വീട് ഡിസൈന്‍ ചെയ്യാം

Posted on: 23 Sep 2012


ജോസ്‌ന റാഫേല്‍.പി



ആര്‍ക്കിടെക്ടിനെ മാത്രം വിശ്വസിച്ച് വീട്ടിലെ മുറികള്‍ ഡിസൈന്‍ ചെയ്താല്‍ അത് നമ്മള്‍ ആഗ്രഹിച്ച രീതിയില്‍ ആകണമെന്നില്ല. ഡിസൈനിങ്ങിലെ അത്യാവശ്യം ചില സംഗതികള്‍ നമ്മളും അറിഞ്ഞിരിക്കണം. വീട്ടിലെ ഓരോ മുറിയും പുതിയ ട്രെന്‍ഡിനനുസരിച്ച് ഡിസൈന്‍ ചെയ്യുന്ന രീതി വിശദമാക്കാം.


പൂമുഖം
പൂമുഖം (സിറ്റൗട്ട്) ഒരു വീടിന്റെ മുഖച്ഛായയാണ്. ഇത് ആവശ്യത്തിനനുസരിച്ച് വലുതോ ചെറുതോ ആകാം. സന്ദര്‍ശകര്‍ അധികം വരുന്ന വീടാണെങ്കില്‍ വലുപ്പമുള്ള പൂമുഖമാണ് നല്ലത്. ചെറിയ വീടാണെങ്കില്‍ പൂമുഖത്തിനുവേണ്ടി സ്ഥലം കളയുന്നത് ശ്രദ്ധിച്ചുവേണം. ഇതുതന്നെ വീടിന്റെ നീളത്തില്‍ കൊടുത്താല്‍ വരാന്തയാകും. വീടിന്റെ എലിവേഷന്‍ (മുന്നില്‍നിന്നുള്ള കാഴ്ച) ഉദ്യാനം എന്നിവയ്ക്കനുയോജ്യമായി വേണം ഇതു നിശ്ചയിക്കാന്‍. അല്‍പ്പം സ്വകാര്യത നല്‍കിയാല്‍ അടുത്ത വീടുകളില്‍നിന്ന് നമ്മുടെ പൂമുഖത്തേക്കുള്ള കാഴ്ച കുറഞ്ഞുകിട്ടും.

സ്വീകരണ മുറി

ഹൃദ്യമായ അനുഭവം നല്‍കുന്നതാവണം സ്വീകരണമുറി(ലിവിങ് റൂം). വീടിന്റെ മറ്റു മുറികളില്‍ നിന്ന് നോക്കിയാല്‍ നോട്ടമെത്താത്തതും ഇവിടെ അതിഥികളിരുന്നാല്‍ വീടിന്റെ അടുക്കള, ഊണുമുറി, കിടപ്പുമുറി തുടങ്ങിയവയിലേക്ക് നോട്ടമെത്താത്തവിധത്തിലായിരിക്കണം ഇതിന്റെ സ്ഥാനം. ഗോവണി ഇവിടെ നല്‍കിയാല്‍ സ്വകാര്യതയെ ബാധിക്കും. മറ്റു മുറികളില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ ലെവല്‍ (നിലംനിരപ്പ്) വ്യത്യാസം കൊടുക്കുന്നതും നല്ലതാണ്.

ഫാമിലി ലിവിങ്

ഇത് പുതിയ ട്രെന്‍ഡ് ആണ്. വീട്ടുകാരുടെ സ്വകാര്യതയ്ക്കുള്ള ഒരിടമാണ് ഫാമിലി ലിവിങ്. കൊച്ചുകുട്ടികള്‍ക്ക് കളിക്കാനും ടി.വി. കാണാനും വീട്ടിലുള്ളവര്‍ക്ക് ഒരുമിച്ചിരിക്കാനും മറ്റുമായി ഉപയോഗിക്കാം. വീട്ടില്‍ അതിഥികള്‍ വന്നാല്‍ ഫാമിലി ലിവിങ്ങില്‍ പെരുമാറുന്ന മറ്റംഗങ്ങള്‍ക്ക് സ്വകാര്യത നഷ്ടപ്പെടുന്നില്ല. ഫാമിലി ലിവിങ് ഊണുമുറിയുടെ ഭാഗമാക്കി ചെയ്യുന്നതും നല്ലതാണ്. ഗോവണി, ടി.വി., ചെറിയ ഒരു റീഡിങ് സ്‌പേസ്, ഇരിക്കാന്‍ ഇരിപ്പിടങ്ങള്‍ ഇവയെല്ലാം ഇതിന്റെ ഭംഗി കൂട്ടുന്നു.


