ഥ തുടങ്ങുന്നത് മുപ്പത് വർഷം മുൻപാണ്. വാടകയ്ക്കു കൊടുത്ത തന്റെ വീടൊഴിപ്പിക്കാനെത്തുന്ന ഗോപാലകൃഷ്ണപ്പണിക്കർ എന്ന ഹൗസ് ഓണർ നഗരത്തിൽ എത്തുന്നതും ഒടുവിൽ വാടകക്കാരും ഹൗസ് ഒാണറും ഒരേ കുടുംബമാകുന്നതുമായ കഥ. ‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന സിനിമയിലെ ഗോപാലകൃഷ്ണപ്പണിക്കരുടെ ആ വീട് തേടി ചിത്രത്തിന്റെ സംവിധായകൻ സത്യൻ അന്തിക്കാടെത്തി.

മൂന്നു പതിറ്റാണ്ടിനിപ്പുറവും വീട് ഒരു മാറ്റവുമില്ലാതെ കാണാനായതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹം വീട്ടിലേക്കു കടന്നുവന്നത്. ചിത്രീകരണസമയത്ത് വീട്ടിലുണ്ടായിരുന്ന ഗൃഹനാഥ രാധ എസ്.മേനോനും മകൾ ലീലാശ്രീകുമാറും ചേർന്ന് സത്യൻ അന്തിക്കാടിനെ സ്വീകരിച്ചു.

‘വർഷങ്ങൾക്കിപ്പുറം ഈ പടികടന്നുവരുമ്പോൾ നഷ്ടപ്പെട്ട എന്തൊക്കെയോ തിരിച്ചുകിട്ടിയപോലെ. നമുക്കു പ്രിയങ്കരമായ ഒരിടത്തേക്ക് എത്തിയപോലെ. ശരിക്കും ഈ വീട് ഞങ്ങളുടെ സിനിമയ്ക്കുവേണ്ടി ഉണ്ടാക്കിയതാണെന്ന് എനിക്കും ശ്രീനിവാസനും തോന്നിപ്പോയിട്ടുണ്ട്. ഇത്‌ ഞങ്ങളുടെ കഥയുമായി അത്രയേറെ ഇഴുകിച്ചേർന്ന ഇടങ്ങളായിരുന്നു’- സത്യൻ അന്തിക്കാട് പറഞ്ഞു.

വീടിനകത്തു കയറിയപ്പോൾ ആദ്യം തിരക്കിയത് ആ കസേരയായിരുന്നു, ഗോപാലകൃഷ്ണപ്പണിക്കരെ വീഴ്ത്തിയിട്ട ആ കസേര. പിന്നെ അതിലിരുന്നായിരുന്നു കുശലാന്വേഷണം. വീടിനകത്തളവും സാധനങ്ങളുമെല്ലാം അതുപോലെതന്നെ. ആകെ മാറ്റമുള്ളത് അധോലോക ദാമോദരൻ ഗോപാലകൃഷ്ണപ്പണിക്കരെ പേടിച്ച് ഇറങ്ങിയോടിയ ആ വാതിൽ അടച്ചുകെട്ടി എന്നതുമാത്രം.  

‘കൃത്രിമത്വമില്ലാതെ ഒരുപാട് രംഗങ്ങൾ ചിത്രീകരിക്കാൻ സാധിച്ചിട്ടുണ്ട്. വീട്ടിലെ പല സാധനങ്ങളും കണ്ടപ്പോൾ പെെട്ടന്നുണ്ടാക്കിയ തിരക്കഥ ശ്രീനിവാസന്റെ അപാര കഴിവുതന്നെയായിരുന്നു. വർഷങ്ങൾക്കിപ്പുറം വേണമെങ്കിൽ ചിത്രത്തിന്റെ ഒരു രംഗംകൂടി ചിത്രീകരിക്കാം. അത്രമേൽ മാറ്റമില്ലാതെ തുടരുകയാണ് ‘ചാക്യാത്ത്’ വീട് ഇപ്പോഴും’.

സിനിമയോടും സത്യൻ അന്തിക്കാടെന്ന സംവിധായകനോടും വീട്ടുകാർക്കുള്ള സ്നേഹവും സംവിധായകൻ അനുഭവിച്ചറിഞ്ഞു. 

വീടിന്റെ ഓരോ ഇടങ്ങളിൽെവച്ച് നടന്ന സംഭവങ്ങളും അദ്ദേഹം ഓർത്തെടുത്തു. കൂടുതൽ ഓർമയിൽ നിൽക്കുന്ന സീനുകളെല്ലാം വീടിന്റെ വരാന്തയിൽെവച്ചാണ് ചിത്രീകരിച്ചിരുന്നത്. ആ വരാന്തയിലെ തിണ്ണയിൽ അല്പനേരമിരിക്കാനും സത്യൻ അന്തിക്കാട് സമയം കണ്ടെത്തി.

സിനിമാമേഖലയിലെ തിരക്കിനിടയിലും ഒരു മണിക്കൂറോളം വീട്ടിൽ െചലവഴിച്ച്, വർഷങ്ങളോളം ഇങ്ങനെ ഈ വീട് നിലനിർത്തിയതിനും ‘സന്മനസുള്ളവർക്ക് സമാധാനം’ സിനിമയിലെ ഓരോ രംഗത്തിലൂടെയും വീണ്ടും തന്നെ കൊണ്ടുപോയതിനും നന്ദിപറഞ്ഞാണ്‌ സംവിധായകൻ പടിയിറങ്ങിയത്.