സ്തുവില്‍പ്പന കരാറില്‍ ഒപ്പിടുന്നതിന് മുമ്പ് വസ്തു വാങ്ങുന്നയാള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അനവധിയാണ്. വീടോ സ്ഥലമോ ഫ്ളാറ്റോ എന്ത് തന്നെയായാലും വസ്തുവിന്റെ മുഴുവന്‍ കീഴ്ലക്ഷ്യങ്ങളും സൂഷ്മമായി പരിശോധിക്കണം. ഇത്തരം കാര്യങ്ങള്‍ കരാറില്‍ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് ഉറപ്പ് വരുത്തുന്നത് ഭാവിയില്‍ വന്നേക്കാവുന്ന സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കാം. 

സാധാരണയായി ബാധ്യതാ & കുടിക്കട സര്‍ട്ടിഫിക്കറ്റ്  അഥവാ (encumbrance & possession certificate, )ഭൂമിയുടെ തരം, ആധാരം, നികുതി അടച്ച രശീതി തുടങ്ങിയവയാണ് വസ്തു കൈമാറ്റ സമയത്ത് ശ്രദ്ധിക്കാറുള്ളത്. എന്നാല്‍ പൂര്‍ണ്ണമായും നിയമകുരുക്കുകള്‍ ഒഴിവാക്കുന്നതിന് മറ്റ് ചിലത് കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്.

ഇതില്‍ പ്രധാനമാണ് കുടിക്കട സര്‍ട്ടിഫിക്കറ്റ്. ഇതിലൂടെ വസ്തുവിന്മേല്‍ നിയമപരമോ അല്ലാത്തതോ ആയ ബാധ്യതകള്‍  ഇല്ലെന്ന് ഉറപ്പ് വരുത്താം. ഉദാഹരണത്തിന് കോടതി മുഖേന അറ്റാച്ച്മെന്റ് മറ്റ് നിയമനടപടികള്‍ തുടങ്ങിയവ വസ്തുവിന്മേല്‍ ഉണ്ടെങ്കില്‍ അവ സബ്ബ് റജിസ്റ്റാറുടെ ഓഫീസിലെ രേഖകളില്‍ പ്രതിപാദിക്കും. മാത്രമല്ല വസ്തു രേഖമൂലം പണയപ്പെടുത്തുകയോ ലോണോ മറ്റ് ബാധ്യതകളോ ഉണ്ടെങ്കില്‍ അവയും അറിയാന്‍ സാധിക്കും.

ബാധ്യതകള്‍ ഉണ്ടെങ്കില്‍ അവ പുതിയ ഉടമസ്ഥനിലേക്കും മാറുന്നതാണ്. മാത്രമല്ല കുടികിട സര്‍ട്ടിഫിക്കറ്റ് നിലവിലെ ഉടമസ്ഥന്റെ അവകാശത്തിനുള്ള തെളിവായും കണക്കാക്കാവുന്നതാണ്. 

വസ്തു കൈമാറ്റം ചെയ്ത വിവരങ്ങള്‍ മനസ്സിലാക്കാനും ഇത് സഹായകമാവും. ഈ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ വസ്തുവിന്റെ രേഖകളുമായി താരതമ്യം ചെയ്യാവുന്നതാണ്. സാധാരണയായി 13 മുതല്‍ 30 വരെ വര്‍ഷം വരെയുള്ള ബാധ്യതാ വിവരങ്ങള്‍ എടുക്കുന്നതാണ്. നല്ല സര്‍ക്കാര്‍ വ്യവഹാരങ്ങള്‍ക്ക് 30 വര്‍ഷമാണ് കാലപരിധി.

ഇത്തരത്തിലുള്ള വ്യവഹാരങ്ങള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തുന്നതിനും ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കുന്നതിനും ഇത് സഹായകമാവും. ഈ സര്‍ട്ടിഫിക്കറ്റിന് കാലാവധി നിശ്ചയിച്ചിട്ടുണ്ട്. കാലാവധി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. 

എന്നാല്‍ റജിസ്റ്റര്‍ ചെയ്യാത്ത ക്രയവിക്രയങ്ങള്‍ ഈ സര്‍ട്ടിഫിക്കറ്റ് മുഖേന അറിയാന്‍ കഴിയില്ല. അതായത് റജിസ്ട്രേഷന്‍ ആക്ട് 1908 ന്റെ പരിധിയില്‍ വരാത്തവ ഇതില്‍ പ്രതിപാദിക്കില്ല. ഉദാഹരണത്തിന് ഒരു വര്‍ഷത്തില്‍ താഴെയുള്ള വാടക, പണയം കരാറുകള്‍, വസ്തുവിന്മേലുള്ള റജിസ്റ്റര്‍ ചെയ്യാത്ത കരാറുകള്‍, വസ്തുവിന്റെ ഒറിജിനല്‍ രേഖകള്‍ വെച്ചുള്ള പണയം, തുടങ്ങിയവ ഇതില്‍ കാണില്ല. ഈ സര്‍ട്ടിഫിക്കറ്റിന് സബ്ബ് റജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷിച്ചാല്‍ മതിയാകും.

അപേക്ഷിക്കുന്നതിന് വസ്തുവിന്റെ സര്‍വ്വേ നമ്പര്‍ മറ്റ് വിവരങ്ങള്‍ ഉടമസ്ഥരുടെ വിവരങ്ങള്‍, അപേക്ഷകന്റെ അഡ്രസ്സ് പ്രൂഫ്, സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യകത എന്നിവ വ്യക്തമാക്കണം.
 

തുടരും ..


 Photo credit: RGB Avocats