കിടപ്പുമുറി

കിടപ്പുമുറിയില്‍ ലാളിത്യമാണ് നല്ലത്. കട്ടില്‍, ഒരു മേശ ഇത്രയുമാണ് കിടപ്പുമുറിയിലെ ആവശ്യങ്ങള്‍. ഇതിനോടു ചേര്‍ന്ന് ഡ്രസ് റൂം കം ടോയ്‌ലറ്റ് മറ്റൊരു പോക്കറ്റ് ആയി ചെയ്യുന്നതാണ് പുതിയ രീതി. തുണികളും മറ്റുസാധനങ്ങളും ആവശ്യമില്ലാതെ കിടക്കയില്‍ വിതറിയിടുന്നത് ഒഴിവാക്കാം. കിടപ്പുമുറിയില്‍ നല്ല വലിയ ജനാലകള്‍ വെക്കുന്നത് കിടന്നുകൊണ്ടു പുറംഭംഗി ആസ്വദിക്കാന്‍ ഉപകരിക്കും. ഉദ്യാനത്തിന്റെ അരികത്തായി കിടപ്പുമുറിയുടെ സ്ഥാനം കാണുന്നത് നല്ലതാണ്. ഇതിനകത്ത് കടുംനിറങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം ഒരു ചുവരിനുമാത്രം കടും നിറവും മറ്റു ചുവരുകള്‍ക്ക് ഇളം നിറങ്ങളും നല്ലതായിരിക്കും.

ടോയ്‌ലറ്റ്

ടോയ്‌ലറ്റില്‍ കൃത്യമായി നനവ് പറ്റുന്ന സ്ഥലം, നനവ് പറ്റാത്ത സ്ഥലം (ണല േമൃലമ, റൃ്യ മൃലമ) എന്നത് ക്രമീകരിച്ചെടുക്കുന്നത് നല്ലതാണ്. കുളിക്കുന്ന ഭാഗം ആണ് വെറ്റ് ഏരിയ ആയി ചെയ്യേണ്ടത്. ഇത് 10 സെ.മീ. താഴ്ത്തിക്കൊടുത്താല്‍ ടോയ്‌ലറ്റില്‍ മറ്റുഭാഗങ്ങള്‍ നനയാതെ സൂക്ഷിക്കാം. വാതിലില്‍ നിന്ന് എതിര്‍വശത്ത് ഏറ്റവും ഒടുവിലായി ഈ വെറ്റ് ഏരിയ ചെയ്താല്‍ ഉപയോഗപ്രദമായിരിക്കും. ഇതിന്റെ മുകളില്‍ മേല്‍ക്കൂര തുറന്നുകൊടുക്കുന്നതും തറയില്‍ പെബിള്‍സ് ഇടുന്നതും ഇപ്പോള്‍ ട്രെന്‍ഡ് ആണ്. ക്ലോസറ്റ്, വാഷ്‌ബേസിന്‍ തുടങ്ങിയവ ഡ്രൈ ഏരിയയില്‍ കൊടുക്കണം. ടോയ്‌ലറ്റിന്റെ പ്രവേശനവാതിലിനുസമീപം ഇതുരണ്ടും സെറ്റ് ചെയ്യണം. ടോയ്‌ലറ്റില്‍ സ്റ്റോറേജിനായി 'നിഷ്' കൊടുക്കുന്നതും നന്നായിരിക്കും.

ഊണ്‍ മുറി

ഊണ്‍ മുറിയുടെ സ്ഥാനത്തിലും സൂക്ഷ്മതയിലും കൂടുതല്‍ ശ്രദ്ധ വേണം. സ്വീകരണമുറിയില്‍ നിന്ന് എളുപ്പം നോട്ടമെത്താത്തതും എ ന്നാല്‍ അടുക്കളയില്‍ നിന്ന് വളരെ അടുത്തുമായിരിക്കണം ഇതിന്റെ സ്ഥാനം. ധാരാളം അതിഥികള്‍ വിരുന്നുവരുന്ന വീടാണെങ്കില്‍ സ്വീകരണമുറിയില്‍ നിന്ന് എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന വിധത്തിലായിരിക്കണം ഇത്. ഊണ്‍മുറിയില്‍ നിന്ന് പുറത്തേക്ക് തുറക്കുന്ന ഡോര്‍ കം വിന്‍ഡോ ഉണ്ടെങ്കില്‍ പുറത്തിരുന്ന് ഉപയോഗിക്കാവുന്ന ഒരു പ്രൈവറ്റ് സിറ്റൗട്ട് കൊടുക്കുന്നത് കൊള്ളാം. ഇതിന് സൗകര്യം കുറവാണെങ്കില്‍ പുറത്തേക്കുള്ള ചുമരില്‍ വലിയ വാതായനങ്ങള്‍ കൊടുത്താല്‍ പ്രകൃതിയോടിണങ്ങിച്ചേര്‍ന്ന പ്രതീതി ലഭിക്കും. ഇതിനോടുചേര്‍ന്ന് വാഷ് എരിയ, പൊതു ടോയ്‌ലറ്റ് തുടങ്ങിയവ നേരിട്ട് കാണാത്ത വിധത്തില്‍ കൊടുക്കാം.

