വീടിന് അണിയാന്‍ വര്‍ണ്ണ ഓടുകള്‍

Posted on: 23 Sep 2012



മുമ്പൊക്കെ വീടുകളുടെ മേല്‍ക്കൂരയ്ക്കുമേല്‍ ഓട് മേയുന്നത് ചോര്‍ച്ചയും ചൂടും പ്രതിരോധിക്കാന്‍വേണ്ടി മാത്രമായിരുന്നു. എന്നാലിപ്പോള്‍ കാഴ്ചക്ക് ഭംഗിവരുത്താനും കൂടിയാണ് ഇങ്ങനെ ചെയ്യുന്നത്.

മേച്ചില്‍ ഓടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ടുകാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അവയുടെ ഭംഗിയും ഗുണവും. ഗുണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബലവും ഈടുമാണ്. നിര്‍മാണരീതിയുടെ അടിസ്ഥാനത്തില്‍ ഓട് രണ്ടുതരമുണ്ട്. ചളിയില്‍ ഉണ്ടാക്കുന്നവയും (സാധാരണ ഓട്), പൊടിയില്‍ ഉണ്ടാക്കുന്നവയും (പൗഡര്‍ ഫിനിഷിങ് ഉള്ളവ).

പൊടിയില്‍ ഉണ്ടാക്കുന്ന ഓടിന്റെ പുറംഭാഗത്ത് മിനുസവും തിളക്കവും കൂടുതലായിരിക്കും. ഇതിന് താരതമ്യേന വിലയും കൂടുതലാണ്. ഇപ്പോഴത്തെ വിപണിവില പ്രകാരം ഒരു സ്‌ക്വയര്‍ ഫീറ്റ് ഓടു മേയാന്‍ 12-16 രൂപ ചെലവാകും. അതേസമയം പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഓടാണ് മേയുന്നതെങ്കില്‍ 20-30 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. ഉപയോഗത്തിനനുസരിച്ചും ഓട് രണ്ടുതരമുണ്ട്, പരമ്പരാഗത ശൈലിയിലുള്ളവയും (ഇീി്‌ലിശേീിമഹ ഠശഹല), അലങ്കാര ഓടും (Decorative Tile). പരമ്പരാഗത ശൈലിയിലുള്ള ഓട് മേയുന്നത് പ്രധാനമായും ചോര്‍ച്ചയും ചൂടും തടയാന്‍ ഉദ്ദേശിച്ചാണ്. അലങ്കാര ഓടുകള്‍ വീടിന്റെ ദൃശ്യഭംഗി കൂട്ടാനും. അലങ്കാര ഓടുകള്‍ പതിക്കുന്നതുകൊണ്ട് ചോര്‍ച്ച പൂര്‍ണമായും തടയാന്‍ സാധിക്കില്ല.

ഓടുമേയല്‍ എങ്ങനെ

ഓടുകള്‍ കോണ്‍ക്രീറ്റ് ടെറസിന് മീതെയോ, മരമോ, സ്റ്റീലോ ഉപയോഗിച്ചുള്ള ട്രസ്സിന് (Tress) മീതെയോ വിരിക്കാവുന്നതാണ്. എന്നാല്‍ 'ഗാഡി' (ഒരു ഓടിനെ മറ്റൊന്നിനോട് ചേര്‍ന്നിരിക്കാന്‍ സഹായിക്കുന്ന ഭാഗം) ഇല്ലാത്തതരം ഓടുകള്‍ ട്രസ്സിനുമേല്‍ വിരിക്കാനാവില്ല. ഫ്ലാറ്റ് റൂഫ് പണിത് അതിന്റെ മുകളില്‍ സ്റ്റീല്‍ ട്രസ്സ് കൊടുത്തശേഷം അതില്‍ ഓടിടുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. വീടിന്റെ ഡിസൈനിന്റെ ഭാഗമായാണ് ഇത്തരം റൂഫുകള്‍ നല്‍കേണ്ടത്. ഇത് വീടിന്റെ ഭംഗി കൂട്ടുകയും ചൂട് പരമാവധി കുറയ്ക്കുകയും ചെയ്യും. ഇവിടം സ്റ്റോറേജ് സ്‌പേസായും തുണി ഉണങ്ങാനും മറ്റുമുള്ള ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കുകയും ചെയ്യാം. രണ്ടാം നിലയുടെ മുകളില്‍ തടികൊണ്ടുള്ള മച്ചുകൊടുത്ത് അതിനുമുകളില്‍ ഓടിടുന്ന രീതിക്കും ഇപ്പോള്‍ കൂടുതല്‍ പ്രചാരം കാണുന്നുണ്ട്.

