ഗൃഹനിര്‍മ്മാണത്തില്‍ ആദിമധ്യാന്തങ്ങളിലായി നാല് സമയങ്ങളിലാണ് പ്രധാനമായും മുഹൂര്‍ത്തം നോക്കി ചെയ്യേണ്ടത്. ഗൃഹാരംഭം, കട്ടിലവെപ്പ്, ഉത്തരംവെപ്പ് (വാര്‍ക്കപണി), ഗൃഹപ്രവേശം എന്നിവയാണ് നാല് സമയങ്ങള്‍. ആദ്യമായി കട്ടിലവെക്കുന്ന സ്ഥലത്ത് ഒരു നിലവിളക്കുകത്തിച്ചുവെക്കുക. വിളക്കിനു മുന്നില്‍ നിറപറ, നെല്ല്, അരി, വെറ്റില, അടയ്ക്ക, അവല്‍, മലര്‍, പഴം തുടങ്ങിയവ വെക്കാം. പിന്നീട് കട്ടില സ്ഥാപിക്കുന്ന സ്ഥലം ചാണകം കൂട്ടിമെഴുകി ക്ഷേത്രത്തില്‍നിന്നും ശേഖരിച്ച പുണ്യാഹം തളിച്ച് ശുദ്ധിയാക്കുക.

കട്ടിലയും ഇതേപോലെ ശുദ്ധിവരുത്തണം. തുടര്‍ന്ന് കട്ടിളവെക്കുന്ന സ്ഥലത്തും കട്ടിലയിലും ചന്ദനവും പൂവും ചാര്‍ത്തുക. (കട്ടിലയുടെ താഴെസ്വര്‍ണ്ണശകലം വെയ്ക്കാം) വീടിന്റെ മുന്നിലെ കട്ടില തന്നെ ആദ്യംവെക്കുക. കട്ടിലവെപ്പ് എന്ന ചടങ്ങ് ക്ഷേത്രാചാരമനുസരിച്ച് ആശാരിമാര്‍ക്കോ, മേസ്തിരിമാര്‍ക്കോ, കല്‍പ്പണിക്കാര്‍ക്കോ ചെയ്യാവുന്നതാണ്. വാസ്തുശാസ്ത്രമനുസരിച്ച് ആദിമധ്യാന്തങ്ങളില്‍ ഓരോ കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും വാസ്തുബലി നടത്തണമെന്നാണ് ശാസ്ത്രം. എന്നാല്‍ കേരളീയചിട്ടപ്രകാരം അവസാനത്തേതായ ഗൃഹപ്രവേശത്തിനു മുമ്പുമാത്രമാണ് വാസ്തുബലി നടത്തിവരാറുള്ളത്.

വാസ്തുശാസ്ത്രപ്രകാരം ദര്‍ശനമനുസരിച്ച് പ്രധാന കട്ടിലയോ അല്ലെങ്കില്‍ വടക്കോട്ടോ, കിഴക്കോട്ടോ തുറക്കുന്നതായ കട്ടിലയോ ആണ് കട്ടിലവെപ്പ് കര്‍മ്മത്തിന് ഉദ്ദേശിക്കുന്നത്. ഇന്നത്തെ രീതിയില്‍ കട്ടിലയ്ക്കുള്ള സ്ഥലം ഒഴിച്ചിട്ട് ഭിത്തിപ്പണിയും ലിന്റല്‍ വാര്‍ക്കലും നടത്തിയതിനുശേഷം കട്ടിലവെയ്ക്കുന്ന രീതി ഉപദേശയോഗ്യമല്ല. അതായത് പ്രധാന കട്ടിളവെപ്പെങ്കിലും യഥാവിധി നടത്തുന്നതാണ് ഉത്തമം.

കട്ടിലവെപ്പ് കര്‍മ്മം മറ്റു സമുദായക്കാര്‍ക്ക് അവരവരുടേതായ രീതിയില്‍ ചെയ്യുന്നതു കൊണ്ട് ദോഷമില്ല.

ഗൃഹമധ്യത്തില്‍ കട്ടിലവെക്കുന്നത് ആശാസ്യമല്ല. മധ്യത്തില്‍ കട്ടിലവരാന്‍ പാടില്ല എന്നര്‍ത്ഥം. തെക്കിനിക്ക് വടക്കുവശത്തെ കട്ടിലപ്പടിയാണ് ഉത്തമം. ഗൃഹത്തിന്റെ മധ്യത്തില്‍ കട്ടിലവരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഗൃഹമധ്യവും കട്ടിലമധ്യവും ഒരേ രേഖയില്‍ വരാനും പാടില്ല. അതു പോലെ രണ്ടു കട്ടിലകളുടെ മധ്യങ്ങള്‍ ഒരേ രേഖയിലും വരാന്‍ പാടില്ല.

റോഡിന് അനുസരിച്ചല്ല കട്ടിലയുടെ പ്രാധാന്യം. വാസ്തുവിന്റെ മധ്യം നോക്കിയാണ് ഗൃഹത്തിന്റെ മുഖം നിശ്ചയിക്കുക. ശാസ്ത്രീയമായി കിഴക്കുവശത്തെ കട്ടിലയ്ക്കു പ്രാധാന്യം. അതായത് ഗൃഹത്തിന്റെ മുഖം ഏതുവശത്തേക്കു കൊടുത്താലും കിഴക്കുവശത്തെ കട്ടിലയ്ക്കാണ് പ്രാധാന്യവും യോഗ്യതയും ലഭിക്കുന്നത്.