അടുക്കള

ഊണ്‍ മുറിയോടു ചേര്‍ന്ന് അടുക്കള വന്നാല്‍ പകുതി പണി എളുപ്പമാണ്. പാകം ചെയ്ത ഭക്ഷണങ്ങള്‍ ഊണ്‍മേശയില്‍ എത്തിക്കാന്‍ എളുപ്പമാകും. അടുക്കളയില്‍ ഏറ്റവും പ്രധാനം വര്‍ക്ക് ട്രയാംഗിള്‍ ആണ്. പാചക അടുപ്പ്, ഫ്രിഡ്ജ്, സിങ്ക് ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ത്രികോണമാണ് ഇത്. ഇതിന്റെ ചുറ്റളവ് 16 അടിയില്‍ കൂടിയാല്‍ അടുക്കള ഉപയോഗിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. വലിയ അടുക്കളയില്‍ ഇവ ക്രമീകരിക്കുമ്പോള്‍ വര്‍ക്ക് ട്രയാംഗിള്‍ ചുറ്റളവ് കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. അടുക്കളയില്‍ പരമാവധി സ്റ്റോറേജ് നല്‍കുന്നതിന്റെ ഭാഗമായി വലിയ ജനാലകള്‍ ഒഴിവാക്കാം.

അടുക്കളയിലെ പുതിയ ട്രെന്‍ഡ് തുറന്ന അടുക്കളകള്‍ ആണ്. ഇതുകൊണ്ടുദ്ദേശിക്കുന്നത് അടുക്കളയിലെ ഒരു ഭിത്തിക്കുപകരം പാതുകം മാത്രം കൊടുത്ത് ഊണുമുറിയുടെ ഒരു ഭാഗമാക്കി ചെയ്യുക എന്നതാണ്. പുതിയ തലമുറയിലെ നാലംഗ കുടുംബങ്ങളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ജോലിചെയ്യുന്ന സാഹചര്യത്തില്‍ ഏറ്റവും നല്ലത് ഓപ്പണ്‍ കിച്ചണുകളാണ്.

വര്‍ക്ക് ഏരിയ

പാചകത്തിനോടനുബന്ധിച്ചും അല്ലാതെയും ഉള്ള വര്‍ക്കിനുള്ള സ്ഥലമാണിത്. സാധാരണയായി ഗ്രൈന്‍ഡര്‍, മിക്‌സി, സിങ്ക്, അടുപ്പ്, ഗ്യാസ് സിലിണ്ടര്‍, വാഷിങ് മെഷീന്‍ തുടങ്ങിയവ ഇവിടെയാണ് വെക്കുന്നത്. ഒരുപാടു സ്റ്റോറേജ്, കൃഷി തുടങ്ങിയവ ഉള്ള വീടാണെങ്കില്‍ ഇതിനകത്ത് ഒരു സ്റ്റോര്‍ റൂം കൊടുക്കുന്നതും നല്ലതാണ്. വാഷിങ് മെഷീന്‍, അയേണിങ് ബോര്‍ഡ് ഉള്‍ക്കൊള്ളിച്ച് ഒരു ലോണ്‍ട്രി കോര്‍ണറും ഇപ്പോള്‍ വര്‍ക്ക് ഏരിയയില്‍ ട്രെന്‍ഡ് ആണ്. വീട്ടുജോലിക്കാര്‍ ഉള്ള വീടാണെങ്കില്‍ സെര്‍വന്റ്‌സ് ടോയ്‌ലറ്റ്, സെര്‍വന്റ്‌സ് റൂം തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നല്‍കാം.

ഉദ്യാനം

വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ ഉദ്യാനവും ഡിസൈന്‍ ചെയ്യണം. വെള്ളം പോകാനുള്ള പൈപ്പുകള്‍ ആദ്യം തന്നെ ഒരുക്കാം. നമുക്ക് കൈകാര്യം ചെയ്യാനെളുപ്പമുള്ള ചെടികളാണ് ഉദ്യാനത്തില്‍ വെക്കേണ്ടത്. പൂന്തോട്ടം ഒരുക്കുന്നതില്‍ താത്പര്യമുള്ള ആളാണെങ്കില്‍ പൂക്കളുണ്ടാകുന്ന ചെടികള്‍ നടാം. ഔഷധസസ്യങ്ങളും നല്ലതാണ്. ലോണ്‍ പിടിപ്പിക്കാന്‍ ബഫല്ലോ ഗ്രാസ്, കൊറിയന്‍ ഗ്രാസ് ഇവയാണ് നല്ലത്. കൂടുതല്‍ സ്ഥലമുണ്ടെങ്കില്‍ ബഫല്ലോ ഗ്രാസ് ആണ് നല്ലത്. ഇതിന് ചെലവു കുറവും നോക്കാന്‍ എളുപ്പവുമാണ്.


Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.