക ടൂറിസവുമായി ബന്ധപ്പെട്ട കെട്ടിടങ്ങൾ സംരക്ഷിക്കാൻ ഇതുമായി ബന്ധപ്പെട്ടവർ തയാറാകൂ.

നിർമിതികളെ സംരക്ഷിക്കുന്ന കാര്യത്തിൽ തികച്ചും വിഭിന്നമായ റെക്കോഡാണ് കേരളത്തിനുള്ളത്. ഇതിൽ എടുത്തുപറയേണ്ട ഉദാഹരണം ഫോർട്ടുകൊച്ചിയിലെ ഇന്നും ഉപയോഗിക്കപ്പെടുന്ന നിർമിതികളാണ്. കൊച്ചി മുസിരീസ് ബിനാലെ നടക്കുന്ന കെട്ടിടങ്ങളും പൈതൃകങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നതിനും ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നതിനും മികച്ച ഉദാഹരണമാണ്. എല്ലാവർക്കും കാണാൻകഴിയുന്ന  രീതിയിലേക്ക് ഇത്തരം പൗരാണിക നിർമിതികളെ മാറ്റിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 

കോഴിക്കോട്‌ ഇത്തരം നിരവധി കെട്ടിടങ്ങളുടെ സംഗമഭൂമിയാണ്. കുറ്റിച്ചിറ, മാനാഞ്ചിറ, തളി, കോൺവെന്റ് ഭാഗങ്ങൾ, ഗുജറാത്തി സ്ട്രീറ്റ് തുടങ്ങിയ ഇടങ്ങളിൽ സംരക്ഷണം ആവശ്യമുള്ള നിരവധി കെട്ടിടങ്ങളെ കാണാം.  ചരിത്രപരമായി വളരെയേറെ പ്രത്യേകതയുള്ള ഇത്തരം ഇടങ്ങൾ എത്രയുംവേഗം സംരക്ഷിക്കേണ്ടത് അത്യാവശമാണ്. 

കോഴിക്കോട്ടുള്ള വളരെ പ്രശസ്തമായ എസ്.എം. സ്ട്രീറ്റ്  പഴക്കമുള്ള നിരവധികെട്ടിടങ്ങളുള്ള ഒരിടമാണ്. ലോകമെമ്പാടും പഴയ കെട്ടിടങ്ങളുടെ ഭാഗങ്ങൾ പൊളിച്ചെടുത്ത് അതേ മാതൃകയിൽ പുനർനിർമിക്കുന്ന രീതിയും നിലവിലുണ്ട്. ഇതിലൂടെ പഴയകെട്ടിടങ്ങൾ സംരക്ഷിക്കാനും അതോടൊപ്പം പുതിയ കാലത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് ഉപയോഗപ്പെടുത്തിയെടുക്കാനും സാധിക്കുന്നു. നിരവധി വർഷങ്ങളുടെ പരിണിത ഫലമായാണ് കോഴിക്കോട്ടുള്ള ഈ കെട്ടിടസമുച്ചയങ്ങൾ രൂപം കൊണ്ടത്. 

കോഴിക്കോട്ടുള്ള കെട്ടിടങ്ങളുടെ ചരിത്രപ്രധാന്യം മനസ്സിലാക്കി അവയെ എത്രയുംവേഗം സംരക്ഷിക്കേണ്ടത്  അനിവാര്യമാണ്. ഗതാഗതക്കുരുക്ക് അടക്കമുള്ള കോഴിക്കോടിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുകൊണ്ടും കെട്ടിടങ്ങളെ തനിമ നിലനിർത്തി സംരക്ഷിച്ചുകൊണ്ടും നഗരത്തിന്റെ മുഖഛായതന്നെ നമുക്ക് മാറ്റിയെടുക്കാവുന്നതാണ്.

(പ്രശസ്ത ആർക്കിട്ടെക്റ്റാണ് ലേഖകൻ)