കോണ്‍ക്രീറ്റ് പ്രതലത്തില്‍ ഓട് വിരിക്കുന്നതിന് അത് പൂര്‍ണമായും ലെവല്‍ ചെയ്തിട്ടുള്ളതാണെങ്കില്‍ പ്രതലത്തിന്റെ ഉയരം, ചെരിവ് എന്നിവ അനുസരിച്ച് സ്‌ക്വയര്‍ ഫീറ്റിന് 4.50 രൂപ മുതല്‍ 8.50 രൂപ വരെ പണിക്കൂലി വരും. ട്രസ്സിന് ഓടു വിരിക്കുന്നതിന് 6.50 മുതല്‍ 10 രൂപ വരെ പണിക്കൂലി പ്രതീക്ഷിക്കാം.

മനസ്സിനിണങ്ങും നിറങ്ങള്‍

ടെറാക്കോട്ട, ഇരുണ്ടനീല, പച്ച, ഗോള്‍ഡന്‍ ബ്രൗണ്‍ തുടങ്ങി വിഭിന്ന നിറങ്ങളിലുള്ള മേച്ചില്‍ ഓടുകള്‍ ഉണ്ട്. കോബാള്‍ട്ട് പോലെയുള്ളവ മെറ്റാലിക് ഓക്‌സൈഡുകളാണ്. ഇതിനെല്ലാം പുറമെ സാധാരണ ഓടുകള്‍ വാങ്ങി ഇഷ്ടനിറങ്ങള്‍ നല്‍കുന്ന രീതിയുമുണ്ട്.

കളിമണ്‍ (ടെറാക്കോട്ട) ഓടുകള്‍ അവയുടെ സ്വാഭാവികമായ ചുവപ്പ് (ഇഷ്ടിക കളര്‍) കളറില്‍ മാത്രമേയുള്ളൂ. അവയില്‍ ഏതുതരം പുറം പെയിന്റും അടിക്കാം. എന്നാല്‍ അതിന്റെ ഭംഗി 2-3 വര്‍ഷമേ നിലനില്‍ക്കൂ. പിന്നീട് ആവര്‍ത്തിച്ചടിക്കേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ സാധാരണ ഓടുകള്‍ക്കുമീതെ പ്രത്യേകതരം കോട്ടിങ് (ഗ്ലേസ് കോട്ടിങ്) നല്‍കുന്ന രീതിയുണ്ട്. പുതിയ ഓടുകളില്‍ മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ. ഏതു കളറിലും അവ ലഭിക്കുന്നുണ്ട്. സ്‌ക്വയര്‍ ഫീറ്റിന് 70-100 രൂപ ചെലവ് വരും. ഏതുതരം ഓടുകള്‍ക്കുമീതെയും ഗ്ലേസ് ആവരണം ചെയ്തശേഷം ഉയര്‍ന്ന ഊഷ്മാവില്‍ ഉരുക്കിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. അവ പൊടിഞ്ഞിളകുകയോ, കളര്‍ മങ്ങുകയോ, പൂപ്പല്‍ ബാധിക്കുകയോ ചെയ്യില്ല.

ഓടുകള്‍ പലതരം

മാംഗഌര്‍, സ്പാനിഷ്, ടോറിനോ, ഫൊഡാനോ, ടെയ്‌ലര്‍, മിനാര്‍ തുടങ്ങി പലതരം മേച്ചില്‍ ഓടുകള്‍ ഉണ്ട്. സാധാരണ നമ്മള്‍ ഉപയോഗിക്കുന്നത് മാംഗഌര്‍ ടൈല്‍സ് ആണ്. വിലക്കുറവും കൂടിയ വലിപ്പവുമാണ് കാരണം. ഓടിന്റെ ഗുണമേന്മ നിശ്ചയിക്കുന്നത് ഗ്രേഡിലാണ്. ഏറ്റവും ഗുണമേന്മ കൂടിയത് ഒന്നാം ഗ്രേഡ്, പിന്നെ രണ്ടാം ഗ്രേഡ്, അങ്ങനെ അഞ്ച് ഗ്രേഡുകള്‍. ചൂളയില്‍ ചുട്ടെടുക്കുമ്പോഴും മറ്റും സംഭവിക്കുന്ന പോരായ്മകള്‍, മണ്ണിന്റെ ഗുണം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗ്രേഡ് നിശ്ചയിക്കുന്നത്. ഒന്നാം ഗ്രേഡിന് ഇപ്പോള്‍ 10 രൂപവരെയാണ് വില. താഴ്ന്ന ഗ്രേഡിന് 6 രൂപ വരെയുണ്ട്.

കെ.കെ.മുഹമ്മദ് സഗീര്‍
മാനേജര്‍, കാപ് ഇന്ത്യാ ടൈല്‍സ്, തൃശൂര്‍


Stories in this Section
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.