വീടു പണി? ആര്‍ക്കിടെക്റ്റ് എന്തിന്?

Posted on: 03 Jan 2013


സുബിന്‍ സുരേന്ദ്രന്‍, ആര്‍ക്കിടെക്റ്റ്‌

നല്ലൊരു ശതമാനം ജനങ്ങള്‍ക്കും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതും, ആയുഷ്‌കാല സമ്പാദ്യത്തിന്റെ നല്ലൊരുഭാഗം ചെലവു ചെയ്യുന്നതുമായ ഒരു പ്രധാനകാര്യമാണ് ഗൃഹനിര്‍മ്മാണം.

ഗൃഹനിര്‍മ്മാണത്തിന്റെ എല്ലാ മേഖലകളും ശാസ്ത്രീയമായി പഠിച്ചു മനസ്സിലാക്കി അതില്‍ പ്രാവീണ്യം നേടിയ ആര്‍ക്കിടെക്റ്റുകളുടെ സേവനം സാധാരണ ഗതിയില്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നത് ശ്രദ്ധേയമാണ്. ആകെ ചെലവിന്റെ രണ്ട് മൂന്ന് ശതമാനം ലാഭിക്കുക എന്നതാണ് ലക്ഷ്യം. ആര്‍ക്കിടെക്റ്റുകളുടെ സേവനം വളരെ ചെലവേറിയതാണെന്നും, ചെലവു കൂടിയ വീടുകളുടെ നിര്‍മ്മാണത്തില്‍ മാത്രമേ അവരെ സമീപിച്ചിട്ട് കാര്യമുള്ളൂ എന്നൊരു തെറ്റായ ധാരണയും ചിലയിടങ്ങളില്‍ ഉണ്ട്. എന്നാല്‍, ഇത് തികച്ചും ശരിയല്ല. വീട് പണിയുവാനുള്ള നമ്മുടെ ചെലവ് 5 ലക്ഷമോ 50 ലക്ഷമോ ആയിക്കൊള്ളട്ടെ, ഒരു ആര്‍ക്കിടെക്റ്റിന്റെ മേല്‍നോട്ടത്തില്‍ ചെയ്താല്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കി സൗകര്യ പ്രദമായ വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്നു. ഗൃഹനിര്‍മ്മാണവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലും സ്ഥലമൊരുക്കി കല്ലിടുന്നതു മുതല്‍ പെയിന്റിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ് വരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും ആര്‍ക്കിടെക്റ്റിന്റെ ഉപദേശം ആരായുന്നത് നിര്‍മ്മാണത്തിന്റെ ചെലവ് കുറയ്ക്കുവാനും ഉറപ്പും ഭംഗിയും വര്‍ദ്ധിപ്പിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കുവാനും നമ്മെ സഹായിക്കും.

ഇന്റിരീയര്‍ ഡിസൈനിംഗ്

50-60 ലക്ഷം രൂപ ചെലവ് ചെയ്ത് വളരെ മനോഹരമായ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ പോലും പഴയ ഫര്‍ണിച്ചറുകള്‍ അതിലുപയോഗിക്കുകയും സാരി വെട്ടിത്തയിച്ച് കര്‍ട്ടന്‍ തൂക്കിയിടുന്നതുമായ വളരെ രസകരമായ ഒരു കാഴ്ച നമ്മുടെ നാട്ടില്‍ സാധാരണമാണ്. ഇന്റീരിയര്‍ ഡിസൈനിംഗിനെപ്പറ്റി വേണ്ടത്ര അറിവില്ലായ്മയാണ് ഇതിനു കാരണം നാമൊന്നു മനസിലാക്കണം. എത്ര രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന വീടാണെങ്കിലും, അതിനുള്ളില്‍ നാം ഒരുക്കുന്ന ഇന്റീരിയര്‍ ഡിസൈന്‍ സംവിധാനം ആണ് സന്തോഷകരവും, സൗകര്യ പ്രദവുമായ ഒരു വാസം പ്രദാനം ചെയ്യുകയുള്ളൂ. പുറമെ നിന്നുള്ള പ്രൗഡി നമുക്ക് അഭിമാനം തരുന്നുതെങ്കില്‍ നാം വസിക്കുന്നത് വീടിനകത്താണെന്നോര്‍ക്കുക.Stories in this Section
Mathrubhumi
About Us     »      Advertisement Tariff    »     Feedback    »     RSS    »     Newsletter    »     Mobile News    »     Archives    »     Careers    »     Tenders
 ©  Copyright Mathrubhumi 2012. All rights reserved.